ഡൽഹിയിൽ കർഷകരുടെ സമരം വിജയംകണ്ടിരിക്കുന്നു. നിയമം പിൻവലിച്ചിരിക്കയാണ്. കേന്ദ്രസർക്കാരും അവരെ പിന്തുണയ്ക്കുന്നവരും ഈ സമരത്തെ തകർക്കാൻ പലവട്ടം, പലവിധത്തിൽ ശ്രമിച്ചെങ്കിലും നിശ്ചയദാർഢ്യവും ഉദ്ദേശ്യശുദ്ധിയുംകൊണ്ടാണ് ഈ പോരാട്ടം ജയിച്ചത്. അപ്പോഴും ആശങ്കകൾ ബാക്കിയാണ്. അത്യധ്വാനം ചെയ്യുന്ന കർഷകർ മറ്റുള്ളവർക്കൊപ്പമെത്താൻ ഇനിയും എത്രദൂരം കിതച്ചോടണം? 

 കർഷകന് ഇന്നും  കുമ്പിളിൽത്തന്നെ
2016-’17 സാമ്പത്തികസർവേ അനുസരിച്ച് രാജ്യത്തെ 17 സംസ്ഥാനത്തെ കർഷകകുടുംബങ്ങളുടെ വാർഷികവരുമാനം 20,000 രൂപയാണ് അതായത്, മാസം ശരാശരി 1666 രൂപ. നാഷണൽ സാംപിൾസർവേപ്രകാരം രാജ്യത്തൊട്ടാകെയുള്ള കർഷകരുടെ മാസവരുമാനം 6426 രൂപയാണ്. കേരളത്തിന്റേത് 11,888 രൂപയും. സർക്കാർ-സർക്കാരിതര ജീവനക്കാരുടെ മറ്റാനുകൂല്യങ്ങളുമായി ഇത് താരതമ്യംചെയ്യാൻപോലും പറ്റില്ല. ഈ രീതിയിലുള്ള സാമ്പത്തിക അരക്ഷിതാവസ്ഥയും അസ്ഥിരതയുമാണ് കാർഷികമേഖല തകരാനുള്ള പ്രധാന കാരണം. പുതിയ തലമുറ കൃഷിയോട്‌ മുഖംതിരിക്കുന്നതും ഈ കാരണത്താലാണ്.

 അന്നമൂട്ടുന്നവരെ അവഗണിക്കുന്നു
2022-ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കേന്ദ്രം അവകാശപ്പെടുമ്പോൾ അഞ്ചുവർഷം കഴിഞ്ഞ് 6426 രൂപയിൽനിന്ന് 12,852 രൂപയുടെ വർധനമാത്രമാണുണ്ടാകുന്നത്. ഈ വർധനകൊണ്ട് കർഷകർക്ക് ഒരു പുരോഗതിയും ഉണ്ടാകാൻപോകുന്നില്ല.  മാന്യമായ ശമ്പളം കൈപ്പറ്റി സർക്കാരിനുവേണ്ടി ജോലിചെയ്യുന്നവരെ സർക്കാരിന്റെ സേവകർ അഥവാ ഗവൺമെന്റ് സർവന്റ്‌സ് എന്നുപറയും. എന്നാൽ, ജനങ്ങളെ അന്നമൂട്ടുന്നവരെ അത്തരം സേവകരായി കാണാൻ നാം തയ്യാറല്ല. 2008-ൽ യു.പി.എ. സർക്കാർ 52,000 കോടിയുടെ കാർഷികകടങ്ങൾ എഴുതിത്തള്ളിയതുകാരണം സാമ്പത്തികമേഖലയിൽ കടുത്ത പ്രതിസന്ധിയുണ്ടായെന്നും ഇത് ആവർത്തിക്കുമെന്നുമാണ് വിദഗ്ധർ വിലയിരുത്തുന്നത്. മാത്രമല്ല, ഇത്തരം പ്രവണതകൾ വായ്പകളുടെ അച്ചടക്കത്തെ ബാധിക്കുമെന്നാണ് എസ്.ബി.ഐ. ചെയർപേഴ്‌സണായിരുന്ന അരുന്ധതി ഭട്ടാചാര്യയെപ്പോലുള്ളവർ അഭിപ്രായപ്പെടുന്നത്.
പാർലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ കണക്കുപ്രകാരം രാജ്യത്തെ നിഷ്ക്രിയ ആസ്തി 7.2 ലക്ഷം കോടിയാണ്. ഇതിൽ 70 ശതമാനം കോർപ്പറേറ്റ്‌ മേഖലയിലാണ്. കേവലം ഒരുശതമാനംമാത്രമാണ് കർഷകരുടേത്.

അദാനിക്ക് 72,000 കോടിയും അംബാനി ഗ്രൂപ്പിന് 1,30,000 കോടിയും വായ്പനൽകി. ലക്ഷ്മി മിത്തലിന് 1200 കോടിയാണ് പഞ്ചാബ് സർക്കാർ നൽകിയത്. അദാനിയുടെ 72,000 കോടിക്കുതാഴെയാണ് ഇവിടത്തെ മൊത്തം കർഷകരുടെ കടം. അദാനി, അംബാനി, മിത്തൽ ഗ്രൂപ്പുകളുടെ 3.04 ലക്ഷം കോടി രൂപ എഴുതിത്തള്ളാനാണ് തീരുമാനം. വിജയ്‌ മല്യയുടെ 1450 കോടിക്ക് ഇപ്പോഴും ഉത്തരമില്ല. അദ്ദേഹത്തെ നമ്മുടെ രാജ്യത്ത് കൊണ്ടുവരാൻപോലും കഴിയുന്നില്ല. ഈ വമ്പൻ കോർപ്പറേറ്റുകൾക്കെല്ലാം  ഒരുശതമാനം പലിശയ്ക്കാണ് വായ്പനൽകുന്നത്. എന്നാൽ, പാവപ്പെട്ട കർഷകരെ സഹായിക്കുന്ന നമ്മുടെ നാട്ടിലെ സഹകരണപ്രസ്ഥാനങ്ങളെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നോട്ടുനിരോധനത്തിലൂടെ ഒരു പരിധിവരെ അവർക്കത് സാധിക്കുകയുംചെയ്തു. ഒരു പാവപ്പെട്ട സ്ത്രീക്ക് ആടിനെ വാങ്ങാൻ 5000 രൂപ കടമെടുക്കാനായി പലിശയ്ക്ക് മൈക്രോ ക്രെഡിറ്റ് സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യം കോർപ്പറേറ്റുകളുടെ കുടിശ്ശികകൾ എഴുതിത്തള്ളാൻ കേന്ദ്രത്തോട് ശുപാർശചെയ്തിട്ടുണ്ട്. ഇദ്ദേഹം ഉൾപ്പെടുന്ന സംഘംതന്നെയാണ് ഇപ്പോൾ കർഷകരുടെ വായ്പകൾ എഴുതിത്തള്ളരുതെന്ന് ഉപദേശിച്ചതും.

 പരാതി കാർഷികോത്പന്നത്തിന് വില കൂടുമ്പോൾമാത്രം
2017-'18 കേന്ദ്രബജറ്റിൽ പത്തുലക്ഷം കോടിയാണ് കാർഷികവായ്പകൾക്കായി നീക്കിവെച്ചിട്ടുള്ളത്. എന്നാൽ, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ വിദഗ്ധർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്, വകയിരുത്തിയ തുകയുടെ എട്ടുശതമാനംമാത്രമാണ് 83 ശതമാനത്തോളംവരുന്ന ചെറുകിടകർഷകർക്ക് ലഭിക്കുന്നതെന്നാണ്. 75 ശതമാനത്തോളം തുക ലഭിക്കുന്നത് വൻകിട കാർഷിക കമ്പനികൾക്കാണ്. അതും മൂന്നുശതമാനം പലിശയ്ക്ക്. സ്വകാര്യമേഖലയിലുള്ള അടിസ്ഥാനവികസന കമ്പനികളുടെ മൂലധന വികസനത്തിനും കൂടുതൽ ധനസമാഹരണത്തിനുമായി ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്(ഐ.ഐ.എഫ്.) തയ്യാറെടുക്കുകയാണ്. അതിനായി ഇന്ത്യ അംഗമായിട്ടുള്ള ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ(എ.ഐ.ഐ.ബി.)നിന്ന് 150 ദശലക്ഷം ഡോളർ വായ്പയെടുത്തുകഴിഞ്ഞു. ആദ്യമായാണ് സ്വകാര്യ സംരംഭങ്ങൾക്കായി എ.ഐ.ഐ.ബി. വായ്പ നൽകുന്നത്.

കാർഷികോത്പന്നങ്ങളൊഴികെ ഏത്‌ ഉത്പന്നത്തിനും സേവനത്തിനും എത്രതന്നെ വിലകൂടിയാലും നാം പ്രതികരിക്കാറില്ല. വിലകൂടിയ വസ്തുക്കളും വാഹനങ്ങളും സ്വന്തമാക്കാൻ മത്സരിക്കുന്നവരാണ് ഭൂരിപക്ഷമാളുകളും. എന്നാൽ, ഒരു കിലോഗ്രാം സവാളയ്ക്കോ തക്കാളിക്കോ അഞ്ചുരൂപ കൂടിയാൽ നാം വിലക്കയറ്റത്തിന്റെ പട്ടികയിൽ അതിനെ ഉൾപ്പെടുത്തും. സാമ്പത്തികവിദഗ്ധർ ലേഖനങ്ങളെഴുതും. മറ്റുത്പന്നത്തിനും സേവനത്തിനും വിലകൂടുമ്പോൾ അത് കർഷകനും ബാധകമല്ലേ? അത് നേരിടാൻ അവന്റെ ഉത്പന്നത്തിന് ന്യായമായ വില കിട്ടേണ്ടത് അവന്റെ അവകാശമല്ലേ?

നമ്മുടെ സംസ്ഥാനത്ത് 2015 ഓഗസ്റ്റ്‌ 23-ന് കാർഷികനയം അംഗീകരിച്ച് ഉത്തരവിറങ്ങിയിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു കർഷകക്ഷേമ ബോർഡിന്റെ രൂപവത്കരണം. കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട സ്വകാര്യബിൽ അവതരിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ സർക്കാർതന്നെ മുൻകൈയെടുത്ത് ഇത് നടപ്പാക്കാൻ തീരുമാനിച്ചു. ഇത് രാജ്യത്തിനുതന്നെ മാതൃകയാണ്. അവകാശലാഭം നൽകുകയെന്നതും ഇതുമായി ബന്ധപ്പെട്ടതാണ്.

 ഉത്തരമില്ലാത്ത ചോദ്യങ്ങൾ
2022-ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴും നാം മനസ്സിലാക്കേണ്ടത് 2002-’03 മുതൽ 2012-’13 വരെ കർഷകരുടെ വാർഷികവരുമാനത്തിൽ 3.5 ശതമാനം വർധനമാത്രമാണ് ഉണ്ടായിട്ടുള്ളത് എന്നതാണ്. വരുമാനം ഇരട്ടിയാക്കാൻ ഇപ്പോഴത്തെക്കാളും മൂന്നുമടങ്ങ് നിക്ഷേപം വേണ്ടിവരും-ഏകദേശം 6.4 ലക്ഷം കോടി രൂപ. ഇത്രയും ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തമല്ല. മാത്രമല്ല, ഈ ലക്ഷ്യത്തിലെത്താൻ കാർഷികമേഖലയിൽ പ്രതിവർഷം 22 ശതമാനം വർധനയുണ്ടാവുകയും വേണം.
ഇനി ഏതെങ്കിലുംവിധത്തിൽ ഇത്രയും നിക്ഷേപം നടത്തിയാലും ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം.
ഇത്രയും തുക നിക്ഷേപിച്ചാൽ ഉത്പാദനത്തിൽ എത്ര മടങ്ങ് വർധനയുണ്ടാകും?, വർധിച്ച ഉത്പന്നങ്ങൾ ആര് സംഭരിക്കും?, ഉത്പാദനം വർധിക്കുമ്പോൾ വില കുറയുമെന്ന തത്ത്വത്തെ എങ്ങനെ നേരിടും?, ആഭ്യന്തര ഉപഭോഗത്തിനുശേഷം കയറ്റുമതിക്കുള്ള സാധ്യത എത്രയാണ്?, റീജണൽ കോംപ്രിഹൻസീവ് ഇക്കണോമിക് പാർട്ട്‌ണർഷിപ്പ്(ആർ.സി.ഇ.പി.)കരാർ യാഥാർഥ്യമാവുകയാണെങ്കിൽ മറ്റുള്ള രാജ്യങ്ങളിൽനിന്നുള്ള തീരുവ കുറച്ചുള്ള ഇറക്കുമതി ഉയർത്തുന്ന വെല്ലുവിളി എങ്ങനെ നേരിടും?
 (തുടരും)

വൈദ്യുതി വകുപ്പ്‌ മന്ത്രിയായ ലേഖകൻ കാർഷിക വികസന നയരൂപവത്‌കരണ സമിതി  മുൻ ചെയർമാനാണ്‌