Francoബിഷപ്പ്‌ ഫ്രാങ്കോ മുളയ്ക്കലിനെ ഒടുവിൽ വിചാരണക്കോടതി വെറുതേ  വിട്ടിരിക്കുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പിൽ നിർവചിച്ച ബലാത്സംഗക്കുറ്റമായിരുന്നു ബിഷപ്പിനുനേരെ ആരോപിക്കപ്പെട്ടത്‌. ബിഷപ്പിനുനേരെ കന്യാസ്ത്രീകൾതന്നെ ആരോപണവുമായി രംഗത്തുവന്നതുകാരണം കേസിന്‌ വലിയ വാർത്താപ്രാധാന്യം ലഭിച്ചു. എന്നാൽ, കേസിന്റെ തുടക്കഘട്ടങ്ങളിൽ ഈ വിഷയം വലിയ മാധ്യമവിചാരണകൾക്കും സെൻസേഷണലിസത്തിനും വിധേയമാവുകയുണ്ടായി.  ബിഷപ്പിന്‌ ആദ്യഘട്ടത്തിൽ ജാമ്യം നിഷേധിക്കപ്പെട്ടു. പിന്നീട്‌ കുറ്റവിമുക്തനാക്കാനായി (discharge) ബിഷപ്പ്‌ നൽകിയ ഹർജികൾ നിരാകരിക്കപ്പെട്ടു. ആ നിലപാടിനെ ഹൈക്കോടതിയും സുപ്രീംകോടതിയും സാധൂകരിച്ചു. അതായത്‌, ബിഷപ്പ്‌ വിചാരണ നേരിടുകതന്നെ വേണമെന്ന്‌ കോടതികൾ ഒരേ സ്വരത്തിൽ പറഞ്ഞു. പിന്നീട്‌ സമഗ്രമായ വിചാരണയ്ക്കും തെളിവെടുപ്പിനും ശേഷമാണ്‌ ഇപ്പോൾ വിചാരണക്കോടതി ബിഷപ്പിനെ വെറുതേവിട്ടിരിക്കുന്നത്‌. കേസിൽ ഇൻ-ക്യാമറ വിചാരണയാണ്‌ (രഹസ്യ വിചാരണ) നടന്നത്‌. വിചാരണവിവരങ്ങൾ റിപ്പോർട്ടുചെയ്യുന്നതിൽനിന്ന്‌ മാധ്യമങ്ങളെ കോടതി വിലക്കി. അതുകൊണ്ടുതന്നെ വിചാരണനടപടികൾ സമാന്തരവിചാരണകളിൽപ്പെടാതെ മുന്നോട്ടുകൊണ്ടുപോകാൻ കോടതിക്ക്‌  കഴിഞ്ഞു. ഫ്രാങ്കോക്കേസിലെ വിധി ചില പൊതുവായ നിയമ, സാമൂഹിക പാഠങ്ങൾ നൽകുന്നുണ്ട്‌. അവയെക്കുറിച്ച്‌ സംക്ഷിപ്തമായി പറയാം. 

നിയമപാഠങ്ങൾ

ബലാത്സംഗ ആരോപണം പൊതുവേ ഏറ്റവും ഗൗരവപ്പെട്ടതാണ്‌. ഈ കേസിന്റെ നേരത്തേ പറഞ്ഞതടക്കമുള്ള സവിശേഷസാഹചര്യങ്ങളിൽ ആരോപണത്തിന്റെ ഗൗരവം വല്ലാതെ കൂടുകയുംചെയ്തു. എന്നാൽ,  ഇത്തരം കേസുകളിൽ വിചാരണക്കോടതികൾ ചില അവശ്യ നിയമതത്ത്വങ്ങൾ പിന്തുടർന്നേ പറ്റൂ. മാധ്യമചർച്ചകളുടെയോ ഊഹാേപാഹങ്ങളുടെയോ കേവലമായ ആരോപണങ്ങളുടെയോ ‘സമൂഹ മനഃസാക്ഷി’ ഉയർത്തുന്ന സംശയങ്ങളുടെയോ പേരിൽ വിചാരണക്കോടതിക്ക്‌ ഒരുകേസിലും പ്രതിയെ ശിക്ഷിക്കാനാവില്ല. 

ഈ കേസിലും അടിസ്ഥാനപരമായ ചില വിഷയങ്ങൾ അന്തർഭവിച്ചിട്ടുണ്ട്‌. ആരോപിക്കപ്പെട്ട കുറ്റം ഗൗരവതരമായാൽമാത്രം പോരാ, അത്‌ സംശയലേശ​െമന്യേ തെളിയിക്കാനുള്ള ബാധ്യത പ്രോസിക്യൂഷനുതന്നെയാണ്‌; പ്രോസിക്യൂഷനുമാത്രമാണ്‌. ഈ അടിസ്ഥാനതത്ത്വം ബലാത്സംഗം ആരോപിക്കുന്ന കേസുകളിലും ബാധകമായതിനാൽ സംശയത്തിന്റെ ആനുകൂല്യം ഇത്തരം കേസുകളിലും പ്രതിക്കുതന്നെയാണ്‌ നൽകേണ്ടത്‌. പരംജിത്ത്‌ സിങ്ങിന്റെ കേസിൽ (എ.­ഐ.ആർ. 2011 സുപ്രീംകോടതി 200) പരമോന്നതകോടതി ഇക്കാര്യം വ്യക്തമാക്കി. അബ്ബാസ്‌ അഹമ്മദ്‌ ചൗധരിയുടെ കേസിലെ വിധി ([2010] 12 എസ്‌.സി.സി. 115) ഇതേകാര്യംതന്നെ വ്യക്തമാക്കുന്നു. സാക്ഷികൾ കുറുമാറിയില്ലെന്നത്‌ പ്രോസിക്യൂഷനെ സംബന്ധിച്ചിടത്തോളം അഭിമാനകരംതന്നെ. എന്നാൽ, ആരോപണത്തിനും തെളിവുകൾക്കും  വിശ്വാസ്യത വേണമെന്നത്‌ പ്രധാനമാണ്‌. ഒപ്പം, വൈദ്യശാസ്ത്രപരമായ തെളിവുകളുടെ പിൻബലവും വേണം (കൃഷ്ണകുമാർ മാലികിന്റെ കേസ്‌ (2011) 7 എസ്‌.സി.സി. 130). വലിയ കാലതാമസത്തോടെ ഉന്നയിക്കപ്പെടുന്ന പരാതികളും വൈകി തയ്യാറാക്കപ്പെടുന്ന പ്രഥമവിവര റിപ്പോർട്ടുകളും വൈദ്യശാസ്ത്രപരമായ തെളിവുകൾ ശേഖരിക്കുന്നതിലെ കാലവിളംബവും അപര്യാപ്തതകളുമെല്ലാം ബലാത്സംഗം ആരോപിക്കപ്പെട്ട കേസുകളിൽ പ്രതിക്കനുകൂലമായി ഭവിക്കുമെന്ന്‌ പരമീന്ദർ കൗറിന്റെ കേസിൽ (2020 എസ്‌.സി.സി. ഓൺലൈൻ 605) സുപ്രീംകോടതി പറഞ്ഞു. സാക്ഷിമൊഴികളിലെ വൈരുധ്യവും പ്രോസിക്യൂഷൻ കേസിന്റെ അവിശ്വസനീയതയും പ്രതിയെ വെറുതേവിടാനുള്ള മതിയായ കാരണങ്ങളാണെന്ന്‌ സുപ്രീംകോടതി സന്തോഷ്‌ പ്രസാദിന്റെ കേസിൽ ((2020) 3 സുപ്രീംകോർട്ട്‌ കേസസ്‌ 443) വ്യക്തമാക്കി. ഇത്തരം നിയമതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ വിചാരണക്കോടതി വിധിക്ക്‌ ശക്തമായ അടിത്തറയുണ്ടെന്ന്‌ പറയേണ്ടിവരും. കേസിന്റെ ധാർമികമായ മാനദണ്ഡങ്ങൾ കോടതിയുടെ പരിഗണനാ വിഷയമാകണമെന്ന്‌ ആർക്കും ശഠിക്കാനാവില്ല. നിയമപരമായ ധാർമികതയാണ്‌ കോടതിയുടെ ധാർമികത. അതിന്റെ അടിസ്ഥാനമാകട്ടെ തെളിവുകളും സാഹചര്യങ്ങളും മുൻകാല കോടതിവിധികളുമൊക്കെയാണ്‌. 

സാമൂഹിക പാഠങ്ങൾ

സെലിബ്രിറ്റികൾ പ്രതികളാക്കപ്പെടുന്ന കേസുകളിൽ  ശിക്ഷാനിരക്ക്‌ കൂടുതലാണെന്ന്‌ ചില പഠനങ്ങൾ പറയുന്നുണ്ട്‌. ബിഷപ്പ്‌ ഫ്രാങ്കോ സെലിബ്രിറ്റിയല്ലെങ്കിലും സമൂഹത്തിൽ ഉന്നതസ്ഥാനം വഹിക്കുന്ന വ്യക്തിയാണ്‌. സെലിബ്രിറ്റി കേസുകളിലെ വിചാരണകളിൽ സമൂഹത്തിന്റെ  മുൻവിധികളും പ്രതിയെപ്പറ്റിയുള്ള ഉന്നതപ്രതീക്ഷകളും പ്രതി സമൂഹത്തിന്‌ മാതൃകയാകണമെന്ന നീതിപീഠങ്ങളുടെ ആഗ്രഹവുമെല്ലാം സ്വാധീനം ചെലുത്തുന്നതിനാലാണ്‌ ഇത്തരം കേസുകളിൽ ശിക്ഷാനിരക്ക്‌ ഉയരുന്നതെന്നും ചില പഠനങ്ങൾ പറയുന്നു. എന്നാൽ, ക്രിമിനൽ നീതിനിർവഹണരംഗത്തുനിന്ന്‌ നോക്കുമ്പോൾ ഇതൊരു നല്ലപ്രവണതയല്ല. മാധ്യമവിചാരണകളും സെൻസേഷണലിസവും പ്രതികളുടെയും പ്രോസിക്യൂഷന്റെയും സമൂഹത്തിന്റെയും താത്‌പര്യങ്ങളെ നിഹനിച്ചേക്കാം. ക്രിമിനൽക്കേസുമായി ബന്ധപ്പെട്ട പൊതുവായ, വിദ്യാഭ്യാസപരമായ ധർമം മാധ്യമങ്ങൾക്ക്‌ നിർവഹിക്കാം. അതിനുമപ്പുറം, സമാന്തരവിചാരണകളും ചർച്ചകളും സംശയങ്ങളും പൊതുവേദികളിലും ടെലിവിഷൻ ചർച്ചകളിലും  മറ്റും ഉന്നയിക്കുന്നതുവഴി കോടതിനടപടികളിൽ ഇടപെടാനാകുമെന്ന്‌ ആരും കരുതരുത്‌. ഇതാണ്‌ വിധി നൽകുന്ന ഒരു സാമൂഹികപാഠം. അതുപോലെ ഗൗരവപ്പെട്ടതും നിയമപരമായ പരിഹാരം ആവശ്യപ്പെടുന്നതുമായ കേസുകളിൽ യഥാവിധി, യഥാസമയം പരാതിയുന്നയിക്കാനും തെളിവുകൾ സമാഹരിക്കാനും കുറ്റപത്രം തയ്യാറാക്കാനും നടപടിക്രമങ്ങൾ ശരിയാണെന്ന്‌ ഉറപ്പുവരുത്താനും കുറ്റകൃത്യത്തിന്‌ ഇരയാകുന്നവരും പോലീസും പ്രോസിക്യൂഷനും ശ്രമിക്കണം. കാലതാമസം ഉണ്ടായാൽത്തന്നെ അതിനുള്ള കാരണങ്ങൾ ബോധ്യപ്പെടുത്തണം. ഇതുചെയ്യാതെ  ധാർമികതയെ സംബന്ധിച്ച വൈയക്തികബോധ്യത്തിന്റെ അടിസ്ഥാനത്തിൽമാത്രം ഇത്തരം കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടണമെന്ന്‌ ആരും കരുതിക്കൂടാ. ഇത്‌ വിധി സമൂഹത്തിന്‌ നൽകുന്ന മറ്റൊരു പാഠം. 

(സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്‌ ലേഖകൻ)