നിപ കേസ് കേരളത്തിൽ വീണ്ടും സ്ഥിരീകരിച്ചതോടെ പഴം, പച്ചക്കറി വിപണി പ്രതിസന്ധിലായിരിക്കുകയാണ്.  നിപ പകരുന്നത് പഴങ്ങളിലൂടെയാണ് എന്ന തെറ്റായ പ്രചാരണം പ്രശ്‌നം കൂടുതൽ സങ്കീർണമാക്കി. കഴിഞ്ഞ ചില ദിവസങ്ങളായി വാട്ട്‌സാപ്പിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വിപണിയിൽനിന്ന് വാങ്ങുന്ന പഴങ്ങളെ എങ്ങനെ നിപ വിമുക്തമാക്കാം എന്നുള്ളതാണ് വീഡിയോയുടെ വിഷയം.

വീഡിയോയുടെ ഉള്ളടക്കം ഇതാണ്: പുറമെനിന്നു വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും, ബേക്കിംഗ് സോഡ അല്ലെങ്കിൽ അപ്പക്കാരം കലർന്ന വെള്ളത്തിൽ കഴുകിയെടുക്കുക. നിപ ഒരു ആർ.എൻ.എ. വൈറസ് ആണെന്നും ഇങ്ങനെ പച്ചക്കറികളും, പഴങ്ങളും കഴുകുന്നതിലൂടെ അവയിൽ നിപ്പ വൈറസ് ഉണ്ടെങ്കിൽ അത് നശിച്ചു പോകുമെന്നും വിഡിയോയിൽ പറയുന്നു. 

അന്വേഷണം 

കേരളത്തിൽ ഇപ്പോൾ ആകെ ഒരു നിപ കേസ് മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളു. 2018-ലാണ് ഇതിന് മുൻപ് കേരളത്തിൽ  നിപ വ്യാപനം ഉണ്ടാകുന്നത്. എന്നാൽ, അന്ന് നിപ കേസുകൾ കോഴിക്കോട്ടും മലപ്പുറത്തും മാത്രമേ ഉണ്ടായിരുന്നുള്ളു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായപ്രകാരം നിപയുടെ ഉറവിടം എന്നത് പഴംതീനി വവ്വാലുകളുടെ ഉമിനീരോ വിസർജ്യമോ കലർന്ന പഴങ്ങളാണ്. 
https://www.who.int/health-topics/nipah-virus-infection#tab=tab_1 

നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി.) പറയുന്നതിങ്ങനെ: പഴംതീനി വവ്വാലുകൾ വിഹരിക്കുന്ന പ്രദേശങ്ങൾ, അല്ലെങ്കിൽ അവയുടെ വിസർജ്യമോ ഉമിനീരോ കലർന്ന കിണറുകൾ, അവയുടെ സാമീപ്യമുള്ള പഴ-പച്ചക്കറി തോട്ടങ്ങൾ എന്നിവയാണ് നിപ വൈറസിന്റെ  ഉറവിടം. 
https://ncdc.gov.in/showfile.php?lid=230 

nipah

ഇതോടൊപ്പം നിപ പ്രതിരോധത്തെപ്പറ്റി വ്യക്തമായ മാർഗനിർദേശങ്ങൾ എൻ.സി.ഡി.സി. പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ ചിലത് ഇതാണ്:  

-രോഗിയുമായോ മൃഗവുമായോ സമ്പർക്കം പുലർത്തിയ ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക.

- ഈന്തപ്പഴം, പനംകള്ള് കഴിക്കുന്നത് ഒഴിവാക്കുക

-പഴങ്ങൾ കഴുകി മാത്രം ഉപയോഗിക്കുക 

-നിലത്തുനിന്ന് കിട്ടുന്ന പകുതി നശിച്ച പഴങ്ങൾ ഒഴിവാക്കുക

-ഉപേക്ഷിക്കപ്പെട്ട കിണറുകളിൽ പ്രവേശിക്കുന്നത് ഒഴിവാക്കുക

-മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നത് സർക്കാർ നിർദേശങ്ങൾ അനുസരിച്ചായിരിക്കണം.

പ്രസ്തുത വീഡിയോയുടെ അവകാശവാദം പരിശോധിക്കാൻ മാതൃഭൂമി ഫാക്ട് ചെക്ക്, നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ  നോഡൽ ഓഫിസർ ആയിരുന്ന അമർ ജെ. ഫെറ്റലിനെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം പ്രതീകരിച്ചതിങ്ങനെ: വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പ്രീവെന്റിവ് നടപടികൾ മാത്രമാണ്. പക്ഷെ, ബേക്കിംഗ് സോഡ കലർത്തിയ വെള്ളത്തിൽ നിപ ഇൻഫെക്ടഡ് ആയ പഴമോ പച്ചക്കറികളോ കഴുകി എന്നത്‌കൊണ്ട് വൈറസ് നശിക്കില്ല. അത്തരം അവകാശവാദത്തിന് ശാസ്ത്രീയ അടിത്തറയില്ല. 

കേരള കാർഷിക സർവകലാശാലയിൽനിന്ന് വിരമിച്ച ഡോ. തോമസ് ബിജു മാത്യു വിഷയത്തിൽ പ്രതീകരിച്ചതിങ്ങനെ: 'പച്ചക്കറികളിലെയും, പഴങ്ങളിലെയും കീടനാശിനി ഉപയോഗം കൊണ്ടുണ്ടാകുന്ന വിഷാംശം കുറയ്ക്കാൻ വിനാഗിരിയോ അപ്പക്കാരം കൊണ്ടോ കഴുകാം. കോവിഡ് ഭീതി പടർന്നു പിടിച്ചപ്പോഴും ഇത്തരത്തിൽ പലരും ചെയുന്നതായി കണ്ടിട്ടുണ്ട്. ഇതൊരു പ്രീവെന്റിവ് നടപടി മാത്രമാണ്. നിപ ഇൻഫെക്ഷൻ ഉള്ള പഴമോ പച്ചക്കറിയോ ഇത്തരത്തിൽ കഴുകി എന്നതുകൊണ്ട് അതിലെ വൈറസ് ബാധ നശിക്കും എന്ന് പറയാൻ കഴിയില്ല. കാരണം അത് ക്ലിനിക്കലി സ്ഥാപിക്കപ്പെട്ടിട്ടില്ല.  

nipah

വാസ്തവം

ഇൻവിട് ടൂൾ കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിൽ ഈ വീഡിയോ ആദ്യം പ്രസിദ്ധികരിക്കപ്പെട്ടത് കഴിഞ്ഞ നിപ കാലത്താണ് എന്ന് തെളിഞ്ഞു. 2018 മെയ് 25-നാണ് പ്രസ്തുത വീഡിയോ 'ഓ മൈ ഹെൽത്ത് 'എന്ന യൂട്യൂബ് ചാനലിൽ ആദ്യമായി പ്രസിദ്ധീകരിക്കപെട്ടത്.  വീഡിയോയുടെ ലിങ്ക്: https://www.youtube.com/watch?v=JaSehlLHnMs

വിഡിയോയിൽ പറയുന്നത് ഒരു മുൻകരുതൽ നടപടി മാത്രമാണ്. ബേക്കിംഗ് സോഡ ഉപയോഗിച്ച് നിർമ്മിക്കുന്ന ആൽക്കലൈൻ സൊല്യൂഷൻ ഉപയോഗിച്ച് നിപ വൈറസ് ഉണ്ടെന്നു കരുതുന്ന പഴം, പച്ചക്കറികളെ വൈറസ് വിമുക്തമാക്കാൻ കഴിയില്ല. 

Content Highlights: Will Alkaline solution kill nipha virus? | Fact Check