ഒരു രാജ്യത്തിന്റെ ജീവിതത്തിൽ ഒരുപക്ഷേ, ആദ്യത്തെ അമ്പതുവർഷങ്ങൾ കൗമാരകാലമെന്നനിലയിൽ അടയാളപ്പെടുത്തുന്നതാണ്. ബുദ്ധിമുട്ടേറിയ ബാല്യപർവം കടന്നുകയറാൻ ബംഗ്ലാദേശിന് വഴികാട്ടിയായെന്നതിൽ ഇന്ത്യക്ക്‌  അഭിമാനിക്കാം. നിരുത്തരവാദിയായ, പാകമെത്തുംമുമ്പേ മൂത്ത ഒരു കുഞ്ഞിന്റെ രക്ഷാകർത്തൃത്വം അത്രയെളുപ്പമുള്ള കാര്യമല്ല. സ്വന്തം പാത കണ്ടെത്താനുള്ള യാത്രയിൽ ബംഗ്ലാദേശ് നിർബന്ധബുദ്ധിയും ദുർവാശിയും ധിക്കാരവുമുള്ള ജനതയായി മാറിയേക്കുമായിരുന്നു. എന്നാൽ, എല്ലാ വാശിക്കും വഴങ്ങിക്കൊടുക്കുന്ന രക്ഷാകർത്താവായിരുന്നില്ല ബംഗ്ലാദേശിന് ഇന്ത്യ. ആഴത്തിലുള്ള സാംസ്കാരികവും വംശീയവുമായ സ്വത്വവും ചരിത്രവും ഇഴചേർന്ന സങ്കീർണമായ ബന്ധമാണത്.

സമീപദശാബ്ദങ്ങളിൽ, ബംഗ്ലാദേശിൽ ഉയർന്നുവരുന്ന സ്വേച്ഛാധിപത്യപ്രവണതയ്ക്ക്‌ മൗനാനുവാദം നൽകിക്കൊണ്ടുള്ള പരീക്ഷണാത്മക സമീപനമാണ് ഇന്ത്യ അനുവർത്തിക്കുന്നത്. മൂല്യങ്ങളെക്കുറിച്ച് മറ്റുള്ളവർക്ക് നിർദേശം നൽകാതിരിക്കുകയെന്നത് അടിസ്ഥാനപരമായി അന്താരാഷ്ട്രബന്ധങ്ങൾ നിലനിർത്തുന്നതിനുള്ള ശരിയായ മാനദണ്ഡമാണ്. ആ തന്ത്രം ഇവിടെ ഫലിക്കുകയും ചെയ്തു.

ഇന്ത്യയുടെ മൗനം, ഹസീനയുടെ നേട്ടം

ശൈഖ് ഹസീനയുടെ ആഭ്യന്തരരാഷ്ട്രീയം ഗുണംകൊയ്തത് അവരുടെ സ്വേച്ഛാധിപത്യത്തിന് ഇന്ത്യ നൽകിയ നിശ്ശബ്ദ പ്രോത്സാഹനത്തിൽനിന്നാണ്. പകരം ഇന്ത്യക്ക്‌ താത്പര്യമുള്ള ചില പ്രധാന മേഖലകളിൽ ഹസീന  സഹകരണത്തിന് തയ്യാറായി. ഈ നയപരമായ നീക്കം ഇരുഭാഗത്തിനും യോജിക്കുകയുംചെയ്തു. ഹസീനയുടെ സഹായമില്ലെങ്കിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ അസ്ഥിരത വർധിക്കുമായിരുന്നുവെന്ന കാര്യം തുറന്നുസമ്മതിക്കണം. അതിർത്തിത്തർക്കം ഉദാരമായി പരിഹരിച്ച് ഇന്ത്യ ഇതിന് നന്ദികാട്ടുകയും ചെയ്തു.

മേഖലയിലെ സമാധാനവും സുരക്ഷയും സ്ഥിരതയും ബന്ധിപ്പിക്കുന്ന പ്രക്രിയയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാകാത്ത പങ്കാളിയാണ് ബംഗ്ലാദേശ്. അവരുടെ സഹകരണത്തിൽ വടക്കുകിഴക്കൻ മേഖലയെ ഏകോപിപ്പിച്ച് മെച്ചപ്പെട്ട സമ്പർക്കം സാധ്യമാക്കാൻ ഇന്ത്യക്കാകും.

അന്തരിച്ച വിഖ്യാത ബ്രിട്ടീഷ് സാമ്പത്തികശാസ്ത്രജ്ഞൻ ആൻഗസ് മാഡിസണിന്റെ അഭിപ്രായത്തിൽ 18-ാം നൂറ്റാണ്ടിലെ ആഗോളവ്യാപാരത്തിന്റെ 50 ശതമാനവും കൈയാളിയിരുന്നത് ഇന്ത്യയും ചൈനയുമായിരുന്നു. വ്യക്തമായി പറഞ്ഞാൽ, ലോകത്തെ ഏറ്റവും ചലനാത്മകമായ വിപണിയിലേക്ക് ബംഗ്ലാദേശ് ഒരു പാലമായി വർത്തിക്കുന്നുവെന്ന നിർണായകമായ വസ്തുത ഇന്ത്യൻ ബോധത്തിൽ ഇതുവരെ ഉയർന്നിട്ടില്ല. അതിനൊരുപക്ഷേ, ഇന്ത്യയുടെ ചിന്താഗതിക്ക് മാതൃകാപരമായ പരിവർത്തനമുണ്ടാകുന്നതുവരെ കാത്തിരിക്കേണ്ടിവന്നേക്കാം. ഇഷ്ടമായാലും ഇല്ലെങ്കിലും ലോകത്തിന്റെ ഭാവി ബന്ധപ്പെട്ടിരിക്കുന്നത് ചൈനയോ ഇന്ത്യയോ എന്നതിലല്ല. മറിച്ച് ഇന്ത്യയും ചൈനയും എന്ന കാഴ്ചപ്പാടിലാണ്.

ഭാവിയെ അറിഞ്ഞ് ബംഗ്ലാദേശ്

ഒരുപക്ഷേ, ഇരുരാജ്യവും തമ്മിലുള്ള ബന്ധത്തിൽ വ്യതിചലനം വന്നിട്ടുണ്ടെങ്കിൽ അതിന്‌ കൃത്യമായ കാരണം, അസൂയാവഹമായ ബൗദ്ധികസമ്പത്തുള്ള ആ ചെറിയ ദക്ഷിണേഷ്യൻ അയൽരാജ്യം തങ്ങളെക്കുറിച്ച് യുക്തിസഹമായി ചിന്തിക്കുകയും വ്യാപാരത്തിനും നിക്ഷേപത്തിനുമായുള്ള പോരാട്ടത്തിൽ ഇന്ത്യയെ മറികടക്കുകയും ചെയ്തിരിക്കുന്നു എന്നതിനാലാണ്. ഇത് ബംഗ്ലാദേശിനെ സാമ്പത്തികപങ്കാളികളുടെ നിരയിലേക്ക് കൊണ്ടുപോകുന്നു. ഫലത്തിൽ നേട്ടം ബംഗ്ലാദേശിന്റേതു മാത്രമായി ചുരുങ്ങുന്നു.

ബംഗ്ലാദേശിലെ ചൈനയുടെ സാമ്പത്തികതാത്പര്യങ്ങളെ ഡൽഹിയുടെ ഭൂരാഷ്ട്രനയങ്ങളുമായി കൂട്ടിക്കെട്ടിയതോടെ നാം സത്യത്തിൽ പരാജയപ്പെട്ടു. കോളനിവത്കരണവും ചേരിചേരാ നയവും നൽകിയ അനുഭവങ്ങൾ ഇരുരാജ്യങ്ങൾക്കുമുണ്ടെങ്കിലും തത്ത്വാധിഷ്ഠിതമായ ലോകവീക്ഷണമുണ്ടാക്കിയെടുക്കാൻ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പറയുന്നതുപോലെ ആഗോളതലത്തിലുള്ള വൈരുധ്യങ്ങൾ സൃഷ്ടിക്കുന്ന അവസരങ്ങൾ തിരിച്ചറിഞ്ഞും അതിനെ ഉപയോഗപ്പെടുത്തിയും അന്താരാഷ്ട്രബന്ധങ്ങളിൽനിന്ന് പരമാവധി നേട്ടംകൊയ്യുക എന്ന ദേശീയനയമാണ് ഇന്ത്യ പിന്തുടരുന്നത്. എന്നാൽ, വികസനത്തിന് കൂടുതൽ ഇടം നൽകുകയും അതുമായി പൊരുത്തപ്പെടുകയുമാണ് ബംഗ്ലാദേശ് ചെയ്യുന്നത്. അവരുടെ ദേശീയ അജൻഡയുടെ പ്രധാന പരിഗണനതന്നെ അതാണ്.

ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്കെതിരേയുള്ള ഇന്ത്യയുടെ പ്രചാരണങ്ങൾ ബംഗ്ലാദേശിൽ പരാജയപ്പെട്ടുപോയിരുന്നു. അടിമുടി പക്വതയെത്തിയ ബംഗ്ലാദേശിൽ, ധാക്കയെ രാജ്യത്തിന്റെ തെക്കൻ മേഖലയിലെ വിവിധ ജില്ലകളുമായി ബന്ധിപ്പിക്കുന്ന പദ്മ പാലമെന്ന സ്വപ്നപദ്ധതി പൂർത്തിയായിക്കൊണ്ടിരിക്കയാണ്. ചൈന റെയിൽവേ മേജർ എൻജിനിയറിങ് ഗ്രൂപ്പ് കമ്പനി നിർമിക്കുന്ന, ബംഗ്ലാദേശ് ചരിത്രത്തിലെതന്നെ ഏറ്റവും വലുതും വെല്ലുവിളി നിറഞ്ഞതുമായ പദ്മ പാലം അടുത്ത ജൂണിൽ ശൈഖ് ഹസീന ഉദ്ഘാടനംചെയ്യും.

ഇന്ത്യ താഴേക്കുപോകുംതോറും, ബംഗ്ലാദേശ് സ്വന്തം പാത കണ്ടെത്തുകയും മെച്ചപ്പെടുന്ന വികസനസൂചികകളിലൂടെ ദക്ഷിണേഷ്യയിൽ ഏറ്റവും പുരോഗമിക്കുന്ന രാജ്യമെന്ന നിലയിലേക്ക് മുന്നേറുകയും ചെയ്യുന്നു. ആ രാജ്യത്തെ പതിനാറരക്കോടി ജനങ്ങൾക്ക് അഭിമാനമുണ്ടാക്കുന്ന കാര്യമാണിത്. 1971 മാർച്ച് 25-ന് രാത്രി അറസ്റ്റിലാകുന്നതിന് ഏതാനും മണിക്കൂറുകൾക്കുമുൻപ് തങ്ങളുടെ രാഷ്ട്രപിതാവ് ശൈഖ് മുജീബുർ റഹ്മാൻ പറഞ്ഞ വാക്കുകൾ ഉൾക്കൊണ്ടാണ് ആ രാജ്യം മുന്നോട്ടുപോകുന്നത്. ‘‘ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തന്നിരിക്കുന്നു, ഇനി പോകൂ... അത് സംരക്ഷിക്കൂ’’ എന്ന വാക്കുകളെ.


(മുൻനയതന്ത്രജ്ഞനാണ് ലേഖകൻ)