മണ്ഡികളെയും മിനിമം താങ്ങുവിലയെയും നിർത്തലാക്കുന്നതിനുമുന്നോടിയാണ് ഈ പരിഷ്കരണമെന്ന് ചില കർഷകരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ്  അവർ അത്തരമൊരു നിഗമനത്തിലേക്കെത്തിയത് എന്നത്  അദ്ഭുതപ്പെടുത്തുന്നു. ഭരണത്തിൽ ആരാണെന്നതനുസരിച്ച് മാറാനുള്ളതാണോ പരിഷ്കരണങ്ങളുടെ ആവശ്യം. പ്രാദേശികവ്യാപാരികളുടെ (കനയ്യലാലുമാരെന്ന് ഉത്തരേന്ത്യയിൽ പേരുകേട്ട വിഭാഗം) കുത്തകയിൽനിന്ന്‌ ഇന്ത്യൻ കർഷകർക്ക് ഒരു പരിധിവരെ മോചനംനൽകിയ ഒന്നായിരുന്നു 1950-കളിലെ അഗ്രിക്കൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി ആക്ട് (എ.പി.എം.സി.). എന്നാൽ, ഏതാനും ചിലർമാത്രം വിപണിയെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്കും അത് ഇന്ത്യയെ നയിച്ചു.

ഓരോ മേഖലയിലും വ്യാപാരികൾ (മണ്ഡി ട്രേഡേഴ്സ്) ഒരു കൂട്ടം കർഷകരുമായി ബന്ധം സ്ഥാപിച്ച് അവർക്ക് വായ്പനൽകുകയും ചെയ്തു. ആ വ്യാപാരി മുഖാന്തരംമാത്രമേ കർഷകന് തന്റെ വിളവ്‌ വിൽക്കാനാവൂ എന്ന സ്ഥിതിയായി പിന്നീട്. കർഷകൻ വാങ്ങിയ വായ്പ ആ ഇടപാടിൽ തീർപ്പാക്കുകയും ചെയ്യും. അതായത്, താങ്ങുവിലനിരക്കിൽ കർഷകരുടെ ഉത്പന്നം വിൽക്കാനും ഈ വ്യാപാരികൾ ഇടനിലക്കാരാകുന്നു. ഇതോടെ ഫലത്തിൽ കർഷകനുകിട്ടുന്ന വില താങ്ങുവിലയെക്കാളും താഴെപ്പോകുന്നു(വ്യാപാരികൾക്കുള്ള  ‘കമ്മിഷൻ’ സ്വാഭാവികമായും  കണക്കിൽ കാണുകയില്ലല്ലോ). നേരത്തേ ഒരാൾമാത്രം കൈയാളിയിരുന്ന കുത്തകയുമായി താരതമ്യംചെയ്യുമ്പോൾ ഇത്തരത്തിൽ ഒരു സംഘം കർഷകരുമായി വ്യാപാരികളുണ്ടാക്കിയെടുക്കുന്ന ബന്ധത്തിനുള്ളിലെ ചൂഷണം തുലോം കുറവാണെന്നുമാത്രം.

മണ്ഡി വ്യാപാരികളും കർഷകരുടെ എതിർപ്പും

ഇതോടെയാണ് അടുത്തഘട്ടമെന്നനിലയിൽ, കാർഷികോത്പന്നങ്ങൾ വാങ്ങാൻ കൂടുതൽ ഉപഭോക്താക്കളെ സൃഷ്ടിച്ച് അതിലൂടെ കർഷകർക്കുനേരെയുള്ള ചൂഷണം കുറയ്ക്കാനുള്ള തീരുമാനമെടുക്കുന്നത്. 1980-കളുടെ അവസാനത്തിൽ മിക്കവാറും എല്ലാ വിദഗ്ധരും വിദഗ്ധസമിതികളും എത്തിച്ചേർന്നത് ഈയൊരു അഭിപ്രായത്തിലാണ്. ഇതിലെ യുക്തി വളരെ ലളിതമാണ്. കർഷകന്റെ മുന്നിൽ, തന്റെ ഉത്പന്നങ്ങൾ വാങ്ങാൻ ഒരേയൊരു ഉപഭോക്താവുമാത്രമാണുള്ളതെങ്കിൽ അവിടെ ചൂഷണത്തിന് സാധ്യത വളരെയേറെയാണ്. എന്നാൽ, ഉത്പന്നം വാങ്ങാനായി ഒന്നിലേറെപ്പേരുണ്ടെങ്കിലോ, ചൂഷണത്തിനുള്ള സാധ്യത കുറയും. ഉപഭോക്താക്കൾ ഒട്ടേറെപ്പേരുണ്ടെങ്കിൽ ചൂഷണം ഇല്ലെന്നുമാത്രമല്ല, ലഭിക്കാവുന്ന ഏറ്റവും മികച്ച വിലയിൽ തന്റെ വിളവ് വിൽക്കാൻ കർഷകന് അവസരമൊരുങ്ങുകയുംചെയ്യും. ഇത്രയും ലളിതമാണ് യുക്തിയെന്നിരിക്കിലും അതിനെതിരേ വാദിക്കുന്നവരുമുണ്ട്.

വൻ സ്വാധീനശക്തിയായി ഇതിനകംതന്നെ മാറിക്കഴിഞ്ഞ മണ്ഡി വ്യാപാരികളിൽനിന്ന്‌ എതിർപ്പുയർന്നതോടെ എ.പി.എം.സി. നിയമത്തിൽ ഇതുവരെ പരിഷ്കരണം നടത്തിയിട്ടില്ല. രാജസ്ഥാനിലെ ഉദാഹരണം പരിശോധിച്ചാൽ, എ.പി.എം.സി. നിയമം ഭേദഗതിചെയ്യാൻ 2004-ൽ മന്ത്രിസഭ അംഗീകാരംനൽകിയിരുന്നു. എന്നാൽ, വ്യാപാരികൾ സമരത്തിനിറങ്ങിയതിനെത്തുടർന്ന് ആ നീക്കം രാജസ്ഥാൻ സർക്കാരിന് പിൻവലിക്കേണ്ടിവന്നു. ഭേദഗതിയോടുള്ള വ്യാപാരികളുടെ എതിർപ്പിൽനിന്നുതന്നെ കാർഷികോത്പന്നവിൽപ്പനയുടെ ഗുണഫലം ആർക്കാണെന്ന് വ്യക്തമാണ്. എന്നാൽ, ഒരു ബാഹ്യസമ്മർദവുമില്ലെങ്കിൽ, മണ്ഡികളിൽനിന്നല്ലാതെ തങ്ങളുടെ ഉത്പന്നത്തിന് കൂടുതൽ വിലകിട്ടാനുള്ള സാഹചര്യമൊരുങ്ങുന്നതിനെ കർഷകർ എന്തിനാണ് എതിർക്കുന്നത്?

സ്വയം കുഴിയൊരുക്കുന്നോ?

നിലവിലെ മൂന്ന് കാർഷികനിയമങ്ങൾ എന്താണ് നമുക്കുമുന്നിൽ വെക്കുന്നത്? കാർഷികോത്പന്ന വ്യാപാര-വാണിജ്യ നിയമം 2020, മണ്ഡി വ്യാപാരികൾക്കുപുറത്ത് തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാൻ കർഷകർക്കും മണ്ഡികളുടെ അനുമതിയില്ലാതെ ഉത്പന്നം വാങ്ങാൻ ഉപഭോക്താവിനും സ്വാതന്ത്ര്യംനൽകുന്നു. അതേസമയം, മണ്ഡി വ്യാപാരികൾക്ക് ഉത്പന്നം നൽകാനാണ് കർഷകൻ ആഗ്രഹിക്കുന്നതെങ്കിൽ അതുമാകാം. മണ്ഡികളെയും മിനിമം താങ്ങുവിലയെയും നിർത്തലാക്കുന്നതിനുമുന്നോടിയാണ് ഈ പരിഷ്കരണമെന്ന് ചില കർഷകരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അവർ അത്തരമൊരു നിഗമനത്തിലേക്കെത്തിയത് എന്നത് അദ്ഭുതപ്പെടുത്തുന്നു. മണ്ഡികളെയും മിനിമം താങ്ങുവിലയെയും ഇല്ലാതാക്കുകയെന്നത് രാഷ്ട്രീയപരമായ ആത്മഹത്യയാണെന്നുബോധ്യമുണ്ടായിരിക്കേ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികൾ അങ്ങനെയൊരു മൂഢത്വം കാണിക്കുമോ? അതുമാത്രമല്ല, കർഷകർക്കുവേണ്ട ഉറപ്പുകളെല്ലാം നൽകാനും സ്വകാര്യ മണ്ഡിവ്യാപാരികൾക്കും മണ്ഡി ഫീസ് ബാധകമാണെന്ന നിയമത്തിൽ മാറ്റംവരുത്താനും തയ്യാറാണെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുമുണ്ട്. കർഷക(ശാക്തീകരണ-സംരക്ഷണ) വില ഉറപ്പും കാർഷികസേവനങ്ങളും നിയമം-2020, ‘കരാർ കൃഷി’യെന്ന മറ്റൊരു പരിഷ്കരണം ഉറപ്പുനൽകുന്നു. വിളകൾക്ക് മുൻകൂർവില നിശ്ചയിക്കുന്നതാണിത്.

താങ്ങുവിലയിൽ വിൽക്കുന്ന ധാന്യങ്ങളെക്കാൾ കൂടുതൽ വരുമാനം നൽകുന്ന പച്ചക്കറികൾക്കും പഴങ്ങൾക്കും ഭാവിയിൽ ഉത്പാദനം കൂടിയതുകാരണമോമറ്റോ വിലയിടിവുണ്ടായാൽ മുൻകൂർ കരാറാക്കിയിട്ടുള്ള തുകയ്ക്ക് ഇവ വിൽക്കാൻ കർഷകന് കഴിയുന്നു. എന്നാൽ, വിപണിയിൽ വില കൂടിയാലും നേരത്തേ നിശ്ചയിച്ചിട്ടുള്ള വിലയ്ക്ക് കർഷകൻ ഉത്പന്നം വിൽക്കണം എന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്. കർഷകൻ ഒന്നിനും നിർബന്ധിതനാകുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. താങ്ങുവിലയിൽത്തന്നെ വിളവ് വിൽക്കണമെന്നതിൽനിന്നും വിപണിയിലെ ഏറ്റക്കുറച്ചിലുകളുണ്ടാക്കുന്ന ഭീഷണിയിൽനിന്നും കർഷകൻ മുക്തനാകുന്നുവെന്നതാണ് വാസ്തവം. ഇത്തരത്തിൽ ഒരുപാട് അധികസാധ്യതകൾ തുറക്കുന്നതിനെതിരേ എങ്ങനെയാണ് പ്രക്ഷോഭം നടത്താനാകുക? അപ്പീൽ ഉൾപ്പെടെയുള്ള സുരക്ഷയൊരുക്കുന്ന നിയമത്തെ കർഷകർക്ക് അംഗീകരിക്കാനാവുന്നില്ലെങ്കിൽ അത്തരം മാറ്റങ്ങൾ അവർക്കാവശ്യപ്പെടാവുന്നതേയുള്ളൂ. നിയമങ്ങളെ മുഴുവനായും റദ്ദാക്കണമെന്ന അവരുടെ ആവശ്യം അമ്പരപ്പാണുണ്ടാക്കുന്നത്.

അമ്പരപ്പിക്കുന്ന മൗനങ്ങൾ

യുദ്ധം, ക്ഷാമം, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ അസാധാരണസാഹചര്യങ്ങളോ അസാധാരണ വിലക്കയറ്റമുണ്ടാകുകയോ ചെയ്യുമ്പോൾമാത്രമേ ധാന്യങ്ങൾ, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, ഭക്ഷ്യഎണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലനിയന്ത്രണം പാടുള്ളൂവെന്ന് അവശ്യവസ്തു (ഭേദഗതി) നിയമം-2020 അനുശാസിക്കുന്നു. ഉപഭോക്താക്കളുടെ, പ്രത്യേകിച്ച് കുറഞ്ഞവിലയിൽ കാർഷികോത്പന്നങ്ങൾ ലഭിക്കാൻ കഷ്ടപ്പെടുന്ന നഗരങ്ങളിലെ ഇടത്തരം കുടുംബങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന നിയമമാണിത്. ശീതീകരണസംവിധാനത്തിലും വെയർഹൗസുകളിലും ഉത്പന്നങ്ങൾ സൂക്ഷിക്കുന്നത് കുറച്ച് മികച്ച വിപണനസാധ്യതയും ഉയർന്ന വിലയും ഉറപ്പുനൽകുന്നതിലൂടെ ഈ നിയമം കർഷകനോടും ചേർന്നുനിൽക്കുന്നു.

2004-ൽ രാജസ്ഥാനിൽ പ്രതിഷേധിച്ച വ്യാപാരികളുടേതും ഇന്ന് കർഷകരുന്നയിച്ച അതേ ആവശ്യങ്ങളായിരുന്നു. മണ്ഡികളിലൂടെയല്ലാതെയുള്ള വിൽപ്പനസാധ്യതകൾ, കരാർവിപണി തുടങ്ങി വ്യാപാരികൾക്ക് അന്ന് ആശങ്കയുണ്ടാക്കിയ അതേ പ്രശ്നങ്ങൾ ഇന്ന് കർഷകരുന്നയിക്കുന്നുവെന്നതാണ് ആശ്ചര്യമുണ്ടാക്കുന്നത്. ഇതേ പരിഷ്കരണങ്ങൾക്കായി വർഷങ്ങളായി മുറവിളി കൂട്ടിക്കൊണ്ടിരുന്ന ബുദ്ധിജീവികളുടെയും വിദഗ്ധരുടെയും മൗനമാണ് ആശ്ചര്യജനകമായ മറ്റൊരു കാര്യം. അധികാരത്തിലിരിക്കുന്ന പാർട്ടിയേതാണോ അതിനനുസരിച്ച് മാറാതിരിക്കട്ടെ നമ്മുടെ പരിഷ്കാരങ്ങളുടെ ആവശ്യകത.

(മുൻ കൺട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലാണ്‌ ലേഖകൻ)