ഉന്നതതലസമിതി രൂപവത്കരിക്കും മന്ത്രി വി.എസ്. സുനില്‍കുമാര്‍

നീരയെയും നീരക്കമ്പനികളെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് പുതിയ സര്‍ക്കാറിന്റേത്. സംസ്ഥാനതലത്തില്‍ ഏകോപനമില്ലായ്മ ഇപ്പോള്‍ ഒരു പ്രധാനപ്രശ്‌നമാണ്. 

ഇത് ഏകോപിപ്പിക്കാന്‍ ഉന്നതതലസമിതി രൂപവത്കരിക്കും. ഇതിന് നയപരമായ തീരുമാനമെടുക്കും. നീരക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ കൊടുക്കാമെന്നേറ്റിരുന്ന സഹായം ഉടന്‍ നല്‍കും.

കൂടുതല്‍ ഉത്പാദകസംഘങ്ങള്‍ രൂപവത്കരിക്കും. നിലവിലുള്ള സംഘങ്ങള്‍ക്ക് സഹായം നല്‍കും. നിലവിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ ശക്തമായി ഇടപെടാന്‍ തന്നെയാണ് സര്‍ക്കാറിന്റെ തീരുമാനം. നീരയുടെ ഉത്പാദനവും വിപണനവും വര്‍ധിപ്പിക്കാന്‍ നടപടികളെടുക്കും. നീരയുടെ ഉത്പാദനച്ചെലവ് കൂടുതലാണ്. 

മാത്രമല്ല രുചിയും ഓരോയിടത്തും ഓരോതരത്തിലാണ്. ഗുണനിലവാരത്തില്‍ ഏകീകൃതസ്വഭാവം വേണം. ഇതിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കേണ്ടതുണ്ട്. കേരളത്തിന്റെ ഒരു ബ്രാന്‍ഡായി നീരയെ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. ഇക്കാര്യങ്ങളിലെല്ലാം ഒരു വര്‍ഷത്തിനകം ക്രമീകരണങ്ങളുണ്ടാവും. കമ്പനികളെ ഏകോപിപ്പിക്കാന്‍ കൃഷിവകുപ്പുണ്ടാവും. 

സാമ്പത്തികവശം പുനഃക്രമീകരിക്കണം മന്ത്രി തോമസ് ഐസക്

മാറിയ ഇറക്കുമതിനയത്തിന്റെ സാഹചര്യത്തില്‍ വെളിച്ചെണ്ണയെ മാത്രം ആശ്രയിച്ച് കേരകര്‍ഷകര്‍ക്ക് നിലനില്പില്ല. എല്ലാ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാല്‍ മാത്രമേ ഇനി സാധ്യതയുള്ളൂ. അതിനാല്‍ത്തന്നെ നാളികേര ഉത്പാദകസംഘങ്ങള്‍ രക്ഷപ്പെട്ടേ പറ്റൂ. എന്നാല്‍, ഇപ്പോള്‍ ചില പ്രശ്‌നങ്ങളുണ്ട്. അത് അതിജീവിക്കണം.

നീരയുടെ സാധ്യതകള്‍ ഏറെയാണ്. തുടക്കത്തിലെ പ്രശ്‌നങ്ങളാണ് ഇപ്പോഴും. കര്‍ഷകനും ടെക്‌നീഷ്യനും ആദായം ലഭിക്കുമ്പോള്‍ത്തന്നെ ഉപഭോക്താവിനെക്കൂടി പരിഗണിച്ചുകൊണ്ടാവണം വിലനിര്‍ണയവും. 

പുതുമ എന്നത് മാത്രം പരിഗണിച്ച് ഒരു ഉത്പന്നത്തിന് നിലനില്‍ക്കാനാവില്ല. അതിന് നീരയുടെ മൊത്തം സാമ്പത്തികവശം പുനഃപരിശോധിക്കണം. 
കൃഷിവകുപ്പ് അനുകൂലമായല്ല പ്രതികരിച്ചത്. ഇത് കാര്യങ്ങള്‍ വൈകാനിടയാക്കി. 

ഉത്പാദകസംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാമെന്നുപറഞ്ഞ തുക നല്‍കിയില്ല. പുതിയ സര്‍ക്കാര്‍ ആ തുക നല്‍കും. ഉത്പാദക കമ്പനികള്‍ക്കുള്ള സഹായം വര്‍ധിപ്പിച്ചിട്ടുണ്ട്. വെളിച്ചെണ്ണയുടെ നികുതിയില്‍നിന്ന് ലഭിക്കുന്ന വരുമാനം പൂര്‍ണമായും നാളികേര കര്‍ഷകര്‍ക്കായി നീക്കിവെക്കും. അഞ്ചു ശതമാനം നികുതി വഴി 150 കോടി ലഭിക്കും. പരമാവധി നീര ടെക്‌നീഷ്യന്മാര്‍ക്ക് പരിശീലനം നല്‍കണം. വനിതകള്‍ക്ക് പ്രാമുഖ്യം നല്‍കണം. ഇതാണ് കൂടുതല്‍ വിജയത്തിലെത്തുക. കൂടുതല്‍ സ്ത്രീസൗഹൃദ തെങ്ങുകയറ്റ യന്ത്രങ്ങളും യാഥാര്‍ഥ്യമാക്കണം. പരിശീലനം നല്‍കാന്‍ കൂടുതല്‍ ഫണ്ട് അനുവദിക്കേണ്ടതുണ്ട്.

ഉയരംകുറഞ്ഞ തെങ്ങുകള്‍ വെച്ചുപിടിപ്പിക്കുന്നതിന് നടപടികളെടുക്കണം. കൂടുതല്‍ സംസ്‌കരണപ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍മാത്രം നീര ഉത്പാദനമില്ല. അതിനാല്‍ സംഘങ്ങള്‍ തമ്മില്‍ ഏകോപനമുണ്ടാക്കി പൂര്‍ണശേഷിയോടെ അത്യാവശ്യം പ്ലാന്റുകള്‍ മാത്രം പ്രവര്‍ത്തിപ്പിക്കുക. ഇതുവഴി ഉത്പാദനച്ചെലവ് കുറയ്ക്കാനാവും. 

ചോക്ലേറ്റ്, പഞ്ചസാര, ചക്കര, ബിസ്‌കറ്റ് തുടങ്ങി എല്ലാ മൂല്യവര്‍ധിത ഉത്പന്നങ്ങളും പരീക്ഷിക്കണം. എക്‌സൈസ് വകുപ്പില്‍നിന്നുള്ള നിബന്ധനകള്‍ ലഘൂകരിക്കണം. ലൈസന്‍സുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളും പരമാവധി ലളിതമാക്കണം. സംസ്ഥാനതലത്തില്‍ കൃഷിവകുപ്പ് കാര്യങ്ങള്‍ ഏകോപിപ്പിക്കും.