കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യയുടെ ഭരണവർഗത്തെ താങ്ങുവില ഒരു ഭൂതമെന്നപോലെ വേട്ടയാടുകയാണ്. ഭരണവർഗത്തിലെ വിവിധ വിഭാഗങ്ങൾ-ഭാരതീയ ജനതാ പാർട്ടിയുടെ സഖ്യകക്ഷികൾ, സ്വതന്ത്രവിപണിയുടെ സാമ്പത്തിക പ്രത്യയശാസ്ത്രജ്ഞർ, ചില പാരിസ്ഥിതിക പോരാളികൾ എന്നിവർ -ഈ ഭൂതത്തെ ഉച്ചാടനം ചെയ്യാനും ഇന്ത്യയിലെ കർഷകരുടെ ഉത്‌പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കാനുംവേണ്ടി ഒരു അവിശുദ്ധ കൂട്ടുകെട്ടിൽ ഏർപ്പെട്ടിരിക്കുകയുമാണ്. കാലതാമസം നേരിട്ടെങ്കിലും, നാടകീയമായ രീതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കാർഷിക നിയമങ്ങളുടെ വിഷയത്തിൽ കീഴടങ്ങുന്നതിലൂടെ ദൃശ്യമാകുന്നത്‌ ഗ്രാമീണജനതയുടെ ഒരുതരത്തിലുള്ള ഉയർച്ചയെ ഇന്ത്യൻ ബൂർഷ്വാസി ഭയപ്പെടുന്നുണ്ടെന്നാണ്‌. താങ്ങുവില (എം.എസ്‌.പി.- Minimum support price) ആണ് ഇപ്പോൾ പുതിയ പോർക്കളം. 

പ്രത്യയശാസ്ത്രപരമായ പ്രചാരണങ്ങളിലെന്നപോലെ, താങ്ങുവിലയ്ക്കെതിരായ ആക്രോശങ്ങൾ അജ്ഞതയും മുൻവിധിയും കെട്ടിച്ചമയ്ക്കലുകളും നിറഞ്ഞതാണ്. 

01 കർഷകർ  ഗോൾപോസ്റ്റ് മാറ്റുന്നു?
ആദ്യത്തെ നുണ ഈ ഒരു ആക്ഷേപമാണ്: മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം അംഗീകരിച്ചതോടെ താങ്ങുവിലയുടെ നിയമപരമായ ഗാരന്റി എന്ന ആവശ്യം പുതുതായി കണ്ടുപിടിച്ച് കർഷകർ ഗോൾപോസ്റ്റ് മാറ്റുന്നു എന്നത്. ഇത് അസംബന്ധമാണ്, സംയുക്ത കിസാൻ മോർച്ചയുടെ അറിയപ്പെടുന്നതും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതുമായ നിലപാടിന് വിരുദ്ധവുമാണ്. മൂന്ന് നിയമങ്ങൾ അസാധുവാക്കുക എന്ന ആവശ്യത്തിനൊപ്പംതന്നെ, ഈ സമരത്തിന്റെ ഓരോ ഘട്ടത്തിലും ആദ്യ മെമ്മോറാണ്ടംമുതൽ 11 റൗണ്ട് ചർച്ചകളും കിസാൻ സൻസദും വരെ, താങ്ങുവില എന്നത് യാഥാർഥ്യമാക്കുന്നതിനുള്ള ഡിമാൻഡ് ഞങ്ങളുടെ ആവശ്യങ്ങളുടെ പട്ടികയിൽ പ്രമുഖസ്ഥാനത്തുണ്ട്. 

02 താങ്ങുവില മുന്നേ നിലവിലുണ്ട്
ഈ രണ്ടാമത്തെ നുണ വളരെ പ്രകടവും ലളിതവുമാണ്: താങ്ങുവില ഇതിനകം ലഭ്യമാണ്. അതിനാൽ, നിയമപരമായ ഉറപ്പിനെക്കുറിച്ച് എന്തിനു വിഷമിക്കുന്നു. ഖേദകരമെന്നു പറയട്ടെ, പ്രധാനമന്ത്രിയുടെ ‘എം.എസ്‌.പി. ഥാ, ഹേ ഔർ രഹേഗ’ എന്ന വാചകക്കസർത്ത് ഈ മിഥ്യയ്ക്ക് പുതുജീവൻ നൽകി. എന്നാൽ, താങ്ങുവില നിലനിന്നിരുന്നത് കൂടുതലും കടലാസിലാണ് എന്നതാണ് സത്യം. സർക്കാരിന്റെ സ്വന്തം കണക്കുകൾ കാണിക്കുന്നത് ആറു ശതമാനം കർഷകർക്കു മാത്രമാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത് എന്നാണ്. (ഒരു യഥാർഥ സംഖ്യ ഏകദേശം 15 ശതമാനമാണെന്ന് ഞാൻ കരുതുന്നു). അതുകൊണ്ടാണ് വർഷങ്ങളായി കർഷകരും പ്രസ്ഥാനങ്ങളും ഇതുമായി ബന്ധപ്പെട്ട് മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ചത്.

താങ്ങുവിലയുടെ ആവശ്യകതയുടെ മൂന്ന് ഘടകങ്ങളെന്ന് നമുക്ക് ഇവയെ വിളിക്കാം. ഒന്ന്, മിനിമം സപ്പോർട്ട് പ്രൈസ് എന്ന വാഗ്ദാനം കേവലം ഒരു എക്സിക്യുട്ടീവ് ഓർഡറായി തുടരുന്നതിന് പകരം മികച്ച നിയമപരമായ പദവി അതിന് ഉണ്ടായിരിക്കണം. (നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിമാരുടെ ഒരു വർക്കിങ്‌ ഗ്രൂപ്പ് 2011-ൽ ഈ ഘടകം പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനോട് ശുപാർശ ചെയ്തിരുന്നു. കാർഷിക ചെലവുകൾക്കും വിലകൾക്കും വേണ്ടിയുള്ള കമ്മിഷനും 2017-’18ലെ റിപ്പോർട്ടിൽ ഈ ആവശ്യം ആവർത്തിച്ചിരുന്നു.) രണ്ട്, എല്ലാ കർഷകർക്കും അവരുടെ മുഴുവൻ ഉത്‌പന്നങ്ങൾക്കും കുറഞ്ഞപക്ഷം ഈ വിലയെങ്കിലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് തക്കവിധം സർക്കാർ ഫണ്ട് ലഭിക്കുന്ന ഫലപ്രദമായ ഒരു ഭരണസംവിധാനം സൃഷ്ടിക്കുക വഴി സർക്കാർ ഈ വാഗ്ദാനങ്ങൾ പാലിക്കണം. (ഇപ്പോഴത്തേതുൾപ്പെടെ മാറിമാറി വന്ന സർക്കാരുകളെല്ലാം ഇത്തരമൊരു സംവിധാനം ഏർപ്പെടുത്താതെ തന്നെ ഇത് ആവർത്തിച്ച് വാഗ്ദാനം ചെയ്തിട്ടുമുണ്ട്). മൂന്ന്, മുഴുവൻ ചെലവും കണക്കിലെടുത്തുകൊണ്ട് ന്യായവും സമഗ്രവുമായ രീതിയിൽ താങ്ങുവില നിർണയിക്കുന്ന ഒരു രീതി ഉണ്ടാക്കുകയും അത് എല്ലാ കാർഷിക ഉത്‌പന്നങ്ങൾക്കും അത് ബാധകമാക്കുകയും ചെയ്യണം. (സ്വാമിനാഥൻ കമ്മിഷനാണ് ഇത് ശുപാർശ ചെയ്തത്). ഈ മൂന്ന് ആവശ്യങ്ങളും ഇന്നും പൂർത്തീകരിക്കപ്പെട്ടിട്ടില്ല.

03 പാരിസ്ഥിതികമായി  സുസ്ഥിരമല്ല
മൂന്നാമത്തെ നുണ പാരിസ്ഥിതിക നാട്യത്തിനു കീഴിലാണ് അവതരിപ്പിക്കുന്നത്: താങ്ങുവില നിയമവിധേയമാക്കുന്നത് വെള്ളം അമിതമായി ഒഴുക്കിക്കൊണ്ട് നെല്ലിന്റെ അധിക ഉത്‌പാദനത്തിലേക്ക് നയിക്കുകയും വിളകളുടെ വൈവിധ്യവത്‌കരണം വൈകിപ്പിക്കുകയും ചെയ്യും എന്നതാണ് ഈ വാദം. ഈ ന്യായവാദം തെറ്റാണ്: നെല്ലിനെ (കരിമ്പിനെയും) അമിതമായി ആശ്രയിക്കുന്നത് ഉദാരമായ താങ്ങുവില കാരണമല്ല. മറിച്ച്, സംഭരണത്തിൽ ഇവർ നടത്തുന്ന തിരിമറിമൂലമാണ്. 23 വിളകൾക്ക് സർക്കാർ താങ്ങുവില പ്രഖ്യാപിക്കുമ്പോൾ, വാസ്തവത്തിൽ ഗോതമ്പിനും നെല്ലിനും മാത്രം, അതും തിരഞ്ഞെടുത്ത ചില സംസ്ഥാനങ്ങളിൽ മാത്രമായി ഈ വാഗ്ദാനം പാലിക്കപ്പെടുന്നു. ആ സംസ്ഥാനങ്ങളിലെ എല്ലാ കർഷകരും പാരിസ്ഥിതികമായി സുസ്ഥിരമല്ലാത്ത ഈ വിളകളിലേക്ക് ആകർഷിക്കപ്പെടുന്നതിൽ അതിശയിക്കാനില്ല. താങ്ങുവില പിൻവലിക്കുന്നതിലല്ല ഇതിന്റെ പരിഹാരം. കടല, മക്ക, ബാജ്റ, വിവിധ പരിപ്പുവർഗങ്ങൾ തുടങ്ങിയ വിളകൾക്കുകൂടി താങ്ങുവില ഉറപ്പാക്കുകയാണു വേണ്ടത്. പയറുവർഗങ്ങൾക്കും (അരവിന്ദ് സുബ്രഹ്മണ്യൻ കമ്മിറ്റി ശുപാർശ ചെയ്തതുപോലെ) എണ്ണക്കുരുക്കൾക്കും സർക്കാർ ആകർഷകമായ താങ്ങുവില വാഗ്ദാനം ചെയ്യുകയും അതനുസരിച്ച് ആ വിളകളുടെ വാങ്ങൽ ഉറപ്പാക്കുകയും വേണം.

04 അത് വിപണിയെ  വികലമാക്കും
നാലാമത്തെ നുണ ഒരുതരം പ്രാഥമിക സാമ്പത്തികശാസ്ത്ര തത്ത്വമായി അണിയിച്ചൊരുക്കിയതാണ് മുന്നോട്ടുവെക്കപ്പെടുന്നത്: താങ്ങുവില വഴിയുള്ള ഏതൊരു വിലയും വിപണിയെ വികലമാക്കും എന്നതാണ് അത്. അതെ, ട്രായ് നിയന്ത്രണങ്ങൾ ടെലികമ്യൂണിക്കേഷൻ വിപണിയെ വളച്ചൊടിക്കുന്നതുപോലെയും വിലകളുടെ കുതിച്ചുകയറ്റം നിരോധിക്കുന്നത് റോഡ്, എയർ ട്രാൻസ്പോർട്ട് വിപണിയെ വികലമാക്കുന്നതുപോലെയും. അത്തരം വിഷയങ്ങൾക്കെതിരേ ഈ സ്വതന്ത്ര വിപണിവാദക്കാർ പരാതിപ്പെടുന്നത് എപ്പോഴെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ? തൊഴിൽവിപണിയെ വികലമാക്കാതിരിക്കാൻ നമ്മൾ കുറഞ്ഞ വേതനം നിശ്ചയിക്കുന്നില്ലേ? ആസ്പിരിന്റെ ഒരു ടാബ്ലെറ്റ് 1000 രൂപയ്ക്ക് വിൽക്കാൻ അനുവദിക്കണോ? ഭക്ഷ്യവസ്തുക്കളുടെ വില ഉയരുമെന്ന ആശങ്കയുണ്ടെങ്കിൽ, അത് നിയന്ത്രിക്കാനുള്ള മാർഗം പാവപ്പെട്ടവർക്ക് സബ്സിഡി നിരക്കിലുള്ള ഭക്ഷണം നൽകലാണ്, അല്ലാതെ, ഉത്‌പാദകന് ന്യായവില നിഷേധിക്കലല്ല. മൊത്തത്തിലുള്ള സാമൂഹിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ലോകമെമ്പാടും സ്വതന്ത്ര വിപണി  നിയന്ത്രിക്കപ്പെടേണ്ടതുണ്ട് എന്നതാണ് വസ്തുത. 

05 സർക്കാരിന് അസാധ്യം
അഞ്ചാമത്തെ നുണ ബ്യൂറോക്രാറ്റിക് രൂപത്തിലാണ്: താങ്ങുവില ഒരു നല്ല ആശയമായിരിക്കാം. പക്ഷേ, അത് പ്രായോഗികമായി അസാധ്യമാണ്. 23 വിളകളുടെയും എല്ലാ ഉത്‌പന്നങ്ങളും സർക്കാരിന് എങ്ങനെ വാങ്ങാനാകും? അത് എവിടെ സൂക്ഷിക്കും? സർക്കാർ അതെല്ലാംകൊണ്ട് എന്തുചെയ്യും? അങ്ങനെപോകുന്നു വാദങ്ങൾ. 

അതിനുള്ള ലളിതമായ പ്രതികരണം ഇതാണ്: എല്ലാ കർഷകർക്കും താങ്ങുവില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു സർക്കാരും അത്തരത്തിലുള്ള മണ്ടത്തരം ചെയ്യേണ്ടതില്ല. എല്ലാ കർഷകർക്കും താങ്ങുവില ഉറപ്പാക്കാൻ ഒന്നിലധികം മാർഗങ്ങളുണ്ടെന്ന വാദം ഞാനും എന്റെ സഹപ്രവർത്തകരും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. പിന്നെ, പ്രത്യേകിച്ച് പയർവർഗങ്ങൾ, നാടൻ ധാന്യങ്ങൾ, എണ്ണക്കുരുക്കൾ എന്നിവ സർക്കാരിന് ഇന്നത്തേതിനെക്കാൾ കൂടുതൽ സംഭരിക്കാൻ കഴിയും. ബാക്കിയുള്ളവ സർക്കാരുകൾ വാങ്ങേണ്ടതില്ലതാനും. 

ഈ വർഷം ഹരിയാണ സർക്കാർ ബാജ്റയ്ക്കായി ചെയ്തതുപോലെ, താങ്ങുവിലയും വിപണിവിലയും തമ്മിലുള്ള അന്തരത്തിന് കർഷകന് കമ്മി പേമെന്റ് നൽകാം. കൂടാതെ, വില കുറയുന്നത് തടയാൻ, വിപണിയിൽ പ്രത്യേക ഇടപെടൽ നടത്താനോ അന്താരാഷ്ട്ര വിപണിയിൽ സംരക്ഷണനയങ്ങൾ ഉപയോഗിക്കാനോ സർക്കാരിന് കഴിയും. കൂടാതെ, അവസാന സന്ദർഭത്തിൽ, താങ്ങുവിലയിൽ താഴെയുള്ള വ്യാപാരം അനുവദിക്കാതിരിക്കാൻ ശിക്ഷാനടപടിയും ഉപയോഗിക്കാം. ശരിയാണ്, ഇതെല്ലാം സങ്കീർണമാണ്. എന്നാൽ, എം.എസ്‌.പി. ഡെലിവറിക്കായി ഒരു സംവിധാനം വികസിപ്പിക്കുന്നത് പൊതുമുതൽ വിറ്റഴിക്കുന്നതിനെക്കാളും ഖനനക്കരാറുകൾ തയ്യാറാക്കുന്നതിനെക്കാളും കൂടുതൽ സങ്കീർണമല്ല.

06 ഇന്ത്യ പാപ്പരാകും പ്രചാരണം കേമം
ഒടുവിൽ, ഒരു സാമ്പത്തിക നുണയും: ഇന്ത്യ ഇതോടെ പാപ്പരാകും! ഞാനും എന്റെ സഹപ്രവർത്തകൻ കിരൺ വിസ്സയും കൂടി, നിലവിലുള്ള താങ്ങുവിലയും നിലവിലുള്ള വിപണി വിലയും തമ്മിലുള്ള വിടവു നികത്താൻ സർക്കാരിന് എത്രമാത്രം ചെലവാകും എന്നതിന്റെ പൂർണമായ വിശകലന സഹിതം ഏകദേശ കണക്ക് അവതരിപ്പിച്ചുകൊണ്ട് ഈ ഭയാശങ്കകൾ പൊളിച്ചടുക്കിയതാണ്. 2017-’18ലെ ഞങ്ങളുടെ കണക്കുകൂട്ടൽ കാണിക്കുന്നത് മൊത്തത്തിലുള്ള ചെലവ് 47,764 കോടി രൂപയാണ് (ആ വർഷത്തെ കേന്ദ്ര ബജറ്റിന്റെ 1.6 ശതമാനവും ജി.ഡി.പി.യുടെ 0.3 ശതമാനത്തിൽ താഴെയുമാണ് ഈ തുക). 

സ്വാമിനാഥൻ കമ്മിഷൻ ശുപാർശചെയ്യുന്ന നിലവാരത്തിലേക്ക് താങ്ങുവില ഉയർത്തുകയാണെങ്കിൽ, അതിന് ഇനിയും 2.28 ലക്ഷം കോടി രൂപകൂടി (ബജറ്റിന്റെ 7.8 ശതമാനവും ജി.ഡി.പി.യുടെ 1.2 ശതമാനവും) ചെലവാകും. രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽരണ്ടു ഭാഗത്തിന്റെ ക്ഷേമത്തിനായി ഇന്ത്യക്ക് അത് താങ്ങാനാകുമോ? അതാണ് വാസ്തവത്തിൽ രാജ്യം അഭിമുഖീകരിക്കേണ്ട യഥാർഥ ചോദ്യം.