കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച മൂന്ന് കാർഷിക പരിഷ്കരണ ബില്ലുകളിലെ വ്യവസ്ഥകൾ കർഷകവിരുദ്ധമാണെന്ന് ആരോപിച്ച്‌ രാജ്യത്തെ കർഷകസംഘടനകൾ പ്രതിഷേധവുമായി 
രംഗത്തിറങ്ങിയിരിക്കുകയാണ്‌. സഖ്യകക്ഷിയായ അകാലിദൾ കേന്ദ്രമന്ത്രിസഭയിൽനിന്ന്‌ പിൻവാങ്ങിക്കഴിഞ്ഞു. വിവാദബില്ലുകളുടെ ഒരവലോകനം...

2003-ലെ കാർഷികോത്‌പന്ന കമ്പോളസമിതി(എ.പി.എം.സി. ആക്ട്)നിയമത്തിന്റെ വ്യവസ്ഥകൾ പൊളിച്ചാണ് കാർഷികമേഖലയിൽ പരിഷ്കരണം എന്ന് അവകാശപ്പെട്ട്  ബില്ലുകൾ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. സാധാരണക്കാരുടെ ആശ്രയമായ പരമ്പരാഗത ഗ്രാമച്ചന്ത(മണ്ഡി)സംവിധാനത്തെ തകർത്ത് വൻകിട കോർപ്പറേറ്റുകളുടെ റീട്ടെയിൽ ശൃംഖലകൾക്ക് വഴിയൊരുക്കാനാണ് ഈ ബില്ലുകൾ കൊണ്ടുവരുന്നതെന്നാണ് കർഷകസംഘടനകളുടെ ആരോപണം. കാർഷികോത്‌പന്നങ്ങളുടെ താങ്ങുവില സംവിധാനം റദ്ദാക്കപ്പെടുമെന്നും കരാർ കൃഷിക്ക് ബില്ലുകൾ വഴിയൊരുക്കുമെന്നും പാവപ്പെട്ട കർഷകർ ചൂഷണം ചെയ്യപ്പെടുമെന്നും പ്രതിപക്ഷ പാർട്ടികളും വിമർശനമുയർത്തുന്നു.കാർഷികോത്‌പന്നങ്ങളുടെ വിൽപ്പനസ്ഥലം (കമ്പോളം), വ്യാപാരി, തർക്കപരിഹാരം എന്നിയെക്കുറിച്ചുള്ള ബില്ലിലെ നിർവചനങ്ങളും വ്യവസ്ഥകളുമാണ് കടുത്ത എതിർപ്പ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.

വിവാദവ്യവസ്ഥകൾ ഇവയാണ്

വിൽപ്പന സ്ഥല(ട്രേഡ് ഏരിയ)ത്തെക്കുറിച്ചുള്ള നിർവചനം നിലവിലുള്ള എ.പി.എം.സി. ചട്ടം പ്രകാരം കാർഷികോത്‌പന്ന കമ്പോളസമിതിയുടെ നേതൃത്വത്തിലുള്ള പ്രധാന കമ്പോളത്തിന്റെയോ ഉപകമ്പോളത്തിന്റെയോ പരിധിക്കുള്ളിലുള്ള പരിസരങ്ങൾ, അങ്കണങ്ങൾ, കെട്ടിടങ്ങൾ എന്നിവയാണ് വിൽപ്പന സ്ഥലം. മണ്ഡികൾ എന്നാണ് ഉത്തരേന്ത്യയിൽ ഈ കമ്പോളങ്ങൾ അറിയപ്പെടുന്നത്. ഓരോ മേഖലയിലെയും ഉത്‌പന്നങ്ങൾ അതത് പ്രാദേശിക മണ്ഡികളിൽ അതത് പ്രദേശത്തെ വിലനിലവാരം അനുസരിച്ച് വിൽക്കുകയാണ് നിലവിലുള്ള രീതി. വില നിശ്ചയിക്കുന്നത് കാർഷികോത്‌പന്ന കമ്പോള സമിതി അഥവാ എ.പി.എം.സി.യാണ്. വില ഉറപ്പിനൊപ്പം താങ്ങുവിലയും ഉറപ്പിക്കാം. എന്നാൽ, പുതിയ നിയമപ്രകാരം എവിടെയാണോ കാർഷികോത്‌പന്നങ്ങൾ വിൽക്കാൻ കഴിയുന്നത് അവിടമെല്ലാം കമ്പോളത്തിന്റെ നിർവചനത്തിൽപ്പെടും.

protest
പഞ്ചാബിലെ മാന്‍സയില്‍ കാര്‍ഷിക പരിഷ്‌കരണ ഓര്‍ഡിനന്‍സുകള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധം | Photo: ANI

ഇതോടെ പരമ്പരാഗത ചന്തകൾ വിൽപ്പന സ്ഥലത്തുനിന്ന് ഒഴിവാക്കപ്പെടും. ഇങ്ങനെ കമ്പോളപരിധിക്ക് പുറത്ത് വിൽപ്പനസ്ഥലം അനുവദിക്കുന്നത് വൻകിട കോർപ്പറേറ്റുകൾക്ക് റീട്ടെയിൽ ശൃംഖല തുടങ്ങാൻ സഹായിക്കാനാണെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. ഈ റീട്ടെയിൽ ശൃംഖലകൾ തുടക്കസമയത്ത് കർഷകർക്ക് ഉത്‌പന്നങ്ങൾക്ക് വൻവില നൽകുകയും മണ്ഡികളെ തകർക്കുകയും ചെയ്യും. മണ്ഡികൾ തകർന്നുകഴിഞ്ഞാൽ ഉത്‌പന്നസംഭരണവില ക്രമേണ കുറയ്ക്കുമെന്ന് കാർഷിക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, എ.പി.എം.സി. നേതൃത്വത്തിൽ നിലവിലുള്ള മണ്ഡികൾ 200 മുതൽ 300 വരെ ഗ്രാമങ്ങളെയാണ് ഉൾക്കൊള്ളുന്നത്. എന്നാൽ, പുതിയ ബിൽപ്രകാരം രൂപപ്പെടുന്ന കമ്പോളത്തിന്റെ പരിധി പരിമിതമാണ്. അതോടെ ഒട്ടേറെ ഗ്രാമങ്ങൾ വിപണനസംവിധാനത്തിൽനിന്ന് പുറത്താകും. എന്നാൽ, കർഷകർക്ക് ഈ തീരുമാനം കൂടുതൽ വിപണന സാധ്യത തുറക്കുമെന്നാണ് സർക്കാരിന്റെ വാദം. സ്വന്തം ഉത്‌പന്നങ്ങൾ ആർക്കും എവിടെയും വിൽക്കാം എന്ന നില വരുന്നതോടെ മത്സര ക്ഷമത വർധിക്കുമെന്നും കാർഷികോത്‌പന്നങ്ങൾക്ക് മികച്ച വില ലഭിക്കുമെന്നും സർക്കാർ അവകാശപ്പെടുന്നു.

Farmers' Protest
ഡല്‍ഹി-ഗാസിയാബാദ് അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ | Photo : ANI

വ്യാപാരികളെക്കുറിച്ചുള്ള നിർവചനം

നിലവിലുള്ള നിയമപ്രകാരം എ.പി.എം.സി.യിൽനിന്ന് ലൈസൻസ് വാങ്ങുന്നവരാണ് വ്യാപാരികളുടെ നിർവചനത്തിൽ ഉൾപ്പെടുന്നത്. പുതിയ ബിൽ വ്യവസ്ഥകൾ പ്രകാരം ഉത്‌പാദകർ, കയറ്റുമതിക്കാർ, മൊത്തവ്യാപാരികൾ, മിൽ ഉടമകൾ, ചെറുകിട വ്യാപാരികൾ എന്നിവരെല്ലാം വ്യാപാരി എന്ന നിർവചനത്തിൽ ഉൾപ്പെടും. നിലവിലുള്ള സംവിധാനം പ്രകാരം കമ്മിഷൻ ഏജന്റുമാർക്ക് (അർഹതിയ) വ്യാപാര ലൈസൻസ് ലഭിക്കും. ഗ്രാമീണച്ചന്തകളിലെ കച്ചവടക്കാർക്ക് ബാങ്കുകളിൽ നിന്ന് വായ്പകൾ കിട്ടാൻ പ്രയാസമാണ്.

കമ്മിഷൻ ഏജന്റുമാർ കൊടുക്കുന്ന കൈവായ്പകളാണ് ഇവരുടെ ആശ്രയം. വിളവിറക്കുന്നതിന് മുമ്പ് കമ്മിഷൻ ഏജന്റുമാർ കർഷകർക്ക് വായ്പ നൽകുകയും വിളവെടുത്ത് കഴിഞ്ഞാൽ ആ പണം മടക്കിനൽകുകയാണ് കാലങ്ങളായി ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ രീതി. എന്നാൽ, പുതിയ ബിൽ പ്രകാരം കമ്മിഷൻ ഏജന്റുമാർ ഇല്ലാതാക്കപ്പെടും. ഇതോടെ ചെറുകിട വായ്പകൾ നിലയ്ക്കും. കർഷകർ കടക്കെണിയിലാകും. കമ്മിഷൻ ഏജന്റുമാർ തൊഴിൽരഹിതരാകുകയും ചെയ്യും.

മാത്രമല്ല, കമ്മിഷൻ ഏജന്റുമാർ തദ്ദേശീയരായതിനാൽ അവർക്ക് വിശ്വാസ്യതയുണ്ടെന്നും പുറത്തുനിന്നുള്ള വ്യാപാരികൾക്ക് വിശ്വാസ്യതയില്ലെന്നുമാണ് കർഷകസംഘടനകളുടെ മറ്റൊരു ആരോപണം. വിളവിറക്കുമുമ്പുതന്നെ വിളകളുടെ വില നിശ്ചയിക്കുന്ന കരാർ കൃഷിക്കായിരിക്കും ബില്ലുകൾ വഴി തുറക്കുകയെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കൃഷിചെയ്യേണ്ട വിള ഏതാണെന്ന് കർഷകരല്ല, വൻകിട കമ്പനികൾ നിശ്ചയിക്കുന്ന രീതിയാണ് കരാർ കൃഷി സംവിധാനത്തിലുള്ളതെന്നും അവർ പറയുന്നു. ഇത് കർഷകരെ പ്രതിസന്ധിയിലാഴ്ത്തുമെന്നാണ് വിമർശനം.

Farmers' Protest
പ്രതിഷേധവുമായെത്തുന്ന കര്‍ഷകരെ നിയന്ത്രിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന ഡല്‍ഹി പോലീസ്-സുരക്ഷാ സേന അംഗങ്ങള്‍ |  Photo : AFP

തർക്കപരിഹാര സംവിധാനം 

വ്യാപാരിയും കർഷകരും തമ്മിൽ തർക്കമുണ്ടായാൽ ഇരുകൂട്ടരും ചേർന്ന് പരിഹാരത്തിനായി സബ്ഡിവിഷണൽ മജിസ്‌ട്രേട്ടിന് പരാതി നൽകണം. ഈ പരാതി പിന്നീട് തർക്കപരിഹാര ബോർഡിന് സമർപ്പിക്കും. എന്നാൽ, ഈ വകുപ്പ് തങ്ങൾക്കെതിരേ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് കർഷകരുടെ ആശങ്ക. ഈ വ്യവസ്ഥയ്ക്കെതിരേയും കർഷക സംഘടനകൾ കടുത്ത എതിർപ്പുയർത്തുകയാണ്.

കമ്പോള ഫീസ് (മാർക്കറ്റ് ഫീസ്)
എ.പി.എം.സി. നിയമപ്രകാരം കമ്പോളത്തിൽ വ്യാപാരികൾ മാർക്കറ്റ് ഫീസ് കൊടുക്കണം. ഈ മാർക്കറ്റ് ഫീസ് കൂടി ചേർത്താണ് നിലവിലുള്ള സംവിധാനത്തിൽ വില നിശ്ചയിക്കുന്നത്. എന്നാൽ, പുതിയ വ്യവസ്ഥകൾ

അനുസരിച്ച് മാർക്കറ്റ് ഫീസ് ഒഴിവാക്കി. ഇത് വൻകിട കമ്പനികൾക്ക് ഗുണകരമായ നീക്കമാണെന്ന് കർഷകസംഘടനകൾ ആരോപിക്കുന്നു. വൻകിട കമ്പനികൾ ഈ ഫീസ് ഒഴിവാക്കി തുടക്കത്തിൽ വിലകുറച്ച് ഉത്‌പന്നങ്ങൾ വിപണനം നടത്തും. ഇതുമൂലം ചെറുകിട ചന്തകൾ തകരും. എന്നാൽ, മണ്ഡികൾ തകരുന്നതോടെ വൻകിട കമ്പനികൾ വില ക്രമേണ ഉയർത്തുമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

താങ്ങുവില സംവിധാനം ഇല്ലാതാകുമെന്ന ഭയം 

നിലവിൽ കാർഷികോത്‌പന്നങ്ങൾക്ക് താങ്ങുവില (മിനിമം സപ്പോർട്ട് പ്രൈസ്) ലഭിക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ട്. കാലാകാലങ്ങളിൽ സർക്കാരുകൾ താങ്ങുവില വർധിപ്പിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ, പുതിയ ബിൽ വ്യവസ്ഥകൾ പ്രകാരം താങ്ങുവില സംവിധാനം ഒഴിവാക്കപ്പെടുമെന്ന ആശങ്ക കർഷകർക്കുണ്ട്. താങ്ങുവില ഒഴിവാക്കിയാൽ സ്വകാര്യകമ്പനികൾ നേട്ടമുണ്ടാക്കുകയും കർഷകരുടെ കയ്യില്‍നിന്ന് കൃഷി തട്ടിയെടുക്കുകയും ചെയ്യും. ഇത് ചെറുകിട, നാമമാത്ര കർഷകരെ ബാധിക്കുമെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

പഞ്ചാബിലും ഹരിയാണയിലും എതിർപ്പ് രൂക്ഷം

കേന്ദ്രസർക്കാരിന്റെ ബില്ലുകൾക്കെതിരേ തെലങ്കാന, കർണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ  പ്രതിഷേധമുയരുന്നുണ്ടെങ്കിലും സമ്പൂർണകാർഷിക മേഖലകളായ പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് എന്നീ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് എതിർപ്പ് രൂക്ഷമായിരിക്കുന്നത്. പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളിലേറെയും കാർഷികവൃത്തിയിലൂടെ ജീവിക്കുന്നവരാണ്. ചെറുകിട കൃഷിക്കാരും ഗ്രാമച്ചന്തകളുമാണ് ഈ ഗ്രാമങ്ങളുടെ സമ്പദ്ഘടനയെ നിശ്ചയിക്കുന്നത്. പരമ്പരാഗത സംവിധാനങ്ങളും 2003-ൽ നിലവിൽവന്ന എ.പി.എം.സി. സംവിധാനങ്ങളും ഉപയോഗിച്ചാണ് അവർ കൃഷി ചെയ്യുന്നതും കാർഷികോത്‌പന്നങ്ങൾ വിൽപ്പന നടത്തുന്നതും.

അർഹതിയകളുടെ അഥവാ കമ്മിഷൻ ഏജന്റുമാരുടെ പങ്ക് ഈ പരമ്പരാഗത സംവിധാനം നിലനിർത്തുന്നതിൽ നിർണായകമാണ്. പഞ്ചാബിലും ഹരിയാണയിലുമാണ് കമ്മിഷൻ ഏജന്റുമാരുടെ സാന്നിധ്യം ഏറെയുള്ളത്. എന്നാൽ, പുതിയ ബില്ലുകളിലെ വ്യവസ്ഥകൾ ഈ പരമ്പരാഗതരീതികളെ തകിടം മറിക്കുകയും ജീവിതമാർഗം തകർക്കുകയും ചെയ്യുമെന്ന് കർഷകരും കമ്മിഷൻ ഏജന്റുമാരും ഭയപ്പെടുന്നു. ഈ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിന് ഇതും പ്രധാന ഘടകങ്ങളാണ്. അതുപോലെ പുതിയ ബില്ലുകൾ കരാർ കൃഷിയെയായിരിക്കും പ്രോത്സാഹിപ്പിക്കുകയെന്ന് കർഷകസംഘടനകൾ ആശങ്കപ്പെടുന്നു. ഉത്തരേന്ത്യയിലെ ചില മേഖലകളിൽ കരാർ കൃഷി നേരത്തേതന്നെ നിലവിലുണ്ട്. കരാർകൃഷി കുത്തകസ്വഭാവമുള്ളതും പരമ്പരാഗത കാർഷിക രീതിയെ തകർക്കുന്നതും ചൂഷണത്തിന് വഴിെവക്കുന്നതുമാണെന്ന് കാർഷികസംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ബില്ലുകൾക്കെതിരേയുള്ള എതിർപ്പുകൾക്ക് ഈ വാദവും എണ്ണ പകരുന്നുണ്ട്.

Farmers' Protest
സര്‍ക്കാരുമായുള്ള ചര്‍ച്ചയുടെ ഫലമറിയാന്‍ ഡല്‍ഹി-ഹരിയാണ സംസ്ഥാന അതിര്‍ത്തിയില്‍ കാത്തിരിക്കുന്ന കര്‍ഷകര്‍(2020 ഡിസംബര്‍ 3 ലെ ചിത്രം)   | Photo : AP

സർക്കാരിന്റെ അവകാശവാദം

കാർഷികമേഖലയിലെ പരിഷ്കാരങ്ങൾ കൃഷിക്കാർക്ക് വൻനേട്ടമുണ്ടാക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. വിളകൾക്ക് മികച്ച വില ലഭിക്കും. വിൽപ്പന സ്ഥലത്തിന്റെ നിർവചനം മാറ്റുന്നതോടെ ആർക്കും എവിടെയും ഉത്‌പന്നങ്ങൾ വിൽക്കുന്നതിനുള്ള സ്വാതന്ത്ര്യം ലഭിക്കും. താങ്ങുവില സംവിധാനം തുടരുമെന്നും സർക്കാർ പറയുന്നു. കാർഷിക മേഖലയിലെ വിദഗ്ധരും സാമ്പത്തിക വിദഗ്ധരും കാലങ്ങളായി ആവശ്യപ്പെടുന്നതാണ് ഈ പരിഷ്കാരങ്ങളെന്ന് സർക്കാർ അവകാശപ്പെടുന്നു. മാത്രമല്ല, 2002-2003-ലെ എ.പി.എം.സി. ചട്ടങ്ങൾ നടപ്പാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടെങ്കിലും പല സംസ്ഥാനങ്ങളും നടപ്പാക്കിയില്ല. അതുകൊണ്ടാണ് ഈ ബില്ലുകൾ കൊണ്ടുവന്നതെന്നും സർക്കാർ പറയുന്നു.

(സെപ്റ്റംബര്‍ 19ന് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌)

content highlights: farm bills and its impacts