കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജിന്റെ ഭാഗമായി കാർഷികമേഖലയിൽ സമഗ്ര മാറ്റം ലക്ഷ്യമിട്ട് കൊണ്ടുവന്ന മൂന്നുബില്ലുകളും കേരളത്തിന് ദോഷകരമാവുമെന്ന് ആശങ്ക. 

ചെറുകിട കർഷകർക്ക്‌ തലയ്ക്കടി

ചെറുകിട-നാമമാത്ര കർഷകർക്ക് മുൻതൂക്കമുള്ള സംസ്ഥാനത്ത് വൻകിട കമ്പനികൾ നേതൃത്വംനൽകുന്ന കരാർ കൃഷിക്ക് വഴിയൊരുക്കും. കർഷകർക്ക് സൗജന്യമായി ലഭിച്ചുവരുന്ന സേവനങ്ങളും സാങ്കേതികസഹായങ്ങളും ഇനി വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിവരും.അവശ്യസാധന നിയമപ്രകാരം ഭക്ഷ്യോത്‌പന്നങ്ങളുടെ വില നിയന്ത്രിക്കാൻ ഉണ്ടായിരുന്ന അധികാരം സംസ്ഥാനങ്ങൾക്ക് ഇല്ലാതാവും. കാർഷിക ഉത്‌പന്നങ്ങൾ, സേവനങ്ങൾ, വിപണനം എന്നിവയുമായി ബന്ധപ്പെട്ടാണ് മൂന്ന് ബില്ലും. ദി ഫാർമേഴ്‌സ് എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസസ് ബിൽ ആണ് ആദ്യത്തേത്. കരാർകൃഷി പ്രോത്സാഹനമാണ് ഈ ബില്ലിൽ മുഖ്യമായും ഉള്ളത്.

പുതിയ സാങ്കേതികവിദ്യ കൊണ്ടുവന്ന് നിശ്ചിത വില ഉറപ്പുവരുത്തി കർഷകർക്ക് വരുമാനം ഉറപ്പാക്കുമെന്നാണ് ബില്ലിലുള്ളത്. ഇതിനുവേണ്ടിയാണ് കരാർകൃഷി നടപ്പാക്കുന്നത്. 96 ശതമാനം നാമമാത്ര കർഷകർ (ദശാംശം 18 ഹെക്ടർവരെ കൃഷിഭൂമി ഉള്ളവർ) ഉള്ള കേരളം 2018-ൽത്തന്നെ കരാർ കൃഷിയെ എതിർത്ത സംസ്ഥാനമാണ്. കരാർ കൃഷിയിലൂടെ വൻകിട കമ്പനികളാണ് കേരളത്തിൽ വരാൻപോകുന്നത്. 
ചെറുകിട കർഷകരുടെ ഭൂമി നിസ്സാരതുകയ്ക്ക് ഏറ്റെടുത്ത് കമ്പനികൾ കൃഷിചെയ്യും. അല്ലെങ്കിൽ ഒരു നിർദിഷ്ട സ്ഥലത്തെ കർഷകർക്ക് കൃഷിചെയ്യാനും വിപണനം നടത്താനുമുള്ള സൗകര്യം ഒരുക്കി കമ്പനികൾ രംഗത്തുവരും. രണ്ടു രീതിയിലും പരമാവധി ലാഭം ആയിരിക്കും കമ്പനികൾ ലക്ഷ്യമിടുക.

വിത്തും സാങ്കേതിക സൗകര്യങ്ങളും കമ്പനികൾ ഒരുക്കിനൽകുമ്പോൾ അതിനവർ ഫീസ് നിശ്ചയിക്കും. ഇതുവരെ സർക്കാർ ഏജൻസികൾ സൗജന്യമായി തന്നിരുന്ന സേവനങ്ങൾക്ക് നിരക്ക് ഈടാക്കുമ്പോൾ ചെറുകിട കർഷകർക്ക് അത് താങ്ങാൻ കഴിയാത്ത അവസ്ഥവരും.വിപണന കാര്യത്തിൽ കരാർ കമ്പനി ഗ്രേഡിങ്‌ നിശ്ചയിച്ചാണ് ഉത്‌പന്നങ്ങൾക്ക് വിലനൽകുക. കമ്പനി നിശ്ചയിക്കുന്ന ഗുണമേന്മ ഉറപ്പാക്കാൻ ചെറുകിട കർഷകർക്ക് കഴിഞ്ഞില്ലെങ്കിൽ ന്യായമായ വില കിട്ടില്ല. കർഷകരും കരാർ കമ്പനിയും തമ്മിൽ തർക്കങ്ങൾ ഉണ്ടാവുന്ന സാഹചര്യത്തിൽ അത് കർഷകർക്ക് ദോഷകരമാവാനാണ് സാധ്യത.ജനിതകമാറ്റം വരുത്തിയ വിളകൾ ഇപ്പോൾ കേരളത്തിൽ കൃഷിചെയ്യാൻ പറ്റില്ല. കേരളം അതിനെ അംഗീകരിച്ചിട്ടില്ല. എന്നാൽ, കരാർ കൃഷി വരുന്നതോടെ ജനിതകമാറ്റം വരുത്തിയ വിളകൾ കൃഷിചെയ്യാൻ കരാർ കമ്പനിക്ക് കഴിയും. സംസ്ഥാനത്തിന്റെ എതിർപ്പ് ആരും പരിഗണിക്കില്ല.

വിപണി തകരും

ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രൊമോഷൻ, ഫെസിലിറ്റേഷൻ) ബിൽ ആണ് രണ്ടാമത്തേത്‌. നിലവിൽ കേരളത്തിൽ കൃഷി വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ശക്തമായ മാർക്കറ്റിങ് സംവിധാനമുണ്ട്. പോരായ്മകൾ ഉണ്ടെങ്കിലും നല്ലരീതിയിൽത്തന്നെ പ്രവർത്തിക്കുന്നുണ്ട്.പുതിയ നിയമം അനുസരിച്ച് ഇവിടത്തെ വിപണിസംവിധാനത്തിൽ കേന്ദ്രത്തിന് ഇടപെടാൻ അവസരം ലഭിക്കും. പുതിയ ബിൽ പ്രകാരം ആർക്കും കേരളത്തിൽ വിപണി സ്ഥാപിക്കാം.സർക്കാരിന്റെയോ ഗ്രാമപ്പഞ്ചായത്തുകളുടെയോ അനുമതി ആവശ്യമില്ല. വിപണി സ്ഥാപിക്കുന്നവർ പറയുന്നതാണ് വില. ആ വിലയ്ക്ക് കർഷകർ ഉത്‌പന്നങ്ങൾ നൽകേണ്ടിവരും. സംസ്ഥാനത്തെ വിപണിസംവിധാനം മുഴുവൻ അപ്രസക്തമാവുന്ന സ്ഥിതിവരും.1955-ലെ അവശ്യസാധന നിയമം ഭേദഗതി ചെയ്തുള്ളതാണ് മൂന്നാമത്തെ ബിൽ. ഭക്ഷ്യോത്പന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള സംസ്ഥാനത്തിന്റെ അധികാരം ഇതിലൂടെ ഇല്ലാതാവുന്നു. കർഷകരെയും ഉപഭോക്താക്കളെയും ഇത് ബാധിക്കും. സർക്കാരിന്റെ ഇടപെടൽമൂലം വിലകുറച്ച്‌ സാധനങ്ങൾ കിട്ടുന്ന അവസ്ഥ ഇല്ലാതാവും.

വില കോർപ്പറേറ്റുകൾ തീരുമാനിക്കും- വി.എസ്. സുനിൽ കുമാർ(സംസ്ഥാന കൃഷിമന്ത്രി)

കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകൾ വിത്തുമുതൽ വിപണിവരെ കോർപ്പറേറ്റ് കമ്പനികളുടെ കാൽക്കീഴിൽ വെക്കുന്ന സാഹചര്യം വരുത്തും. ചെറുകിട നാമമാത്ര കർഷകരാണ് കേരളത്തിന്റെ നട്ടെല്ല്. കരാർ കൃഷിക്ക് വൻകിട കമ്പനികൾ വരുമ്പോൾ ചെറുകിട കർഷകർ കാർഷിക മേഖലയിൽനിന്ന്‌ പുറത്താകും. കമ്പനികളുമായി മത്സരിച്ച് കൃഷിനടത്താൻ ചെറുകിട കർഷകർക്ക് കഴിയില്ല.  ഉത്‌പന്നങ്ങളുടെ വില കോർപ്പറേറ്റ് കമ്പനികൾ നിശ്ചയിക്കും. സംസ്ഥാനസർക്കാരിനും കൃഷിവകുപ്പിനും ഇടപെടാൻ കഴിയാത്ത സ്ഥിതിവരും.

സർക്കാർ കർഷകർക്ക് സൗജന്യമായി നൽകിവരുന്ന സേവനങ്ങൾക്ക് കമ്പനികൾ ഫീസ് ഈടാക്കുന്ന അവസ്ഥയുണ്ടാവും. ഭരണഘടന അനുസരിച്ച് കൃഷിയും അനുബന്ധമേഖലകളും സംസ്ഥാന വിഷയമാണ്. അതിനാൽ കേന്ദ്രസർക്കാരിന് വലിയതോതിൽ ഇടപെടാൻ കഴിഞ്ഞിരുന്നില്ല. പുതിയ ബില്ലുകൾ വരുന്നതോടെ കേന്ദ്രത്തിന് നേരിട്ട് എന്തിലും ഇടപെടാൻ സാധിക്കും. ഇത് ഫെഡറൽസംവിധാനത്തെ ദുർബലമാക്കും.