ചിലരെങ്കിലും സീറോ ബജറ്റ് പ്രകൃതികൃഷി ജൈവകൃഷിയുടെ ഒരു വകഭേദമാണെന്ന തെറ്റിദ്ധാരണ വെച്ചുപുലർത്തുന്നുണ്ട്. യഥാർഥത്തിൽ, പലേക്കരുടെ കൃഷിക്ക് ജൈവകൃഷിയുമായി വിദൂരബന്ധം പോലുമില്ല. 

കേരളാസംസ്ഥാന ബയോഡൈവേഴ്‌സിറ്റി ബോർഡ് മുൻകൈയെടുത്തുകൊണ്ട് കേരളത്തിനായൊരു ജൈവകൃഷി നയം 2010-ൽ ഇറക്കുകയുണ്ടായി. ഓരോ വർഷവും പത്തുശതമാനംവീതം ജൈവകൃഷിയിലേക്ക് മാറ്റി പത്തുവർഷംകൊണ്ട് കേരളത്തെ മൊത്തം ഓർഗാനിക് സംസ്ഥാനം ആക്കുമെന്ന ദൃഢനിശ്ചയത്തോടെയായിരുന്നു അത് (Kerala State Organic Farming Policy, Strategy and Action PlanG.O.(P) No. 39/2010/Agri. Dated 1022010). പോളിസി രേഖയിൽ പറഞ്ഞ പത്തുവർഷം കഴിഞ്ഞു. 

എത്ര സ്ഥലത്തു ജൈവകൃഷി വ്യാപിച്ചു, ജൈവകൃഷിയോടുള്ള കർഷകരുടെ മനോഭാവം എന്താണ്, എന്താണ് വിഷമതകൾ എന്നൊക്കെ വിലയിരുത്തിയാൽമാത്രമേ ഇനി എന്തുവേണം എന്നതിന് ഉത്തരം കിട്ടൂ. ‘ഡൗൺ ടു എർത്തി’ൽ വന്ന ഒരു കണക്കുപ്രകാരം കേരളത്തിലെ ജൈവകൃഷി പത്തു വർഷത്തിനുശേഷം അറ്റ കാർഷിക വിസ്തീർണത്തിന്റെ (net cultivated area) കേവലം 2.7 ശതമാനം മാത്രമാണ്. ഇങ്ങനെ അനിശ്ചിതത്വത്തിലായ ജൈവകൃഷിയെ ഉപേക്ഷിച്ച്‌ ഇപ്പോൾ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് (കൃഷി വകുപ്പ്) ജൈവകൃഷിയെ ശത്രുസ്ഥാനത്ത് മാത്രം കാണുന്ന ‘സീറോ ബജറ്റ് നാച്വറൽ ഫാമിങ്’ വൻ തോതിൽ നടപ്പാക്കാൻ ഒരുങ്ങുന്നതായി കേൾക്കുന്നു. അഗ്രോ ഇക്കോളജി തത്ത്വങ്ങൾക്ക് അനുസരിച്ചാണത്രേ ഈ ചെലവില്ലാക്കൃഷി. എന്താണ് സീറോ ബജറ്റ് കൃഷി? അതിനു പ്രകൃതികൃഷിയുമായും ജൈവകൃഷിയുമായും എന്തെങ്കിലും ബന്ധമുണ്ടോ? ഒരന്വേഷണം!

പലേക്കറുടെ ആത്മീയകൃഷി
മഹാരാഷ്ട്ര സ്വദേശിയായ സുഭാഷ് പലേക്കർ ആവിഷ്കരിച്ചതാണ് ‘സീറോ ബജറ്റ് നാച്വറൽ ഫാമിങ്’. 1988 മുതൽ അദ്ദേഹം ഇത് പ്രചരിപ്പിച്ചു വരുന്നു. ജർമൻകാരനായ റുഡോൾഫ് സ്റ്റെയിനറുടെ ‘ബയോഡൈനാമിക്സ് കൃഷിയുടെയും’ ജപ്പാൻകാരനായ മസനോബു ഫുക്കുവോക്കയുടെ ‘പ്രകൃതികൃഷി’യുടെയും അനുകരണമാണ് യഥാർഥത്തിൽ പലേക്കറുടെ ‘ചെലവില്ലാ പ്രകൃതികൃഷി’! ഹരിത വിപ്ലവത്തിനെതിരേ അദ്ദേഹം പറയുന്നതൊക്കെ വന്ദനാശിവയുടെ ‘ദി വയലൻസ് ഓഫ് ഗ്രീൻ റെവലൂഷൻ’ എന്ന പുസ്തകത്തിൽനിന്ന്‌ കടമെടുത്തതാണെന്നും മനസ്സിലാവും. സീറോ ബജറ്റ് എന്നുപറഞ്ഞാൽ ഒരു ബജറ്റും വേണ്ടാത്തത്, അഥവാ ചെലവൊന്നും ഇല്ലാത്തത് എന്നാണ്‌. ‘സീറോ ബജറ്റ് നാച്വറൽ ഫാമിങ്’ എന്നതിന് മലയാളത്തിൽ ആദ്യ കാലത്തുകൊടുത്ത പരിഭാഷ ‘ചെലവില്ലാ പ്രകൃതികൃഷി’ എന്നായിരുന്നു. ചെലവില്ലാ കൃഷിയാണെന്ന അഭിപ്രായം അദ്ദേഹം അടുത്തകാലത്ത്‌ ഉപേക്ഷിച്ചു. ‘സുഭാഷ് പലേക്കർ പ്രകൃതികൃഷി’ എന്ന പേരാണ് അദ്ദേഹം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഒരു നാടൻ പശുവിൻ ചാണകവും മൂത്രവുമുണ്ടെങ്കിൽ 30 ഏക്കറിലെ കൃഷി നടക്കുമെന്നു പറയുമ്പോൾ സാധാരണക്കാർ ആകൃഷ്ടരാവുന്നത് സ്വാഭാവികം മാത്രം.

അനുവർത്തിക്കുന്ന കൃഷിമുറകൾ അനുസരിച്ചു പലേക്കർ കൃഷിരൂപങ്ങളെ നാലായി തിരിക്കുന്നു. (1) രാസകൃഷി, (2) ജൈവകൃഷി, (3) പ്രകൃതികൃഷി, (4) ആത്മീയ കൃഷി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ രാസകൃഷിയും അതിനെക്കാൾ മാരകമായ ജൈവകൃഷിയും കാർഷിക സർവകലാശാലകളുടെ ‘ഗൂഢാലോചനയുടെ’ ഫലമാകയാൽ ഒരിക്കലും അടുപ്പിക്കാൻ പാടില്ല! സുസ്ഥിര കൃഷി, ബയോ ഡയനാമിക്‌സ് കൃഷി, അഗ്നിഹോത്ര തുടങ്ങിയ മറ്റ് ബദൽ കൃഷിരൂപങ്ങളെയെല്ലാം അദ്ദേഹം പുച്ഛിച്ചുതള്ളുന്നു. പലേക്കർ അവകാശപ്പെടുന്നത് അദ്ദേഹത്തിന്റെത്‌ ആത്മീയകൃഷി ആണെന്നാണ്‌. മസനോബു ഫുക്കുവോക്കയുടെ സാധാരണ പ്രകൃതികൃഷിയും ശരിയല്ല!

അബദ്ധജടിലമായ വാദങ്ങൾ
തെറ്റിദ്ധാരണാജനകവും അബദ്ധജടിലവുമായ കാര്യങ്ങളാണ് പലേക്കറുടേത് എന്നറിയാൻ അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെ ഒന്നോടിച്ചുപോയാൽ മതി! (പുസ്തകങ്ങൾ പത്തിൽ കൂടുതലുണ്ട്). കാർഷിക സർവകലാശാലകളിലൂടെ രൂപപ്പെട്ട വിവരങ്ങളെല്ലാം നിരാകരിക്കണമെന്നാണ് പലേക്കർ പറയുന്നത്. കൃഷിശാസ്ത്രമെന്നത് അറിവോ ശാസ്ത്രമോ അല്ലെന്നും ‘വിവരമില്ലായ്മ’യാണെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. അദ്ദേഹത്തിന്റെ വാക്കുകളിൽ: ‘Agriculturtal science is not a knowledge, not a science, but it is only ignorance’.

 ക്ഷീരവിപ്ലവത്തെയും പലേക്കർ അതിനിശിതമായി വിമർശിക്കുന്നു. പലേക്കറുടെ അഭിപ്രായത്തിൽ ജഴ്‌സി, ഹോൾസ്റ്റീൻ എന്നിവ പശുക്കളേ അല്ല! അവ പശുക്കളോട് സാമ്യമുള്ള മൃഗങ്ങൾമാത്രം. അദ്ദേഹം ഇവയെയും ഇവയിൽ നിന്നുണ്ടാക്കുന്ന സങ്കര ഇനങ്ങളെയും വിളിക്കുന്നത് പന്നിപ്പശുക്കൾ (cowpigs) എന്നാണ്. ഇവ തരുന്നത് പാലല്ല, പാലുപോലുള്ള ഒരു ദ്രാവകം മാത്രം! ഇവയുടെ പാൽ വിവിധ തരം രോഗങ്ങളുടെ കേന്ദ്രമാണ്. മാത്രമല്ല, അവയുടെ ചാണകവും മൂത്രവുംകൂടി വർജിക്കണം. കാരണം, ഇവയിൽ രാക്ഷസീയ ജീവാണുക്കളുണ്ട്. അവയുടെ മൂത്രം രോഗവർധകമാണെന്നും അദ്ദേഹം സമർഥിക്കുന്നു. അധികം പാലുത്‌പാദിക്കാനെന്ന പേരിൽ ധാരാളം പശുസമ്പത്തുള്ള ഭാരതത്തിലേക്ക് ജഴ്‌സി, ഹോൾസ്റ്റീൻ തുടങ്ങിയ സങ്കര ഇനങ്ങളെ അടിച്ചേൽപ്പിക്കുകയാണ് ചെയ്തതത്രേ.

സീറോ ബജറ്റ് പ്രകൃതികൃഷി എന്ന രഥത്തിനു നാലുചക്രങ്ങൾ ഉള്ളതായാണ് പലേക്കരുടെ സങ്കല്പം. ബീജമിത്ര (വിത്തുപചരണത്തിന്), ജീവാമൃത (സൂക്ഷ്മജീവികളുടെ വർധനയ്ക്ക്‌), ആച്ഛാദന (പുതയിടൽ), വാഫസ (മണ്ണിലെ വായുസഞ്ചാരം) എന്നിവയാണ് ചക്രങ്ങൾ. ഇവ ഉരുട്ടിയാൽ ചെടികൾ തഴച്ചുവളരുമെന്നതു കൂടാതെ മിക്കവാറും രോഗ കീടങ്ങളും വരുകയില്ലത്രെ. കീടരോഗ നിയന്ത്രണത്തിന് മൂന്ന്‌ ഒറ്റമൂലികൾ  ആഗ്നേയാസ്ത്ര, നീമസ്ത, ബ്രഹ്മാസ്ത്ര എന്നിങ്ങനെ പലേക്കർ നിർദേശിക്കുന്നു. കുമിളുകൾ, ബാക്ടീരിയകൾ, വൈറസ്, ഫയ്‌സ്റ്റോപ്ലാസ്മാ എന്നീ രോഗകാരികളെയും പലതരം കീടങ്ങൾ, മണ്ഡരികൾ, എന്നിവയെയുമൊക്കെ നിയന്ത്രിച്ചുനിർത്താൻ ഈ ‘അസ്ത്രങ്ങൾ’ മതിയെന്നതുതന്നെ ഒരു തമാശയാണ്.

തലതിരിഞ്ഞ ന്യായങ്ങൾ
ചിലരെങ്കിലും സീറോ ബജറ്റ് പ്രകൃതികൃഷി ജൈവകൃഷിയുടെ ഒരു വകഭേദമാണെന്ന തെറ്റിദ്ധാരണ വെച്ചുപുലർത്തുന്നുണ്ട്. യഥാർഥത്തിൽ, പലേക്കരുടെ കൃഷിക്ക് ജൈവകൃഷിയുമായി വിദൂരബന്ധം പോലുമില്ല. അദ്ദേഹം അവകാശപ്പെടുന്നുമില്ല. നേരെമറിച്ച്, ‘രാസകൃഷിയെക്കാൾ’ (ആധുനിക കൃഷി) പതിന്മടങ്ങ് കുഴപ്പമുണ്ടാക്കുന്നതാണ് ജൈവകൃഷി എന്ന അഭിപ്രായമാണ്‌ അദ്ദേഹത്തിന്. അതിനാൽ ചാണകം, മണ്ണിരകമ്പോസ്റ്റ്, വെർമിവാഷ്, എല്ലുപൊടി, പിണ്ണാക്കുകൾ തുടങ്ങി പുറത്തുനിന്നു വരുന്നതൊന്നും അദ്ദേഹത്തിന്റെ ആത്മീയകൃഷിയിൽ ഉപയോഗിക്കാനേ പാടില്ല! സാധാരണ ജീവാണുവളങ്ങളും പറ്റില്ല! ജൈവകൃഷിയുടെയും മണ്ണിരകൃഷിയുടെയും ഫലം മണ്ണിന്റെ മരണമായിരിക്കുമത്രേ! സാധാരണ മണ്ണിര കമ്പോസ്റ്റിങ്‌ രീതിയെ പലേക്കർ നഖശിഖാന്തം എതിർക്കുന്നു. മണ്ണിര കമ്പോസ്റ്റിനു ഉപയോഗിക്കുന്ന ഐസീനിയ ഫെറ്റിഡാ എന്ന മണ്ണിര കർഷകരെ തകർക്കാൻ തത്പരകക്ഷികൾ (കാർഷിക സർവകലാശാലകൾ, സർക്കാർ കൃഷിവകുപ്പ്, സർക്കാരിതര സംഘടനകൾ!) ഇറക്കുമതിചെയ്ത ഒരു ഭീകരനത്രേ (അദ്ദേഹത്തിന്റെ ശൈലിയിൽ, destructor beast)!
(തുടരും)

(കേരള കാർഷിക സർവകലാശാല 
ഹോർട്ടികൾച്ചർ അഗ്രോണമി വകുപ്പ്‌ മുൻ തലവനും അസോസിയേറ്റ്‌ ഡീനുമാണ്‌ ലേഖകൻ)