1971-ൽ ഇന്ത്യ-പാക്‌ യുദ്ധത്തിൽ ബംഗ്ളാദേശ്‌ പിറവിയെടുത്ത ആ ദിനത്തിൽ പാക്‌ മണ്ണിൽ ശത്രുസേനയോട്‌ ഏറ്റുമുട്ടുകയായിരുന്ന മദ്രാസ്‌ റെജിമെന്റിലെ ഒരു പ്ളാറ്റൂൺ. ഇന്ത്യൻ സേന നടത്തിയ ധീരമായ ചെറുത്തു­നിൽപ്പ്‌ ഓർമിക്കുകയാണ്‌ സേനാംഗമായിരുന്ന തലശ്ശേരി മേലൂരിലെ റിട്ട. സുബേദാർ ഇ.എം. നാണു

1971-ലെ പാകിസ്താനുമായുള്ള യുദ്ധസമയത്ത് കമാൻഡിങ് ഓഫീസർ കേണൽ എ.ഒ. അലക്സാണ്ടറിന്റെ നേതൃത്വത്തിൽ രാജസ്ഥാനിലായിരുന്നു ഞങ്ങൾ. യുദ്ധം മുറുകിയപ്പോൾ റാൻ ഓഫ് കച്ചിലേക്ക് എത്തണമെന്ന നിർദേശം കിട്ടി. ഡിസംബർ 16-ന് രാവിലെ എത്തി. പിറ്റേന്നുള്ള യാത്രയ്ക്ക് ഒരുക്കം തുടങ്ങി. കൊടുംതണുപ്പ്. കനത്ത മൂടൽമഞ്ഞും. പാകിസ്താനിലേക്ക് കയറി ആക്രമണം, അതായിരുന്നു ദൗത്യം. ഡിസംബർ 17-ന് രാവിലെ ഏഴിന്‌ കേണൽ അലക്സാണ്ടറിന്റെ നേതൃത്വത്തിൽ ഞാനും എന്റെ പ്ലാറ്റൂണും പുറപ്പെട്ടു. അഞ്ച് ഓഫീസർമാരും 59 ജവാന്മാരും സപ്പോർട്ടിങ് ട്രൂപ്പ് ഉൾപ്പെടെ  65 പേരാണ് ഉണ്ടായിരുന്നത്.

ജീപ്പുകളിലും ട്രക്കുകളിലുമായി വിഗൂർ പോസ്റ്റ് വഴിയായിരുന്നു മുന്നേറ്റം. പ്ലാറ്റൂൺ ജൂനിയർ കമ്മിഷൻഡ് ഓഫീസറായിരുന്നു ഞാൻ. ‘‘ഈ യുദ്ധത്തിൽ ആര് മരിക്കും ആര് ജീവിക്കും എന്ന് നിശ്ചയമില്ല, രാജ്യത്തിനുവേണ്ടി ജീവൻ ബലികൊടുക്കുമെന്ന് സത്യം ചെയ്യുക’’ -ഞാൻ സംഘാംഗങ്ങളോട് പറഞ്ഞു. ശത്രുക്കളുടെ താവളം ആക്രമിച്ചു കീഴ്‌പ്പെടുത്തുക കൂടിയായിരുന്നു ലക്ഷ്യം... 89-കാരനായ പാറപ്രം ഇരുന്നാലിയത്ത് മാറോളി നാണു, മേലൂർ മഞ്ജുളാലയത്തിൽ ഇരുന്ന് കഴിഞ്ഞകാലം ഓർത്തെടുത്തു. ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റെ സുവർണജൂബിലി രാജ്യം ആഘോഷിക്കുന്ന വേളയിൽ  യുദ്ധമുഖത്തെ  ധീരനീക്കങ്ങളുടെ തിളക്കം ആ കണ്ണുകളിൽ ഇപ്പോഴുമുണ്ട്.

അതിർത്തി കടന്ന് സൈന്യം പാകിസ്താൻ മണ്ണിലൂടെ നീങ്ങി. ഏറെദൂരം പിന്നിട്ടെങ്കിലും ശത്രുസൈന്യത്തിന്റെ സാന്നിധ്യമില്ല. വൈകുന്നേരം നാലരയായിക്കാണും, പിന്തിരിയാനുള്ള വിത്‌ഡ്രോവൽ ഉത്തരവ് ഞങ്ങൾക്ക് ലഭിച്ചു. ഞങ്ങൾ പിൻതിരിഞ്ഞു, മടക്കയാത്ര തുടങ്ങി. പെട്ടെന്നായിരുന്നു വെടിയൊച്ച മുഴങ്ങിയത്. പാക് സേന തുരുതുരെ വെടിയുതിർക്കുന്നുണ്ടായിരുന്നു. ഞങ്ങളെ അവർ വളഞ്ഞിട്ടുണ്ടായിരുന്നു. ആംബുഷ് യുദ്ധതന്ത്രം. അവർക്ക് നല്ലപരിചയമുള്ള സ്ഥലമാണല്ലോ. ഞങ്ങളും ധീരമായി പോരാടി. മണിക്കൂറുകൾ നീണ്ട വെടിവെപ്പ്.  ‘വാർ ക്രൈ’ നടത്തി ‘ഓൾ റൗണ്ട് പ്രൊട്ടക്ഷൻ’ എടുത്തു. കുറേക്കഴിഞ്ഞ് എതിർഭാഗത്തുനിന്നുള്ള വെടിശബ്ദം നിലച്ചു.

ഞങ്ങളുടെ ഭാഗത്ത് എട്ടുപേർ വീരമൃത്യുവരിച്ചിരിക്കുന്നു. കേണൽ അലക്സാണ്ടറും സപ്പോർട്ടിങ് ട്രൂപ്പിലെ രണ്ട് ഓഫീസർമാരും ജീവത്യാഗം ചെയ്തു.  ജവാന്മാരായ രാജേന്ദ്രബാബുവും മൊയ്തീനും വെടിയുണ്ടയേറ്റ് അവശരായിരുന്നു. ഈ കാഴ്ച എന്നെ സ്തബ്ധനാക്കി. ഡ്രൈവറും മരിച്ചിരിക്കുന്നു. അപ്പോഴേക്കും മേജർ ചൗധരി സാബ് അവിടെ എത്തിച്ചേർന്നു. പരസ്പരം മനസ്സിലാക്കാൻ സാധിക്കാത്ത മൂടൽമഞ്ഞായിരുന്നു ചുറ്റിലും. പ്ലാറ്റൂണിൽ ബാക്കിയെല്ലാവരുമുണ്ടെന്ന് ഉറപ്പാക്കി ഞങ്ങൾ മടക്കയാത്ര തുടർന്നു. റാൻ  ഓഫ് കച്ചിലെ തോടിനുകുറുകെ വാഹനങ്ങൾ കടത്തി.

മുന്നിൽ കേണൽ അലക്സാണ്ടറിന്റെ മൃതദേഹവുമായി ഒരു ജീപ്പ്. മറ്റു മൃതദേഹങ്ങൾ ട്രക്കുകളിൽ കയറ്റി. മറ്റൊരു ട്രക്കിൽ ഞാനുൾപ്പെടെ അഞ്ചുപേർ. വാഹനങ്ങൾ ഒന്നൊന്നായി പിൻവാങ്ങിക്കൊ ണ്ടിരുന്നു. കുറേദൂരം പോയപ്പോൾ ഒരു ജീപ്പ് ചെളിയിൽ പുതഞ്ഞുകിടക്കുന്നതു കണ്ടു. ഞങ്ങൾ അഞ്ചുപേരും ഇറങ്ങിച്ചെന്നുനോക്കി.  കേണലിന്റെ  മൃതദേഹംമാത്രമാണ് ജീപ്പിലുണ്ടായിരുന്നത്. ആ മൃതദേഹം അവിടെയിട്ടു പോരാൻ മനസ്സ് അനുവദിച്ചില്ല. മൃതദേഹവും ചുമന്ന് എത്തുമ്പോഴേക്കും ഞങ്ങൾ വന്ന ട്രക്കും പോയിക്കഴിഞ്ഞിരുന്നു.

ചുറ്റും കനത്ത മൂടൽമഞ്ഞ്. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ. മൃതദേഹവുമെടുത്ത് പോവുകതന്നെ. ഞങ്ങൾ മാറിമാറി മൃതദേഹം ചുമന്ന് യാത്ര തുടർന്നു. രാത്രിയായി. കൂരിരുട്ട്. വടക്കുനോക്കിയന്ത്രത്തിന്റെ സഹായത്താൽ വിഗൂർ പോസ്റ്റ് ലക്ഷ്യമാക്കി നടന്നു. പുലർച്ചെ മൂന്നുമണിയായി. ഇനി ഒരടിപോലും നടക്കാനാവാത്ത അവസ്ഥ. വേച്ചുവേച്ചു വീണുപോയിരുന്നു. കുടിവെള്ളം പോലുമില്ല.  മൃതദേഹവും ചുമന്നുള്ള യാത്ര  അസാധ്യമായിത്തോന്നി. ശത്രുവിന് വിട്ടുകൊടുക്കാനും പറ്റില്ല. ശത്രുസൈന്യത്തിന് കാണാനാവാത്തവിധം മൃതദേഹം സുരക്ഷിതമായി ഒരിടത്ത്  ഒളിപ്പിച്ചു. ക്യാമ്പ് ലക്ഷ്യമിട്ട് വീണ്ടും യാത്ര തുടർന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ  മണിക്കൂറുകൾ നീണ്ട അലച്ചിലിനൊടുവിൽ 18-നു രാവിലെ എട്ടോടെ ക്യാമ്പിൽ എത്തിച്ചേർന്നു. അപ്പോഴാണ് യുദ്ധം അവസാനിച്ചതും വെടിനിർത്തൽ നിലവിൽ വന്നതും ഞങ്ങളറിയുന്നത്.

മൃതദേഹം ചുമന്നുള്ള നടത്തം ഞങ്ങൾ അഞ്ചുപേരെയും വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു. എങ്കിലും  കേണലിന്റെ മൃതദേഹം ക്യാമ്പിലെത്തിക്കുകയെന്നതായിരുന്നു അടുത്ത ദൗത്യം. ‘ബാക്ക് ബാരിയിങ്’ നടത്തി ക്യാമ്പിലെത്തിയ ഞങ്ങൾ ‘ഫോർവേഡ്‌ ബാരിയിങ്’ നടത്തിയാണ് മൃതദേഹം കൊണ്ടുവരാനുള്ള യാത്ര തുടങ്ങിയത്. മേജർ ചൗധരി സാബും സംഘവും കൂടെവന്നു. ജീപ്പിനു വെള്ളക്കൊടി കെട്ടി ബൈനോക്കുലറിന്റെയും വടക്കുനോക്കിയന്ത്രത്തിന്റെയും സഹായത്തോടെ ഞങ്ങൾ മൃതദേഹം കണ്ടെത്തി ക്യാമ്പിലെത്തിച്ചു. കേണലിന്റെ വേർപാട് വളരെ വിഷമമുണ്ടാക്കിയെങ്കിലും  ഒരു പട്ടാളക്കാരന്റെ ജീവിതത്തിലെ ഏറ്റവുംവലിയ അഭിമാനമുഹൂർത്തമാണ് മേലുദ്യോഗസ്ഥന്റെ മൃതദേഹം ക്യാമ്പിലെത്തിക്കാൻ സാധിച്ചെന്നത്. അതും പാക് മണ്ണിൽനിന്ന് -നാണു പറഞ്ഞു. 

ഇളയച്ഛൻ ചന്തുവായിരുന്നു പട്ടാളത്തിൽ ചേരാനുള്ള നാണുവിന്റെ പ്രചോദനം. ചെണ്ടയും ഇലത്താളവും കൊട്ടി റിക്രൂട്ടിങ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനനഗരങ്ങളിലെത്തിയായിരുന്നു പഴയകാലത്തെ ആർമി റിക്രൂട്ട്‌മെന്റ്. തലശ്ശേരിയിൽ അങ്ങനെയൊരു സംഘമെത്തിയപ്പോഴാണ് നാണു പട്ടാളത്തിൽ പോകാൻ തീരുമാനിച്ചത്. ആദ്യം ഇ.എം.ഇ.യിലേക്ക് തിരഞ്ഞെടുപ്പിനായി പോയെങ്കിലും തിരിച്ചയച്ചു. പട്ടാളത്തിൽ ജോലിയുണ്ടായിരുന്ന അമ്മാവൻ പാറപ്രത്തെ നാരായണൻ അവധിക്ക് നാട്ടിൽ വന്നു മടങ്ങുമ്പോൾ കൂടെപ്പോയി. അങ്ങനെ 1950-ൽ മദ്രാസ് റെജിമെന്റ് ബോയ്‌സിൽ ചേർന്നു. മദ്രാസ് റെജിമെന്റിന്റെകൂടെ രണ്ടുതവണയായി ഏഴുവർഷം കശ്മീരിലും രണ്ടുവർഷം നേഫയിലും ജോലി ചെയ്തു.  1962- ലെ ഇന്ത്യ-ചൈന യുദ്ധത്തിലും 1965-ലെ ഇന്ത്യ-പാക് യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. 1952-ലെയും 1953-ലെയും റിപ്പബ്ലിക്ദിന പരേഡിലും പങ്കെടുത്തു. 1980 നവംബർ മൂന്നിന്  സുബേദാറായി വിരമിച്ചു. 

കൂത്തുപറമ്പ് കോട്ടയംപൊയിൽ കൂവപ്പാടി നാമത്ത് ഹൗസിൽ പി. യശോദയാണ് ഭാര്യ. ‘നാട്ടിൽ വരുമ്പോൾ കാണുന്ന പത്രാസൊന്നും പട്ടാളക്കാർക്ക് ജോലിസ്ഥലത്തില്ല. എല്ലാവരും ജോലിചെയ്യുന്നത് വളരെ കഷ്ടത്തോടെയാണ്. 28-വർഷം ജോലിചെയ്ത് സുബേദാറായി വിരമിക്കുന്ന പട്ടാളക്കാർക്ക് ഓണററി പദവി നൽകണം.’ അതാണ് നാണുവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട്  അപേക്ഷിക്കാനുള്ളത്.

അച്ഛന്റെ വഴിയേ മകനും

റിട്ട. സുബേദാർ നാണുവിന്റെ മകൻ രഞ്ജിത്ത് രാധാകൃഷ്ണനും പട്ടാളത്തോട് കമ്പംമൂത്താണ് മദ്രാസ് റെജിമെന്റിൽ എത്തിയത്. പാകിസ്താനെതിരേയുള്ള കാർഗിൽ യുദ്ധത്തിൽ  (ഓപ്പറേഷൻ വിജയ്-1999) പങ്കെടുത്ത ഇദ്ദേഹത്തിന്റെ ഇടതുതുടയിലും ഉപ്പൂറ്റിയിലും വെടിയുണ്ട തുളച്ചുകയറിയിരുന്നു. മാസങ്ങളോളം ആശുപത്രിയിൽ. കശ്മീരിൽ നാലുതവണ ഉൾപ്പെടെ  30 വർഷം വിവിധയിടങ്ങളിൽ ജോലിചെയ്തു. പയ്യന്നൂർ 32 കേരള ബറ്റാലിയൻ എൻ.സി.സി.യിൽനിന്ന് സുബേദാർ മേജർ (ഓണററി ക്യാപ്റ്റൻ) ആയി കഴിഞ്ഞ സെപ്റ്റംബർ 30-നാണ് വിരമിച്ചത്.