''നെന്മണി വിത്ത് എടുത്ത് നമ്മ
ഭൂമിയില്‍ തന്നെ വിതറിയല്ലോ''

ഉറക്കെപാടുകയാണ് ജൈവകര്‍ഷകനായ ചെറുവയല്‍ രാമന്‍ എന്ന രാമേട്ടന്‍. പ്രകൃതിയെ നിഷ്‌കളങ്കമായി സ്നേഹിക്കുകയും പരിപാലിക്കുകയും വിശ്വസിക്കുകയും പ്രത്യാശയര്‍പ്പിക്കുകയും ചെയ്യുന്ന ഒരതുല്യപ്രതിഭയാണ് വയനാട്ടിലെ കുറിച്യ ആദിവാസി സമുദായത്തിലെ രാമേട്ടന്‍. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും പ്രശസ്തി പത്രങ്ങളും പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുള്ള അദ്ദേഹം ബ്രസീല്‍, യു.എ.ഇ. തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ കൃഷി രീതികളെക്കുറിച്ച് പഠനക്ലാസ്സുകള്‍ക്കായി സഞ്ചരിച്ചിട്ടുണ്ട്. പതിനെട്ടാമത്തെ വയസില്‍ കണ്ണൂരില്‍ജോലി ലഭിച്ചെങ്കിലും അമ്മാവന്റെ നിര്‍ബന്ധത്തിന് വഴങ്ങി അത് വേണ്ടെന്ന് വച്ചു. ക്രമേണ കൃഷി രാമേട്ടന്റെ ജീവിതശൈലിയായി മാറി. ഇന്ന് ആകെ 4 ഏക്കര്‍ പാടശേഖരമുണ്ട്. അതില്‍ 1.5 ഏക്കര്‍ പാടശേഖരം പരമ്പരാഗത നെല്‍വിത്തുകള്‍ സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമാണ് മാറ്റിവച്ചിട്ടുള്ളത്. വംശനാശം നേരിടുന്ന കയമ, ഗന്ധകശാല, ചെന്തൊണ്ടി തുടങ്ങിയ 50 ല്‍പ്പരം നാടന്‍ നെല്‍വിത്തുകളുടെ അമൂല്യശേഖരമാണ് ഇന്ന് അദ്ദേഹത്തിന്റെ പക്കലുള്ളത്.

1989 മുതല്‍ ജൈവകൃഷി ചെയ്യുന്ന രാമേട്ടന്റ അഭിപ്രായത്തില്‍ ഹരിതവിപ്ലവത്തിന്റെ ഫലമായി ഉണ്ടായിട്ടുള്ള ജനിതകമാറ്റം സംഭവിച്ച വിത്തുകള്‍ കൃഷി ചെയ്തതുമൂലം നമ്മുടെ നാടന്‍വിത്തുകള്‍ നഷ്ടപ്പെട്ടു. ഈ നാടന്‍ വിത്തുകള്‍ക്ക് കുറച്ച് വളം മാത്രം മതി എന്നതുകൊണ്ടും രോഗ്രപതിരോധശേഷി ഉള്ളതിനാലും പരിപാലിക്കാന്‍ എളുപ്പമാണ്. പണ്ടുകാലത്ത് വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളില്‍ എല്ലാം 'പൊക്കാളി' എന്ന വിത്തും ചില മുണ്ടകന്‍ വിത്തും യഥേഷ്ടം കൃഷി ചെയ്തിരുന്നു.  ഉദാഹരണത്തിന് 2 മീറ്ററോളം പൊക്കമുള്ള വെളിയന്‍, ചെന്തൊണ്ടി, മുണ്ടകന്‍, ചെമ്പാവ്, പോക്കുവെളിയന്‍ എന്നീ നെല്ലുകളാണ് വയനാട്ടില്‍ വെള്ളപ്പൊക്കമുള്ള പാടശേഖരങ്ങളില്‍ കൃഷി ചെയ്തിരുന്നത്. മലബാറിലാകട്ടെ പെരുവാഴ, വെള്ളപ്പെരുവാഴ, കുരിക്കണ്ണി, ഇട്ടിക്കണ്ടപ്പന്‍ തുടങ്ങിയ വിത്തുകള്‍ ഉപയോഗിച്ചിരുന്നു.

വയനാട്ടിലെ കാര്യം എടുത്തു പറയുകയാണെങ്കില്‍ സുഗന്ധ നെല്ലുകളായ 5 മുതല്‍ 6 മാസം വരെ മൂപ്പുള്ള ഗന്ധകശാല, ജീരകശാല, മുള്ളന്‍ക്കയമ, വെളിയന്‍, തൊണ്ടി തുടങ്ങിയ വിത്തുകളാണ് അനുയോജ്യം. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ അവിടുത്തെ ഭൂപ്രകൃതിക്ക് ചേരുന്ന തരത്തിലുള്ള വിത്തുകളാണ് കൃഷി ചെയ്തിരുന്നത്. മണ്ണ് കൂടുതല്‍ ലഭിക്കുന്ന കൃഷി സ്ഥലങ്ങളില്‍ ഹരിതവിപ്ലവത്തിന്റെ ഫലമായി സങ്കരയിനം വിത്തുകള്‍ വന്നതിനുശേഷം നെല്ല് പതിരാകാന്‍ തുടങ്ങി. വേണ്ട രീതിയില്‍ പരാഗണം നടക്കാത്തതിനാല്‍ മഞ്ഞിനെ താങ്ങാന്‍ പുതിയ വിത്തുകള്‍ക്കായില്ല. ഇവിടെയാണ് നാടന്‍ വിത്തുകളുടെ പ്രസക്തി. വെള്ളച്ചുട്ടി, മോഡല്‍ മുള്ളന്‍, പുല്ലുവടക്കന്‍, കുരിക്കണ്ണി, ജീരകചെമ്പാവ് തുടങ്ങിയ വിത്തുകള്‍ വെളിച്ചം വീഴുന്നത് വരെ ഉമിയുടെ തോട് തുറക്കാത്തതിനാല്‍ പരാഗണ സ്ഥലത്ത് മഞ്ഞുവെള്ളം വീഴുകയില്ല. എന്നാല്‍ സങ്കരയിനം വിത്തുകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതോടെ നാടന്‍ വിത്തുകള്‍ നഷ്ടമായി. ഇപ്രകാരം കരപാടങ്ങളില്‍ കൃഷി ചെയ്തിരുന്ന വിവിധയിനം കരനെല്‍വിത്തുകളും അപ്രത്യക്ഷമായി. 

പാലക്കാട് ജില്ലയിലെ വരണ്ട കാലാവസ്ഥയില്‍ കരയില്‍ കൃഷി ചെയ്യുന്ന പട്ടമോടനും പറമ്പ് വട്ടനും അരിമോടനും ചെമ്പാവുമൊക്കെ നഷ്ടപ്പെട്ടത് കാരണം അവിടുത്തെ കരനെല്‍കൃഷിയെ സാരമായി ബാധിച്ചു. സങ്കരയിനം വിത്തുകള്‍ ചുരുങ്ങിയ സമയം കൊണ്ട് വിളവ് എടുക്കുന്നതിനാല്‍ ഗുണമേന്മ യുടെ കാര്യത്തിലും വളരെയധികം പിന്നിലാണെന്നാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍ രാമേട്ടന്‍ സാക്ഷ്യപ്പെടുത്തുന്നത്. ഉദാഹരണത്തിന് ഒരു ചെടി 120 മുതല്‍ 200 ദിവസം വരെ വെയില്‍, വെള്ളം, കാറ്റ്, മിന്നല്‍ എന്നീ പ്രകൃതിയിലെ വിവിധ പ്രതിഭാസങ്ങളില്‍ നില്‍ക്കുമ്പോള്‍ അവ ഉണ്ടാക്കുന്ന ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ഗുണമേന്മയും കൃത്രിമമായി വെള്ളവും വളവും കൊടുത്ത് ചുരുങ്ങിയ കാലംകൊണ്ട് വിളവ് എടുക്കുന്നവയും തമ്മില്‍ വലിയ അന്തരമുണ്ട്. ഇങ്ങനെ ലഭിക്കുന്ന നെല്‍വിത്തുകള്‍ക്ക് ധാരാളം ഓഷധഗുണങ്ങളുണ്ട്. കലര്‍പ്പില്ലാത്ത പ്രകൃതിവിഭവങ്ങള്‍ തന്നെയാണ് രോഗത്തിനുള്ള പ്രതിവിധിയും. ഞവര നെല്ല്, ജീരകചെമ്പാവ്, ഗന്ധകശാല എന്നീ നെല്ലുകള്‍ക്കെല്ലാം ധാരാളം ഓഷധമുല്യമുണ്ട്. തനത് നെല്ലിന് ജീവന്റെ അംശം ധാരാളമായി തന്നെയുണ്ട്. എന്നാല്‍ നെല്ല് കഴുകുകയും പുഴുങ്ങുകയും ചെയ്യുമ്പോള്‍ ഇവ നഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ പുഴുക്കലരിയെക്കാള്‍ എന്തുകൊണ്ടും ആരോഗ്യപ്രദായകമാണ് പച്ചരി. ശരീരവേദന, നീര്‍ക്കെട്ട് തുടങ്ങിയവ മാറാനും പ്രസവാനന്തര ശുശ്രുഷയ്ക്കുമൊക്കെ നെല്ലും പച്ചിലകളും സംയോജിപ്പിച്ച് മരുന്നുകളും ഉണ്ടാക്കാറുമുണ്ട്.

ഇത്തരത്തിലുള്ള നെല്‍വിത്തുകള്‍ പ്രത്യക രീതിയിലാണ് പരിപാലിക്കപ്പെടേണ്ടത്. തനതായി നെല്ലിന് ഒരിടത്തരം വിളവാണ് വേണ്ടത്. 80% മൂപ്പുള്ള വിത്തുകളാണ് ശേഖരിക്കേണ്ടത്. ചാണകം മെഴുകിയ മണ്‍തറയില്‍ ഇവ ശേഖരിച്ച് 8 തൊട്ട് 10 ദിവസം വരെ വെയിലും മഞ്ഞും കാറ്റും ഒക്കെ കൊള്ളിച്ച് ഉണക്കി മുളകൊണ്ടോ, ഈറ്റകൊണ്ടോ ഉണ്ടാക്കിയ വട്ടിയില്‍ നിലം തൊടാതെ രണ്ടടി പൊക്കത്തില്‍ സൂക്ഷിക്കുന്നു.

വയനാട്ടില്‍ സാധാരണയായി മഞ്ചകൃഷി, പുഞ്ചകൃഷി എന്നിങ്ങനെ രണ്ട് തരത്തിലുള്ള നെല്‍കൃഷി രീതികളാണ് കാണപ്പെടുന്നതെങ്കില്‍ കേരളത്തിലെ മറ്റ് പ്രദേശങ്ങളില്‍ വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നിങ്ങനെ മുന്നു തരത്തിലുള്ള കൃഷിരീതികളുണ്ട്. പണ്ടുകാലത്ത് വയനാട്ടില്‍ ആറ് തരം മഴയാണ് ലഭിച്ചിരുന്നത്. കുംഭമഴ, മീന-മേട മാസത്തിലെ വിഷുമഴ, ഇടവപ്പാതി, മിഥുനം-കര്‍ക്കിടക മാസത്തില്‍ തിരുവാതിര ഞാറ്റുവേലയിലെ അതിവര്‍ഷം, ചിങ്ങത്തിലെ പൊടിഞ്ഞ മഴ, തുലാവര്‍ഷം എന്നിങ്ങനെ വിവിധധതരം മഴയാല്‍ കൃഷി സമ്പന്നമായിരുന്നു. ഇത് കൂടാതെ നാലുതരം കാറ്റും ലഭിച്ചിരുന്നു. തെക്കന്‍കാറ്റ്, വടക്കന്‍കാറ്റ്, പടിഞ്ഞാറന്‍ കാറ്റ്, കിഴക്കന്‍കാറ്റ് എന്നിങ്ങനെ കാറ്റിനേയും മഴയേയും ആശ്രയിച്ചാണ് കൃഷി പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ കാലാവസ്ഥാ മാറ്റം വന്നതിനാല്‍ മഴയുടെ താളം തെറ്റി അങ്ങനെ കൃഷിയുടെ താളവും തെറ്റി. ഇപ്പോള്‍ കര്‍ക്കിടകം-ചിങ്ങം മാസത്തിലുള്ള മഴയെ ആശ്രയിച്ചിട്ടുള്ള മഞ്ചകൃഷിയാണ് പ്രധാനമായിട്ടുള്ളത്. ധനു-മകര മാസത്തിലെ പുഞ്ചകൃഷിയാണ് രണ്ടാമത്തെ കൃഷി. ഏത് കൃഷി രീതി ആയാലും ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഘടകം മണ്ണാണ്. മണ്ണിലെ വെള്ളത്തിന്റെ അംശം, ജൈവവൈവിധ്യം, ഘടന, രാസവസ്തുക്കള്‍ ഇല്ലാതിരിക്കുക എന്നീ കാര്യങ്ങള്‍ കൃഷിയെ വളരെയധികം സ്വാധീനിക്കുന്നു.

ഇന്ത്യയ്ക്കകത്തും പുറത്തും സര്‍വ്വകലാശാലകളില്‍ ധാരാളം പ്രഭാഷണങ്ങളും പഠനക്ലാസുകളും അവതരിപ്പിക്കാന്‍ പോയിട്ടുണ്ടെങ്കിലും രാമേട്ടന് സര്‍ക്കാരില്‍ നിന്നോ മറ്റ് സ്ഥാപനങ്ങളില്‍ നിന്നോ യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ല. പലപ്പോഴും കൃഷി ചെയ്ത് കടബാധ്യത പോലും ഉണ്ടായിട്ടുണ്ട്. എത്ര തന്നെ ബുദ്ധിമുട്ടുണ്ടെങ്കിലും രാമേട്ടന്‍ ജൈവ കൃഷിരീതിയില്‍ നിന്നും പിന്തിരിഞ്ഞിട്ടില്ല. എന്നാല്‍ അദ്ദേഹത്തെ നിരാശപ്പെടുത്തുന്നത് കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നുപോലും അഞ്ഞൂറില്‍പരം പഴക്കമുള്ള നെല്‍വിത്തുകള്‍ സംരക്ഷി 
ക്കുന്നതിനായി യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല എന്നതാണ്.


കാര്‍ഷിക മേഖല പ്രധാനമായും നേരിടുന്നത് കാലാവസ്ഥാ വൃതിയാനം, തൊഴിലാളി ക്ഷാമം, ഭക്ഷ്യവിഭവങ്ങളുടെ സ്ഥിരവിലയില്ലായ്മ എന്നിവയാണ്. 1980ന് ശേഷം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി പ്രാണവായു, ജൈവവള ലഭ്യത, ജൈവവൈവിധ്യം എന്നിവയെ സാരമായി ബാധിച്ചിരിക്കുന്നു, തല്‍ഫലമായി അക്ഷരാര്‍ത്ഥത്തില്‍ പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ ഭക്ഷ്യ ഉത്പാദനക്കുറവ് ഉണ്ടായിട്ടുണ്ട്. വികസനത്തിന്റെ പേരില്‍ കുന്നും മലകളും ഉന്മൂലനം ചെയ്യപ്പെട്ടപ്പോള്‍ തകര്‍ന്നടിഞ്ഞത് നമ്മുടെ ഈ കാലാവസ്ഥ തന്നെയാണ്. ഇന്ന് നാം കാണുന്ന കേരളം പണ്ടുണ്ടായിരുന്ന ഭൂപ്രകൃതിയുടെ അസ്ഥിപജ്ഞരംമാത്രമാണ്. ശുദ്ധജലക്കുറവും വളക്കൂറുള്ള മണ്ണിന്റെ വന്‍നഷ്ടവും കേരളത്തിലെ കൃഷിയെ വലിയ തോതില്‍ തന്നെ ബാധിച്ചിരിക്കുന്നു. ഇന്ന് കേരളത്തിലെ പാടശേഖരങ്ങളില്‍ ഒട്ടുമുക്കാലും അന്യസംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്. മുണ്ടുമുറുക്കി നെല്‍പ്പാടങ്ങളില്‍ പണിചെയ്യാന്‍ സന്നിഹിതരാകുന്ന മലയാളികള്‍ പൊതുവേ കുറവാണ്. ദിവസക്കൂലി വേതനം തന്നെ ഏതാണ്ട് 800 രൂപയില്‍ അധികമാണ് ഇന്നിവിടെ. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ക്ക് യഥാവിധി നല്ല വിലനിലവാരം നിശ്ചയിക്കപ്പെടാത്തത് അവനെ ചൂഷണത്തിന് ഇരയാക്കി. അവന്‍ ഉണ്ടാക്കുന്ന ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്ന വിപണി കണ്ടെത്തുക എന്നത് ഏറെ ക്ലേശകരമായ കാര്യമാണ്. സാധനങ്ങളുടെ വിലയ്ക്ക് അനുസൃതമായ വില വര്‍ദ്ധനവ് കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് ഉണ്ടാകുന്നില്ല.

കര്‍ഷകന്‍ ഒരിക്കലും പുരോഗതി വന്നിട്ടില്ല എന്നാണ് തുമ്പയും മണ്ണും ആത്മമിത്രങ്ങളാക്കിയ വിത്തുമനുഷ്യനായ രാമേട്ടന്‍ അഭിപ്രായപ്പെടുന്നത്. കാര്‍ഷിക മേഖലയില്‍ പണിയായുധങ്ങളുമായി ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം അപകടങ്ങള്‍ സംഭവിക്കാറുണ്ടെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന യാതൊരുവിധ ആനുകൂല്യങ്ങളോ പരിരക്ഷയോ ലഭിക്കുന്നില്ല. കുറച്ച് വളമോ, വിത്തോ ലഭിച്ചതുകൊണ്ട് മാത്രം കാര്യമില്ല. കൃഷിക്കാരന്റെ കുടുംബത്തിന് മുഴുവന്‍ സര്‍ക്കാരിന്റെ പരിരക്ഷ ലഭിക്കണം. ഇപ്പോള്‍ ഒരു ഹെക്ടറിന് 2000 രൂപമാത്രമാണ് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ധനസഹായം, അത് പര്യാപ്തമാകുന്നില്ല. താങ്ങുവില നിശ്ചയിക്കുന്നത് തന്നെ അശാസ്ത്രീയമായിട്ടാണ്. കാര്‍ഷിക ഉത്പന്നങ്ങള്‍ എടുക്കുന്ന പൊതു ഏജന്‍സികള്‍ പോലും ഉത്പന്നത്തിന്റെ വില യഥാസമയം കര്‍ഷകന്‍ കൊടുക്കുന്നതുമില്ല. കൃഷിയെന്നത് മനുഷ്യന്റെ ജീവിതമാണ്. വിശപ്പിന്റെ വിളിക്ക് അന്നം കൊടുക്കുന്ന കര്‍ഷകന്‍ വേണ്ട്രത പരിഗണന ലഭിക്കുന്നില്ല. പൊതുവേ കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്ന ബഹു ഭൂരിപക്ഷം പേര്‍ക്കും വിദ്യാ ഭ്യാസയോഗ്യത താരതമ്യേന കുറവാണ്. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ വിവിധ കാര്‍ഷിക പദ്ധതികളെ കുറിച്ച് പൊതുവേ അവര്‍ അജ്ഞരാണ്. കേരള മാതൃക എല്ലായിടത്തും ചര്‍ച്ച ചെയുപ്പെടുമ്പോളും കര്‍ഷകര്‍ തിരസ്‌ക്കരിക്കപ്പെടുന്നു. ഒരു കര്‍ഷകന്‍ അവന്റെ മകളെ വിവാഹം കഴിച്ച് കൊടുക്കണമെങ്കില്‍പോലും തന്റെ കൃഷിപ്പാടം പണയം വയ്‌ക്കേണ്ട ഗതിയാണ് ഇന്നുള്ളത്.

ഇന്ത്യയില്‍ ഇന്നു നടക്കുന്ന കാര്‍ഷിക സമരത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയെ ഉദ്ധരിക്കാനായി ധാരാളം ആശയങ്ങളാണ് രാമേട്ടന് പങ്കുവയ്ക്കാനുള്ളത്. സര്‍ക്കാരിന്റേയും ജനങ്ങളുടേയും സമൂഹത്തിന്റേയും ഭാഗത്തുനിന്നുള്ള കൂട്ടായ പരിശ്രമം ഇതിന് വേണം. വിത്തു സംരക്ഷണം, വിള വൈവിധ്യം, മണ്ണിന്റെ പോഷക ചാക്രികത എന്നിവ നിലനിര്‍ത്താനുള്ള വിധം ഓരോ കര്‍ഷകരേയും പഠിപ്പിക്കുക എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഒരു തവണ നല്‍കുന്ന വിത്ത് ഉപയോഗിച്ച് അതില്‍ നിന്നു തന്നെ മിച്ചം വച്ച് അടുത്ത വര്‍ഷത്തേക്കുള്ള വിത്തിനായി മാറ്റിവയ്ക്കാന്‍ അവരെ പരിശീലിപ്പിക്കണം. ഇങ്ങനെ വിത്തിനായി അന്യസ്ഥലങ്ങളെ ആശ്രയിക്കുന്ന രീതി ഇല്ലാതായാല്‍ തന്നെ കര്‍ഷകന് സ്വയം പര്യാപ്തതയുടെ ഒന്നാം പടി ചവിട്ടിയെന്ന് അവകാശപ്പെടാന്‍ കഴിയും. വിത്ത്, വിളപരിപാലനത്തിനാവശ്യമായ ജൈവവളം തുടങ്ങിയവ പ്രാദേശികമായി തന്നെ തയ്യാറാക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കണം. ഇതിനായി സര്‍ക്കാരിന്റെ ധനസഹായം ലഭ്യമാക്കണം. കര്‍ഷകനും അവന്റെ കുടുംബത്തിനും പാടത്തുപയോഗിക്കുന്ന മോട്ടോറുകള്‍ ഉള്‍പ്പടെയുള്ള മെഷീനുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടണം. ആവശ്യമായ നാടന്‍ കന്നുകാലികളെ വാങ്ങാനും വളര്‍ത്താനുമുള്ള സാമ്പത്തിക സ്രോതസ്സ് സര്‍ക്കാര്‍ അവര്‍ക്ക് നല്‍കണം. നെല്ല് ഉള്‍പ്പടെയുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്ന വിപണി കണ്ടെത്തുക എന്നത് വലിയൊരു പ്രശ്‌നമാണ്. ഇതിനായി പ്രാദേശികമായി തന്നെ സംഭരണ കേന്ദ്രങ്ങളും വിതരണ ക്രേന്ദങ്ങളും ഉണ്ടായിരിക്കണം. ഇങ്ങനെയൊക്കെ ചെയ്താല്‍ കാര്‍ഷികമേഖലയെ നമുക്ക് ഉദ്ധരിക്കാം. 

രാമേട്ടന്റെ അഭിപ്രായത്തില്‍ രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് യുവതലമുറയ്ക്ക് വഹിക്കാനുള്ള പങ്ക് വളരെ വലുതാണ്. ഭക്ഷ്യസുരക്ഷയ്ക്കും രാജ്യസുരക്ഷയ്ക്കു വേണ്ടിയെങ്കിലും പ്രകൃതിയെ സംരക്ഷിക്കണം. നല്ലവായു, നല്ലവെള്ളം, നല്ലമണ്ണ് ഉറപ്പാക്കണം. കൂടുതല്‍ യുവാക്കള്‍ പരമ്പരാഗത കൃഷിയിലേക്ക് ഇറങ്ങണം. അന്തരീക്ഷ മലിനീകരണമാണ് ഇന്ന് കാണുന്ന എല്ലാ രോഗങ്ങള്‍ക്കും പ്രധാനകാരണം. അതുകൊണ്ട് തന്നെ ശുദ്ധമായ വായുവും ജലവും നല്‍കുന്ന പ്രകൃതിയെ സംരക്ഷിക്കേണ്ടത് മാനവരാശിയുടെ തന്നെ നിലനില്‍പ്പിനായാണ്. വരുംതലമുറയുടെ ഒരു വലിയ ഉത്തരവാദിത്വമാണ് നെല്‍വയലുകള്‍, കാടുകള്‍, കാവുകള്‍ ഇവയെല്ലാം സംരക്ഷിക്കേണ്ടത്.

(ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബോട്ടണി കെ.എസ്.എം.ഡി.ബി. കോളേജ്, ശാസ്താംകോട്ട )

Content Highlights: Cheruvayal Raman the Guardian of Indigenous Paddy Seeds