സ്വാതന്ത്ര്യസമരത്തിന്റെ എഴുതപ്പെട്ട ഔദ്യോഗിക ചരിത്രത്തിലൊന്നിലും പി.ഡബ്ല്യു. സെബാസ്റ്റ്യൻ എന്ന പേര് കാണുകയില്ല. സമരത്തിൽ അണിചേർന്ന അജ്ഞാതരുടെ കാനേഷുമാരിക്കണക്കിലാണ് ഈ മനുഷ്യന്റെ സ്ഥാനം. സ്വാതന്ത്ര്യസമരപെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലും താമ്രപത്രം നേടിയവരുടെ ഔദ്യോഗിക രേഖകളിലും ആ പേര്‌ കണ്ടെന്നുവരില്ല. അദ്ദേഹത്തിന്റെ സഹചാരിയായിരുന്ന കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്‌ അതിനുവേണ്ടി നൽകിയ അപേക്ഷാഫോറങ്ങൾ സെബാസ്റ്റ്യൻ തന്നെ കീറിക്കളഞ്ഞു. ‘‘സ്വാതന്ത്ര്യസമര പങ്കാളിത്തത്തിനു വിലയിടരുത്’’ അത്‌ സെബാസ്റ്റ്യന്റെ ഉറച്ച തീരുമാനമായിരുന്നു. തൃശ്ശൂർ അപ്പൻ തമ്പുരാൻ മ്യൂസിയത്തിൽ ഇന്നും സൂക്ഷിച്ചിട്ടുള്ള ലോകമാന്യൻ എന്ന ചെറുപത്രത്തിന്റെ അവശേഷിച്ച നാലു ലക്കങ്ങളിൽ പ്രസാധകൻ പി.ഡബ്ല്യു. സെബാസ്റ്റ്യൻ എന്നുകാണാം.

കൃഷിയുമായി കണ്ടശ്ശാംകടവിൽനിന്ന് തൃശ്ശൂരിലെ പുത്തൻപേട്ട കിഴക്കേ അങ്ങാടിയിൽ താമസമുറപ്പിച്ച വടക്കേത്തല പൂവത്തിങ്ങൽ വറീതിന്റെ മൂത്ത മകനാണ് പി.ഡബ്ല്യു. സെബാസ്റ്റ്യൻ. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സെബാസ്റ്റ്യൻ അപ്പന്റെ ആഗ്രഹമനുസരിച്ച് തൃശ്ശൂർ ഹൈ റോഡിൽ സ്വർണക്കടയും മണികണ്ഠനാലിനടുത്ത് പാരീസ്ഹാൾ എന്ന പേരിൽ പ്രശസ്തമായൊരു പട്ടുതുണിക്കടയും നടത്തിയിരുന്നു. പതിനെട്ടു വയസ്സുമുതൽ സെബാസ്റ്റ്യൻ രത്നങ്ങൾ തിരഞ്ഞെടുക്കുന്നതിനുവേണ്ടി മുംബൈയിലേക്ക് പോകാറുണ്ടായിരുന്നു. തൃശ്ശൂരിൽ ഏറ്റവുമധികം രത്നങ്ങളും പവിഴവും വിൽപ്പന നടത്തിയത് സെബാസ്റ്റ്യന്റെ സ്വർണാഭരണശാലയാണ്. അദ്ദേഹത്തിന്റെ സഹോദരൻ കുര്യൻ ജപ്പാനിലേക്ക് ഉപരിപഠനത്തിനുപോയി. മാനുവൽ ഇംഗ്ലണ്ടിലേക്കാണ് പഠിക്കാൻപോയത്. അനിയൻ ജോസഫിന് കൃഷിയിലായിരുന്നു താത്‌പര്യം. കൃഷിയും തീപ്പെട്ടി വ്യവസായവുമായി ജോസഫ് കഴിഞ്ഞുകൂടി. ഏറ്റവും ഇളയ അനിയൻ പോൾ ജസ്യൂട്ട് പാതിരിയായി ജീവിതം തുടങ്ങിയെങ്കിലും പട്ടം ഉപേക്ഷിച്ചുപോന്നു. അതുകൊണ്ട് പട്ടുവസ്ത്രശാലയും സ്വർണക്കടയും പൂർണമായും സെബാസ്റ്റ്യന്റെ നിയന്ത്രണത്തിലായിരുന്നു.

ജീവിതം മാറ്റിമറിച്ച യാത്ര

രത്നങ്ങളും വജ്രങ്ങളും തേടിയുള്ള സെബാസ്റ്റ്യന്റെ ഒട്ടുമിക്ക യാത്രകളും മുംബൈയിലേക്കും സൂറത്തിലേക്കുമായിരുന്നു. ഈ യാത്രകളിലൂടെ ഇംഗ്ലീഷും ഹിന്ദിയും വശമാക്കി. അത്തരമൊരു യാത്രയാണ് സെബാസ്റ്റ്യന്റെ ജീവിതം മാറ്റിമറിച്ചത്. മുംബൈയിലെ വാട്ട്‌വൺ ഹോട്ടലിൽ താമസിക്കുമ്പോൾ, തൊട്ടടുത്ത മുറിയിലെ അതിഥിയെ അയാൾ പരിചയപ്പെട്ടു-പേര് ബാരിസ്റ്റർ മോത്തിലാൽ നെഹ്രു. ആ മുറിയിൽ എപ്പോഴും തിരക്കായിരുന്നു. ഇന്ത്യയുടെ മോചനത്തിനുവേണ്ടിയുള്ള ആലോചനകളാണ് ആ മുറിയിൽ നടക്കുന്നതെന്ന് അയാൾ മനസ്സിലാക്കി. മോത്തിലാലിന്റെ വാക്കുകളാണ് സെബാസ്റ്റ്യനെ ബാലഗംഗാധര തിലകനിലേക്കും ഗാന്ധിജിയിലേക്കും അടുപ്പിക്കുന്നത്. തിരിച്ചുപോരുംമുമ്പ് സെബാസ്റ്റ്യൻ മോത്തിലാലിനെ വീണ്ടും കണ്ടു. ‘‘നാട് മോചനം ആഗ്രഹിക്കുമ്പോൾ താങ്കൾ മാറിനിൽക്കരുത്. ജന്മനാടിനുവേണ്ടി താങ്കൾ പോരാടണം’’ -ഇതായിരുന്നു മോത്തിലാലിന്റെ വാക്കുകൾ. തിരിച്ചുവന്ന സെബാസ്റ്റ്യൻ ചെന്നൈയിലെ എ.ഐ.സി.സി. സമ്മേളനത്തിനുപോയി രാജാജി, സരോജിനി നായിഡു എന്നിവരെ പരിചയപ്പെട്ടു. കോൺഗ്രസിൽ അംഗത്വവും നേടി. അന്ന് മെമ്പർഷിപ്പ് എടുത്ത 14 പേരിൽ കെ.പി. കേശവമേനോൻ, ഇ.വി. രാമസ്വാമി നായ്ക്കർ, ബാരിസ്റ്റർ ജോർജ് ജോസഫ്, ആർ.കെ. ഷൺമുഖം ചെട്ടി, സർ സി.പി. രാമസ്വാമി അയ്യർ, മിർസ് ഇസ്മായിൽ എന്നിവരുമുണ്ടായിരുന്നു. അവസാനത്തെ മൂന്നുപേർ കൊച്ചി, തിരുവിതാംകൂർ, മൈസൂർ ദിവാന്മാരായി പിൽക്കാലത്ത് കോൺഗ്രസ് വിട്ടു. എം.പി. നാരായണമേനോന്റെയും കുറൂരിന്റെയും അഭ്യർഥനയനുസരിച്ച് സരോജിനി നായിഡുവിനെ തൃശ്ശൂരിലേക്ക് ക്ഷണിക്കാൻ സെബാസ്റ്റ്യനാണ് മുൻകൈയെടുത്തത്. മണികണ്ഠനാൽത്തറയിൽ നിന്നുകൊണ്ടുള്ള അവരുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ പണ്ഡിതന് ആ പ്രസംഗത്തിന്റെ തീവ്രത ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് സെബാസ്റ്റ്യനാണ് ചൊവ്വര പരമേശ്വരനോട് പ്രസംഗം തർജമ ചെയ്യാൻ നിർബന്ധിക്കുന്നത്. പ്രസംഗത്തിനുശേഷം സരോജിനി നായിഡു സെബാസ്റ്റ്യന്റെ വീട്ടിലാണ് താമസിച്ചത്. അത്‌ തൃശ്ശൂർക്കാരെ ഞെട്ടിച്ചു.

അടുത്ത മുംബൈ യാത്രയിലാണ് ബാലഗംഗാധര തിലകൻ ആശുപത്രിയിലാണെന്ന് സെബാസ്റ്റ്യൻ അറിയുന്നത്. തിലകന്റെ മരണം അദ്ദേഹത്തെ തകർത്തുകളഞ്ഞു. അന്ന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയവർ ‘‘സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് അതു ഞാൻ നേടുകതന്നെ ചെയ്യും’’ എന്ന അനശ്വരമായ തിലകന്റെ വാക്കുകൾ ഒന്നിച്ച് ഉരുവിടുന്നതുകേട്ട് സെബാസ്റ്റ്യൻ തരിച്ചുനിന്നു. അതിന്റെ വികാരം ഉൾക്കൊണ്ടാണ് സെബാസ്റ്റ്യൻ ‘ലോകമാന്യൻ’ എന്ന ചെറുപത്രം തുടങ്ങിയത്. 

തേക്കിൻകാട് മൈതാനത്തെ വസ്ത്രദഹനം

1921-ൽ രാജഗോപാലാചാരിയുടെ തേക്കിൻകാട്ടിലെ യോഗം ബ്രിട്ടീഷ് അനുകൂലികൾ പോലീസിന്റെ ഒത്താശയോടെ കല്ലെറിഞ്ഞും തീവെച്ചും അലങ്കോലപ്പെടുത്തിയിരുന്നു. രാജാജിയുടെ തലയിൽക്കൊണ്ട കല്ല് അദ്ദേഹം ദിവാൻ സർ ടി. വിജയരാഘവാചാരിക്ക് അയച്ചുകൊടുത്തു. അക്കാലത്ത് തൃശ്ശൂർ അങ്ങാടിയിലെ വലിയൊരു വിഭാഗം ക്രിസ്ത്യൻ വ്യാപാരികളും തൊഴിലാളികളും പൂർണമായും ബ്രിട്ടീഷ് പക്ഷത്തായിരുന്നു.  കോൺഗ്രസിന് എതിരാണ് ക്രിസ്ത്യാനികൾ എന്ന ധാരണ ജനിപ്പിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ദിവസങ്ങൾക്കകം ബ്രിട്ടീഷ് പോലീസിന്റെ കമ്മിഷണർ ചാക്കോയുടെ രഹസ്യ ഒത്താശയോടെ ബ്രിട്ടീഷ് രാജഭരണത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഒരു വിഭാഗം ക്രൈസ്തവർ പ്രകടനം നടത്തി. ഗാന്ധിജി അന്തിക്രിസ്തുവാണെന്നും സർവനാശമാണ് അനന്തരഫലമെന്നും വിളിച്ചുപറഞ്ഞായിരുന്നു പ്രകടനം. മതമേധാവികളുടെയും മറ്റും പ്രേരണയിൽ ഇറങ്ങിയവരെ പിന്തിരിപ്പിക്കാൻ സെബാസ്റ്റ്യൻ ശ്രമിച്ചത്‌ വലിയ പ്രതിഷേധത്തിന് കാരണമായി. അന്ന് സ്വന്തം സമുദായക്കാർ അയാളെ വിളിച്ചത് മൂരാച്ചി എന്നായിരുന്നു. ഈ സംഭവത്തിനുശേഷം സെബാസ്റ്റ്യൻ തന്നെ എതിർത്തവരെ വീണ്ടും ഞെട്ടിച്ചു. 1921-ൽ മുംബൈയിലെ പറേലിൽ ഗാന്ധിജി വിദേശവസ്ത്ര ബഹിഷ്കരണത്തിനു തുടക്കമിട്ടപ്പോൾ അതിൽ പങ്കെടുത്ത ഏകമലയാളിയായിരുന്നു സെബാസ്റ്റ്യൻ. ഗാന്ധിജിയുമായുള്ള അദ്ദേഹത്തിന്റെ  ബന്ധം അവിടെനിന്നാണ് ആരംഭിക്കുന്നത്.

സെബാസ്റ്റ്യൻ തൃശ്ശൂരിൽ തിരിച്ചുവന്നത് ഗാന്ധിത്തൊപ്പിയും ഖാദി ജുബ്ബയും ധരിച്ചാണ്. പാരിസ്ഹാളിലെ വിദേശനിർമിത തുണികളും ശ്രീലങ്കയിൽ നിന്നുകൊണ്ടുവന്ന സാറ്റിനുമെല്ലാം തേക്കിൻകാട്ടിൽ കൂട്ടിയിട്ട് കത്തിച്ച് ആദ്യത്തെ വിദേശവസ്ത്ര ബഹിഷ്കരണത്തിന് സെബാസ്റ്റ്യൻ തുടക്കംകുറിച്ചു. സ്വന്തം വസ്ത്രസ്ഥാപനത്തിൽനിന്ന്‌ തുണികൾ കൊണ്ടുവന്നു കത്തിക്കുന്നത് തൃശ്ശൂർക്കാർ അമ്പരപ്പോടെയാണുകണ്ടത്. എം.പി. നാരായണമേനോനും കുറൂരും സി. കുട്ടൻ നായരുമാണ് അതിനു നേതൃത്വം നൽകിയത്. സ്വന്തം പട്ടുതുണിക്കടയിലെ വിദേശവസ്ത്രങ്ങൾ മുഴുവനും  കത്തിച്ച് തന്റെ മാർഗവും ലക്ഷ്യവും ഒന്നാണെന്ന്‌ സെബാസ്റ്റ്യൻ പ്രഖ്യാപിക്കുകയായിരുന്നു. ഇത് ‘ലോകമാന്യ’നിൽ പ്രത്യേകമായി അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. വിദ്യാവിനോദിനി പ്രസിൽനിന്ന് അടിച്ചിറക്കിയ ലോകമാന്യൻ പൂട്ടാൻ കാരണം കുറൂർ എഴുതിയ ‘ബ്രിട്ടീഷ് ഭരണവൈകൃതം ഒരു ജനവിരുദ്ധ പിശാചാ’ണെന്ന കുറിപ്പായിരുന്നു. കുറൂരിനെയും സെബാസ്റ്റ്യനെയും അറസ്റ്റുചെയ്ത്‌ കോടതിയിൽ കൊണ്ടുവന്നു. നിങ്ങൾ എഴുതിയത്‌ രാജ്യദ്രോഹമല്ലേ എന്നു മജിസ്‌ട്രേറ്റ്‌ ചോദിച്ചപ്പോൾ അതു ദേശസ്നേഹമാണെന്നാണ്‌ അവർ മറുപടി നൽകിയത്‌. ഉത്തമ ഭാരതപൗരന്മാരുടെ കടമയാണ്‌ നിർവഹിച്ചത്‌. രണ്ടുപേരെയും മജിസ്‌േട്രറ്റ്‌ ആറുമാസത്തേക്ക്‌  ജയിലിലടച്ചു.  ജയിലിൽനിന്ന്‌ പുറത്തിറങ്ങിയ സെബാസ്റ്റ്യൻ നേരെ വാർധയിലേക്കുപോയി ഗാന്ധിജിയെ കണ്ടു. വൈക്കം സത്യാഗ്രഹത്തെക്കുറിച്ച്‌ ഗാന്ധിജി എഴുതിയ സന്ദേശം സെബാസ്റ്റ്യനാണ്‌ കൊണ്ടുവന്നത്‌. തൃശ്ശൂരിൽ എത്തിയ സെബാസ്റ്റ്യൻ, വീട്ടിലേക്കുപോയി കടകളുടെ ഉത്തരവാദിത്വം സഹോദരൻ ജോസഫിനെ ഏൽപ്പിച്ച്‌ നേരെ മുംബൈയ്ക്ക്‌ പുറപ്പെട്ടു.

‘കാന്തിപ്രാന്തൻ’

തൃശ്ശൂരിൽ കോൺഗ്രസിലേക്കുപോയ ആദ്യത്തെ ക്രിസ്ത്യാനിയാണ്‌ സെബാസ്റ്റ്യൻ. അതോടെ സ്വന്തം അങ്ങാടിക്കാർ മുഴുവനും സെബാസ്റ്റ്യനെ എതിർക്കാൻ തുടങ്ങി. ഖദർ മുണ്ടും ജുബ്ബയും ധരിച്ച്‌ അദ്ദേഹം അങ്ങാടിയിലൂടെ പോകുമ്പോൾ ബ്രിട്ടീഷ്‌ ഭക്തന്മാർ അയാളെ ‘‘കാന്തി പ്രാന്തൻ, കാന്തിപ്രാന്തൻ’’ (ഗാന്ധി ഭ്രാന്തൻ) എന്ന്‌ വിളിച്ചുകൂവി. അയാളെ പരിഹസിക്കാനുള്ള ഒരവസരവും അവർ പാഴാക്കിയില്ല. ഒല്ലൂരിൽ ചാണകവെള്ളമൊഴിച്ചാണ്‌ ഈ സമരഭടനെ സ്വീകരിച്ചത്‌. ഒരിക്കൽ, അതേ രാജഭരണക്കാർ അയാൾ മരിച്ചുപോയതായി കമ്പിയടിച്ചു.  ആറുദിവസത്തിനുശേഷം വീട്ടിലെത്തിയപ്പോഴാണ്‌ വിവരമറിയുന്നത്‌. സെബാസ്റ്റ്യൻ തിരിച്ചെത്തിയപ്പോൾ അങ്ങാടിക്കാർ അയാളെ ‘ഉയിർപ്പ്‌ ദേവസ്സി’ എന്നു വിളിക്കാൻ തുടങ്ങി. എന്നും അയാൾക്കുവേണ്ടി മാത്രം ജീവിച്ച ഭാര്യ കുഞ്ഞന്നം, ക്വിറ്റ്‌ ഇന്ത്യ സമരക്കാലത്ത്‌ സെബാസ്റ്റ്യൻ ഉത്തരേന്ത്യയിലായിരുന്നപ്പോഴാണ്‌ മരിച്ചത്‌. ബന്ധുക്കൾ മൃതദേഹവുമായി ആറുദിവസം കാത്തിരുന്നു. സെബാസ്റ്റ്യൻ മുംബൈ ജയിലിലായിരുന്നു. ഭാര്യയുടെ മരണം ജയിൽ അധികൃതർ അറിഞ്ഞിരുന്നില്ല. വീട്ടിലെത്തിയപ്പോൾ ഗാന്ധിജിയും രാജാജിയും ഡോ. എസ്. രാധാകൃഷ്ണനും സി.എഫ്‌. ആൻഡ്രൂസും സരോജിനി നായിഡുവും ഉൾപ്പെടെയുള്ളവരുടെ അനുശോചനക്കത്തുകൾ സെബാസ്റ്റ്യനെ കാത്തിരിക്കുകയായിരുന്നു. മുമ്പ്‌ കസ്തൂർബാഗാന്ധി സെബാസ്റ്റ്യന്റെ വീട്ടിൽവന്നു താമസിച്ചപ്പോൾ കുഞ്ഞന്നം പരിചരിച്ചതിന്റെ ഓർമകൾ കസ്തൂർബായും പങ്കുവെച്ചു.വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നതിന്‌ മുമ്പുതന്നെ സെബാസ്റ്റ്യന്റെ വ്യാപാരം പൂർണമായും തകർന്നിരുന്നു. അതിൽ അദ്ദേഹത്തിന്‌ കുറ്റബോധമൊന്നുമുണ്ടായിരുന്നില്ല. സഹോദരന്മാർ തന്റെ മക്കളുടെ കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തുമെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. 

ഗാന്ധിജിക്ക്‌ ഓലക്കുട ചൂടി...

വൈക്കം സത്യാഗ്രഹത്തിൽ കെ.പി. കേശവമേനോനും ടി.കെ. മാധവനും കെ. കേളപ്പനും അറസ്റ്റിലായപ്പോൾ സംഘാടകച്ചുമതല കുറൂരിനായിരുന്നു. കുറൂരിനൊപ്പം സെബാസ്റ്റ്യനും ബാരിസ്റ്റർ ജോർജ്‌ ജോസഫും പ്രവർത്തിച്ചിരുന്നു. സമരരംഗത്തേക്ക്‌ രാജാജിയെയും ഇ.വി. രാമസ്വാമി നായ്‌ക്കരെയും ക്ഷണിച്ചുകൊണ്ടുവന്നത് സെബാസ്റ്റ്യനാണ്‌. താമസിയാതെ കുറൂരും സെബാസ്റ്റ്യനും അറസ്റ്റിലായി. ജയിൽമോചിതനായ സെബാസ്റ്റ്യൻ വീട്ടിലെത്തുന്നതിനുമുമ്പേ രഹസ്യപ്പോലീസ്‌ തൃശ്ശൂരിലെത്തിയിരുന്നു. അയാൾ ‘ജർമനിയിലെ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമാണെ’ന്നും ‘ആപത്‌ക്കാരിയായ’ വ്യക്തിയാണെന്നും പോലീസിനു വിവരം ലഭിച്ചിരുന്നു.സെബാസ്റ്റ്യൻ നേരെ മുംബൈയിലേക്കുപോയി. തിരിച്ചുവന്നപ്പോൾ രാജഗോപാലാചാരിയുടെ കത്ത്. ഗാന്ധിജി തൃശ്ശൂരിൽ വരുന്നു; ഒരുക്കങ്ങൾ നടത്തണം. ഗാന്ധിജിയുടെ ഭക്ഷണക്രമം സെബാസ്റ്റ്യനെ വിശദമായിത്തന്നെ രാജാജി അറിയിക്കുന്നുണ്ട്. 

1927-ൽ ഗാന്ധിജി തൃശ്ശൂരിൽ വന്നിറങ്ങുമ്പോൾ ആ പൊരിവെയിലത്ത് ഗാന്ധിജിക്ക് ചൂടാനുള്ള ഓലക്കുടയുമായി സെബാസ്റ്റ്യൻ കാത്തുനിന്നു. ആ ഓലക്കുടയുടെ കീഴിൽ നിന്നുകൊണ്ടാണ് ഗാന്ധിജി ഒരു ഹരിജൻ ബാലന്റെ ഹാരാർപ്പണത്തിനുശേഷം പ്രസംഗം തുടങ്ങിയത്. അന്ന്‌ ഗാന്ധിജി സെബാസ്റ്റ്യന്റെ വീട്ടിലുമെത്തി. നായാടികളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് അവിടെ​െവച്ചാണ് ഗാന്ധിജി രൂപംനൽകിയത്. ​െചന്നൈ, ഗയ, കാൻപുർ, ബെൽഗാം, കാക്കിനട എ.ഐ.സി.സി. സമ്മേളനങ്ങളിൽ പങ്കെടുത്ത സെബാസ്റ്റ്യൻ, 1938-ൽ സുഭാഷ് ചന്ദ്രബോസ് പങ്കെടുത്ത സമ്മേളനത്തിലും ഉണ്ടായിരുന്നു. ക്വിറ്റിന്ത്യ സമരക്കാലത്ത് ഏറെക്കാലവും സെബാസ്റ്റ്യൻ ഉത്തരേന്ത്യയിലായിരുന്നു. പലപ്പോഴും വാർധയിലും സാബർമതിയിലുമായി കഴിഞ്ഞു. ഖിലാഫത്ത്, സ്വരാജ്, ജാലിയൻവാലാബാഗ് എന്നീ മൂന്നു പുസ്തകങ്ങൾ സെബാസ്റ്റ്യൻ പ്രസിദ്ധീകരിച്ചിരുന്നു. അതൊന്നും ഇന്ന് ലഭ്യമല്ല. 

സെബാസ്റ്റ്യന്റെ മൃതശരീരത്തിനരികെ ബന്ധുക്കൾ
സെബാസ്റ്റ്യന്റെ മൃതശരീരത്തിനരികെ ബന്ധുക്കൾ

നിശ്ശബ്ദനായ പോരാളി

സ്വാതന്ത്ര്യത്തിനുശേഷം സെബാസ്റ്റ്യൻ ഏറെ നിശ്ശബ്ദനായിരുന്നു. കുറൂരിനെ കൂടെക്കൂടെ കാണും. സെബാസ്റ്റ്യന്റെ ജീവിതത്തിൽ പിന്നീട് താങ്ങായിനിന്നത് മൂത്തമകന്റെ ഭാര്യ ത്രേസ്യാമ്മയും സഹോദരൻ ജോസഫിന്റെ മകൻ പി.ജെ. പോളുമായിരുന്നു. വായനയായിരുന്നു സെബാസ്റ്റ്യന്റെ ഏറ്റവും വലിയ മിത്രം. ജീവിതത്തിന്റെ അവസാനകാലത്ത് ഗോസായിക്കുന്നിൽ പോളിന്റെ വീട്ടിലാണ് താമസിച്ചത്. ഇടക്കാലത്ത് കാത്തലിക് സെന്ററിലും കുറെനാൾ താമസിച്ചു. തന്റെ കത്തുകളും ചിത്രങ്ങളും മറ്റും മരുമകൾ ത്രേസ്യാമ്മയെയാണ് ഏൽപ്പിച്ചത്. ത്രേസ്യാമ്മ അവശേഷിച്ച കുറച്ചുകത്തുകളും മറ്റും നിധിപോലെ സൂക്ഷിച്ചുകൊണ്ട്  ഇ​േപ്പാൾ കൊൽക്കത്തയിൽ കഴിയുന്നു. 

ഒരഭിമുഖത്തിനുവന്ന പത്രപ്രവർത്തകനോട് സെബാസ്റ്റ്യൻ പറഞ്ഞു: ‘‘ഞങ്ങൾ സമരത്തിനിറങ്ങിയത് സ്ഥാനങ്ങൾ മോഹിച്ചല്ല. അധികാരം മോഹിച്ചുവന്നവരിൽ പലരും സമരകാലത്ത് കല്ലെറിഞ്ഞവരാണ്. എന്നെ കാന്തിപ്രാന്തൻ എന്നു വിളിച്ചയാൾ പിന്നീട് കൊച്ചി മന്ത്രിയായി. പക്ഷേ, കുടുംബം ഹോമിച്ച്  സമരത്തിനുനേതൃത്വം നൽകിയ നീലകണ്ഠയ്യർ  കാഷായം ധരിച്ച് ഹിമാലയത്തിലേക്കുപോയി. കുട്ടൻനായർ തൃശ്ശൂർ തന്നെ വിട്ടുപോയി. കുറൂർ ഭടന്റെ വേഷം അഴിച്ചുവെച്ചു...’’ മരണത്തിനുമുമ്പ് സെബാസ്റ്റ്യൻ സഹോദരപുത്രൻ പോളിനോടൊപ്പം കോഴിക്കോട് മാതൃഭൂമിയിൽ വന്ന് കെ.പി. കേശവമേനോനെ വീണ്ടും കണ്ടു. വാതിൽക്കൽ കാത്തുനിൽക്കുകയായിരുന്നു കേശവമേനോൻ. വന്നപാടേ സെബാസ്റ്റ്യനെ ആലിംഗനം ചെയ്ത്‌ വിശേഷങ്ങൾ പങ്കുവെച്ചു. 

സെബാസ്റ്റ്യനെ ഏറ്റവും അവസാനം കണ്ടയാൾ നവയുഗം പത്രാധിപരായിരുന്ന കെ.കെ. വാരിയരായിരുന്നു. (കീരൻ). തൃശ്ശൂർ റൗണ്ടിലെ പത്തൻസ് ഹോട്ടലിൽവെച്ച് കീരൻ സെബാസ്റ്റ്യനെ കണ്ടപ്പോൾ അദ്ദേഹം വളരെ നേരം ഇരുന്ന് വർത്തമാനം പറഞ്ഞു. പഴയ കഥകൾ പറഞ്ഞു. മാറിൽ കൈവെച്ച് അനുഗ്രഹിച്ചു. ആ കണ്ണുകൾ നിറഞ്ഞിരുന്നു. പി.ഡബ്ള്യു. സെബാസ്റ്റ്യന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള കുറിപ്പിൽ കീരൻ എഴുതി. ‘‘അദ്ദേഹം മഹാമനസ്കനും വിശാലഹൃദയനും സൗമ്യശീലനും എന്നാൽ, ദൃഢചിത്തനുമായിരുന്നു. ആ നീണ്ടുനിവർന്ന ശുഭ്രരൂപം ഒരിക്കലും മനസ്സിൽനിന്നു വേർപിരിയുകയില്ല.’’1970 ഡിസംബർ 27-ന് സെബാസ്റ്റ്യൻ സ്വന്തം ജീവിതംകൊണ്ട് ചരിത്രമെഴുതിയ മണ്ണിൽനിന്ന് വിട്ടുപോയപ്പോൾ ചരമോപചാരം നടത്തിയ ഫാദർ വടക്കൻ പറഞ്ഞു: ‘‘ഇന്ത്യയുടെ മഹാനായ ഒരു മകനാണ് ഇവിടെ കിടക്കുന്നത്.’’ സെബാസ്റ്റ്യന്റെ കല്ലറ

കുരിയച്ചിറ പള്ളി സെമിത്തേരിയിലെ കല്ലറയിൽ സെബാസ്റ്റ്യനുണ്ട്‌. ചരിത്രത്തെക്കുറിച്ച് അജ്ഞതയുള്ള ഏതോ പുരോഹിതൻ പൂവത്തിങ്കൽ കുടുംബക്കാരുടെ കല്ലറ പൊളിക്കണം എന്നാവശ്യപ്പെട്ടു. പോൾ ഇടപെട്ട് അതൊഴിവാക്കി. ആ കല്ലറയാണ് സെബാസ്റ്റ്യന്റെ സ്മാരകം. വിസ്‌മൃതിയുടെ ഏറ്റവും അടിയിലെ കല്ലായി സെബാസ്റ്റ്യൻ ആ കല്ലറയിൽ കിടക്കുന്നു. ആണ്ടുദിനങ്ങളിൽ പോളും കുടുംബവും വന്ന് വല്യപ്പച്ചന് പൂക്കൾ സമർപ്പിക്കും.

മഹാത്മജിക്കും അനുയായികൾക്കും ഒരു വീട്ടിൽ താമസസൗകര്യമൊരുക്കുക. വൃത്തിയുള്ളതും ധാരാളം തുറസ്സുമുള്ള സ്ഥലമായിരിക്കണം.  അവിടെ വൃത്തിയുള്ള ശൗചാലയം വേണം. മതിയായ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തണം. ഒന്ന് കൂടെയുള്ളവർക്കും പ്രത്യേകം വേർതിരിച്ച മറ്റൊന്ന് മഹാത്മജിക്കും. മഹാത്മജിക്കുള്ള സ്ഥലത്ത് കഴിയുമെങ്കിൽ ഒരു മലവിസർജനപ്പെട്ടി ഏർപ്പാടാക്കുക. കുളിക്കാനുള്ള സ്ഥലം വൃത്തിയും സ്വകാര്യതയും ഉള്ളതായിരിക്കണം. കുളിക്കാൻ തണുത്തവെള്ളം കരുതണം. മുഷിഞ്ഞ അടിവസ്ത്രങ്ങൾ അലക്കാനും ഉണക്കാനുമുള്ള സൗകര്യമൊരുക്കണം. ഉറങ്ങാനുള്ള സൗകര്യം കഴിയുമെങ്കിൽ വൃത്തിയുള്ള, തുറസ്സായ വരാന്തകളിലൊരുക്കണം.  മഹാത്മജിയുടെ കൂടെയുള്ളവർക്ക് വൃത്തിയുള്ള, ലളിതമായ ദക്ഷിണേന്ത്യൻ ഭക്ഷണം തയ്യാറാക്കിയാൽ മതി. മറ്റൊന്നും വേണ്ടാ. മഹാത്മജിയുടെ ഭക്ഷണം മൂന്നുനേരമാണ്. 1. രാവിലെ ആറിന്. 2. രാവിലെ പതിനൊന്നിന്. 3. വൈകുന്നേരം അഞ്ചിന്. 

ഭക്ഷണസമയത്ത് അരക്കപ്പ് ആട്ടിൻപാലും ഓറഞ്ച്, മുന്തിരി, പപ്പായ, മാങ്ങ പോലുള്ള പഴവർഗങ്ങളും കരുതണം. ഇവ മുറിക്കാനോ തോലുകളയാനോ പാടില്ല. ഭക്ഷണത്തിന് ഒരുമണിക്കൂർ മുമ്പ് ഒപ്പമുള്ളവർക്കു കൈമാറണം.  മഹാത്മജിക്ക് വിശ്രമിക്കാനും മറ്റുമായി തുറസ്സുള്ളതും ശല്യങ്ങളില്ലാത്തതുമായ ഒരു മുറിയുണ്ടാവണം.

 

 Content Highlights: Article on P W Sebastian freedom fighter