FARMERS PROTESTപുതിയ കൃഷിനിയമങ്ങളുടെ ഏറ്റവും വലിയ ദൂഷ്യവശം സംസ്ഥാനങ്ങൾ നിസ്സഹായമാവുന്നു എന്നതാണ്. കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവിലയ്ക്ക് മുകളിൽ കൂടുതൽ സഹായങ്ങൾ നിലവിൽ വിവിധ സംസ്ഥാനങ്ങൾ നൽകുന്നുണ്ട്. നമ്മുടെ നെൽക്കർഷകരുടെ അവസ്ഥതന്നെ ഏറ്റവും വലിയ ഉദാഹരണം. 18 രൂപയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച താങ്ങുവില. കർഷകന് കേരളം നൽകുന്നതോ 27 രൂപയ്ക്ക് മുകളിൽ. അധികം വരുന്ന തുക സംസ്ഥാനമാണ് വഹിക്കുന്നത്. ഈ തുകപോലും നെൽക്കർഷകരെ സംബന്ധിച്ചിടത്തോളം അപര്യാപ്തമാണ്. കൃഷിയിൽനിന്നും സംസ്ഥാനങ്ങൾക്ക് ആദായം ലഭിക്കാത്ത അവസ്ഥയും സൃഷ്ടിക്കപ്പെട്ടു. തത്ഫലമായി പൂർണമായും സംസ്ഥാനത്തിന്റെ അധികാരപരിധിക്ക് പുറത്താവുകയാണ് കാർഷികമേഖല.

മാത്രമല്ല, ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) നിയമത്തിലൂടെ കൃഷിയെ കേന്ദ്രവിഷയമാക്കി മാറ്റുകയും ചെയ്തു. ഭരണഘടനയനുസരിച്ച് കാർഷികം സംസ്ഥാന വിഷയമായതിനാൽ നേരിട്ടുള്ള ഇടപെടലുകൾക്ക് കേന്ദ്രസർക്കാരിന് പരിമിതികൾ ഉണ്ടായിരുന്നു. എന്നാലിവിടെ ഏകപക്ഷീയമായ നടപടികളിലൂടെ ഫെഡറൽ തത്ത്വങ്ങളെ മറികടക്കുകയായിരുന്നു കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞില്ലെന്ന് മാത്രമല്ല, കാർഷികവിള, കൃഷിഭൂമി, തണ്ണീർത്തടങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അഭിപ്രായം പറയാനുള്ള സംസ്ഥാനങ്ങളുടെ അവകാശംപോലും ഹനിക്കപ്പെടുന്ന സാഹചര്യം. ഏത് സംസ്ഥാനത്തുനിന്നും നേരിട്ടുതന്നെ വിളകൾ സംഭരിക്കാൻ ഈ നിയമങ്ങൾ സ്വാതന്ത്ര്യം നൽകുന്നു. അവശ്യവസ്തുക്കൾ വാങ്ങാൻ നിയന്ത്രണം ഇല്ലാതാക്കൽ ഓർഡിനൻസ് പ്രകാരം തങ്ങൾക്കാവശ്യമുള്ള വിളകൾ രാജ്യത്തെ ഏത് കർഷകരുടെ ഭൂമിയിൽ ഉത്‌പാദിപ്പിക്കാനും ആവശ്യമുള്ള അളവിൽ വാങ്ങാനും കച്ചവടക്കാർക്ക് സാധിക്കും. ഇത് സംസ്ഥാനങ്ങളുടെ ഭൂവിനിയോഗ നിയമങ്ങളെ ദുർബലപ്പെടുത്തും.

റേഷൻ സമ്പ്രദായം
കാർഷികോത്പന്നങ്ങളുടെ സംഭരണത്തിൽനിന്നും എഫ്‌.സി.ഐ. പിന്മാറുന്നതോടെ അട്ടിമറിക്കപ്പെടുക രാജ്യത്തിന്റെ ജീവൻ നിലനിർത്തുന്ന പൊതുവിതരണ സംവിധാനമാകും. ഭക്ഷ്യമേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം നിശ്ചയിക്കുന്നതിന് ബി.ജെ.പി.യുടെ ശാന്തകുമാർ എം.പി.യുടെ നേതൃത്വത്തിൽ ഒരു കമ്മിഷനെ നിയമിച്ചു. ഭക്ഷ്യമേഖലയെ പൂർണമായും സ്വകാര്യവത്കരിക്കുന്നതിനുള്ള നിർദേശങ്ങളായിരുന്നു ആ കമ്മിഷൻ അന്ന് മുന്നോട്ടുവെച്ചത്. റേഷൻ ലഭിക്കുന്നവരുടെ എണ്ണം 67 ശതമാനത്തിൽനിന്നും 40 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചത് അന്നായിരുന്നു. സബ്‌സിഡി ബാങ്കിലൂടെ നൽകുകയും പടിപടിയായി റേഷൻ കടകൾതന്നെ ഇല്ലാതാക്കുകയുമാണ് ആ സമിതിയുടെ പ്രധാന ശുപാർശകളിലൊന്ന്.  

വേഷംമാറിയെത്തുന്ന ഏജന്റുമാർ
ഏജന്റുമാരെ ഒഴിവാക്കുന്നതിലൂടെ കർഷകർക്ക് കൂടുതൽ ഗുണമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് ചിലർ അവകാശപ്പെടുന്നുണ്ട്. എന്നാൽ, വസ്തുത അതല്ല. കാർഷികോത്പന്നങ്ങളുടെ വിൽപ്പനയ്ക്ക് ഇടനിലക്കാരായി വർത്തിക്കുന്നവരെയും കാർഷികോത്പന്ന വ്യാപാരിയാക്കുന്ന മാന്ത്രികതയും ഈ നിയമങ്ങളിൽകാണാം. വ്യാപാരിക്ക് നൽകുന്ന നിർവചനത്തിലാണ് ഏജന്റും ഉൾപ്പെടുന്നത്. അവർ കാർഷികോത്പന്നങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നില്ല. കർഷകനും വ്യാപാരിക്കും ഇടയിലുള്ള ഏജന്റുമാർക്ക് യഥാർഥത്തിൽ കൃഷിയുമായി മറ്റ് ബന്ധമൊന്നുമില്ല. ഇരുകൂട്ടരിൽനിന്നും ലഭിക്കുന്ന കമ്മിഷനാണ് ഏജന്റിന്റെ പ്രതിഫലം. എന്നിട്ടും ഇടനിലക്കാരനെ വ്യാപാരിയായി നിർവചിക്കാനാണ് കേന്ദ്രസർക്കാർ താത്പര്യം കാട്ടിയത്. ഇത് ആദ്യമായല്ല. 2017-ലെ അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് ആൻഡ് ലൈവ്‌സ്റ്റോക്ക് മാർക്കറ്റ് (എ.പി.എൽ.എം.) നിയമത്തിലും ഏജന്റിനെ വ്യാപാരിയുടെ നിർവചനത്തിലാണ് ഉൾപ്പെടുത്തിയത്. 

ചില ആശങ്കകൾ
കാർഷികവിപണിയിൽ കൂടുതൽ ഇടപെടലിന് സാധിക്കുന്ന എഫ്.പി.ഒ.കളുടെ നിലനിൽപ്പും ആശങ്കയിലാണ്. സംഭരണം, വിപണനം എന്നിവയിൽമാത്രം ഇടപെടുന്ന എഫ്.പി.ഒ.കൾ നിർവചിക്കപ്പെട്ടിരിക്കുന്നത് കർഷകനെന്ന വിഭാഗത്തിലാണ്. കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി, അല്ലെങ്കിൽ കൂലിക്ക് നിയോഗിക്കപ്പെടുന്ന തൊഴിലാളി അല്ലെങ്കിൽ മറ്റുവിധത്തിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ എന്നാണ് ഈ നിയമത്തിൽ കർഷകന് നൽകുന്ന നിർവചനം. അതനുസരിച്ചാണ് എഫ്.പി.ഒ.കളും കർഷകന്റെ നിർവചനത്തിൽ ഉൾപ്പെടുന്നത്. ഇത് എഫ്.പി.ഒ.കളുടെ മുന്നോട്ടുള്ള പ്രവർത്തനത്തിലും ആശങ്കപരത്തിയിട്ടുണ്ട്. നേരിട്ടും അല്ലാതെയും കരാർ കൃഷി നടപ്പാക്കുന്ന ഒട്ടേറെ എഫ്.പി.ഒ.കൾ ഇന്ത്യയിലുണ്ട്. വിത്തുത്പാദക കേന്ദ്രങ്ങൾ ഉദാഹരണം. തങ്ങളുടെ അംഗങ്ങളായവരും അല്ലാത്തവരുമായ കർഷകരുമായി ഇവിടെ എഫ്.പി.ഒ.കൾ നേരിട്ട് കരാറിൽ ഏർപ്പെടുന്നുണ്ട്. ആ സാഹചര്യത്തിൽ കാർഷിക ഉത്പാദകരായല്ല, വാങ്ങുന്നവരും വിതരണക്കാരുമായാണ് എഫ്.പി.ഒ.കളെ നിർവചിക്കേണ്ടത്.ഏകദേശം നാലരലക്ഷം കോടി രൂപയോളമാണ് രാജ്യത്തെ കർഷകർ തിരിച്ചടയ്ക്കേണ്ടുന്ന വായ്പ. ഇത് എഴുതിത്തള്ളണമെന്ന ആവശ്യം ഇനിയും സർക്കാരുകൾ അംഗീകരിച്ചിട്ടില്ല. കോവിഡ് കാലത്തുപോലും വായ്പയുടെ പലിശയിളവ് നൽകുന്നകാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടില്ല.അതിർത്തി കാക്കുന്ന സൈനികരെപ്പോലെ, ആത്മധൈര്യവും ശുഭപ്രതീക്ഷയും മാത്രം കൈമുതലാക്കി നാടിനായി പ്രവർത്തിക്കുന്ന കർഷകരുടെ ദുഃഖങ്ങൾ ചർച്ചചെയ്യപ്പെടുകയും പരിഹരിക്കുകയും വേണം. കേന്ദ്രസർക്കാർ നിലപാടുകൾ തിരുത്തപ്പെടുകതന്നെ വേണം.

ജലവിഭവവകുപ്പ്‌ മന്ത്രിയാണ്‌ ലേഖകൻ