14-ാം പഞ്ചവത്സരപദ്ധതി കാലഘട്ടമായ 2022-’27 വർഷത്തേക്ക് കാർഷികമേഖലയ്ക്കുള്ള പദ്ധതികൾ തയ്യാറാക്കുമ്പോൾ ചില കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്‌. ഒന്നാമതായി, കേരളത്തിന്റെ കാർഷികമേഖലയുടെ ശക്തിയും  സാധ്യതകളും എന്തൊക്കെയെന്ന് സൂക്ഷ്മമായി പരിശോധിക്കണം. കേരളത്തിന്റെ കാർഷികമേഖലയുടെ ശക്തിയും അവസരങ്ങളും പോലെത്തന്നെ നമ്മുടെ കർഷകരും കാർഷികമേഖലയും നേരിടുന്ന തീവ്രമായ ദൗർബല്യങ്ങളും ഭീഷണികളുമുണ്ട്. 2014-ൽ അധികാരത്തിൽവന്ന കേന്ദ്രസർക്കാരിന്റെ തീവ്ര നവലിബറൽ നയങ്ങളാണ് കർഷകർ നേരിടുന്ന ഏറ്റവും വലിയ ഭീഷണി. സംസ്ഥാനങ്ങൾക്ക് കാർഷികോത്‌പന്നങ്ങളുടെ ഉത്‌പാദനത്തിലും വിപണനത്തിലും ഇടപെടാനുള്ള ഭരണഘടനാപരമായ അവകാശത്തെ അട്ടിമറിച്ച് വമ്പൻ കുത്തകകളുടെ മേൽനോട്ടത്തിൽ കാർഷികരംഗത്തെ പുനഃസംഘടിപ്പിക്കുകയാണ് പുത്തൻ കാർഷികനയങ്ങളുടെ ലക്ഷ്യം. ഇതാണ് കേരളത്തിലെ കാർഷികമേഖല നേരിടുന്ന മറ്റൊരു പ്രധാന ഭീഷണി. 
കേരളസർക്കാരിന്റെ 14-ാം പദ്ധതി ആവിഷ്കരണത്തിൽ കേന്ദ്ര സർക്കാരിന്റെ കാർഷികമേഖലാ വിരുദ്ധനയങ്ങളെ ചെറുക്കുന്നതിനുള്ള തന്ത്രങ്ങളും ഉണ്ടാകണം. പദ്ധതി രൂപവത്‌കരണത്തിന്റെ പ്രാധാന്യം ഇവിടെയാണ് കൂടുതൽ പ്രസക്തമാകുന്നത്.

പതിന്നാലാം പദ്ധതി  സമീപനം
കേരളത്തിന്റെ കൃഷിയും അനുബന്ധ മേഖലകളെയും സംബന്ധിച്ച വികസനപരിപ്രേക്ഷ്യം ചർച്ചചെയ്യേണ്ടത് കേരളത്തിന്റെ കാർഷികമേഖലയുടെ സവിശേഷതകളുടെ പശ്ചാത്തലത്തിലാണ്. കേരളത്തിൽ ആകെയുള്ള കർഷകരിൽ 97 ശതമാനം പേരും ഒരു ഹെക്ടറിനുതാഴെമാത്രം ഭൂമിയുള്ള നാമമാത്രകർഷകരാണ്. ഈ വിഭാഗത്തിലുള്ളവരുടെ കൈവശമുള്ള ശരാശരി കൃഷിഭൂമി വെറും 0.12 ഹെക്ടർ അഥവാ 29 സെന്റ് സ്ഥലം മാത്രമാണ്. ആധുനിക കൃഷിരീതികൾ അവലംബിക്കാൻ ബഹുഭൂരിപക്ഷം കർഷകർക്കും കഴിയാത്തതിന്റെ കാരണവും ഇതുതന്നെയാണ്. എന്നാൽ, ഇതിനെ ഒരു സാധ്യതയായിക്കണ്ട് സഹകരണാടിസ്ഥാനത്തിൽ ആധുനിക സാങ്കേതികവിദ്യകൾ അവലംബിക്കാൻ കർഷകരെ പ്രാപ്തരാക്കണം.2020-ൽ കാർഷികമേഖല സംസ്ഥാനത്തെ ആഭ്യന്തര ഉത്‌പാദനത്തിന്റെ ഒമ്പതുശതമാനം സംഭാവനചെയ്തു. അതോടൊപ്പം നമ്മുടെ തൊഴിൽസേനയിൽ 19 ശതമാനവും കാർഷികമേഖലയെ ആശ്രയിച്ചാണ് ഉപജീവനം കണ്ടെത്തുന്നത്. കാർഷികമേഖലയെ ആശ്രയിക്കുന്നവരുടെ അനുപാതം കുറയുന്നത് കാർഷികേതരമേഖലയിൽ തൊഴിൽസേനയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമ്പോഴാണ്. വികസിതരാജ്യങ്ങളിൽ കാർഷികമേഖലയെ ആശ്രയിക്കുന്നവരുടെ അനുപാതം അഞ്ചുശതമാനത്തിൽ താഴെയാണ്. കാർഷികമേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുകയും കൃഷിയിടങ്ങളിലെ ഉത്പാദനവും ഉത്‌പാദനക്ഷമതയും വർധിക്കുകയും ചെയ്യുമ്പോൾ കാർഷികേതരമേഖലയിൽ ജോലി ചെയ്യുന്നവരെക്കാൾ കൂടുതൽ വരുമാനം കർഷകർക്ക് ലഭ്യമാക്കുകയും ചെയ്യും. ഇത് കൂടുതൽ മൂലധനനിക്ഷേപകരെ കാർഷികമേഖലയിലേക്ക് ആകർഷിക്കുകയും മുഴുവൻസമയ കർഷകരായി കാർഷികമേഖലയിൽ തുടരാൻ കർഷകർക്ക് പ്രചോദനം നൽകുകയും ചെയ്യും. 14-ാം പദ്ധതിയുടെ പരിപ്രേക്ഷ്യത്തിൽ മുഖ്യമായ ഒരുലക്ഷ്യം കാർഷികമേഖലയും  ഉത്‌പാദനക്ഷമതയും വർധിപ്പിക്കുകയെന്നതായിരിക്കണം. അതോടൊപ്പം കാർഷികോത്‌പന്നങ്ങൾക്ക് ന്യായമായ വിലയും ഉറപ്പാക്കണം.

ഭൂവിനിയോഗം ഭക്ഷ്യോത്‌പാദന കേന്ദ്രിതമാകണം
കേരളത്തിൽ ഇപ്പോഴുള്ള ഭൂവിനിയോഗം നാണ്യവിളകൾക്കും തോട്ടവിളകൾക്കും പ്രാധാന്യം നൽകുന്നതാണ്. ആകെയുള്ള കൃഷിഭൂമിയിൽ (26 ലക്ഷം ഹെക്ടർ) റബ്ബർ (5.5 ലക്ഷം ഹെക്ടർ) നാളികേരം (7.6 ലക്ഷം ഹെക്ടർ) തുടങ്ങിയ നാണ്യവിളകൾ 57 ശതമാനം കൃഷിസ്ഥലവും അപഹരിക്കുന്നു. ഈ വിളകൾ അന്താരാഷ്ട്രകമ്പോളത്തെ ആശ്രയിച്ച് വില തീരുമാനിക്കുന്നവയാണ്. അതിനാൽ കേന്ദ്രസർക്കാരിന്റെ നവലിബറൽ കാർഷികനയങ്ങൾക്കനുസരിച്ച് ഇവയുടെ വിലയിൽ ഗണ്യമായ ചാഞ്ചാട്ടമുണ്ടാകുന്നു. അനിശ്ചിതമായ കമ്പോളവില ചെറുകിട കർഷകരെ കൃഷിയിൽനിന്ന്‌ ആട്ടിപ്പായിക്കും. കേരളത്തിന്റെ 14-ാം പദ്ധതി കാർഷികോത്‌പന്നങ്ങൾക്ക് വിലസ്ഥിരത ഉറപ്പുവരുത്തുന്നതിന് പ്രത്യേകം ഊന്നൽനൽകേണ്ടതുണ്ട്.  കേരളത്തിൽ കൃഷിഭൂമിയുടെ ഏഴരശതമാനംമാത്രമേ നെൽക്കൃഷിയുള്ളൂ. കേന്ദ്രസർക്കാരിന്റെ ഉദാരവത്‌കരണനയങ്ങളുടെ ഫലമായി എപ്പോൾ വേണമെങ്കിലും ഇന്ത്യയിലൊട്ടാകെ ഭക്ഷ്യക്ഷാമമുണ്ടാകുമെന്ന സ്ഥിതിയാണുള്ളത്. ഇത് മുന്നിൽക്കണ്ടാണ് കേരളത്തിലെ ഓരോ ഗ്രാമത്തെയും ഭക്ഷ്യധാന്യ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടുകൂടി 2020-ൽ കേരള സർക്കാർ സുഭിക്ഷകേരളം പദ്ധതി നടപ്പാക്കിത്തുടങ്ങിയത്. നെല്ലിന് ഏറ്റവും ഉയർന്ന താങ്ങുവില കൊടുത്ത് കർഷകരിൽനിന്ന്‌ നെല്ല് ശേഖരിക്കുന്ന സംസ്ഥാനമാണ് കേരളം. സുഭിക്ഷകേരളം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ ഭക്ഷ്യധാന്യക്കൃഷിയുടെ ഭൂവിസ്തൃതി ഇപ്പോഴുള്ള 15 ശതമാനത്തിൽനിന്ന്‌ ഇരട്ടിയാക്കേണ്ടതുണ്ട്. അതായത്, 14-ാം പദ്ധതി അവസാനിക്കുമ്പോൾ നെൽക്കൃഷിയുടെ വിസ്തൃതി രണ്ടുലക്ഷം ഹെക്ടറിൽനിന്ന്‌ നാലുലക്ഷം ഹെക്ടറായി ഉയരണം. സുഭിക്ഷകേരളം പദ്ധതിയുടെ വിജയത്തിന് ഭക്ഷ്യധാന്യങ്ങളുടെ കൃഷിഭൂമി ഗണ്യമായി വർധിപ്പിക്കണം. ഈ ലക്ഷ്യം സാധ്യമാക്കുന്നതിനുള്ള നയപരിപാടികൾ 14-ാം പദ്ധതിയുടെ അടിസ്ഥാനശിലയായി മാറണം.

കാർഷികാനുബന്ധ മേഖലകൾ
കാർഷികാനുബന്ധമേഖലകളിൽ ഏറ്റവും പ്രധാനപ്പെട്ടത് പാലുത്‌പാദനമേഖലയും അതിനെ ആശ്രയിച്ച് ജീവിക്കുന്ന കർഷകരുമാണ്. കേരളത്തിൽ കാർഷികവരുമാനത്തിന്റെ 27 ശതമാനം സംഭാവനചെയ്യുന്നത് കന്നുകാലിവളർത്തൽ മേഖലയാണ്.സംസ്ഥാനത്തെ കറവമാടുകളിൽ 95 ശതമാനവും പശുക്കളാണ്. ഉത്‌പാദനക്ഷമതയാണ് നമ്മുടെ ശക്തി. മറ്റുസംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി ഇവിടെ ഗോവധനിരോധനമില്ലാത്തതിനാൽ പാലുത്‌പാദനം കഴിഞ്ഞാൽ കറവമാടുകളെ വിൽക്കാൻ കർഷകർക്ക് കഴിയുന്നു. പാലിന് ഏറ്റവും കൂടിയ വില നൽകുന്നത് കേരളത്തിലെ സഹകരണസംഘങ്ങളാണ്. കാലിത്തീറ്റ, വൈക്കോൽ, തീറ്റപ്പുല്ല് എന്നിവയുടെ ഉയർന്നവിലയും മേച്ചിൽപ്പുറങ്ങളുടെ അഭാവവും കാലിവളർത്തൽ നേരിടുന്ന പ്രധാന പ്രതിസന്ധികളാണ്. പാലുത്പാദനത്തിൽ സ്വയംപര്യാപ്തതയും കാലിക്കർഷകന് മാന്യമായ ലാഭവും വരുമാനവും ഉറപ്പുവരുത്തുന്നതായിരിക്കണം പാലുത്‌പാദനമേഖലയിലെ 14-ാം പദ്ധതിക്കാലത്തെ ലക്ഷ്യം.  കൃഷിയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന കർഷകർക്ക് മാന്യവും ന്യായവുമായ വരുമാനവും തൊഴിലും ഉറപ്പാക്കുകയായിരിക്കണം 14-ാം പദ്ധതിയുടെ പ്രഥമലക്ഷ്യം. അത് സാധ്യമാകണമെങ്കിൽ ആധുനിക സാങ്കേതികവിദ്യകൾ വളരെ വിപുലമായി അലംബിക്കുകയും ഉത്‌പാദനവും ഉത്‌പാദനക്ഷമതയും ഗണ്യമായി ഉയർത്തുകയും വേണം. കർഷകന് കൃഷി ചെയ്യാൻ ഭൂമി ആവശ്യമാണെന്നതുപോലെത്തന്നെ പ്രധാനമാണ് വായ്പയുടെ ലഭ്യതയും ന്യായമായ വില ലഭിക്കുന്നതിനുള്ള വിപണനസാധ്യതകളും. അതിനാൽ പരമ്പരാഗതമായ കാർഷിക നയപരിപാടികളിൽനിന്ന്‌ നാം ബഹുദൂരം മുന്നോട്ടുപോകേണ്ടതുണ്ട്. ഇതിനുള്ള പദ്ധതികളും പരിപാടികളുമാണ് പതിന്നാലാം പദ്ധതിക്കാവശ്യം.

തരിശുഭൂമിയില്ലാത്ത കേരളം

കേരളത്തിൽ ഏകദേശം രണ്ടുലക്ഷം ഹെക്ടറോളം കൃഷിയോഗ്യമായ ഭൂമി തരിശായി കിടക്കുന്നുണ്ട്. ഇത് ആകെയുള്ള കൃഷിഭൂമിയുടെ ഏഴരശതമാനം വരും. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് പ്രോത്സാഹനമായി ഇപ്പോൾ ഹെക്ടറിന് രണ്ടായിരം രൂപ സർക്കാർ നൽകുന്നുണ്ട്. ഭക്ഷ്യധാന്യ ഉത്‌പാദന വർധനയിൽ പതിന്നാലാം പദ്ധതിക്കാലത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വളരെ വലിയ പങ്കുവഹിക്കാൻ കഴിയും.ഗ്രാമപ്പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ വാർഡുതല ഭക്ഷ്യസുരക്ഷാകമ്മിറ്റികൾ രൂപവത്‌കരിച്ച്‌ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി ജനങ്ങളെ കൂടുതൽ പങ്കാളികളാക്കുന്നതിനുള്ള നയമുണ്ടാക്കിമാത്രമേ അത് സാധ്യമാകൂ. 1987-ൽ അധികാരത്തിൽവന്ന ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ കൂട്ടുകൃഷി സമ്പ്രദായം വേണ്ടമാറ്റങ്ങൾ വരുത്തി കൂടുതൽ ഫലപ്രദമായി പരീക്ഷിക്കാവുന്നതാണ്. ഇന്ന് കേരളത്തിൽ നെൽക്കർഷകന് ഒരു ഹെക്ടറിന് 25,000 രൂപവരെ പല തരത്തിലുള്ള ധനസഹായമായി കേരള സർക്കാർ നൽകുന്നുണ്ട്. ഉത്‌പാദിപ്പിച്ച നെല്ലിന് കേന്ദ്രസർക്കാർ തറവിലയായി 1868 രൂപ ഒരു ക്വിന്റലിന് കൊടുക്കുമ്പോൾ കേരള സർക്കാർ നൽകുന്നത് 2700 രൂപയാണ്. ഇത്തരത്തിൽ കൂടുതൽ ശക്തമായി ഉത്‌പാദനത്തിലും വിപണനരംഗത്തും ഇടപെട്ടാൽ മാത്രമേ കാർഷികമേഖലകളുടെ വളർച്ച ത്വരപ്പെടുത്താൻ കഴിയൂ. പതിന്നാലാം പഞ്ചവത്സരപദ്ധതിയുടെ കാർഷികവികസന ലക്ഷ്യം മണ്ണ്, ജലം, വായു എന്നിവയെ ഒന്നായിക്കണ്ട് പ്രകൃതിക്ക് അനുയോജ്യമായ കാർഷികവൃത്തികൾ അവലംബിച്ച് ഉത്‌പാദനവും ഉത്‌പാദനക്ഷമതയും കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നതാകണം. അതോടൊപ്പം കർഷകത്തൊഴിലാളികൾക്ക് വർഷത്തിൽ 250 ദിവസത്തിൽ കുറയാത്ത പ്രവൃത്തിദിനങ്ങൾ നൽകാനും കഴിയണം.

(മുൻമന്ത്രിയും കേരളനിയമസഭാ മുൻ സ്പീക്കറും കേരള കർഷകസംഘത്തിന്റെ സംസ്ഥാനപ്രസിഡന്റുമാണ്‌ ലേഖകൻ)