‘നിർഭാഗ്യവശാൽ അബ്ദുൽ ബാരി ഓടി... കിഴക്കൻ ബംഗാളിലെ മറ്റ് പതിനായിരങ്ങളെപ്പോലെതന്നെ അയാളും അതേ തെറ്റുചെയ്തു. പാക് പട്ടാളത്തെക്കണ്ട് ഓടുകയെന്ന മാരകമായ കുറ്റം. 24 വയസ്സുമാത്രമുള്ള അയാളെ അതിനകം പട്ടാളം വളഞ്ഞു. തോക്കിൻമുനയിൽനിന്ന് അയാൾ കിടുകിടെ വിറയ്ക്കുന്നുണ്ടായിരുന്നു’ -1971 ജൂൺ 13-ന് ‘വംശഹത്യ’ എന്ന തലക്കെട്ടിൽ സൺഡേ ടൈംസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ തുടക്കം ഇങ്ങനെയായിരുന്നു. കിഴക്കൻ പാകിസ്താനിൽ പാക് പട്ടാളം നടത്തുന്ന ക്രൂരതകളെയും വംശഹത്യയെയും ആദ്യമായി ലോകമറിഞ്ഞത് ആന്റണി മാസ്കരെനാസ് എന്ന പത്രപ്രവർത്തകന്റെ ഈ റിപ്പോർട്ടിലൂടെയാണ്. ഇക്കാര്യം ലോകത്തെ അറിയിക്കുന്നതിനായി ജന്മനാടുപേക്ഷിച്ച് കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് പലായനം ചെയ്യേണ്ടിവന്നു മാസ്കരെനാസിന്.

1971 മാർച്ച് 26 മുതൽ ‘ഓപ്പറേഷൻ സെർച്ച് ലൈറ്റ്’ എന്ന പേരിൽ നടത്തിയ സൈനികനടപടിയിൽ കിഴക്കൻ പാകിസ്താന്റെ ദുർബലമായ ചെറുത്തുനില്പും അവസാനിച്ചതോടെ പാക് പട്ടാളത്തിന്റെ വിജയം ലോകത്തെ അറിയിക്കണമെന്ന് സൈന്യത്തെ നയിക്കുന്ന ജനറൽ ടിക്കാ ഖാന് മോഹം. വിമതരെ പാക് പട്ടാളം ജയിച്ചതിനെക്കുറിച്ചും കിഴക്കൻ പാകിസ്താൻ ശാന്തമാണെന്നുമുള്ള വാർത്തകൾ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി പശ്ചിമപാകിസ്താനിൽനിന്ന് എട്ട് പത്രപ്രവർത്തകരെ പത്തുദിവസത്തെ സന്ദർശനത്തിനായി കിഴക്കൻ പാകിസ്താനിലെത്തിച്ചു. അതിലൊരാളായിരുന്നു ആന്റണി മാസ്കരെനാസ്. കറാച്ചിയിലെ ‘ദി മോണിങ് ന്യൂസ്’ പത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്റർ. ഏപ്രിൽ 14 മുതൽ പത്തുദിവസം ഇവർ സൈന്യത്തിന്റെ അതിഥികളായി. എന്നാൽ, ഹിന്ദുക്കളെയും വിദ്യാർഥികളെയും ബുദ്ധിജീവികളെയും തിരഞ്ഞുപിടിച്ചു കൊല്ലുന്ന, ഗ്രാമങ്ങളെ അപ്പാടേ തുടച്ചുനീക്കുന്ന, വ്യാപാരസ്ഥാപനങ്ങൾക്ക് തീയിടുന്ന കാഴ്ചകൾക്കാണ് പിന്നീടുള്ള ദിവസങ്ങളിൽ മാസ്കരെനാസ് സാക്ഷിയായത്. ‘‘കിഴക്കൻ പാകിസ്താനെ തുടച്ചുനീക്കി പാകിസ്താൻ പിളരാനുള്ള ഭീഷണി എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണ് ലക്ഷ്യം. 20 ലക്ഷം പേരെ കൊന്ന് 30 വർഷത്തേക്ക് ഇവിടം കോളനിയാക്കിയാലേ അത് സാധിക്കൂവെങ്കിൽ അങ്ങനെ’’ -മുതിർന്ന സൈനികോദ്യോഗസ്ഥൻ മാസ്കരെനാസിനോടു പറഞ്ഞു. പിന്നീട് ഓരോദിവസവും രാത്രിയിൽ അന്നേദിവസം തങ്ങൾ കൊന്നുതള്ളിയവരുടെ കണക്ക് പറഞ്ഞുചിരിക്കുന്ന പട്ടാളക്കാരെയും അദ്ദേഹത്തിന് കാണേണ്ടിവന്നു.

കറാച്ചിയിൽ തിരികെയെത്തിയ മറ്റു പത്രപ്രവർത്തകർ സൈന്യത്തെ പ്രകീർത്തിച്ച് വാർത്ത നൽകിയെങ്കിലും മാസ്കരെനാസ് ഒരു വാക്കുപോലുമെഴുതിയില്ല. അസുഖമാണെന്നു കാട്ടി മോണിങ് ന്യൂസിലെ തന്റെ മേധാവിക്കു കത്തയച്ചു. കിഴക്കൻ പാകിസ്താനിൽക്കണ്ട കാഴ്ചകൾ വാർത്തയാക്കാൻ ഒരിക്കലും പാകിസ്താനിൽനിന്ന് കഴിയില്ലെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. 
പത്രവാർത്തകൾ ഓരോന്നും പാക് സർക്കാർ സെൻസറിങ്ങിന് വിധേയമാക്കിയിരുന്നു. ഒടുവിൽ ഭാര്യ യുവോനുമായിച്ചേർന്ന് മാസ്കരെനാസ് ഒരു പദ്ധതിയാവിഷ്കരിച്ചു. ലണ്ടനിലെ തന്റെ സഹോദരി ആൻ ഗുരുതരാവസ്ഥയിലാണെന്ന് ഓഫീസിലറിയിച്ചശേഷം മാസ്കരെനാസ് ലണ്ടനിലേക്ക് പുറപ്പെട്ടു. 

നേരെ ചെന്നത് സൺഡേ ടൈംസിന്റെ അന്നത്തെ എഡിറ്ററായ ഹാരോൾഡ് ഇവാൻസിന്റെ അടുത്തേക്ക്. അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിച്ചു. റിപ്പോർട്ട് പ്രസിദ്ധീകരിക്കാമെന്ന് ഇവാൻസ് ഉറപ്പുനൽകി. പക്ഷേ, അതിനുമുൻപ് മാസ്കരെനാസിന്റെ ഭാര്യയെയും അഞ്ചുമക്കളെയും പാകിസ്താനിൽനിന്ന് ലണ്ടനിലെത്തിക്കണം. അതിനുള്ള സൗകര്യവുമൊരുക്കാമെന്ന് ഇവാൻസ് വാക്കുനൽകി.  ‘ആനിന്റെ ശസ്ത്രക്രിയ വിജയകരം’ നേരത്തേ പറഞ്ഞുറപ്പിച്ച രഹസ്യകോഡ് മാസ്കരെനാസ് ഭാര്യയ്ക്ക് ടെലിഗ്രാം സന്ദേശമായി അയച്ചു. ഇതോടെ കറാച്ചിയിൽനിന്ന് രക്ഷപ്പെടാൻ കുടുംബം തയ്യാറെടുത്തു. മാസ്കരെനാസും കറാച്ചിയിലെത്തി. കുടുംബത്തെ വിമാനം കയറ്റി ലണ്ടനിലേക്കയച്ചു. എന്നാൽ, വർഷത്തിൽ ഒരുതവണ മാത്രമേ ഒരാൾക്ക് വിദേശയാത്ര പാടുള്ളൂവെന്ന നിബന്ധനയുള്ളതിനാൽ മാസ്കരെനാസിന് പാകിസ്താനിൽനിന്ന് വിമാനം കയറാനായില്ല. കറാച്ചിയിൽനിന്ന് പെഷാവറിലേക്കും പിന്നീട് അഫ്ഗാനിസ്താനിലേക്കും റോഡ്മാർഗം പോയ മാസ്കരെനാസ് അവിടെനിന്ന് ജൂൺ 12-ന് ലണ്ടനിലേക്കുപോയി. പിറ്റേന്ന് പുറത്തിറങ്ങിയ പത്രത്തിൽ മൂന്നുപേജുകളിലായി പ്രസിദ്ധീകരിച്ച മാസ്കരെനാസിന്റെ റിപ്പോർട്ട് വലിയ കോളിളക്കമുണ്ടാക്കി. ലോകരാജ്യങ്ങൾ പ്രതികരിച്ചുതുടങ്ങി. 

കിഴക്കൻ പാകിസ്താനിലെ ഇന്ത്യയുടെ സായുധ ഇടപെടലിന് പിന്തുണതേടി യൂറോപ്യൻ രാജ്യങ്ങളും റഷ്യയും സന്ദർശിക്കാൻ താൻ തീരുമാനിച്ചതിനുപിന്നിൽ മാസ്കരെനാസിന്റെ റിപ്പോർട്ട് കാരണമായതായി ഇന്ദിരാഗാന്ധി പിന്നീട് പറഞ്ഞിരുന്നു. 1928-ൽ ഗോവയിൽ ജനിച്ച മാസ്കരെനാസ് വിഭജനസമയത്ത് കറാച്ചിയിലേക്ക് പോയി. 1971 സംഭവത്തിനുശേഷം ഫ്രീലാൻസ് പത്രപ്രവർത്തകനായ അദ്ദേഹത്തിന് 1976-ൽ ഇന്ത്യൻ പൗരത്വം ലഭിച്ചിരുന്നു. 1986-ൽ അന്തരിച്ചു.

content highlights: 50 years of bangladesh liberation war