ജോർജ് ഓർവെൽ ‘1984’ എന്ന പ്രസിദ്ധകൃതിയിൽ ഉപയോഗിച്ച ഒരു പ്രയോഗമായിരുന്നു ഇരട്ടസംസാരം അഥവാ ഡബിൾ സ്പീക്ക്. ഒന്നുപറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുക എന്നതായിരുന്നു ആ പ്രയോഗത്തിന്റെ കാതൽ. കർഷകക്കൂട്ടായ്മകളെ വളർത്തിയെടുക്കുന്നതിനായി ഏജൻസികളെ തിരഞ്ഞെടുക്കുന്നതിന്‌ സംസ്ഥാനസർക്കാർ ആഗോള ടെൻഡർ വിളിച്ചിരിക്കുന്നുവെന്ന വാർത്ത കേട്ടപ്പോൾ അതോർമവന്നു. കേന്ദ്ര കാർഷികനിയമങ്ങൾ ബഹുരാഷ്ട്ര വാണിജ്യകുത്തകകളുടെ കടന്നുകയറ്റത്തിനായിരിക്കും വഴിവെക്കുകയെന്നും അവ നഖശിഖാന്തം എതിർക്കപ്പെടേണ്ടവയാണെന്നും പറയുന്ന രാഷ്ട്രീയപ്പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനത്ത് ഒരു സർക്കാർസ്ഥാപനം ആഗോളടെൻഡർ  ക്ഷണിക്കുമ്പോൾ ഓർവെലിനെ ഓർത്തുപോവുകയെന്നത് ആകസ്മികംമാത്രം.

ടെൻഡറിന്റെ ഉദ്ദേശ്യശുദ്ധി
കർഷകരെ കർഷകോത്പാദകസംഘങ്ങളുടെ കീഴിൽ കൊണ്ടുവന്ന്‌ കൃഷി പ്രോത്സാഹിപ്പിക്കണമെന്നുള്ളത് കേന്ദ്രസർക്കാർപദ്ധതിയായ ദേശീയ കൃഷിവികസനപദ്ധതി 2019-‘20ന്റെ ഭാഗമാണ്. പക്ഷേ, അതിനുവേണ്ടി ആഗോള ഉപദേശകസംഘങ്ങളെ ആവശ്യമുണ്ടോയെന്ന്‌ തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.  കൃഷിവിദഗ്ധർക്ക്‌ വലിയ ക്ഷാമമില്ലാത്ത കേരളത്തിൽ എന്തിനുവേണ്ടിയാണ് ഇത്തരമൊരു ടെൻഡർ എന്നതാണ് ഇതിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണർത്തുന്നത്.

കേരളത്തിലെ കാർഷികവളർച്ചയ്ക്ക് ആക്കംകൂട്ടണമെന്നോ വിപണനസൗകര്യങ്ങൾ വർധിപ്പിക്കണമെന്നോ ഉള്ള കാര്യങ്ങളിൽ ആർക്കുംതന്നെ വിയോജിപ്പുണ്ടാകുമെന്ന്‌ തോന്നുന്നില്ല. എന്നാൽ, ഇതിനുസമാനമായുള്ള ഒരു സാഹചര്യത്തിലായിരുന്നു വൻകിട ബഹുരാഷ്ട്രകുത്തകകൾക്ക്‌ കാർഷികമേഖലയിൽ പ്രവർത്തിക്കാനുള്ള അനുമതി 1980-കളുടെ ഒടുവിൽ പഞ്ചാബ് നൽകിയത്. വിള വൈവിധ്യവത്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു പെപ്‌സിക്കും തുടർന്ന് മറ്റു ബഹുരാഷ്ട്രകുത്തകകൾക്കും പഞ്ചാബിൽ പ്രവർത്തനാനുമതി ലഭിച്ചത്. തുടക്കത്തിൽ മുളകിലും തക്കാളിയിലും പ്രവർത്തനം കേന്ദ്രീകരിച്ച പെപ്‌സി ക്രമേണ ഉരുളക്കിഴങ്ങിലേക്കും ബസുമതി അരിയിലേക്കും വെളുത്തുള്ളിയിലേക്കും തിരിഞ്ഞു. തുടർന്നുവന്നവരും പരമ്പരാഗതവിളകൾക്കുപകരം, അന്നുവരെ പഞ്ചാബിലെ കർഷന് പരിചിതമല്ലാതിരുന്ന വാണിജ്യവിളകളിലേക്കാണ് തിരിഞ്ഞത്.
എന്നാൽ, പഞ്ചാബിലുണ്ടായ മാറ്റം കേരളത്തിൽ ഇന്ന് വിഭാവനംചെയ്യുന്നതിൽനിന്ന് ഒരു കാര്യത്തിൽ വ്യത്യസ്തമായിരുന്നു. പഞ്ചാബിൽ നിലവിൽവന്നത് കരാർ കൃഷിയായിരുന്നു. കരാറുകളാകട്ടെ, ഉപദേശനിർദേശങ്ങളും വിത്ത്, വളം, കീടനാശിനികൾ തുടങ്ങിയ ഉത്പാദനോപാധികളും കർഷകർക്ക് നൽകുന്നതിനുംകൂടി ഉള്ളതായിരുന്നു. എന്നാൽ, ഈ സ്ഥാപനങ്ങളുടെ ഉപദേശത്തിന്റെയും കാർഷികപ്രവർത്തനങ്ങളിലെ ഇടപെടലുകളുടെയും ഫലം നിരാശാജനകമായിരുന്നു. മണ്ണിനുചേരാത്ത കൃഷി, അമിത ജലചൂഷണം, പരിസ്ഥിതിനാശം എന്നിവ അവയിൽ ചിലതുമാത്രമായിരുന്നു.

ആശങ്കകൾ
കേരളത്തിൽ കരാർകൃഷിക്കല്ല അനുമതി നൽകുന്നത് എന്നത് ശ്രദ്ധേയമാണ്. പക്ഷേ, വിത്ത്, വളം, യന്ത്രസാമഗ്രികൾ, ഉത്പാദനം, വിപണനം എന്നിവയിൽ ഉപദേശം നൽകുന്നത് തിരഞ്ഞെടുക്കപ്പെടുന്ന ഏജൻസികളായിരിക്കും. ഓരോ സോണിലും ഉത്പാദിപ്പിക്കാനുദ്ദേശിക്കുന്ന വിളകളുടെ പട്ടികയും ഓരോ കർഷകക്കൂട്ടായ്മയുടെ കീഴിലും ഉത്പാദിപ്പിക്കേണ്ട ഉത്‌പന്നത്തിന്റെ പട്ടികയും ദർഘാസ് പരസ്യത്തോടൊപ്പം നൽകിയിട്ടുണ്ടെന്നത് ശരിതന്നെ. എന്നിരിക്കിലും, ഇവിടെ ഉപയോഗത്തിൽ കൊണ്ടുവരേണ്ട വിത്തുകൾ ഏതിനമായിരിക്കണമെന്നും അവ എങ്ങനെ കൃഷിചെയ്യണമെന്നും നിർദേശിക്കുക ഉപദേശക ഏജൻസികളായി രിക്കും. ജി.എം. വിത്തുകളുടെയും അനുബന്ധമായിവന്ന ചർച്ചകളുടെയും പശ്ചാത്തലത്തിൽ ഇത് വളരെ പ്രാധാന്യവും ഒപ്പം ആശങ്കയും ഉണ്ടാക്കുന്നതാണ്.

ഓരോ കർഷകക്കൂട്ടായ്മയിലും ഉത്പാദിപ്പിക്കുന്ന സാധനങ്ങൾ ഒരിടത്ത്‌ കൊണ്ടുവരുകയും അവിടെനിന്ന് വിപണനംചെയ്യുകയും വേണമെന്നാണ് ദർഘാസ് ക്ഷണിച്ചിട്ടുള്ള േസ്മാൾ ഫാർമേഴ്‌സ് അഗ്രിബിസിനസ് കൺസോർഷ്യം പറഞ്ഞിട്ടുള്ളത്. ഇവിടെനിന്ന്‌ അവ വിപണനംചെയ്യുന്നതിനുള്ള സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന്റെയും അവരുമായി വില ഉറപ്പിക്കുന്നതിന്റെയും ഉത്തരവാദിത്വം ഉപദേശക ഏജൻസികൾക്കായിരിക്കും. ഇവിടെ ലക്ഷ്യമിടുന്നതാകട്ടെ, ആഗോള വിപണിയും. പല ചരക്കുകളുടെയും കാര്യത്തിൽ ഇത് സംസ്ഥാനത്തിന്റെ ഉത്തമതാത്‌പര്യങ്ങൾക്ക്‌ അനുകൂലമാകാം, പക്ഷേ, പച്ചക്കറി, പഴം എന്നിവയുടെ കാര്യത്തിൽ ഇപ്പോൾത്തന്നെ അയൽസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ആത്മഹത്യാപരമായിരിക്കും.

പക്ഷേ, ഇതിലൊക്കെ ഉപരിയായ ചോദ്യം, ഇത്തരത്തിൽ ഉപദേശകരെ സ്വീകരിച്ചാനയിക്കേണ്ട കാര്യം കേരളത്തിനുണ്ടോയെന്നതാണ്. പറയപ്പെട്ടിട്ടുള്ള കാര്യങ്ങളിലെല്ലാം ഉപദേശനിർദേശങ്ങൾക്ക്‌ നമ്മുടെ കൃഷിവകുപ്പും നിലവിലുള്ള സംവിധാനങ്ങളും പോരെന്നുണ്ടോ? കാർഷികരംഗത്തെവളർച്ചയും കാർഷികോത്‌പന്നങ്ങളുടെ വിപണനവും നമ്മൾ ജനകീയാസൂത്രണസമയത്തും അതിനുശേഷവും അധികാരവികേന്ദ്രീകരണത്തിലൂടെ ലക്ഷ്യമിട്ടവയായിരുന്നില്ലേ? അതോ ആ പ്രക്രിയകളും സംവിധാനങ്ങളും തികഞ്ഞ പരാജയമായിരുന്നെന്ന്‌ നമ്മൾ വ്യംഗ്യമായി സമ്മതിക്കുകയാണോ? ഏതായാലും വാക്കും പ്രവൃത്തിയും തമ്മിലുള്ള ഏകോപനം ഒരു ജനാധിപത്യപ്രക്രിയയിൽ അത്യന്തം പ്രധാനമാണെന്നതിൽ സംശയമില്ല.

കാർഷിക മേഖലയിൽ ബഹുരാഷ്ട്ര കമ്പനികളെ അനുവദിക്കില്ല      
സംസ്ഥാനത്തെ കാർഷികമേഖലയിൽ ബഹുരാഷ്ട്ര കുത്തകക്കമ്പനികളെ അനുവദിക്കുന്ന പ്രശ്നമില്ല.. ഇടതുസർക്കാരിന്റെ നയ ചട്ടക്കൂടിൽ ഒതുങ്ങുന്ന ഇന്ത്യൻ കമ്പനികളുടെ സേവനം മാത്രമേ കർഷക കൂട്ടായ്മ വളർത്തിയെടുക്കാൻ ഉപയോഗപ്പെടുത്തൂ. ആഗോള ടെൻഡറല്ല ക്ഷണിച്ചത്. കേരള സർക്കാരിന്റെ ഇ ടെൻഡർ സംവിധാനത്തിലൂടെ വിളിച്ച ടെൻഡറിൽ ഇന്ത്യൻ കമ്പനികൾക്ക് മാത്രമേ  പങ്കെടുക്കാൻ കഴിയൂ. കേരളത്തിന്റെ ഉത്‌പന്നങ്ങൾ ബ്രാൻഡ് ചെയ്യുക, ഉത്‌പന്നങ്ങൾ ഉണ്ടാക്കുന്ന കർഷകർക്ക് പരമാവധി വില ഉറപ്പാക്കുക എന്നിവയാണ് കൃഷിവകുപ്പിന്റെ ലക്ഷ്യം. മുല്യവർധിത ഉത്‌പന്നങ്ങളിലൂടെ  വ്യവസായികൾ ലാഭം കൊയ്യുന്നതിന് പകരം കർഷകർ‍ക്ക്  പ്രയോജനം കിട്ടാനുള്ള മാർഗമാണ് കൃഷിവകുപ്പ് ആരായുന്നത്. കർഷക പ്രതിനിധികളുടെയും കാർഷിക വിദഗ്ധരുടെയും ശില്പശാലയിൽ ഉയർന്ന നിർദേശമാണിത്. കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾക്കും സംസ്ഥാന കൃഷിവകുപ്പ് നിശ്ചയിച്ച മാനദണ്ഡങ്ങൾക്കും അനുസൃതമായേ കമ്പനികളെ തിരഞ്ഞെടുക്കൂ. ഇക്കാര്യത്തിൽ കർഷകസംഘടനകളുടെ ഏത് സംശയവും ദൂരീകരിക്കാൻ തയ്യാറാണ്‌ .
-വി.എസ്.സുനിൽകുമാർ, കൃഷിമന്ത്രി
(തിരുവനന്തപുരം സർക്കാർ വനിതാകോളേജിലെ സാമ്പത്തികശാസ്ത്രവിഭാഗം മുൻമേധാവിയും സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ മുൻ വിസിറ്റിങ് സ്കോളറുമാണ് ലേഖകൻ)