‘ഹേലിസ്സാർ’ എന്ന് ഞങ്ങൾ അറുപതുകൾതൊട്ട് വിളിച്ചു തുടങ്ങിയതാണ്! കൃഷി പഠിക്കാനായി അന്ന് വെള്ളായണി കാർഷികകോളേജിൽ പ്രവേശിച്ച മൂന്നാം ബാച്ചുകാർക്കുമുന്നിൽ ഏത് ചടങ്ങിലും എത്തി പങ്കെടുക്കുന്ന ആ യുവ കൃഷിഉദ്യോഗസ്ഥന്റെ രൂപം ഓർമയിൽനിന്ന് ഒരിക്കലും മറയില്ല. പിന്നീട് അദ്ദേഹം ‘ഫാം ഇൻഫർമേഷൻ ബ്യൂറോ’ എന്ന കൃഷിവിജ്ഞാന വിതരണകേന്ദ്രത്തിന്റെ ശില്പിയും സാരഥിയുമായി കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി കേരളത്തിൽ നിറഞ്ഞുനിന്നു.

തൊണ്ണൂറുകളിൽ അദ്ദേഹം കേരളസംസ്ഥാനത്തിന്റെ കൃഷിഡയറക്ടറായി പ്രവർത്തിച്ചു. കേരളത്തിലെ കാർഷികവസന്തം എന്ന് വിശേഷിപ്പിക്കാവുന്ന എഴുപതുകളിലും എൺപതുകളിലും ആർ. ഹേലിയാണ് മലയാളപത്രങ്ങളിൽ കാർഷിക വിഷയങ്ങൾക്ക് മാത്രമായി ഒരു പേജ് മാറ്റിവെക്കുന്ന സമ്പ്രദായത്തിന് തുടക്കം കുറിച്ചത്. ആയിടെ അദ്ദേഹം നെല്ലിലെ ഹരിതവിപ്ലവത്തിന്റെ ജന്മഭൂമിയെന്ന് വിശേഷിപ്പിക്കാവുന്ന ഇൻഡൊനീഷ്യയിലെ അന്താരാഷ്ട്ര നെൽഗവേഷണകേന്ദ്രവും തയ്‌വാനും തായ്‌ലൻഡുമൊക്കെ സന്ദർശിച്ചശേഷം അവിടങ്ങളിൽ നെൽക്കൃഷിക്ക് വന്ന മാറ്റങ്ങളെപ്പറ്റിയും അതിന് മാർഗദർശിത്വം നൽകിയ കൃഷി ശാസ്ത്രജ്ഞന്മാരെക്കുറിച്ചും മലയാളത്തിലെ പ്രമുഖപത്രങ്ങളിലും ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ മുഖമാസികയായ കേരള കർഷകനിലും തുടർച്ചയായി സചിത്രലേഖനങ്ങൾ എഴുതിയത് കേരളത്തിലെ കർഷകരെ പ്രബുദ്ധരാക്കാൻ ഏറെ സഹായിച്ചു.

എൺപതുകളിൽ കർഷകക്കൂട്ടായ്മയിലൂടെ പാടശേഖര കമ്മിറ്റികൾ രൂപവത്‌കരിച്ച് കൃഷിപ്പണികളും മറ്റും ഒരു ഏലായിൽ ഒരുമിച്ച് നടത്തി വിളവെടുത്ത് വീതിച്ചെടുക്കുന്ന ‘ഗ്രൂപ്പ് ഫാമിങ്’ എന്ന പുതിയ കൃഷിസമ്പ്രദായം കേരളത്തിൽ പ്രചരിപ്പിക്കാനുള്ള അന്നത്തെ കൃഷിമന്ത്രി വി.വി. രാഘവന്റെ ആശയത്തിന് പ്രായോഗികരൂപം നൽകിയതിൽ ഹേലി മുഖ്യപങ്കുവഹിച്ചിരുന്നു. മാറിമാറിവന്ന ഇടത്-വലത്‌ മന്ത്രിസഭകൾക്കൊപ്പംനിന്ന് രാഷ്ട്രീയകാഴ്ചപ്പാടുകൾക്ക് ഉപരിയായി കർഷകരുടെ താത്‌പര്യത്തിനുവേണ്ടി ആജീവനാന്തം പ്രവർത്തിച്ച ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.

1954-ൽ ബനാറസ് സർവകലാശാലയിൽനിന്നു കൃഷിയിൽ ബിരുദം നേടിയശേഷം അദ്ദേഹം കൃഷി ഡിപ്പാർട്ട്‌മെന്റിൽ കൃഷി ഓഫീസറായി ഉദ്യോഗത്തിൽ പ്രവേശിച്ചു. പക്ഷേ, തന്റെ പ്രവർത്തനമേഖല അക്ഷരങ്ങളിലൂടെ മാത്രമേ പൂർണവികാസം കൈക്കൊള്ളൂ എന്ന്‌ അദ്ദേഹത്തിനുതോന്നി. 1957-ൽ ഇ.എം.എസ്. സർക്കാരിന്റെ കാലത്ത് കൃഷിമന്ത്രിയായിരുന്ന എം.എൻ. ഗോവിന്ദൻനായരാണ്, അന്നുതന്നെ പത്രപംക്തികളിലൂടെ പരിചിതനായിരുന്ന ഏക കൃഷിയുദ്യോഗസ്ഥൻ എന്ന നിലയിൽ, ഹേലിയെ തിരുവനന്തപുരത്ത് കൃഷിഡിപ്പാർട്ടുമെന്റിന്റെ മുഖമാസികയായിരുന്ന കേരളകർഷകന്റെ പത്രാധിപരായി നിയമിച്ചത്.

താമസിയാതെ തന്റെ ലാവണം കൃഷി-മൃഗസംരക്ഷണ-ഡെയറി വകുപ്പുകളുടെ മൊത്തം വിജ്ഞാനവ്യാപനത്തിന്റെ കേന്ദ്രബിന്ദുവാകത്തക്കവണ്ണം ‘ഫാം ഇൻഫർമേഷൻ ബ്യൂറോ’ എന്ന ഒരു പ്രത്യേക സംവിധാനം രൂപവത്കരിച്ച് അതിന്റെ ആദ്യ ‘പ്രിൻസിപ്പൽ’ ആയി ഹേലി ചുമതലയേറ്റു. റിട്ടയർമെന്റിന് ഒരു ദശകം മുമ്പുവരെയും അദ്ദേഹം ആ പദവിയിൽ കേരളത്തിന്റെ ‘ഹരിതജേർണലിസ’ത്തിന്റെ പിതാവായി ശോഭിക്കുകയും ചെയ്തു. സ്വാഭാവികമായും അവസാനത്തെ ഏഴുവർഷം അദ്ദേഹം കൃഷി ഡിപ്പാർട്ടുമെന്റ് തലവനായി പ്രവർത്തിച്ചു. ഈ കാലഘട്ടത്തിലാണ് മാറിമാറിവന്ന എല്ലാ സർക്കാർ സംവിധാനത്തിലും കൃഷിയുടെ വികസനവുമായ ബന്ധപ്പെട്ട എല്ലാ പുതിയ പദ്ധതികളുടെയും സൂത്രധാരനും പ്രചാരകനും ഒപ്പം നല്ലൊരു ഭരണാധികാരിയായും അദ്ദേഹം പ്രശോഭിച്ചത്‌.

റിട്ടയർമെന്റിനുശേഷവും കൃഷിയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളുടെയും ഉപദേശകനായി സർക്കാർ കണ്ടത് ഹേലിയെത്തന്നെയായിരുന്നു. എന്തുകൊണ്ടും സാർഥകമായ അദ്ദേഹത്തിന്റെ ജീവിതം കൃഷിയുദ്യോഗസ്ഥർക്കും കേരളത്തിൽ കൃഷിയെ സ്നേഹിക്കുന്ന എല്ലാവർക്കും മാതൃകയായിത്തന്നെ തുടരും. ‘അനായാസേന മരണം’ എന്ന സാർവലൗകിക ആഗ്രഹവും അദ്ദേഹത്തിന്‌ പ്രാപ്‌തമായെന്നു പറയാം! അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു!

(കേരള കാർഷിക സർവകലാശാല മുൻ പ്രൊഫസറും കൃഷി ശാസ്ത്രജ്ഞനുമായ ലേഖകൻ ഫാം ഇൻഫർമേഷൻ ബ്യൂറോയിൽ ഹേലിയുടെ സഹപ്രവർത്തകനായിരുന്നു)