ആസിയാൻ രാജ്യങ്ങളെയും അവരുടെ സ്വതന്ത്രവ്യാപാര പങ്കാളികളായ ഓസ്‌ട്രേലിയ, ഇന്ത്യ, ചൈന, ജപ്പാൻ, ന്യൂസീലൻഡ്‌, ദക്ഷിണകൊറിയ എന്നിവയെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് വലിയൊരു സ്വതന്ത്രവ്യാപാരമേഖല രൂപവത്കരിക്കുകയെന്നതാണ് മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്തക്കരാറിന്റെ (ആർ.സി.ഇ.പി.) പ്രഖ്യാപിതലക്ഷ്യം. രണ്ടായിരാമാണ്ടിന്റെ പകുതിയോടെ തെക്കുകിഴക്കൻ ഏഷ്യൻരാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്രവ്യാപാരക്കരാറുകളുണ്ടാക്കാൻ തുടങ്ങിയിരുന്നു. ഇതിലേറ്റവും ഒടുവിലത്തേതാണ് ആർ.സി. ഇ.പി. കരാർ.

പാർശ്വവത്കരണഭയം
കയറ്റുമതിവിപണിയിൽ പാർശ്വവത്കരിക്കപ്പെടാതിരിക്കാനാണ് ആസിയാൻ രാജ്യങ്ങളുൾപ്പെടുന്ന സ്വതന്ത്രവ്യാപാരക്കരാറിന്റെ ഭാഗമാകാൻ 2010-ൽ ഇന്ത്യ തീരുമാനിക്കുന്നത്. ഏഷ്യാ-പസഫിക് മേഖലയിലെ കൂടുതൽ രാജ്യങ്ങൾ സ്വതന്ത്രവ്യാപാരക്കരാറുകളുടെ ഭാഗമായതോടെ (സ്വന്തം രാജ്യത്തെ ഉത്പാദനം മെച്ചപ്പെടുത്താനായി യു.എസ്. പിന്നീട് ഉപേക്ഷിച്ച ട്രാൻസ്പസഫിക് പങ്കാളിത്തക്കരാർ
-ടി.പി.പി.- ഉൾപ്പെടെ) വീണ്ടും പാർശ്വവത്കരണഭയം ഇന്ത്യയെ പിടികൂടുകയും ആർ.സി.ഇ.പി. കരാറിനോടുള്ള മനോഭാവം മാറ്റുകയുംചെയ്തു. പ്രധാനമായും രണ്ടുകാരണങ്ങളാണ് ഈ ഭയത്തിന് അടിസ്ഥാനം.

സ്വതന്ത്രവ്യാപാരക്കരാറുകളോടുള്ള അനുകൂലസമീപനത്തിന്റെ ഒന്നാമത്തെ കാരണം, ലോകവ്യാപാരസംഘടനയിൽ (ഡബ്ല്യു.ടി.ഒ.) സമ്മതിച്ചിട്ടുള്ള ഇറക്കുമതിത്തീരുവ നിരക്കുകൾ ഉദാരീകരിച്ച് പങ്കാളിത്തരാജ്യങ്ങളിൽനിന്ന്‌ കുറഞ്ഞ തീരുവയിലോ തീരുവയില്ലാതെയോ ഉത്പന്നങ്ങൾ ഇറക്കുമതിചെയ്യാമെന്നതാണ്. അതിലൂടെ ഇന്ത്യയിലെ കയറ്റുമതിമേഖലയുടെ മത്സരക്ഷമത വർധിക്കുമെന്നാണ് വാദം. അതേസമയം, കരാറിലെ മറ്റു പങ്കാളിത്തരാജ്യങ്ങളും ചുങ്കം കുറയ്ക്കുന്നതോടെ ഇന്ത്യൻ ഉത്പന്നങ്ങളുടെ ആഗോളവിപണി വികസിക്കുകയും ചെയ്യും (ഇവ രണ്ടും ഇന്ത്യയുടെ കയറ്റുമതി വളർച്ചയെ വേഗത്തിലാക്കും). ആസിയാൻ രാജ്യങ്ങളും ദക്ഷിണകൊറിയയും ജപ്പാനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറിലൂടെ ഇന്ത്യ ഭൂരിഭാഗം ഉത്പന്നങ്ങൾക്കുമുള്ള ഇറക്കുമതിത്തീരുവ വെട്ടിക്കുറച്ചത് ഈ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടുകൊണ്ടാണ്.

മത്സരക്ഷമത വർധിച്ചില്ല
എന്തായാലും, ആസിയാൻ രാജ്യങ്ങളുമായി വ്യാപാരക്കരാറിലേർപ്പെട്ട്‌ എട്ടുവർഷത്തിനുശേഷം ഇന്ത്യയുടെ വ്യാപാരപുരോഗതി വിലയിരുത്തുമ്പോൾ ഇറക്കുമതി ഉദാരമാക്കിയത് ആഭ്യന്തര വ്യവസായങ്ങളുടെ മത്സരക്ഷമത വർധിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാകും. ഇന്ത്യയിൽ മാത്രമല്ല, കരാറിലെ പങ്കാളിത്തരാജ്യങ്ങളിലോ ആഗോളതലത്തിലോ ഇത്തരത്തിൽ വ്യവസായങ്ങളുടെ മത്സരക്ഷമത മെച്ചപ്പെട്ടിട്ടില്ല. നാലുവർഷത്തെ നെഗറ്റീവ് വളർച്ചാനിരക്കിനും കുറഞ്ഞവളർച്ചയ്ക്കും ശേഷം 2017-ൽ 10.3 ശതമാനം വളർച്ചയും 2018-ൽ 6.8 ശതമാനം വളർച്ചയും നേടിയെങ്കിലും ഇന്ത്യയുടെ കയറ്റുമതി 2018-ൽ 32,200 കോടി ഡോളറായിത്തന്നെ (22.81 ലക്ഷം കോടി രൂപ) നിലനിൽക്കുന്നുണ്ട്. 2013-ൽ ഇത് 33,700 കോടി ഡോളറായിരുന്നുവെന്നത് വിസ്മരിക്കരുത്. ഇന്ത്യയുടെ ഏറ്റവും വലിയ പത്ത് കയറ്റുമതിമേഖലകൾ പരിശോധിച്ചാൽ അതിൽ നാലെണ്ണമൊഴികെ മറ്റെല്ലാം ആഗോളകയറ്റുമതിരംഗത്ത് കഴിഞ്ഞവർഷങ്ങളിൽ താഴേക്കുപതിച്ചുവെന്ന്‌ വ്യക്തമാകും. ആഗോളതലത്തിലെ വൻകിട വിപണികളുമായി മത്സരിക്കുന്നതിൽ ഇന്ത്യയിലെ ആഭ്യന്തരവ്യവസായങ്ങൾ എത്രത്തോളം ദുർബലമാണെന്ന് ഇത് കാട്ടിത്തരുന്നു.

ഓർഗാനിക് കെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽസ്, വാഹനവിപണി, വൈദ്യുതിയുപയോഗിക്കാത്ത മെഷീനുകൾ എന്നീ നാല് മേഖലകൾക്ക് മാത്രമാണ് ആഗോളതലത്തിൽ കയറ്റുമതി മെച്ചപ്പെടുത്താനായത്. 2000 വരെ നിലവിലുണ്ടായിരുന്ന വ്യവസായനയങ്ങൾ മികച്ച അടിത്തറ കെട്ടിപ്പടുക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഈ നാലുമേഖലയെയും സഹായിച്ചുവെന്നത് എടുത്തുപറയേണ്ടതാണ്. എന്നിരുന്നാൽപ്പോലും ഈ നാലുമേഖല ഇന്ത്യൻ കയറ്റുമതിരംഗത്തിന് നൽകുന്ന സംഭാവന വളരെ പരിമിതമാണ്.

കയറ്റുമതിവരുമാനം കൂപ്പുകുത്തി
നേരെ വിപരീതമായി, ഇറക്കുമതി വർധിച്ചത് ഇന്ത്യയിലെ തദ്ദേശീയ ഉത്പന്നങ്ങളെ നിഷ്പ്രഭമാക്കി. ഇന്ത്യയിലെ 64 ഉത്പാദന മേഖലകളിൽ 52 എണ്ണത്തിന്റെയും കയറ്റുമതിവരുമാനം കൂപ്പുകുത്തുകയും വ്യാപാരക്കമ്മി 2015-’18 സാമ്പത്തികവർഷങ്ങളിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തുകയും ചെയ്തു. 1996-2001ലെ 20 ശതമാനമെന്ന നിലയിൽനിന്നാണ് ഇങ്ങനെയൊരു വീഴ്ച.

അന്താരാഷ്ട്രതലത്തിൽ മത്സരം വർധിക്കുന്നുവെന്നും ഇറക്കുമതിയെ ആശ്രയിച്ച് ആഭ്യന്തര ഉത്പന്നങ്ങളുടെ മത്സരക്ഷമത മെച്ചപ്പെടുമെന്ന് പ്രത്യാശിക്കുന്നത് മണ്ടത്തരമാണെന്നുമാണ് ഇതെല്ലാം വിരൽചൂണ്ടുന്നത്.

വിപണി എവിടെ?
ഇന്ത്യയുടെ നിലവിലുള്ള സ്വതന്ത്രവ്യാപാരക്കരാറുകൾ (ആസിയാനുമായി ഉൾപ്പെടെയുള്ളവ) പരിശോധിച്ചാൽ ആസിയാൻ രാജ്യങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് വലിയതോതിൽ കടന്നുകയറിയിട്ടുണ്ടെന്നും എന്നാൽ, അതിന് ആനുപാതികമായി ആ രാജ്യങ്ങളിൽ
ഇന്ത്യയ്ക്ക് വിപണി നേടാനായിട്ടില്ലെന്നും വ്യക്തമാകും. അതിന്റെ ഫലമായിത്തന്നെ ആസിയാൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരാന്തരത്തിൽ വലിയതോതിലുള്ള വർധനയുണ്ടായിട്ടുമുണ്ട്.

വ്യാപാരക്കരാറിനുമുമ്പുള്ള 2002-‘08 കാലത്തെയും കരാറൊപ്പിട്ടതിനുശേഷമുള്ള 2016-‘18 കാലത്തെയും കണക്കുകൾ പരിശോധിച്ചാൽ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. ആഭ്യന്തരവിപണിയിൽപ്പോലും വ്യപാരപങ്കാളിത്ത രാജ്യങ്ങളുമായി മത്സരിക്കാനുള്ള ഇന്ത്യയുടെ ക്ഷമത കുറഞ്ഞുവരുന്നുവെന്നതാണ് വ്യാപാരാനന്തര അനുപാതത്തിലെ ഈ വർധന സൂചിപ്പിക്കുന്നത്.

പ്രതീക്ഷ അസ്ഥാനത്ത്
നിർദിഷ്ട ആർ.സി.ഇ.പി. കരാറിൽ ഭാഗമായിട്ടുള്ള ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മിയുടെയും സ്ഥിതി ഇതുതന്നെ. വ്യക്തമായി പറഞ്ഞാൽ തദ്ദേശതലത്തിൽ സാങ്കേതികമേന്മ ഉറപ്പുവരുത്താതെ ഇറക്കുമതിച്ചട്ടങ്ങൾ ഉദാരീകരിക്കുന്നത് ദീർഘകാലത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടിയുണ്ടാക്കും. ഇന്ത്യൻ വിപണിയുടെ നിലനിൽപ്പിനെ അത് സുസ്ഥിരമല്ലാതാക്കും.

ഈ പശ്ചാത്തലം പരിഗണിക്കാതെ, ആർ.സി.ഇ.പി.യിലൂടെ സ്വതന്ത്രവ്യാപാരമേഖല വികസിപ്പിക്കുകയും അതിലൂടെ കയറ്റുമതിരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാനും സാധിക്കുമെന്ന ഇന്ത്യയുടെ പ്രതീക്ഷ യാഥാർഥ്യത്തിന്‌ വളരെ അകലെയാണ്; പ്രത്യേകിച്ചും ആർ.സി.ഇ.പി.യിൽ ചൈനയുടെ സാന്നിധ്യവുമുണ്ടെന്നിരിക്കെ.  

നേട്ടങ്ങളില്ല, കോട്ടങ്ങൾമാത്രം
നേരിട്ടുള്ള വിദേശനിക്ഷേപം വർധിക്കുമെന്നതാണ് സ്വതന്ത്രവ്യാപാരക്കരാറുകളെ അനുകൂലിച്ചുകൊണ്ടുള്ള രണ്ടാമത്തെ വാദം. വ്യാപാരക്കരാറുകൾക്കുകീഴിലെ ഉദാരീകരിക്കപ്പെട്ട നയങ്ങൾ കരാറുകളിലെ പങ്കാളിത്തരാജ്യങ്ങളിൽ വേരുറപ്പിക്കാൻ ബഹുരാഷ്ട്രക്കന്പനികൾക്ക് സഹായകമാകുന്നുവെന്നത്‌ വസ്തുതയാണ്.

ഇതിലൂടെ കൂടുതൽ വിദേശനിക്ഷേപം ഇന്ത്യയിലേക്ക് ആകർഷിക്കാനും തദ്ദേശ ഉത്പാദന വ്യവസായങ്ങൾക്ക് ആഗോളവിതരണശൃംഖലയിൽ (ജി.വി.സി.) കൂടുതലിടം നേടാനുമാകുമെന്നും പ്രതീക്ഷിക്കുന്നു.  ഈ അവകാശവാദങ്ങൾ സൈദ്ധാന്തികമായും പ്രായോഗികമായും സാധുതയില്ലാത്തതാണ്. വികസ്വരരാജ്യങ്ങളിലെ കമ്പനികൾ നേരിട്ടുള്ള വിദേശനിക്ഷേപത്തിലൂടെയോ അല്ലാതെയോ ജി.വി.സി.യിൽ പ്രവേശിക്കുന്നതും വിജയിക്കുന്നതും അവയുടെ നിലവിലെ വ്യവസായസാങ്കേതികക്ഷമതയെ ആശ്രയിച്ചാണുള്ളത്.

ചൈനയുൾപ്പെടെയുള്ള ആർ.സി.ഇ.പി.യിലെ അംഗരാജ്യങ്ങൾക്ക് ഇന്ത്യയെക്കാൾ കൂടുതൽ വികസിതവും വൈവിധ്യമേറിയതുമായ വിതരണാടിത്തറയുണ്ട്. ഈ സാഹചര്യങ്ങളിൽ സ്വതന്ത്രവ്യാപാരക്കരാറുകൾക്കു കീഴിൽ ഇന്ത്യയുടെ പ്രാദേശിക ഉത്പാദനത്തിനുള്ള ആനുകൂല്യങ്ങൾ ഇല്ലാതെയാകും. ആർ.സി.ഇ.പി. കരാറുകൊണ്ട് ഉണ്ടാകുമെന്ന് പറയപ്പെടുന്ന നേട്ടങ്ങൾക്ക് നേർവിപരീതമാണിത്‌.

എന്താണിത്ര രഹസ്യാത്മകത
ആർ.സി.ഇ.പി. കരാറിന്റെ ഭാഗമാകുന്നത് ഇന്ത്യയുടെ മെയ്‌ക്ക്‌ ഇൻ ഇന്ത്യ പദ്ധതിയെയാകും കൂടുതൽ ബാധിക്കുക. ഇന്ത്യയിലെ പാലുത്പന്നമേഖലയുൾപ്പെടെയുള്ള കാർഷികമേഖലയിലും ഗുരുതരപ്രത്യാഘാതമുണ്ടാകും. പ്രത്യേകിച്ചും ന്യൂസീലൻഡും ഓസ്‌ട്രേലിയയും കരാറിൽ പങ്കാളിയായ സാഹചര്യത്തിൽ. ഇന്ത്യയിൽനിന്നുള്ള പ്രൊഫഷണലുകൾക്ക് ചില രാജ്യങ്ങളിലെ സേവനമേഖലകളിലേക്കുള്ള വാതിൽ തുറന്നുകിട്ടുമെങ്കിൽപ്പോലും തദ്ദേശീയ ഉത്പാദനത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള മുന്നോട്ടുപോക്ക് ഇന്ത്യയെ സംബന്ധിച്ച് വിവേകശൂന്യമായ നടപടിയാകും.

ആർ.സി.ഇ.പി. ചർച്ചകളുടെ സുതാര്യതയില്ലായ്മയാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. നിക്ഷേപത്തിന്റെ സ്വഭാവം, ഇ-കൊമേഴ്‌സ്, ബൗദ്ധികസ്വത്തവകാശം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിലെ ചർച്ച അതിരഹസ്യമായാണ് പുരോഗമിക്കുന്നത്.

വ്യവസായസാങ്കേതികനയത്തിന് ഇടം നിഷേധിക്കുന്നതും നിയന്ത്രിക്കുന്നതും വ്യവസായവത്കരണരംഗത്ത് ഇന്ത്യയ്ക്ക് വെല്ലുവിളിയുയർത്തും.
വിദേശനിക്ഷേപനയത്തിൽ ഇന്ത്യ ഉദാരീകരണം തുടരുന്നുണ്ടെങ്കിലും സ്വതന്ത്രവ്യാപാരക്കരാറിനുകീഴിൽ ദേശീയ എഫ്.ഡി.ഐ. ഉദാരീകരണം നിയമവിധേയമാക്കുന്നതിൽ വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ട്. കരാറിന്റെ വിദേശനിക്ഷേപച്ചട്ട പ്രകാരം, തർക്കങ്ങൾ പരിഹരിക്കാനുള്ള നിക്ഷേപരാജ്യ തർക്കപരിഹാരസംവിധാനം (ഐ.എസ്.ഡി.എസ്.) ദേശീയ സാങ്കേതിക പരിഷ്കരണത്തിനും കയറ്റുമതി വളർച്ചാലക്ഷ്യം നേടുന്നതിനും എഫ്.ഡി.ഐ. ഉപയോഗിക്കാമെന്ന ആതിഥേയരാജ്യത്തിന്റെ നയപരമായ പരമാധികാരത്തെ ഇല്ലാതാക്കുന്നു.

ഫാർമമേഖലയും തകരും
ഫാർമസ്യൂട്ടിക്കൽ കോർപ്പറേറ്റുകൾക്കായി പുതിയ കുത്തകകളെ അവതരിപ്പിക്കാനും വികസിപ്പിക്കാനുമായി ബൗദ്ധികസ്വത്തവകാശ വ്യവസ്ഥകൂടി കരാറിലുൾപ്പെടുത്താൻ ജപ്പാനിൽനിന്നും ദക്ഷിണകൊറിയയിൽനിന്നും കാര്യമായ സമ്മർദമുണ്ട്.

കുറഞ്ഞവിലയിൽ മറ്റിടങ്ങളിൽനിന്ന് മരുന്നുകൾ ഇറക്കുമതി ചെയ്യപ്പെടുന്നതിലേക്ക് ഇത്തരം വ്യവസ്ഥകൾ നയിക്കുന്നതോടെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വ്യവസായം ദുർബലമാകും. വിത്തുകൾമുതൽ മരുന്ന് വരെയുള്ള വസ്തുക്കളിലേക്ക് ബൗദ്ധികസ്വത്തവകാശം വ്യാപിപ്പിക്കുന്നത് നമ്മുടെ ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യ മേഖലകളിൽ വലിയ പ്രത്യാഘാതമാകും ഉണ്ടാക്കുക.

പിന്മാറേണ്ടതുണ്ട്, ഈ കരാറിൽനിന്ന്
ഡബ്ല്യു.ടി.ഒ. നിയമങ്ങൾക്കിടയിലും ചൈനീസ് സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുന്നതിന് സാക്ഷ്യം വഹിച്ചിട്ടും ദേശീയ വികസനത്തിലൂന്നിയ നയം രൂപവത്കരികരിച്ച് മുന്നോട്ടുപോകുന്നതിൽ നാം പരാജയപ്പെടുന്നുവെന്നത് ഒരു ദുരന്തമാണ്. വാവെ, ആലിബാബ തുടങ്ങിയ ആഗോള വ്യവസായഭീമന്മാരെ സൃഷ്ടിക്കാൻ ചൈനയ്ക്കായി. എതിരാളികളുടെ വ്യവസായനയങ്ങൾ നമ്മുടെ നയരൂപവത്കരണത്തിനും മാതൃകയാവണം. അതിനാൽ മത്സരാധിഷ്ഠിതമായ ഉദാരീകരണത്തിലല്ല, ദേശീയ സുരക്ഷാകാഴ്ചപ്പാടിൽനിന്നുവേണം സാമ്പത്തികനയങ്ങൾ രൂപപ്പെടുത്താൻ. കൃത്യമായ സാമ്പത്തികനയമില്ലാത്തതിനാൽ ഉണ്ടാകുന്ന വീഴ്ചകൾക്കുള്ള ഒറ്റമൂലിയാവാൻ ആർ.സി.ഇ.പി. കരാറിനാവില്ല. നേരെമറിച്ച് ആർ.സി.ഇ.പി.യിൽനിന്ന് പിന്മാറുകയെന്നത് വിവേകപൂർണമായ ദേശീയ വികസനതന്ത്രത്തിലേക്കുള്ള നിർണായകമായ ആദ്യ ചുവടുവെപ്പായിരിക്കും.

 ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡീസ് ഇൻ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റിൽ (ഐ.എസ്.ഐ.ഡി.) കൺസൾട്ടന്റാണ് ലേഖിക

Content Highlights: RCEP Agreement