ക്യരാഷ്ട്രസഭ ഇക്കൊല്ലം അന്താരാഷ്ട്ര പയർ വർഷമായി ആചരിക്കുന്നു. മണ്ണിന്റെയും തണ്ണീർത്തടത്തിന്റെയും പ്രാധാന്യം പ്രഘോഷിച്ചുകൊണ്ടാണിത്. പോഷകമൂല്യമുള്ള ഭക്ഷ്യോത്പാദനത്തിന്റെ ആവശ്യകത അടിവരയിടുന്ന പരിപാടികളാണ് നടക്കുന്നത്. സംസ്ഥാനത്തെ പൊതു-സ്വകാര്യ വിദ്യാലയങ്ങളിലെല്ലാം വിപുലമായി പയർ വിള വർഷാചരണം നടത്തി. 

ആധുനിക മനുഷ്യന്റെ ആഹാരശീലങ്ങൾ ആപത്കരമാകുന്ന സാഹചര്യത്തിലാണ് യു.എൻ.പുതിയ മുദ്രാവാക്യമുയർത്തിയത്. ജൈവ-പരമ്പരാഗത കൃഷിരീതികൾക്ക് പ്രസക്തി വർധിക്കുകയാണ് ഭക്ഷ്യോത്പാദനം പോഷകദായകമാക്കണം. സുസ്ഥിരമായ ഒരു ആരോഗ്യവ്യവസ്ഥയ്ക്ക് വഴി തുറക്കാൻ ബോധവത്കരണം നടത്തുകയുമാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. 

പയറുവർഗങ്ങൾ സസ്യാഹാരത്തിലെ പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണമാണ്. ഏതു പാവപ്പെട്ടവനുപോലും ആരോഗ്യ സംരക്ഷണത്തിനു സഹായകമായ കാർഷികവിളയാണിത്. വീട്ടുമുറ്റത്തും ടെറസിലും പരിസരങ്ങളിലുമെല്ലാം കൃഷിചെയ്യാം. പയർ മുളപ്പിച്ചു കഴിയുമ്പോൾ അതിശയകരമായ രാസമാറ്റങ്ങൾക്ക് അവ വിധേയമാകുന്നുണ്ട്. പയറിലെ അന്നജം - സെക്സ്ട്രിൻ, മാൾട്ടോസ് എന്നിവയും പ്രോട്ടീൻ ആകട്ടെ പോളിപെപ്റ്റെഡ്, പെപ്റ്റൈഡ്, അമിനോ അമ്ലങ്ങൾ എന്നിവയായി മാറുന്നു. ഇരുമ്പ്, ഫോസ്ഫറസ്, ജീവകം ഡി, റൈബോ ഫ്ളേവിൻ, നിയാസിൻ തുടങ്ങിയ വൈറ്റമിനുകളും ഇത് നൽകുന്നു. 

മണ്ണിന്റെ ആരോഗ്യത്തിന് പയർ ചെടികൾ വലിയ സംഭാവന നൽകുന്നു. മണ്ണിലെ സൂക്ഷ്മജീവികൾക്ക് ആവശ്യമായ സംയുക്തങ്ങൾ പയർ ചെടി നൽകുന്നു. മണ്ണിന്റെ ഘടന മെച്ചപ്പെടുത്താൻ ഈ സൂക്ഷ്മജീവികൾ പ്രധാന പങ്കുവഹിക്കുന്നു. ഇലകൾക്കു ഹരിതാഭനൽകുന്നു നൈട്രജൻ അന്തരീക്ഷത്തിൽ നിന്നു ശേഖരിക്കുന്ന പ്രക്രിയയും പയർ ചെടി ചെയ്യുന്നു. 

പയർ വർഗങ്ങളുടെ ഉത്പാദനത്തിലും ഉപഭോഗത്തിലും ഇന്ത്യ മുന്നിലാണ്. ഗോതമ്പിന്റെ മൂന്ന് ഇരട്ടിയും അരിയുടെ നാല് ഇരട്ടിയും പ്രോട്ടീന്റെ പയറു വിളകളിൽ അടങ്ങിയിട്ടുണ്ട്. കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, ചെമ്പ്, മോളി ബ്ഡിനം എന്നിവയും തയമിൻ, റൈബോ ഫ്ളേവിൻ, നിയോഡിൻ തുടങ്ങിയ വൈറ്റമിനുകളാലും സമൃദ്ധമാണ് പയർവിളകൾ. 

ഇടവിളയാലും രണ്ടാം വിളയായും കൃഷി ചെയ്യാമെന്നത് പ്രത്യേകതയാണ്. തെങ്ങ്, കവുങ്ങ്, വാഴ തോട്ടങ്ങളിൽ ഇടവിളയായി പയറു വർഗങ്ങൾക്ക് സാധ്യതയേറെയാണ്. തരിശുനിലങ്ങളിലെ കളനിയന്ത്രണത്തിനും മണ്ണിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും പയർവിള സഹായകരമാണ്. 
ഭക്ഷ്യസുരക്ഷയിലേക്ക് ലക്ഷ്യംവയ്ക്കുന്ന ഇന്ത്യയ്ക്ക് പയറുവർഗങ്ങളുടെ ഉത്പാദനം ഒരു പുതിയ ആരോഗ്യശീലവും ആഹാര ശൈലിയും രൂപപ്പെടുത്താൻ സഹായകരമാകും. 

ആരോഗ്യത്തിനും പരിസ്ഥിതിക്കും മണ്ണിനും ഉപകാരപ്രദമായ പയറുവിളകൾ നമ്മുടെ ഭക്ഷണ മേശകളെ സമൃദ്ധമാക്കും. സുരക്ഷിതമായ ഒരു ഭക്ഷണക്രമം നൽകും. ഭാവിയുടെ ഭക്ഷണം എന്നു വിശേഷിപ്പിക്കപ്പെടുന്ന പയർ വിളകളുടെ പ്രാധാന്യമാണിത്.