മലയാളഭാഷാധ്യാപനത്തിൽ അക്ഷരമാലാ പഠനത്തിന് പ്രാധാന്യം നൽകാത്തത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ആശയത്തിൽനിന്ന് ഭാഷയിലേക്ക് എന്ന അധ്യാപനരീതിയിലൂടെ പൂർണമായും ആർജിച്ചെടുക്കാനാവുന്നതാണ് ഭാഷയെന്നത് മിഥ്യാധാരണയാണ്. മലയാളഭാഷാ പഠനത്തിന്റെ കാര്യത്തിൽ മാത്രമാണ് വികലമായ ഈ സമീപനമുള്ളത്. പ്രൈമറി ക്ലാസിലെ ഇംഗ്ലീഷ് പഠനം ഇന്നും ‘എബിസിഡിഇഎഫ്ജി’ എന്ന പാട്ടോടെയാണ് തുടങ്ങുന്നത്. ഇതിനർഥം ഭാഷാപഠനത്തിൽ അക്ഷരമാലയ്ക്കും അക്ഷരമാലാ ക്രമത്തിനും പ്രാധാന്യമുണ്ടെന്നതുതന്നെയാണ്. അറബിക്, ഹിന്ദി, ഉറുദു, സംസ്‌കൃതം തുടങ്ങിയ പരകീയഭാഷകളുടെ പഠനവും അക്ഷരം-ലിപി-പദം-വാക്യം എന്ന ക്രമത്തിൽ തന്നെയാണ്. മാതൃഭാഷയുടെ കാര്യത്തിലാണ് അക്ഷരങ്ങളിലൂടെയല്ലാതെ ആശയങ്ങളിലേക്ക് കടക്കുന്നത്. സൈബറിടത്തിലേതുൾപ്പെടെ വായനയും എഴുത്തും അക്ഷരമാലയുടെ അടിത്തറയില്ലാതെ പൂർണമാവില്ല.

മറ്റ് ഇന്ത്യൻ ഭാഷകളെപ്പോലെത്തന്നെ ബ്രാഹ്മി പാരമ്പര്യത്തിലധിഷ്ഠിതമായ അക്ഷരമാലയാണ് മലയാളത്തിനുള്ളത്. അതേസമയം, ഇംഗ്ലീഷ് ഉൾപ്പെടെയുള്ള യൂറോപ്യൻ ഭാഷകളുടേത് വർണമാലയാണ്. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയ യൂറോപ്യൻ ഭാഷകളിൽ എഴുത്തും വായനയും സാധ്യമാവാൻ ലിപികൾക്കുപുറമേ ഓരോ പദത്തിന്റെയും സ്പെല്ലിങ്ങുകൂടി അറിഞ്ഞിരിക്കണം. മലയാളം-ഇംഗ്ലീഷ് ഭാഷാലിപികൾ തമ്മിലുള്ള പ്രധാനവ്യത്യാസം മലയാളഭാഷയിൽ വർണങ്ങൾ ചേർന്ന് അക്ഷരങ്ങളും അക്ഷരങ്ങൾ ചേർന്ന് കൂട്ടക്ഷരങ്ങളുമുണ്ടാവുന്നു എന്നതാണ്‌. അക്ഷരമാലയിലെ അടിസ്ഥാന ലിപികൾ, അക്ഷരമാലാക്രമം, കൂട്ടക്ഷരലിപികൾ, ഏതൊക്കെ അക്ഷരങ്ങൾ ചേർന്നാണ് കൂട്ടക്ഷരങ്ങളുണ്ടാവുന്നത് തുടങ്ങിയവ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടെങ്കിലേ മലയാളം തെറ്റുകൂടാതെ ഉപയോഗിക്കാനാവൂ.

ഈ ധാരണ കൃത്യമായി രൂപപ്പെടാതെയാണ് ഇവിടെ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാവുന്നത്. ഹയർ സെക്കൻഡറിയിൽ മലയാളത്തിന് ഇരുനൂറിൽ ഇരുനൂറു മാർക്കുമായി ബിരുദപഠനത്തിനെത്തിയ കുട്ടികളെക്കൊണ്ട് ഒരു കൗതുകത്തിന് മലയാളം അക്ഷരമാല എഴുതിച്ചപ്പോൾ അവർക്ക് അക്ഷരക്രമം തെറ്റി. എബിസിഡിഇ്എഫ്ജി എന്നതുപോലെ മലയാളത്തിന്റെ അക്ഷരമാലാക്രമം കുട്ടികൾക്ക് വശമില്ലെന്ന വസ്തുത അമ്പരപ്പുണ്ടാക്കി. ചിലർ ചില കൂട്ടക്ഷരങ്ങൾക്ക് അക്ഷരമാലയിൽ ഇടം കൊടുത്തതായും കണ്ടു. ങ്ങ, ഞ്ഞ, ങ്ക, ണ്ട തുടങ്ങിയവ കൂട്ടക്ഷരമാണെന്നതുപോലും അറിയാതെ സ്കൂൾപഠനം കഴിഞ്ഞ് കുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിനെത്തുന്നു.

ഇന്ന് ഏറ്റവുമധികം ഭാഷാവ്യവഹാരങ്ങൾ നടക്കുന്നത് സൈബർമേഖലയിലാണ്. സ്വതന്ത്ര സർവവിജ്ഞാനകോശമായ വിക്കിപീഡിയയിൽ ഏറ്റവും കൂടുതൽ വെബ് കണ്ടന്റുള്ള ഇന്ത്യൻ ഭാഷകളിലൊന്നാണ് മലയാളം. അച്ചടിക്കുന്നതിനെക്കാൾ എത്രയോ ഇരട്ടി എഴുത്ത് സൈബർ മലയാളത്തിലുണ്ടാവുന്നു. ഈ മേഖലയിലെ ലിപിവിന്യാസത്തിന്റെയും അക്ഷരത്തെറ്റിന്റെയും പ്രശ്നങ്ങൾ സങ്കീർണമാണ്. അക്ഷരമാലയെപ്പറ്റിയും ലിപിവിന്യാസത്തെപ്പറ്റിയും സാമാന്യ ബോധമില്ലെങ്കിൽ കംപ്യൂട്ടറിൽ മലയാളം ശരിയായവിധം ഉപയോഗിക്കാനാവില്ല. ങ്ക, മ്പ, ണ്ട, ഞ്ച തുടങ്ങിയ കൂട്ടക്ഷരങ്ങളെഴുതാൻ അതിന്റെ രേഖീയമായ ക്രമം അറിഞ്ഞിരുന്നാൽമതി. എന്നാൽ, കംപ്യൂട്ടറിലെ ഇൻസ്‌ക്രിപ്റ്റ് കീബോർഡിൽ ഈ കൂട്ടക്ഷരങ്ങൾ ടൈപ്പുചെയ്യാൻ അവയുടെ അക്ഷരച്ചേരുവകൾ അറിയണം. അടിസ്ഥാന അക്ഷരങ്ങൾ ചേർത്താണ് കംപ്യൂട്ടറിൽ കൂട്ടക്ഷരങ്ങളുടെ നിർമിതി. ങ് ക ചേർന്നതാണ് ങ്ക, മ് പ ചേർന്നതാണ് മ്പ, ഞ് ച എന്നിവ കൂടിയതാണ് ഞ്ച എന്നൊക്കെ അറിയണം. ന്റ, റ്റ എന്നിവ കൂട്ടക്ഷരമാണോ, ഒറ്റ അക്ഷരമാണോ? ക്ല എന്നതിന്റെ ചേരുവ ക് ല, ക് ള എന്നിവയിലേതാണ്? തുടങ്ങിയവയെപ്പറ്റി ധാരണയില്ലാതെ മലയാളം ടൈപ്പിങ് സാധ്യമാകില്ല. വർണങ്ങൾക്ക് എഴുത്തിലുള്ള ക്രമമല്ല ടൈപ്പിങ്ങിലുള്ളത്. 

അക്ഷരമാലാക്രമം അറിയാതെ മലയാളപദങ്ങളെ അകാരാദി ക്രമത്തിൽ അടുക്കാനാവില്ല. അച്ചടിച്ച മലയാളനിഘണ്ടുവിൽ പദങ്ങൾ തിരയാൻ കഴിയില്ല. ശബ്ദതാരാവലിയിൽ ഇംഗ്ലീഷ് ആൽഫബെറ്റിന്റെ ക്രമത്തിൽ കുട്ടികൾ പദംതിരയുന്ന അവസ്ഥയുണ്ട്. 1970-ലെ ടൈപ്പ്‌റൈറ്റർ ലിപിപരിഷ്കരണത്തിന് മുമ്പുള്ള പഴയലിപിയും അതിനു ശേഷമുള്ള പുതിയലിപിയുമായി സങ്കീർണമായ ലിപിവ്യവസ്ഥയാണ് മലയാളത്തിലുള്ളത്. ഇങ്ങനെ രണ്ടു ലിപിസമ്പ്രദായങ്ങളുള്ള കാര്യം ഇന്നത്തെ കുട്ടികൾക്കറിയില്ല. യൂണിക്കോഡിലൂടെ ഇന്ന് പഴയലിപി തിരിച്ചുവരുന്നു. രചന, മീര, മഞ്ജരി തുടങ്ങിയ യൂണിക്കോഡ് ഫോണ്ടുകളിലുള്ള സൈബർ കണ്ടന്റുകൾ പഴയലിപി പരിചിതരല്ലാത്ത കുട്ടികൾ വായിച്ചെടുക്കാൻ വിഷമിക്കുന്നു. ഒരു പദത്തിന് ഒന്നിലേറെ വിധത്തിലുള്ള ലിപിവിന്യാസവും മലയാളത്തിലുണ്ട്. വിദ്യാർത്ഥി-വിദ്യാർഥി-വിദ്യാർത്‌ഥി എന്നിവ ഒരു പദത്തിന്റെ ‘വകഭേദ’ങ്ങളാണെന്നും അക്ഷരത്തെറ്റല്ല എന്നും തിരിച്ചറിയാനാവശ്യം അക്ഷരബോധം തന്നെയാണ്. ഇവയൊക്കെ അറിയാതെ എത്രയോ കുട്ടികൾ ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ കടന്നുപോവുന്നു.

അക്ഷരമെഴുത്തിന്റെ രേഖീയക്രമം വേണ്ടപ്രാധാന്യത്തോടെ ഇന്ന് കുട്ടികളെ പരിചയപ്പെടുത്തുന്നില്ല. മൊബൈൽ ഫോണിലെ ടച്ച് സ്‌ക്രീൻ പ്രതലത്തിൽ കൈകൊണ്ടെഴുതുന്ന അക്ഷരരൂപങ്ങളെ ഡിജിറ്റൽ രൂപത്തിലേക്കു മാറ്റുന്ന സാങ്കേതികവിദ്യയുടെ കാലമാണിത്. അക്ഷരങ്ങളുടെ രേഖീയക്രമം മനസ്സിലാക്കിയാലേ ഈ സാങ്കേതികവിദ്യ സുഗമമായി ഉപയോഗിക്കാനാവൂ. മണലിൽ ചൂണ്ടുവിരലുകൊണ്ടെഴുതിയ പഴയകാലത്തെ, സാങ്കേതികതയിലൂടെ തിരിച്ചുപിടിക്കുകയാണ് ടച്ച് സ്‌ക്രീൻ പ്രതലത്തിൽ കൈകൊണ്ട് അക്ഷരങ്ങളെഴുതി ഡിജിറ്റൽ രൂപത്തിലേക്കു മാറ്റുന്ന ഒ.സി.ആർ. വിദ്യ. 

പദങ്ങൾ ഒന്നിനുപിറകെയൊന്നായി കൂടിച്ചേർന്നുവരുന്ന പ്രകൃതമാണ് മലയാളത്തിനുള്ളത്. പദം പിരിക്കുന്നിടത്ത് അക്ഷരാതിർത്തി തിരിച്ചറിയാനായില്ലെങ്കിൽ ദുരർഥമോ ആശയക്കുഴപ്പമോയൊക്കെയുണ്ടാവും. ‘മാന്യനായ’ എന്ന പദം മാന്യ-നായ എന്നൊക്കെ ഹൈഫൺ ചേർത്ത്‌ കാണാറുണ്ട്. കംപ്യൂട്ടറിൽ അക്ഷരങ്ങൾക്കിടയിലുള്ള ശൂന്യസ്ഥലം പദത്തെ രണ്ടായി മുറിക്കുന്നു. ഇവയൊന്നും അറിയാതെ ഡി.ടി.പി. സെന്ററുകളിലും അച്ചടിശാലകളിലും മാധ്യമസ്ഥാപനങ്ങളിലുമൊക്കെ എത്തുന്നവരിലൂടെ ഭാഷ കൂടുതൽ വികലമാകുന്നു. 
മലയാളഭാഷയുടെ അക്ഷരമാലയെക്കുറിച്ചും ഘടനയെക്കുറിച്ചും ധാരണക്കുറവുള്ള സാങ്കേതികവിദഗ്ധരിലൂടെ മലയാളഭാഷാ കംപ്യൂട്ടിങ്ങിൽ വെല്ലുവിളികളുണ്ടായിട്ടുണ്ട്. മലയാളത്തിലെ ചില്ലക്ഷരലിപികളുടെ ഡ്യുവൽ എൻകോഡിങ്, ഫോണ്ട് നിർമിതിയിലെ പ്രശ്നങ്ങൾ എന്നിവ ഇതിൽ ചിലതാണ്. ന്റ എന്ന കൂട്ടക്ഷരത്തിന്റെ അക്ഷരച്ചേരുവയെപ്പറ്റി സാങ്കേതിക വിദഗ്ധർക്ക് ധാരണയില്ലാത്തതിനാൽ എന്റെ എന്നത് എൻറെ എന്ന് തെറ്റായി എൻകോഡ് ചെയ്യപ്പെടുന്നത് സർവസാധാരണമായി കാണുന്ന പിശകാണ്. ൺ, ട എന്നിവ ചേർത്ത് ണ്ട രൂപപ്പെടുത്തിയതിനാൽ അഡോബിന്റെ പേജ് മേക്കറിൽ തയ്യാറാക്കിയ ടെക്സ്റ്റിലെ ണ്ട മൈക്രോസോഫ്റ്റ്‌ വേഡിലും മറ്റും എൻകോഡ് ചെയ്തുവരാത്ത പ്രശ്നവും ഇതുപോലെയാണ്.

യഥാർഥത്തിൽ ണ് ട എന്നിവ ചേർത്താണ് ണ്ട രൂപപ്പെടുത്തേണ്ടിയിരുന്നത്. യൂണിക്കോഡ് 5.1 സ്റ്റാൻഡേഡിലെ ചില്ലക്ഷരങ്ങളുടെ ഡ്യുവൽ എൻകോഡിങ്ങും മലയാളഭാഷയുടെ കംപ്യൂട്ടറുപയോഗത്തിൽ വെല്ലുവിളികളുണ്ടാക്കി. മലയാളം അക്ഷരമാലയുടെ ഘടനയെപ്പറ്റി കൃത്യമായ ധാരണയില്ലാത്ത സാങ്കേതികവിദഗ്ധർ മലയാളം ഫോണ്ടുകളും എൻകോഡിങ് വ്യവസ്ഥകളുമെല്ലാം രൂപപ്പെടുത്തിയതിലെ പ്രശ്നങ്ങളാണിവ. അക്ഷരമാലയുടെ ഘടനയും അക്ഷരമാലാക്രമവും പരിചയിക്കാതെ ഒരു തലമുറ വളർന്നുവരുന്നത് ഇന്ന് ഏറ്റവും കൂടുതൽ ഭാഷാവ്യവഹാരങ്ങൾ നടക്കുന്ന സൈബറിടത്തിലെ കണ്ടന്റിലും ലാംഗ്വേജ് പ്രൊസസിങ്ങിലും വിവരവ്യവസ്ഥയിലുമൊക്കെ മലയാളഭാഷയ്ക്ക് വെല്ലുവിളിയാണ്.
(മലപ്പുറം ഗവൺമെന്റ് കോളേജ് മലയാളം അധ്യാപകനാണ് ലേഖകൻ)