കോവിഡ്‌ വ്യാപകമായി പടർന്നുപിടിച്ചപ്പോൾ ആരംഭിച്ചതാണ്‌ ക്ഷീരകർഷകരുടെ പ്രതിസന്ധിയും. കോവിഡ്‌ കാലഘട്ടത്തിലും ഇടയ്ക്കുള്ള ലോക്ഡൺ സമയത്തും കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനത്തും പാലും പാലുത്‌പന്നങ്ങളും വിറ്റഴിക്കാൻ കഴിയാത്തതാണ്‌ കർഷകർ നേരിടുന്ന പ്രതിസന്ധി. വാങ്ങാൻ ആളില്ലാത്തതുകൊണ്ട്‌ പാലിന്റെ ഉത്പാദനം മാറ്റിവെക്കാനോ കറന്നെടുത്ത പാൽ വാങ്ങാൻ ആളുണ്ടാകുന്നതുവരെ സൂക്ഷിച്ചുവെക്കാനോ കഴിയില്ല. ഭൂമി തരിശിടുന്നതുപോലെ കാലികളെ പട്ടിണിക്കിടാൻ പറ്റില്ലല്ലോ. അരിയും ഗോതമ്പും പോലുള്ള വിളകൾ ഉത്‌പാദിപ്പിക്കുന്നവരെ അപേക്ഷിച്ച്‌ ക്ഷീരകർഷകരെ കൂടുതൽ ദുർബലരാക്കുന്നതും ക്ഷീരോത്പാദന മേഖലയുടെ ഇത്തരത്തിലുള്ള സവിശേഷതകളാണ്‌. വിളകൾ കൃഷിചെയ്യുന്ന കർഷകരെപ്പോലെ സംഘടിതരോ രാഷ്ട്രീയ സ്വാധീനമുള്ളവരോ അല്ല ഏഴുകോടിയോളം വരുന്ന ഇന്ത്യയിലെ ക്ഷീരകർഷകർ. ഇതുകൊണ്ടാകണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ക്ഷീരകർഷകരുടെ ബുദ്ധിമുട്ടുകൾ കണ്ടതായി നടിക്കാത്തതും.

 പ്രതിസന്ധി ദേശീയതലത്തിൽ
പാലിന്റെ കമ്പോളവില മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഏകദേശം ഒരുപോലെയാണ്‌. കറവമാടിന്റെ പ്രസവം കഴിഞ്ഞുള്ള ആദ്യത്തെ മൂന്നുമാസക്കാലത്ത്‌ കൊഴുപ്പിന്റെ അളവ്‌ പാലിൽ വളരെ കുറവായിരിക്കും. ഈ സമയത്താണ്‌ പശുവും എരുമയും കൂടുതൽ പാൽ നൽകുന്നതും. പാൽ ഉത്‌പാദക സഹകരണ സംഘങ്ങൾ നിശ്ചയിച്ചിരിക്കുന്ന വിലയിൽ കൊഴുപ്പുകൂടിയ പാലും കുറഞ്ഞ പാലും തമ്മിൽ ഒരുലിറ്ററിന്‌ ഏകദേശം 25 രൂപവരെ വ്യത്യാസമുണ്ട്‌. ഉദാഹരണത്തിന്‌, കേരളത്തിലെ മിൽമയുടെ കീഴിലുള്ള സംഘങ്ങൾ ഏറ്റവും കുറഞ്ഞ കൊഴുപ്പുള്ള ഒരുലിറ്റർ പാലിന്‌ 33 രൂപയും കൊഴുപ്പ്‌ കൂടിയതിന്‌ പരമാവധി 59 രൂപയുമാണ്‌ കർഷകന്‌ കൊടുക്കുന്നത്‌. പ്രാഥമിക സഹകരണ സംഘങ്ങൾ ഒരുദിവസം കർഷകനിൽനിന്നു ശേഖരിക്കുന്ന പാലിന്റെ ഭൂരിഭാഗവും ലിറ്ററിന്‌ 33 രൂപമുതൽ 38 രൂപവരെയുള്ള വിലയ്ക്കായിരിക്കും എന്നതാണ്‌ സത്യം. എന്നാൽ, 33 രൂപയ്ക്ക്‌ വാങ്ങുന്ന പാൽ ക്ഷീരസംഘങ്ങൾ അവിടെത്തന്നെയുള്ള ഉപഭോക്താക്കൾക്ക്‌ വിൽക്കുന്നത്‌ 46 രൂപയ്ക്കാണ്‌. ഒരുലിറ്റർ പാലിൽനിന്നുമാത്രം ക്ഷീരസംഘങ്ങൾക്ക്‌ കിട്ടുന്ന ലാഭം 13 രൂപ. ക്ഷീരകർഷകർക്ക്‌ ഏറ്റവും ഉയർന്ന വില കൊടുക്കുന്നത്‌ കേരളത്തിലെ ക്ഷീരസംഘങ്ങളാണ്‌ എന്നതിൽനിന്നും മറ്റു സംസ്ഥാനങ്ങളിലെ കർഷകരുടെ സ്ഥിതി ആലോചിക്കാവുന്നതേയുള്ളൂ.

പൊതുവിപണിയിൽ പാലിന്റെ അളവുമാത്രം അടിസ്ഥാനപ്പെടുത്തി വില ലഭിക്കുന്നതിനാൽ കൊഴുപ്പുകുറഞ്ഞ സമയത്തെ പാൽ വീടുകളിലും ചായക്കടകളിലും വിറ്റാണ്‌ കർഷകർ നിലനിന്നുപോകുന്നത്‌. കോവിഡും ലോക്‌ഡൗണും ഉണ്ടായപ്പോൾ ഇന്ത്യയൊട്ടാകെയുള്ള ക്ഷീരസംഘങ്ങൾ അടച്ചിടുകയോ പാൽ ശേഖരണം ദിവസത്തിൽ ഒരുതവണ മാത്രമാക്കി ചുരുക്കുകയോ ചെയ്തു. കോവിഡ് ‌സമയത്ത്‌ കാലിവളർത്തലിനോടൊപ്പം ഇറച്ചിക്കോഴികളെയുംകൂടി വളർത്തി സംയോജിത കൃഷിരീതി അവലംബിച്ചിരുന്ന കർഷകരുടെ കാര്യം കൂടുതൽ പരുങ്ങലിലായി. ഇറച്ചിക്കോഴികളെ നിശ്ചിത ദിവസത്തിനുള്ളിൽ വിറ്റഴിച്ചില്ലെങ്കിൽ അവ ചത്തുപോകും. അങ്ങനെ കർഷകർ ഇറച്ചിക്കോഴികളെ കൂട്ടത്തോടെ കുഴിച്ചുമൂടേണ്ടിവന്നു. കൈവശം ഉണ്ടായിരുന്ന ആകെയുള്ള മൂലധനവും അങ്ങനെ ഇല്ലാതായി. ബാങ്കുകളിൽനിന്നെടുത്ത വലിയ വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ വിഷമിക്കുകയാണ്‌ ഇന്ന്‌ കർഷകർ.

 പ്രതിസന്ധിയും അവഗണനയും
ഇനി കേരളത്തിന്റെ കാര്യം നോക്കാം. അടുത്തകാലത്ത്‌ ജയ്പുരിലെ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെവലപ്മെന്റ്‌ സ്റ്റഡീസ്‌ കേരളം ഉൾപ്പെടെ ആറ്‌്‌ പ്രധാനപ്പെട്ട പാലുത്‌പാദന സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിൽ കണ്ടത്‌ കേരളത്തിൽ പശുവിനെ വളർത്തുന്ന കർഷകന്‌ പ്രതിദിനം 47.64 രൂപയുടെയും ഒരു ലിറ്റർ പാൽ ഉത്‌പാദിപ്പിക്കുമ്പോൾ 5.65 രൂപയുടെയും നഷ്ടം ഉണ്ടാകുന്നുവെന്നാണ്‌. ഇതേ പഠനം വെളിവാക്കിയ മറ്റൊരു വസ്തുത, പ്രധാനപ്പെട്ട പാലുത്‌പാദന സംസ്ഥാനങ്ങളെല്ലാം സ്വന്തം ഉപയോഗത്തിനും കൃഷിആവശ്യത്തിനുമായി കറവമാടുകളെ വളർത്തുമ്പോൾ കേരളത്തിലെ 86 ശതമാനം കർഷകരും ഉപജീവനത്തിനു വേണ്ടിയാണ്‌ കറവമാടുകളെ പരിപാലിക്കുന്നത്‌ എന്നതാണ്‌. അതിനാൽ, ഒരു പരിധിക്കപ്പുറം നഷ്ടംസഹിച്ച്‌ കേരളത്തിലെ കർഷകർ ക്ഷീരോത്‌പാദനം തുടരില്ല.

ഇന്ത്യയിൽ പാൽ ഉത്‌പാദനം വർഷംതോറും ആറുശതമാനം വർധിക്കുമ്പോൾ കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിൽ പാൽ ഉത്‌പാദനം കുറഞ്ഞുവരുകയാണ്‌. 2014-ൽ 27 ലക്ഷം മെട്രിക്‌ ടൺ പാൽ ഉത്പാദിപ്പിച്ച കേരളത്തിൽ 2019-ൽ 25 ലക്ഷം മെട്രിക്‌ ടൺ ആയി കുറഞ്ഞു. കേരളത്തിന്റെ പ്രതിദിന ആളോഹരി പാലുത്‌പാദനം 203 ഗ്രാമിൽനിന്ന്‌ 189 ഗ്രാമായി. അതായത്‌, പ്രതിദിന ആളോഹരി പാലുത്‌പാദനത്തിൽ ദേശീയ ശരാശരിയുടെ പകുതിയോളമേ കേരളം ഉത്‌പാദിപ്പിക്കുന്നുള്ളൂ. സംസ്ഥാനത്തിന്‌ ഒരുവർഷം ആവശ്യമുള്ള പാലിന്റെ (34 ലക്ഷം മെട്രിക്‌ ടൺ) 25 ശതമാനത്തിൽ കൂടുതൽ ഇപ്പോൾത്തന്നെ അയൽ സംസ്ഥാനങ്ങളിൽനിന്നു പാലായോ പാൽപ്പൊടിയായോ വാങ്ങുകയാണ്‌. എന്നാൽ, ഇന്ത്യയിലെ പ്രധാനപ്പെട്ട പാൽ ഉത്പാദന സംസ്ഥാനങ്ങളെ അപേക്ഷിച്ചുനോക്കുമ്പോൾ കേരളത്തിന്‌ അനുകൂലമായ പല ഘടകങ്ങളുമുണ്ട്‌. ഒന്ന്‌: ഇവിടത്തെ പശുക്കളുടെ ഉയർന്ന ഉത്‌പാദനക്ഷമത. കേരളത്തിലെ പശുക്കൾ ശരാശരി ഒരുദിവസം 10.17 കിലോഗ്രാം പാൽ നൽകുമ്പോൾ ദേശീയ ശരാശരി 7.95 കിലോഗ്രാം ആണ്‌. രണ്ട്‌: കേരളത്തിലെ കറവമാടുകളിൽ 94 ശതമാനവും ഉയർന്ന ഉത്‌പാദനക്ഷമതയുള്ള സങ്കരയിനം പശുക്കളാണ്‌. മൂന്ന്‌: പഞ്ചാബ്‌, രാജസ്ഥാൻ, ഉത്തർപ്രദേശ്‌ തുടങ്ങിയ പ്രധാന പാലുത്‌പാദന സംസ്ഥാനങ്ങളെപ്പോലെ അതികഠിനമായ ചൂടോ തണുപ്പോ കേരളത്തിലില്ല. ഇവയെല്ലാം കറവമാടുകളുടെ ഉത്‌പാദനക്ഷമതയെ സ്വാധീനിക്കുന്ന കേരളത്തിന്‌ അനുകൂലമായ ഘടകങ്ങളാണ്‌.

ക്ഷീരോത്പാദകരോടുള്ള അവഗണനയാണ്‌ കേരളത്തിൽ നടക്കുന്നത്‌. സംസ്ഥാനത്തെ 3643 ക്ഷീരോത്‌പാദക സഹകരണസംഘങ്ങളിലെല്ലാംകൂടി നാലുലക്ഷത്തോളം ക്ഷീരകർഷകർ അംഗങ്ങളായുണ്ട്‌. ഈ സംഘങ്ങൾ എല്ലാംചേർന്ന്‌ കേരളത്തിൽ ഉത്‌പാദിപ്പിക്കുന്ന പാലിന്റെ വെറും 23 ശതമാനം (5.75 മെട്രിക്‌ ടൺ) മാത്രമേ വാങ്ങുന്നുള്ളൂ. ക്ഷീരസംഘങ്ങൾ കർഷകരിൽനിന്നു പാൽ സംഭരിച്ച്‌ വിപണിയിൽ വിൽക്കുമ്പോൾ ലഭിക്കുന്നതിന്റെ 40 ശതമാനവും ക്ഷീരസംഘങ്ങൾ സ്വന്തമാക്കുകയാണ്‌.

ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിൽ പാലുത്പാദനം വർഷത്തിൽ ആറു ശതമാനത്തിലധികം വർധന രേഖപ്പെടുത്തുമ്പോൾ കേരളത്തിൽ അത് കുറയാൻ കാരണമെന്ത്‌? സാധാരണ പറയാറുള്ള കൂലികൂടുതൽ, തൊഴിലാളികളുടെ ദൗർലഭ്യം എന്നീ കാരണങ്ങൾക്ക്‌ ഇക്കാര്യത്തിൽ പ്രസക്തി കുറവാണ്‌. കാരണം, ക്ഷീരോത്പാദകരിൽ ഭൂരിഭാഗവും സ്വന്തമായി കാലിവളർത്തുന്നവരാണ്‌. ഇവരിൽ ബഹുഭൂരിപക്ഷവും സ്ത്രീകളുമാണ്‌. ഇതിനുപുറമേ റബ്ബർ, തേങ്ങ മുതലായ കാർഷിക ഉത്പന്നങ്ങളെപ്പോലെ പാലിന്റെ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറില്ല. നേരിയ തോതിലാണെങ്കിലും വില വർധിക്കാറേയുള്ളൂ.

 പദ്ധതിവിഹിതം ചെലവഴിക്കുന്നില്ല
കേരളത്തിലെ മൃഗസംരക്ഷണ വകുപ്പിന്‌ ഓരോ വർഷവും സംസ്ഥാന ബജറ്റിൽ വകയിരുത്തുന്ന തുക വെട്ടിക്കുറയ്ക്കുന്നതോടൊപ്പം അനുവദിച്ചതിന്റെ പകുതിതുക പോലും ചെലവഴിക്കുന്നുമില്ല. മൃഗസംരക്ഷണ വകുപ്പിന്‌ കീഴിലുള്ള ഏഴു ഡിപ്പാർട്ട്‌മെന്റുകൾക്കുമായി 2018-ൽ 335 കോടി രൂപ വകയിരുത്തിയതിൽ ചെലവഴിച്ചത്‌ വെറും 207 കോടി മാത്രം. 2020-ൽ പദ്ധതിവിഹിതം 27 കോടിയായി കുറച്ചപ്പോൾ അതിന്റെ 42 ശതമാനം വരുന്ന 114 കോടിയാണ്‌ മൃഗസംരക്ഷണവകുപ്പ്‌ ചെലവിട്ടത്‌. പദ്ധതിച്ചെലവിലുള്ള വെട്ടിക്കുറവ്‌ ഈ മേഖലയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്‌. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ കേരളത്തിലെ കൃത്രിമ ബീജസങ്കലനം നടത്തുന്ന കേന്ദ്രങ്ങളിൽ 62 എണ്ണം സർക്കാർ അടച്ചു. ഈ കാലഘട്ടത്തിൽ കന്നുകാലികൾക്ക്‌ കൃത്രിമ ബീജസങ്കലനം നടത്തിയതിന്റെ എണ്ണത്തിൽ 67,000-ത്തിന്റെ കുറവാണുണ്ടായത്‌. കറവമാടുകളുടെ ഉത്‌പാദനക്ഷമതയിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണ്‌ കൃത്രിമ ബീജസങ്കലനം. സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫീഡ്സിൽ കാലിത്തീറ്റ ഉത്പാദനത്തിൽ 56,000 ടണ്ണിന്റെ കുറവുണ്ടായി. 2015-ൽ ഒരുലിറ്റർ പാൽ കൊടുത്താൽ ഒന്നേകാൽ കിലോഗ്രാം കാലിത്തീറ്റ വാങ്ങാമായിരുന്നെങ്കിൽ 2020-ൽ ഒന്നരലിറ്റർ പാൽ കൊടുത്താലേ ഒരുകിലോ കാലിത്തീറ്റ വാങ്ങാനാകൂ. വൈക്കോൽ, തീറ്റപ്പുല്ല്‌, കാലിത്തീറ്റ, മരുന്നുകൾ തുടങ്ങിയവയുടെ വില പാലിന്റെ വിലയെക്കാൾ വേഗത്തിൽ വർധിക്കുകയും അതിനനുസരിച്ച്‌ പാൽവിലയിൽ വർധന ഉണ്ടാകാത്തതുതാണ്‌ ക്ഷീരോത്‌പാദനം നഷ്ടത്തിലാക്കിയത്‌. 2017-ൽ മിൽമ പാലിന്റെ വില പുതുക്കിയശേഷം 2019-ലാണ്‌ വീണ്ടും പുതുക്കുന്നത്‌. അതിനുശേഷം ഇതുവരെ വില പുതുക്കിയിട്ടില്ല. എന്നാൽ പുല്ല്‌, വൈക്കോൽ, തീറ്റ, മരുന്നുകൾ എന്നിവയുടെ വില ദിനംപ്രതി കൂടുകയാണ്‌. ഇതിന്റെ ഫലമായി എന്താണ്‌ സംഭവിച്ചത്‌? ഉത്‌പാദനക്ഷമത കൂടിയ പശുക്കൾ 2013-ൽ എട്ടുലക്ഷം ഉണ്ടായിരുന്നത്‌ 2019-ൽ ആറരലക്ഷം ആയി കുറഞ്ഞു. എരുമകളുടെ എണ്ണത്തിലും കുറവുണ്ടായി. ഇത്‌ നൽകുന്നത്‌ കേരളത്തിന്റെ ക്ഷീരോത്‌പാദന രംഗം എങ്ങോട്ടുപോകുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്‌.

ജയ്‌പുരിലെ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെവലപ്മെന്റ്‌ സ്റ്റഡീസിന്റെ ഡയറക്ടറാണ്‌ ലേഖകൻ