k railവിജയകൃഷ്ണന്റെ  ലേഖനം ‘കെ- ഫ്ലൈറ്റ്, കെ-െറയിലിന്  ഒരു  ബദൽ’ വളരെ കൗതുകത്തോടെയാണ് വായിച്ചത്. ഇത്രയും പ്രായോഗികമായ ഒരു നിർദേശം കാലിക്കറ്റിന്റെ സഹകരണപ്രസ്ഥാനത്തിന്റെ ഭീഷ്മാചാര്യനിൽനിന്നു കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നി. അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ്‌ ആദർശവും കാൻസർ സെന്ററിന്റെ സ്ഥാപക  നേതൃപാടവങ്ങളും ആയിരിക്കാം  ഇത്രയും ചുരുങ്ങിയ ചെലവിൽ ഒരുമണിക്കൂറിനുള്ളിൽ കണ്ണൂരിൽനിന്ന്‌ തിരുവനന്തപുരത്തെത്താൻ  കഴിയുന്ന കെ-എയർ എന്ന പദ്ധതി മുന്നോട്ടുവെക്കാൻ  പ്രേരിപ്പിച്ചത്. അദ്ദേഹത്തിന് ആശയങ്ങളുമായി ഞാൻ പൂർണമായി യോജിക്കുന്നു.കണ്ണൂർ, കോഴിക്കോട്‌, കൊച്ചി  തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ പൂർണസജ്ജമായ വിമാനത്താവളങ്ങളെ നേരിട്ട്  ബന്ധിപ്പിച്ചുകൊണ്ട് ചെറിയ 72  സീറ്റർ എയർക്രാഫ്റ്റ്‌ വിമാന സർവീസ് നടപ്പാക്കിയാൽ ഈ പട്ടണങ്ങൾ തമ്മിലുള്ള സഞ്ചാര സമയം അരമണിക്കൂറിനും ഒരു മണിക്കൂറിനും ഉള്ളിൽ  ചുരുക്കാൻ  കഴിയും. ടിക്കറ്റ്  1000 രൂപയ്ക്കും 2000 രൂപയ്ക്കും  ഇടയ്ക്കായിരിക്കും.  കെ-റെയിലിനെക്കാളും കുറവ്. കാപിറ്റൽ ഇൻവെസ്റ്റ്മെന്റ് നിസ്സാരം. 1000 കോടിക്ക് താഴെ.  ഇത്രയും പ്രായോഗികമായ ഒരു നിർദേശം സർക്കാർ എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്നത്  അതിശയം തന്നെ. 

പിന്നെ കേരളത്തിന്റെ റെയിൽ വികസനത്തിനെപ്പറ്റി. ലൈൻ ഇരട്ടിപ്പിക്കാനും വേഗം മണിക്കൂറിൽ ഇരുനൂറ് കിലോമീറ്റർ ആക്കാനുമുള്ള പദ്ധതിക്ക്‌ പത്തുകൊല്ലം മുമ്പാണ് അംഗീകാരം നൽകിയത്. ഇന്നും അത് ഒരു സ്വപ്നമാണ്‌. കാരണം പറയുന്നത് ലൈൻ ഇരട്ടിപ്പിക്കാനുള്ള സ്ഥലം  ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ടുകളാണ്. ഈ പദ്ധതി പൂർത്തീകരിച്ചാൽത്തന്നെ കേരളത്തിലെ ട്രെയിനുകളുടെ ശരാശരി വേഗം നൂറ്റി ഇരുപത്തഞ്ചു കിലോമീറ്ററാക്കാൻ കഴിയും. അതോടെ കാസർകോട് മുതൽ  തിരുവനന്തപുരംവരെ ആറുമണിക്കൂറിനുള്ളിൽ എത്താൻ  കഴിയും. സാധാരണ യാത്രക്കാരന് ആറുമണിക്കൂറും നാലും തമ്മിൽ വലിയ വ്യത്യാസം ഉണ്ടാക്കുമോ എന്നത് സംശയംതന്നെ, പ്രത്യേകിച്ചും ഒരുലക്ഷം കോടി കടബാധ്യത നോക്കുമ്പോൾ.
കെ-റെയിൽ അഞ്ചുകൊല്ലവും ആയിരക്കണക്കിന് കുടുംബാംഗങ്ങളുടെ പ്രയാസങ്ങളും രാഷ്ട്രീയപ്പാർട്ടികളുടെയും പരിസ്ഥിതിപ്രവർത്തകരുടെയും എതിർപ്പും നേരിട്ട്, നടപ്പാക്കിയാൽത്തന്നെ ആർക്കാണ് പ്രയോജനം. അതിൽ യാത്ര ചെയ്യണമെങ്കിൽ ഫ്ളൈറ്റ്‌ടിക്കറ്റിന്റെ  തുകനൽണം. പിന്നെ പ്രോജക്ട്‌ കൊണ്ട് നമുക്കെന്താണ് സാമ്പത്തികനേട്ടം. ഏകദേശം ഒരുലക്ഷം കോടി രൂപ കടമെടുത്ത്  ചെലവാക്കുമ്പോൾ കേരളത്തിലെ ജനങ്ങൾക്ക് ഏകദേശം പതിനായിരം കോടി ഭൂമിയുടെ വിലയായി കിട്ടും. പിന്നെ ഇവിെട ചെയ്യുന്ന ജോലിയുടെ മൂല്യം ഉദ്ദേശം ഇരുപതിനായിരം കോടിരൂപയുടേതായിരിക്കും. അതു മുഴുവനും ഇതരസംസ്ഥാനത്തൊഴിലാളികൾ കൊണ്ടുപോകും. ബാക്കി എഴുപതു ശതമാനവും പഞ്ചാബിലെയോ  ബംഗാളിലോ ചെന്നൈയിലോ ഉള്ള വ്യവസായികളും  കൈക്കലാക്കും. ഇതിലൊക്കെ പത്തു ശതമാനമെങ്കിലും ഇടനിലക്കാരും കൈക്കലാക്കും. അവസാനം ജനം തീർത്താൽത്തീരാത്ത കടക്കെണിയിൽ മുങ്ങുകയും ചെയ്യും. 
ഇത്തരം കാര്യങ്ങൾ നന്നായി മനസ്സിലാക്കിത്തന്നെയാണ്  വിജയകൃഷ്ണൻ വളരെ പ്രായോഗികമായ നിർദേശം  മുന്നോട്ടുെവച്ചിരിക്കുന്നത്. പ്രധാനമായും കെ-എയർ തുടങ്ങുക. അതോടൊപ്പം റെയിൽ ലൈൻ ഇരട്ടിപ്പിക്കുകയും ആറു വരിപ്പാത നിർമാണം  സമയബന്ധിതമായി നടപ്പാക്കുകയുമാണ് ഇപ്പോൾ  കേരളത്തിലെ ജനങ്ങൾക്ക് ആവശ്യം. 
സർക്കാരും  രാഷ്ട്രീയപ്പാർട്ടികളും ജനങ്ങളും നിഷ്പക്ഷമായി ചർച്ചചെയ്ത്  ഒരു പ്രായോഗിക തീരുമാനത്തിൽ എത്തുമെന്ന് വിശ്വാസമുണ്ട്.

(ഐ.എസ്.ആർ.ഒ. മുൻ ചെയർമാനായ ലേഖകൻ സ്പേസ് കമ്മിഷൻ മുൻ ചെയർമാനായിരുന്നു)