തോരാ മഴ. ബസ്‌സ്റ്റോപ്പിലെ പതിവ് തിരക്ക്. മഴക്കോട്ടിട്ടവർ. കുടചൂടിയവർ. ഒറ്റയാളൊഴികെ. അയാൾ മഴകൊണ്ടു ബാഗുംതൂക്കി നനഞ്ഞുകുതിർന്നു നിൽക്കുന്നു. അടുത്തുനിൽക്കുന്ന അപരിചിതൻ  അയാളോട്: ‘‘ജോലി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലല്ലേ?.’’ ഇതൊരു പഴയ ആർ.കെ. ലക്ഷ്മൺ കാർട്ടൂൺ. ഈ സർക്കാർവകുപ്പ് ഒരുകാലത്ത് സ്ഥിരം പരിഹാസപാത്രം ആയിരുന്നു.

നമ്മുടെ  ആദ്യകാല റോക്കറ്റുകൾ ഉയർന്ന അതേ വേഗത്തിൽ നിലംപതിക്കുന്ന പരാജയ കഥകളും അക്കാലത്തൊക്കെയും കാർട്ടൂണിനു  വിഷയമായിട്ടുണ്ട്. ഭ്രമണ പഥത്തിൽ കയറി ഭൂമിയെ വലംവെക്കുന്ന ഉപഗ്രഹങ്ങൾ അന്തരീക്ഷത്തിന്റെ മെച്ചപ്പെട്ട ചിത്രങ്ങൾ താഴോട്ട് അയച്ചുതുടങ്ങിയതോടെ കാർട്ടൂണിസ്റ്റുകൾക്ക് ഒറ്റയടിക്ക് രണ്ടു വിഷയങ്ങൾ നഷ്ടപ്പെട്ടു. കാലാവസ്ഥാപ്രവചനം ഫലിതം അല്ലാതായി; കണിശമായി. വാനനിരീക്ഷകർ പരിഹാസ്യർ അല്ലാതായി; നാടിന്റെ അഭിമാനമായി.

താഴെ ഭൂമിയിൽ പക്ഷേ, വിഷയദാരിദ്ര്യമുണ്ടായില്ല. പ്രവചനം കൃത്യമായെങ്കിലും കാലാവസ്ഥ കീഴ്‌മേൽ മറിഞ്ഞു. ഇക്കാര്യം കാർട്ടൂണിസ്റ്റുകൾ നേരത്തേ ശ്രദ്ധിച്ചുതുടങ്ങി. ധൂർത്തടിച്ച് മുടിക്കാൻ ആകെ ഒരു ഭൂമിയേ ഉള്ളൂ എന്ന് പലകോണുകളിൽനിന്ന് അവർ വരച്ചുകാണിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിപാദിക്കുന്ന ഒരു ആഗോള ദൃശ്യഭാഷ തെളിഞ്ഞുതുടങ്ങി.

ഇന്റർനെറ്റ് വ്യാപകമായതും കാർട്ടൂണിസ്റ്റ് ഡിജിറ്റൽ അഭ്യാസി ആയതും ഇതേ കാലത്താണ്. അപകടത്തിലായ പ്രകൃതിയെ വിശാലമായി വർണിക്കാൻ ഇതുകൊണ്ടു സാധിച്ചു. കത്തിച്ചാമ്പലാകുന്ന കാടും ഇരമ്പിയടുക്കുന്ന തിരമാലയും വരണ്ടു വിണ്ടുകിടക്കുന്ന ഭൂമിയുമൊക്കെ ഗ്രാഫിക് സോഫ്റ്റ്‌വേറുകളുടെ സഹായത്തോടെ അധികം ബുദ്ധിമുട്ടാതെ ചിത്രീകരിക്കാം എന്നായി.

കാര്യങ്ങൾ ഇത്രത്തോളം വഷളാവുന്നതിനുമുമ്പേ കാലാവസ്ഥയെ സൂക്ഷ്മമായി കണ്ടുതുടങ്ങിയവരിൽ ഒരാൾ ഒ.വി. വിജയനാണ്. പതിവുപോലെ ആ കാഴ്ചയിൽ ദൈനംദിന ഫലിതനിർമാണത്തിനപ്പുറം കടുത്ത രാഷ്ട്രീയം ഉണ്ടായിരുന്നു. ഇന്ദിരാ ഭരണകാലത്ത്‌ വരൾച്ചയും വെള്ളപ്പൊക്കവും മാറിമാറിവരുന്ന ഉപഭൂഖണ്ഡത്തെ ചൂണ്ടി കാർട്ടൂണിലെ കോൺഗ്രസ് കഥാപാത്രം പറഞ്ഞത് ‘നാട്ടിൽ കാണുന്നത് ത്വരിതമാറ്റത്തിന്റെ ലക്ഷണമാ’ണെന്നാണ്.  പിറകെ വന്ന രാജീവ് ഗാന്ധി, വരൾച്ചയെ നേരിടാൻ ടൂറിസം വകുപ്പിന്റെ ശീതോഷ്ണപരിഹാരങ്ങൾ നിർദേശിക്കുന്ന കാഴ്ചയും വിജയൻ കാണിച്ചുതന്നു.

 അമ്പതുവർഷംമുമ്പ് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ പംക്തിയിൽ രാമുവിന്റെ  ശീതീകരിച്ച ഓഫീസ് മുറിയെ ‘എയർ കണ്ടീഷൻഡ് നൈറ്റ്‌മേയ്‌ർ’ എന്ന് ഗുരുജി വിശേഷിപ്പിക്കുന്നുണ്ട്. ഹെന്റി മില്ലെർ അമേരിക്കയെ കുറിച്ചെഴുതിയ പുസ്തകത്തിന്റെ ശീർഷകം അന്നേ കേരളത്തിൽ പ്രയോഗിക്കാൻ അരവിന്ദൻ മടിച്ചില്ല. നാട് ഓടുന്നത് എങ്ങോട്ടാണെന്ന ബോധം ഉള്ളതുകൊണ്ടാവും. ഓടിയോടി പ്രകൃതിയെ കടത്തിവെട്ടി  അടുത്തകാലത്തെ പ്രളയദുരന്തങ്ങൾവരെ നാം എത്തിയിരിക്കുന്നു. ഇന്നു മഴക്കാലത്തെ നാം സമീപിക്കുന്നത് കരുതൽ എന്ന ഒറ്റ പരിഗണനയോടെയാണ്. സച്ചിദാനന്ദൻ പാടിത്തന്ന മഴയുടെ നാനാർഥം വീണ്ടെടുക്കാൻ കുറേക്കൂടി കാത്തിരിക്കേണ്ടിവരും.

ഡെന്നിസ് ദ മെനസ്, കാൽവിൻ ആൻഡ് ഹോബ്‌സ് തുടങ്ങിയ അമേരിക്കൻ കാർട്ടൂൺ പരമ്പരകൾ പതിവായി ഋതുക്കൾ ആഘോഷിക്കാറുണ്ട്. വസന്തവും വേനലും മഴയും ശൈത്യവും ഒക്കെ ചാക്രികമായി ഈ ചിത്രങ്ങളിൽ  പ്രത്യക്ഷപ്പെടും. മഞ്ഞുവീഴുന്ന കാലത്ത് കാൽവിൻ എന്ന വികൃതിപ്പയ്യൻ ഒന്നുകൂടി ഉഷാർ ആവുന്നതു കാണാം. ഹിമ ഗോളങ്ങൾ തുരുതുരാ എറിഞ്ഞു കളിക്കുക, മഞ്ഞുമനുഷ്യരെ നിരത്തി അമ്മയച്ഛന്മാരുടെ വഴി മുടക്കുക തുടങ്ങിയ കുസൃതികളുടെ കാലം ആണത്. ഇതുപോലത്തെ കുട്ടിക്കളികൾ ഒന്നൊന്നര ഋതുക്കൾ മാത്രമുള്ള നമ്മുടെ നാട്ടിൽ സംഭവിക്കുന്നത് മഴക്കാലത്താണ്. നേരിയ അലോസരം ഉണ്ടാക്കാനും അമളികൾ ഒരുക്കാനും മഞ്ഞിനെപ്പോലെ മഴവെള്ളത്തിനും കഴിയും. മഴ പെരുകിയാൽ ഫലിതം ഭയത്തിനു വഴിമാറും.

അപ്പോൾ മനസ്സിൽ വരുന്ന ആശ്വാസരൂപം നോഹയുടെ പേടകം ആയിരിക്കും. ഈ പ്രാചീന യാനം ഒരിക്കലെങ്കിലും വരയ്ക്കാത്ത കാർട്ടൂണിസ്റ്റ് ഉണ്ടാവില്ല.