• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Features
More
  • Politics
  • Web Exclusive
  • Sports
  • Open Forum
  • Literature
  • Weekend
  • Women and Children
  • Movies
  • Technology
  • Auto
  • Agriculture

എന്തുകൊണ്ട് പ്രതിഷേധത്തിന്റെ വിത്തുകൾ

Dec 8, 2020, 11:01 PM IST
A A A
# മനോജ് മേനോൻ
 farmers' protest
X

.

തുറന്ന പ്രതിഷേധങ്ങളുടെയും അടക്കിപ്പിടിച്ച രോഷങ്ങളുടെയും വിത്തുകളാണ് ഇപ്പോൾ കൃഷിപ്പാടങ്ങളിൽ കിളിർക്കുന്നത്. ജൂണിൽ മുളപൊട്ടുകയും സെപ്‌റ്റംബറിൽ വളരുകയും ഡിസംബറിൽ പടരുകയും ചെയ്ത ഈ മരപ്പടർപ്പുകൾക്ക് കർഷകരുടെ ആശങ്കകളാണ് മണ്ണൊരുക്കുന്നത്. കേന്ദ്രസർക്കാർ കഴിഞ്ഞ ജൂൺ 5-ന് കൊണ്ടുവന്ന കാർഷിക പരിഷ്കരണ ഓർഡിനൻസുകളും പിന്നീട് സെപ്‌റ്റംബറിൽ യാഥാർഥ്യമാക്കിയ കാർഷിക പരിഷ്‌കരണ നിയമങ്ങളുമാണ് ഈ ആശങ്കകളുടെ ആധാരം

തുറന്ന പ്രതിഷേധങ്ങളുടെയും അടക്കിപ്പിടിച്ച രോഷങ്ങളുടെയും വിത്തുകളാണ് ഇപ്പോള്‍ കൃഷിപ്പാടങ്ങളില്‍ കിളിര്‍ക്കുന്നത്.ജൂണില്‍ മുളപൊട്ടുകയും സെപ്തംബറില്‍ വളരുകയും ഡിസംബറില്‍ പടരുകയും ചെയ്ത ഈ സമരപ്പടര്‍പ്പുകള്‍ക്ക് കര്‍ഷകരുടെ ആശങ്കകളാണ് മണ്ണൊരുക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ജൂണ്‍ 5 ന് കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ ഓര്‍ഡിനന്‍സുകളും പിന്നീട് സെപ്തംബറില്‍ യാഥാര്‍ഥ്യമാക്കിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളുമാണ് ഈ ആശങ്കകളുടെ ആധാരം.

കോവിഡ് വ്യാപനത്തിനിടയില്‍ രാജ്യം ലോക്ഡൗണിലായിരുന്ന കാലത്ത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക പരിഷ്‌കരണ നയങ്ങളാണ് രാജ്യംചര്‍ച്ച ചെയ്യുന്നത ്.ജൂണ്‍ 5 ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച മൂന്ന് ഓര്‍ഡിനന്‍സുകളാണ് ഈ വിവാദങ്ങള്‍ക്ക് അടിത്തറയായത്.കാര്‍ഷികോല്‍പന്നങ്ങളുടെ  വ്യാപാരവും വാണിജ്യവും (അഭിവൃദ്ധിയും സൗകര്യമൊരുക്കലും) സംബന്ധിച്ച ഓര്‍ഡിനന്‍സ്,വില ഉറപ്പും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ കരാറി(ശാക്തീകരണവും സംരക്ഷണവും)നായുള്ള ഓര്‍ഡിനന്‍സ്,അവശ്യവസ്തു നിയമഭേദഗതിക്കുള്ള ഓര്‍ഡിനന്‍സ് എന്നിവയാണ് മോദി സര്‍ക്കാര്‍ പാസ്സാക്കിയത്.1950-60 കാലഘട്ടം മുതല്‍ ഇന്ത്യയുടെ കാര്‍ഷിക മേഖലയില്‍ നിലവിലുള്ള നടപടികളും രീതികളും പരിഷ്‌കരിക്കുകയും കൃഷിരംഗത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് എന്ന് അവകാശപ്പെട്ടാണ് ഈ ഓര്‍ഡിനന്‍സുകള്‍ കൊണ്ടു വന്നത്.

 എന്നാല്‍,ഓര്‍ഡിനന്‍സുകള്‍ പുറത്തിറങ്ങിയ ഉടന്‍ തന്നെ രാജ്യത്തെ പ്രധാന കാര്‍ഷികസംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും പ്രതിഷേധമായി.കര്‍ഷകരും കൃഷിബന്ധ തൊഴില്‍ മേഖലകളിലുള്ളവരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്ന ആശങ്കയുയര്‍ത്തിയാണ് കര്‍ഷക സംഘടനകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രതിഷേധത്തിന് പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളും സന്നദ്ധസംഘടനകളും പിന്തുണ നല്‍കി.കൃഷി സംസ്ഥാന വിഷയമാണെന്നും പുതിയ നീക്കം ഫെഡറല്‍ വ്യവസ്ഥയെ തകര്‍ക്കാനാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണമുയര്‍ത്തി.കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സുകള്‍ക്കെതിരെ പഞ്ചാബ് നിയമസഭ ആഗസ്ത് 28 ന് പ്രമേയം പാസ്സാക്കി.ലോക്ഡൗണ്‍ കാലമായിരുന്നതിനാല്‍ പ്രത്യക്ഷപ്രതിഷേധം ഈ ഘട്ടത്തില്‍ പഞ്ചാബിന്റെയും ഹരിയാനയുടെയും ഭരണസിരാകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പരിമിതപ്പെട്ടെങ്കിലും വിപുലമായ സമരപരമ്പരകളുടെ തുടക്കമായിരുന്നു അത്.

സമരപരമ്പരകളുടെ നാളുകള്‍

സെപ്തംബറില്‍ നടന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനമായിരുന്നു പ്രതിഷേധങ്ങളുടെയും വിവാദങ്ങളുടെയും അടുത്ത ഘട്ടം.ഓര്‍ഡിനന്‍സുകള്‍ പിന്‍വലിച്ച് അതേ ഉള്ളടക്കങ്ങളുള്ള മൂന്ന് ബില്ലുകള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ അവതരിപ്പിച്ചതോടെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധങ്ങളുയര്‍ന്നു.ലോക്സഭയിലെ  ചര്‍ച്ചകള്‍ക്കിടയില്‍ എന്‍.ഡി.എ.യുടെ ഘടകകക്ഷിയായ ശിരോമണി അകാലിദള്‍ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് ബില്ലിനെ എതിര്‍ത്തത് സര്‍ക്കാരിന് ക്ഷീണമായി.അന്ന് തന്നെ കേന്ദ്രമന്ത്രിസഭയിലെ പ്രാതിനിധ്യവും അവര്‍ രാജിവച്ചു.പഞ്ചാബിലെ കര്‍ഷകര്‍ക്കിടയില്‍ ബില്ലുകളോടുള്ള എതിര്‍പ്പ് തിരിച്ചറിഞ്ഞ് രാഷ്ട്രീയ നിലനില്‍പിന് വേണ്ടിയായിരുന്നു എസ്.എ.ഡിയുടെ  നീക്കങ്ങളെങ്കിലും പ്രതിഷേധങ്ങള്‍ക്ക് അത് എണ്ണ പകര്‍ന്നു.വേണ്ടത്ര ചര്‍ച്ചകള്‍ കൂടാതെ കോവിഡ് കാലത്ത് ബില്ലുകള്‍ തിടുക്കത്തില്‍ കൊണ്ടു വന്നത് ദുരൂഹമാണെന്നും ബില്ലുകള്‍ സെലക്ട് കമ്മിറ്റിയുടെ പരിശോധനക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.രാജ്യസഭയില്‍ ബില്‍ പരിഗണനാവേള ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലായി മാറി.

എന്നാല്‍ എതിര്‍പ്പുകളെ മറികടന്ന് ലോക്സഭ സെപ്തംബര്‍ 17 നും രാജ്യസഭ 20 നും ബില്ലുകള്‍ പാസ്സാക്കി.27 ന് രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമം നിലവില്‍ വന്നു.കോവിഡ് വ്യാപനം മൂലം പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയതോടെ പ്രതിഷേധം സഭകള്‍ക്ക് പുറത്തായി.പഞ്ചാബിലെയും ഹരിയാനയിലെയും വിവിധ കര്‍ഷക സംഘടനകള്‍ സമരരംഗത്തിറങ്ങി.അഞ്ഞൂറോളം കര്‍ഷക സംഘടനകള്‍ ഉള്‍പ്പെട്ട അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ ഏകാപന സമിതി (ഏ.ഐ.കെ.എസ്.സി.സി)യാണ് സമരത്തിന് നേതൃത്വം നല്‍കിയത്.കേന്ദ്ര നിയമങ്ങളായതിനാല്‍ സംസ്ഥാനങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ട് പ്രതിഷേധിച്ചിട്ട് കാര്യമില്ലെന്നും രാജ്യതലസ്ഥാനത്തേക്ക് സമരകേന്ദ്രം മാറ്റണമെന്നും സമിതി തീരുമാനിച്ചു.ഇതെത്തുടര്‍ന്ന് പഞ്ചാബില്‍ നിന്ന് പുറപ്പെട്ട് ഹരിയാനയില്‍ വ്യാപിച്ച ഡല്‍ഹി ചലോ സമരത്തെ അംബാലയില്‍ വച്ച് ഹരിയാന സര്‍ക്കാര്‍ തടഞ്ഞു.ജലപീരങ്കിയും ലാത്തിചാര്‍ജും പക്ഷെ കര്‍ഷകവീര്യം കെടുത്തിയില്ല.ആയിരക്കണക്കിന് ട്രാക്ടറുകളും ട്രക്കുകളും അണിനിരത്തി കര്‍ഷകര്‍ ചെറുത്തു.ഒടുവില്‍ അംബാലയും മുറിച്ച് ഡല്‍ഹിയിലേക്ക് സമരം നീങ്ങി.

 നവംബര്‍ 26 ന്  ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെത്തിയ പ്രതിഷേധക്കാരെ  സിംഘുവിലും തിക്രിയിലും ഘാസിപ്പൂരും ഡല്‍ഹി പോലീസ് തടഞ്ഞു.ഡല്‍ഹി സംസ്ഥാനസര്‍ക്കാര്‍ സമരത്തെ പിന്തുണച്ചെങ്കിലും കേന്ദ്ര സര്‍ക്കാരാണ് പോലീസിനെ വിന്യസിച്ചത്.സിംഘുവിലും ജലപീരങ്കികള്‍ ജലപ്രഹരം നടത്തി.ദേശീയ പാത തടയരുതെന്നും ബുറാഡിയിലെ നിരങ്കാരി മൈതാനത്തേക്ക് സമരം മാറ്റണമെന്നും കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും സമരസംഘടനകള്‍ തയ്യാറായില്ല.സംസ്ഥാനാതിര്‍ത്തികളില്‍ തന്നെ സംഘടനകള്‍ സമരതാവളങ്ങള്‍ ഉറപ്പിച്ചു.ആറ് മാസത്തേക്കുള്ള ഭക്ഷണവിഭവങ്ങളുമായാണ് തങ്ങളെത്തിയതെന്നും നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും കര്‍ഷകനേതാക്കള്‍ പറഞ്ഞു.ട്രാക്ടറുകള്‍ വീടുകളാക്കി കൊടും തണുപ്പില്‍ സമരം തുടങ്ങി.സമരം നിര്‍ത്താതെ അനുരഞ്ജന ചര്‍ച്ചകള്‍ക്കില്ലെന്ന് കേന്ദ്രം നിലപാടെടുത്തതോടെ സംഘടനകള്‍ സമരം ശക്തിപ്പെടുത്തി.രാഷ്ട്രീയ നേതാക്കളെ സമരവേദിയിലേക്ക് കര്‍ഷകര്‍ പ്രവേശിപ്പിച്ചില്ലെങ്കിലും പുറത്തു നിന്ന് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ നല്‍കി.ഒടുവില്‍ കേന്ദ്രം ഡിസംബര്‍ 3 ന് ചര്‍ച്ചചെയ്യാമെന്ന് സമ്മതിച്ചു.നിയമങ്ങളെ ന്യായീകരിച്ചു കൊണ്ട് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ബി.ജെ.പി നേതാക്കളും രംഗത്തു വന്നു.എന്നിട്ടും പ്രതിഷേധം അടങ്ങിയില്ല.സമരം രൂക്ഷമായതോടെ സര്‍ക്കാര്‍ ചര്‍ച്ചാ തീയതി നേരത്തെയാക്കി.ഇരുപക്ഷവും മണിക്കൂറുകളോളം ചര്‍ച്ച നടത്തിയെങ്കിലും സമവായം രൂപപ്പെട്ടിട്ടില്ല.നിയമങ്ങളില്‍ ചില ഭേദഗതികള്‍  കൊണ്ടു വരാമെന്ന് ചര്‍ച്ചയില്‍ കേന്ദ്രമന്ത്രിമാര്‍ വാഗ്ദാനം നല്‍കിയെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍  കര്‍ഷക സംഘടനകള്‍ ഉറച്ച് നില്‍ക്കുന്നു.

വിവാദ വ്യവസ്ഥകളെക്കുറിച്ച് കര്‍ഷകരുടെ ആശങ്കകള്‍

കാര്‍ഷികോല്‍പന്ന കമ്പോള സമിതി(ഏ.പി.എം.സി ആക്ട്)യുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മണ്ഡികള്‍(ചന്തകള്‍),സര്‍ക്കാര്‍ പുതുതായി കൊണ്ടു വന്ന കാര്‍ഷികോല്‍പന്നങ്ങളുടെ  വ്യാപാരവും വാണിജ്യവും (അഭിവൃദ്ധിയും സൗകര്യമൊരുക്കലും) സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഇല്ലാതാകും.നിലവില്‍ ഏ.പി.എം.സിയുടെ നിയന്ത്രണത്തിലുള്ള മണ്ഡികളില്‍ മാത്രമാണ് കാര്‍ഷികോല്‍പന്നങ്ങളുടെ വില്‍പന.മണ്ഡികളുടെ പുറത്ത് ഉല്‍പന്നങ്ങള്‍ വില്‍ക്കാം എന്നാണ് പുതിയ വ്യവസ്ഥ.എന്നാല്‍ ഇതോടെ ഏ.പി.എം.സി.മണ്ഡികള്‍ ഇല്ലാതാകുമെന്നും ,തങ്ങളുടെ വിളകള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് തുച്ഛമായ വിലയ്ക്ക് വില്‍ക്കേണ്ടി വരുമെന്നും കര്‍ഷകര്‍ ഭയക്കുന്നു.

മൊത്തക്കച്ചവട കേന്ദ്രങ്ങളായ പ്രാദേശിക മണ്ഡികളാണ് പഞ്ചാബ്,ഹരിയാന സംസ്ഥാനങ്ങളിലെ കാര്‍ഷികവൃത്തിയുടെ നട്ടെല്ല്.200-300 ഗ്രാമങ്ങള്‍ ഒരു മണ്ഡിയെ ആശ്രയിക്കുന്നു.ഈ മണ്ഡികളില്ലാതായാല്‍ മികച്ച വില തേടി പുറത്തു കൊണ്ടുപോയി വില്‍പന നടത്താനുള്ള സംവിധാനങ്ങള്‍ പ്രാദേശിക തലത്തില്‍ ഇല്ല.അതിനാല്‍ പെട്ടെന്ന്  നശിച്ചു പോകുന്ന കാര്‍ഷികോല്‍പന്നങ്ങളുടെ വില്‍പനയെ ബാധിക്കും.ഇത് വന്‍കിട കമ്പനികളുടെ മേധാവിത്വത്തിന് വഴിയൊരുക്കും.

താങ്ങുവില സംവിധാനം റദ്ദാക്കപ്പെടും. മണ്ഡികളും എഫ്.സി.ഐ പോലെയുള്ള പൊതുമേഖലാ സംവിധാനങ്ങളും  താങ്ങുവില നല്‍കി സംഭരിക്കുന്നതിനാലാണ്  ചെറുകിട-നാമമാത്ര കര്‍ഷകര്‍ നിലനില്‍ക്കുന്നത്.എന്നാല്‍ മണ്ഡി സമ്പ്രദായം റദ്ദാകുന്നതോടെ താങ്ങുവില സംവിധാനം തകരുമെന്നും സ്വകാര്യ കമ്പോളങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് ഉല്‍പന്നങ്ങള്‍ വിറ്റൊഴിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുമെന്നും ആശങ്ക.

മണ്ഡികളില്‍ വ്യാപാരവും ഇടപാടുകളും നടത്താന്‍ ലൈസന്‍സും രജിസ്ട്രേഷനും ആവശ്യമാണ്.വ്യാപാരിയുടെ സാമ്പത്തികാവസ്ഥ പരിശോധിച്ച ശേഷമാണ് ലൈസന്‍സ് നല്‍കുക.ഈ വ്യാപാരികള്‍ സമീപപ്രദേശവാസികളാണ്.ഇതുമൂലം വ്യാപാരിയും കര്‍ഷകനും തമ്മില്‍ വിശ്വസ്തമായ ബന്ധം നിലനിന്നിരുന്നു.എന്നാല്‍ മണ്ഡികള്‍ക്ക് പുറത്ത് സ്വകാര്യ കമ്പോളത്തില്‍ പാന്‍ കാര്‍ഡുള്ളവര്‍ക്കെല്ലാം വ്യാപാരം നടത്താം.അന്യസംസ്ഥാനങ്ങളില്‍ നിന്നു പോലുമെത്തുന്ന ഈ വ്യാപാരികള്‍ കബളിപ്പിക്കുമെന്ന് കര്‍ഷകര്‍ ഭയക്കുന്നു.

മണ്ഡികളില്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ കമ്പോള ഫീസും ഗ്രാമിവികസന സെസും ചുമത്താറുണ്ട്.ഇതോടൊപ്പം കമ്മീഷന്‍ ഏജന്റുമാരുടെ (അര്‍ഹതിയ)കമ്മീഷന്‍ കൂടി ഉള്‍പ്പെടുത്തിയാണ് വില നിശ്ചയിക്കുന്നത്.പഞ്ചാബില്‍ മൊത്തത്തില്‍ 8.5 ശതമാനമാണ് ഇങ്ങനെ ചുമത്തുന്നത്.അതായത് 3 ശതമാനം കമ്പോള ഫീസ്,3 ശതമാനം ഗ്രാമവികസന സെസ്,2.5 ശതമാനം അര്‍ഹതിയകളുടെ കമ്മീഷന്‍ എന്നിങ്ങനെ.ഗ്രാമ വികസന സെസ് സംസ്ഥാന സര്‍ക്കാരിനുള്ള വിഹിതമാണ്.ഇതിലൂടെ പഞ്ചാബിന്റെ പ്രതിവര്‍ഷ വരുമാനം 3500 കോടിയാണ്.എന്നാല്‍ പുതിയ നിയമപ്രകാരം മണ്ഡികള്‍ക്ക് പുറത്തുള്ള കമ്പോളങ്ങളില്‍ ഇത്തരം നികുതികളോ ഫീസുകളോ കമ്മീഷനുകളോ ഉണ്ടാകില്ല.ഇത് മൂലം പുറത്തെ കമ്പോളത്തില്‍ ഉല്‍പന്നങ്ങള്‍ക്ക് വില കുറയാം.എന്നാല്‍ തുടക്കത്തില്‍ കര്‍ഷകര്‍ക്ക് മികച്ച വില നല്‍കുന്ന സ്വകാര്യ കമ്പനികള്‍ പിന്നീട് വില കുറയ്ക്കുമെന്നാണ് കര്‍ഷകരുടെ ഭീതി.

ഇടപാടുകള്‍ സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടായാല്‍ സിവില്‍ കോടതികളെ സമീപിക്കുകയാണ് പഴയ രീതി.എന്നാല്‍ പുതിയ വ്യവസ്ഥകള്‍ പ്രകാരം  സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടിനാണ് പരാതി നല്‍കേണ്ടത്.ഒരു കോര്‍പ്പറേറ്റ് കമ്പനിയുമായുള്ള തര്‍ക്കത്തില്‍ തങ്ങള്‍ക്ക് നീതി ഉറപ്പിക്കാനാകില്ലെന്ന് കര്‍ഷകര്‍ ഭയക്കുന്നു. സിവില്‍ കോടതികളിലാണ് വിശ്വാസമെന്ന് കര്‍ഷക സംഘടനകള്‍.

അവശ്യവസ്തു നിയമത്തില്‍ കൊണ്ടു വന്ന ഭേദഗതിയിലും എതിര്‍പ്പുണ്ട്.കരിഞ്ചന്തയും പൂഴ്ത്തി വയ്പും തടയാനാണ് അവശ്യവസ്തു നിയമം കൊണ്ടു വന്നത്.എന്നാല്‍ ഈ നിയമത്തിന് കീഴല്‍ നിന്ന് കൂടുതല്‍ ഉല്‍പന്നങ്ങളെ ഒഴിവാക്കി.ഇതോടെ,ഭക്ഷ്യ ഉല്‍പന്നങ്ങള്‍,ധാന്യങ്ങള്‍,പയര്‍വര്‍ഗ്ഗങ്ങള്‍,ഉരുളക്കിഴങ്ങ്,എണ്ണക്കുരുക്കള്‍,ഉരുളക്കിഴങ്ങ്,സവാള തുടങ്ങിയവ യഥേഷ്ടം സംഭരിക്കാമെന്നായിരിക്കുന്നു.കാര്‍ഷികോല്‍പന്നങ്ങളുടെ സ്റ്റോക്കുകള്‍ സൂക്ഷിക്കുന്നതിനുള്ള പരിധിക്കും ഇളവ് നല്‍കിയിട്ടുണ്ട്. ഈ ഇളവുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം ഗുണകരമെന്ന് ആശങ്ക.

കരാര്‍ കൃഷിയുടെ ഭാഗമായുണ്ടാക്കുന്ന കരാറുകള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ഗുണവും കര്‍ഷകര്‍ക്ക് അഴിയാക്കുരുക്കുമാകുമെന്ന് ഭയം. എഴുതപ്പെട്ട കരാറുകള്‍ ധനവാന്‍മാരായ കമ്പനികള്‍ക്ക് ഗുണകരവും പാവപ്പെട്ട കര്‍ഷകര്‍ക്ക് ദോഷകരവുമാകുമെന്ന് ഭീതി.

കമ്മീഷന്‍ ഏജന്റുമാരെ ഒഴിവാക്കുന്നത് കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന വാദം സംഘടനകള്‍ തള്ളിക്കളയുന്നു.ഏ.പി.എം.സി നിയമം റദ്ദാക്കുകയും ഇടത്തട്ടുകാരെ ഒഴിവാക്കുകയും ചെയ്തിട്ടും ബിഹാറില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് നല്ല വില കിട്ടിയില്ല എന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.ബാങ്കുകളുടെ സാമ്പത്തികസഹായം ലഭിക്കാന്‍ എളുപ്പമല്ലാത്ത കര്‍ഷകര്‍ക്ക് അര്‍ഹതിയികള്‍ നല്‍കുന്ന ചെറുവായ്പകള്‍ അനിവാര്യമാണ്.

വിവാദ വ്യവസ്ഥകളെക്കുറിച്ച് സര്‍ക്കാരിന്റെ വാദങ്ങള്‍

കാര്‍ഷിക മേഖലയുടെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ടാണ് നിയമങ്ങള്‍ കൊണ്ടു വന്നത്. കാര്‍ഷിക മേഖലയിലെ വിദഗ്ധരും സാമ്പത്തിക വിദഗ്ധരും  ഈ പരിഷ്‌കരണങ്ങള്‍ക്കായി വാദിച്ചു കൊണ്ടിരിക്കുകയാണ്.ഏ.പി.എം.സി ആക്ട് 2002-2003 നടപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയെങ്കിലും പല സംസ്ഥാനങ്ങളും നടപ്പാക്കിയില്ല.അതു കൊണ്ടാണ് ഓര്‍ഡിനന്‍സ് മാര്‍ഗ്ഗം തേടിയത്.

പുതിയ നിയമവ്യവസ്ഥയിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വില്‍പന സ്വാതന്ത്ര്യം ലഭിക്കും.ഏ.പി.എം.സികള്‍ക്ക് പുറത്ത് ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുന്നതോടെ മികച്ച വില ലഭിക്കുന്ന സ്ഥലങ്ങളില്‍ ഇടപാട് നടത്താം.മണ്ഡികള്‍ക്ക് പുറത്ത്  കമ്പോള ഫീസും ഗ്രാമീണ വികസന സെസും ഏജന്റുമാരുടെ കമ്മീഷനും ഇല്ല.അതിനാല്‍ കര്‍ഷകര്‍ക്ക് നല്ല വില ലഭിക്കും.

പുതിയ വ്യവസ്ഥ ഇടനിലക്കാരെയും  കമ്മീഷന്‍ ഏജന്റുമാരെയും ഒഴിവാക്കും.ഇവര്‍ നടത്തുന്ന ചൂഷണങ്ങളില്‍ നിന്ന് കര്‍ഷകര്‍ രക്ഷപ്പെടും.കാലങ്ങളായി കാര്‍ഷിക മേഖലയില്‍ നിന്നുയരുന്ന ആവശ്യമാണ് പുതിയ നിയമങ്ങളിലൂടെ യാഥാര്‍ഥ്യമാക്കിയത്.

കരാര്‍ കൃഷി രാജ്യത്ത് മുമ്പ് തന്നെ നിലവിലുണ്ട്.പുതിയ നിയമ വ്യവസ്ഥകളിലൂടെ കരാര്‍ കൃഷി കൂടുതല്‍ വിശ്വസ്തവും ഉത്തരവാദിത്വപൂര്‍ണവുമാക്കുന്നു.രേഖാപരമായ കരാര്‍ വേണമെന്ന നിബന്ധന കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്.

ഏ.പി.എം.സി മണ്ഡികള്‍ക്കുള്ളില്‍ വ്യാപാരികള്‍ ഇടപാട് നടത്താന്‍ രജിസ്റ്റര്‍ ചെയ്യണം.എന്നാല്‍ ഏ.പി.എം.സികള്‍ക്ക് പുറത്ത് രജിസ്‌ട്രേഷന്‍ വേണ്ട.പാന്‍ കാര്‍ഡോ ആധാര്‍ പോലെയുള്ള രേഖകളോ ഉണ്ടെങ്കില്‍ വ്യാപാര ഇടപാടുകളില്‍ പങ്കെടുക്കാം.ഇത് കാര്‍ഷികോല്‍പന്നങ്ങളുടെ വില്പനയെ കൂടുതല്‍ ലളിതമാക്കും.അതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കും.

ഇടപാടുകളില്‍ തര്‍ക്കമുണ്ടായാല്‍ മൂന്ന് തരത്തിലുള്ള പരിഹാര സംവിധാനം പുതിയ നിയമം നിര്‍ദേശിക്കുന്നു.അനുരഞ്ജന ബോര്‍ഡ്,സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ട്,അപ്പലേറ്റ് അതോറിട്ടി.30 ദിവസത്തിനുള്ളില്‍ തര്‍ക്കങ്ങള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് പരിഹരിക്കണമെന്ന് വ്യവസ്ഥയുണ്ട്.നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി ഉണ്ടാകും. ഇലക്ട്രോണിക് വില്‍പന മാര്‍ഗ്ഗങ്ങള്‍ വഴി കാര്‍ഷികോല്‍പന്നങ്ങളുടെ വില്‍പനക്കും പുതിയ നിയമം വഴി തുറക്കും.

നേതൃത്വം ആര്‍ക്ക് ?

പഞ്ചാബിലും ഹരിയാനയിലും പ്രവര്‍ത്തനം വ്യാപിച്ചു കിടക്കുന്ന കര്‍ഷക സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.ഇവര്‍ക്കൊപ്പം വിവിധ അഖിലേന്ത്യാ കര്‍ഷക സംഘടനകളും മറ്റ് സംസ്ഥാനങ്ങളിലെ പ്രാദേശിക കര്‍ഷക സംഘടനകളും പങ്കെടുക്കുന്നു.രാഷ്ട്രീയ പാര്‍ട്ടികളുമായി പ്രത്യക്ഷ ബന്ധമില്ലാത്ത അഞ്ഞൂറോളം കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച സംയുക്ത ഏകോപന സമിതിയാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്ക് നാല്‍പതോളം നേതാക്കളാണ് പതിവായി പങ്കെടുക്കുന്നത്.
പ്രധാന സംഘടനകള്‍ ഇവയാണ് :

രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍,ജയ് കിസാന്‍ ആന്ദോളന്‍,ആള്‍ ഇന്ത്യാ കിസാന്‍ മസ്ദൂര്‍ സഭ ,അഖിലേന്ത്യാ കിസാന്‍ സഭ,ക്രാന്തികാരി കിസാന്‍ യൂണിയന്‍ ,ഭാരതീയ കിസാന്‍ യൂണിയന്‍ (ബി.കെ.യു)വിന്റെ വിവിധ വിഭാഗങ്ങള്‍,ആഷ-കിസാന്‍ സ്വരാജ്,കര്‍ണാടക രാജ്യ രൈത്ത സംഘ ,നാഷണല്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ് മൂവ്മെന്റ് ,ലോക് സംഘര്‍ഷ് മോര്‍ച്ച ,ആള്‍ ഇന്ത്യ കിസാന്‍ മഹാസഭ,സ്വാഭിമാനം ഷേത്കാരി സംഘടന,സാംഘ്ടിന്‍ കിസാന്‍ മസ്ദൂര്‍ സംഘടന്‍്,ജംഹൂരി കിസാന്‍ സഭ ,ആള്‍ ഇന്ത്യാ കിസാന്‍ ഖേത് മസ്ദൂര്‍ സംഘടന്‍ ,കിസാന്‍ സംഘര്‍ഷ സമിതി,തെരായി കിസാന്‍ സഭ,ജയ്കിസാന്‍ ആന്ദോളന്‍ ,ബി.കെ.യു (രജേവാള്‍ വിഭാഗം),ബി.കെ.യു (ചദൂനി)വിഭാഗം,ഗണ സംഘര്‍ഷ് സമിതി (ബഡ്സണ്‍ വിഭാഗം),ഗണ സംഘര്‍ഷ സമിതി (ഷജാദ്പൂര്‍ വിഭാഗം),കിസാന്‍ സംഘര്‍ഷ സമിതി ,രാഷ്ട്രീയ കിസാന്‍ മഹാസംഘ്,ബി.കെ.യു (ഉഗ്രഹാന്‍ വിഭാഗം),മഹിളാ കിസാന്‍ അധികാര്‍ മഞ്ച്,ഭാരതീയ കിസാന്‍ യൂണിയന്‍ (പടിഞ്ഞാറന്‍ യു.പി).

പഞ്ചാബ്,ഹരിയാന കര്‍ഷകരുടെ എതിര്‍പ്പ് എന്തു കൊണ്ട് ശക്തം ?

കൃഷി പ്രധാന ജീവിത മാര്‍ഗ്ഗങ്ങളായ സംസ്ഥാനങ്ങളാണ് പഞ്ചാബും ഹരിയാനയും.താങ്ങുവില സംവിധാനത്തിന്റെയും ഏ.പി.എം.സി മണ്ഡികളുടെയും സഹായം ഏറ്റവും അധികം പിന്തുണക്കുന്നത് ഈ നാടുകളിലെ സാധാരണ കര്‍ഷകരെയാണ്.പുതിയ നിയമം താങ്ങുവില സംവിധാനത്തിന്റെ സുരക്ഷ എടുത്തു കളയുമെന്നും മണ്ഡികളെ തകര്‍ക്കുമെന്നും അവര്‍ ഭയപ്പെടുന്നു. കോര്‍പ്പറേറ്റുകളുടെ ദയവിനായി കേഴേണ്ടിവരുമെന്ന്  അവര്‍ ആശങ്കപ്പെടുന്നു.താങ്ങുവില സംവിധാനം  തുടരുമെന്ന് സര്‍ക്കാര്‍ വാക്കാല്‍ ഉറപ്പ് ആവര്‍ത്തിക്കുന്നുണ്ട്.എന്നാല്‍ എം.എസ്.പി തുടരുമെന്ന കാര്യം നിയമത്തിലൊരിടത്തും രേഖപ്പെടുത്തിയിട്ടില്ലെന്ന്  കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഏത് കാര്‍ഷിക വിളയും സംഭരിക്കുന്നതിനായി  പരമാവധി കുറഞ്ഞ താങ്ങുവിലയാണ് (മിനിമം സപ്പോര്‍ട്ട് പ്രൈസ്) ഉറപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്.സര്‍ക്കാരിന് കീഴിലുള്ള സി.എ.സി.പിയാണ് 23 കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് പ്രതിവര്‍ഷം താങ്ങുവില നിശ്ചയിക്കുന്നത്.വിളവെടുപ്പിനുള്ള ചെലവ് കണക്കാക്കിയാണ് താങ്ങുവില ഏര്‍പ്പെടുത്തുന്നത്.എഫ്.സി.ഐ പ്രധാനമായും ഈ താങ്ങുവില നല്‍കിയാണ് നെല്ലും ഗോതമ്പും വാങ്ങുന്നത്.രാജ്യത്തെ മൊത്തം അരി,ഗോതമ്പ് സംഭരണത്തില്‍ ഏറ്റവും വലിയ വിഹിതം പഞ്ചാബും ഹരിയാനയുമാണ് നല്‍കുന്നത്.ഏ.പി.എം.സി മണ്ഡികളില്‍ നിന്നാണ് എഫ്.സി.ഐ ഗോതമ്പും അരിയും സംഭരിക്കുന്നത്.പുതിയ നിയമപ്രകാരം ഏ.പി.എം.സി മണ്ഡികളും താങ്ങുവില സംവിധാനവും ഇല്ലാതാകുന്നത് ഈ സംസ്ഥാനങ്ങളെ ബാധിക്കും.താങ്ങുവിലയില്ലെങ്കില്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ സ്വകാര്യ കമ്പോളങ്ങളില്‍ വില്‍ക്കേണ്ടി വരും.

അതുപോലെ,പഞ്ചാബിലും ഹരിയാനയിലും ഇടനിലക്കാര്‍(കമ്മീഷന്‍ ഏജന്റുമാര്‍,അര്‍ഹതിയകള്‍)മില്ലുകാരുമായി വില പേശി കര്‍ഷകര്‍ക്ക് മികച്ച വില നേടിത്തരുന്നുണ്ടെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു.പുതിയ നിയമപ്രകാരം ഇടനിലക്കാര്‍ ഇല്ലാതാകുന്നതോടെ,കര്‍ഷകരുടെ വിലപേശല്‍ ശേഷി കുറയുമെന്നാണ് സംഘടനകളുടെ വിലയിരുത്തല്‍.മാത്രമല്ല, സി.എ.സി.പിയുടെ പുതിയ പഠനം പ്രകാരം പഞ്ചാബ്,ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള സംഭരണം കുറയ്ക്കണമെന്ന നിര്‍ദേശവും കര്‍ഷകരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.2020-21 ലെ പഠനത്തില്‍ സര്‍ക്കാര്‍ സംഭരണം കുറയ്ക്കുക,കരുതല്‍ ശേഖരം പൊതുകമ്പോളത്തില്‍ വിറ്റഴിക്കുക എന്നാണ് ശുപാര്‍ശ.

മണ്ഡി സംവിധാനത്തെയും താങ്ങുവിലയെയും ആശ്രയിച്ചുള്ള വിപുലമായ കാര്‍ഷിക വൃത്തിയല്ല മറ്റ് സംസ്ഥാനങ്ങളില്‍ എന്നതിനാലാണ് പഞ്ചാബിനും ഹരിയാനയ്ക്കും പുറത്ത് ഈ വിഷയങ്ങള്‍ നിരന്തരചര്‍ച്ചയാകാത്തത്.

Content Highlight:  Why are farmers protesting?

 

 

PRINT
EMAIL
COMMENT
Next Story

വേണ്ടത് ആദരം; ലഭിക്കുന്നതോ

പുതിയ കൃഷിനിയമങ്ങളുടെ ഏറ്റവും വലിയ ദൂഷ്യവശം സംസ്ഥാനങ്ങൾ നിസ്സഹായമാവുന്നു എന്നതാണ്. .. 

Read More
 

Related Articles

സമയത്തെക്കുറിച്ച് ക്ലാസ് എടുക്കരുത്, കമ്മിറ്റിക്കു രൂപം നല്‍കും; സർക്കാരിനോട് രൂക്ഷഭാഷയില്‍ കോടതി
News |
News |
പറയേണ്ടി വന്നതില്‍ ഖേദമുണ്ട്; കര്‍ഷക സമരം പരിഹരിക്കാനുള്ള കഴിവ് നിങ്ങള്‍ക്കില്ലെന്ന്‌ സുപ്രീംകോടതി
News |
കര്‍ഷകരുമായി സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി; ഇന്ന് തീരുമാനമാകുമെന്ന് തോമര്‍
India |
പ്രക്ഷോഭങ്ങൾക്കിടെ മൂന്ന് കർഷകർകൂടി മരിച്ചു
 
  • Tags :
    • Farmer Protest
More from this section
mandi
കാര്‍ഷിക നിയമം: പരിഷ്‌കരണത്തിനായി വാദിച്ച ബുദ്ധിജീവികളുടെ മൗനം ആശ്ചര്യപ്പെടുത്തുന്നു
r heli
കാർഷിക പത്രപ്രവർത്തനത്തിന്റെ പിതാവ് ഇനി ഓർമകളിൽ
 FARMERS PROTEST
വേണ്ടത് ആദരം; ലഭിക്കുന്നതോ
AGRICULTURE
സീറോ ബജറ്റ്‌ പ്രകൃതികൃഷി എന്ന മിഥ്യ
agriculture
കേരളത്തിൽ കാർഷിക വിദഗ്ധരില്ലേ
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.