ലോകാരോഗ്യ സംഘടന(ഡബ്ല്യൂ.എച്ച്.ഒ.)യുടെ കോവിഡ് റിലീഫ് ഫണ്ടിൽനിന്നു  അലവൻസായി 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നൽകുന്നു എന്ന വ്യാജേന ഒരു വെബ്‌സൈറ്റ് ലിങ്ക് വാട്‌സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. അതിന്റെ സത്യാവസ്ഥ എന്തെന്ന് വിശദമായി പരിശോധിക്കുന്നു.

തന്നിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് മാതൃഭൂമി ഫാക്ട് ചെക്ക് ടീം  വെബ്സൈറ്റിൽ പ്രവേശിച്ചു (ആവശ്യമായ സുരക്ഷാ മുന്കരുതലുകളോടെയാണ് ഞങ്ങൾ വെബ്സൈറ്റിൽ പ്രവേശിച്ചത്). സൈറ്റിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ റിലീഫ് ഫണ്ടുമായ് ബന്ധപ്പെട്ട അലവൻസ് നൽകുന്നു എന്ന വിവരമാണ് കാണാൻ സാധിക്കുക. വിശ്വാസ്യത വരുത്താനായി  സൈറ്റിന്റെ ഏറ്റവും മുകളിൽ ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക ചിഹ്നവും നൽകിയിട്ടുണ്ട്. താഴേക്ക് സ്‌ക്രോൾ ചെയ്താൽ നമ്മുടെ വ്യക്തിവിവരങ്ങൾ എന്റർ ചെയ്യാനായി ആവശ്യപ്പെടുന്നത് കാണാൻ സാധിക്കും. ഏറ്റവും ഒടുവിലായി കുറെ പേരുകളും അവർക്ക് കിട്ടിയ തുകയും എന്ന തരത്തിൽ ഒരു ലിസ്റ്റും കാണാം.

അന്വേഷണം

ലിങ്ക് പരിശോധിച്ചാൽ അത് ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെന്ന് മനസ്സിലാക്കാൻ സാധിക്കും. ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ അവർ പൊതുജനങ്ങൾക്കുള്ള വിവരങ്ങൾ പങ്കുവെക്കാറുള്ളു. മാത്രമല്ല ഡബ്‌ള്യു.എച്ച്.ഒ.  ഇത്തരത്തിൽ ഒരു റിലീഫ് ഫണ്ട് തുടങ്ങിയിട്ടില്ല. നേരിട്ട് ജനങ്ങൾക്ക് കാശ് നൽകുന്ന പദ്ധതികൾ അവർ ചെയ്യാറുമില്ല.

ശാസ്ത്രീയമായ പരിശോധനയിൽ പ്രചരിക്കുന്ന ലിങ്ക്, ചൈനയിലെ പ്രശസ്തമായ ആലിബാബ ഗ്രൂപ്പ് ഹോസ്റ്റ് ചെയ്യുന്ന ഡൊമൈൻ ലിങ്കാണ് എന്ന് കണ്ടെത്തി. സിംഗപ്പൂരിലാണ് ഇത് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും മനസ്സിലാക്കാൻ സാധിച്ചു. ഈ വെബ് പേജിന്റെ ഭാഗമായ ജാവ സ്‌ക്രിപ്റ്റുകൾ  hm.baidu.com, xinhsakh.oss-ap-osutheast-1.aliyuncs.com എന്നീ ഡൊമൈനുകളുമായ് ബന്ധമുണെന്നും മനസ്സിലായി. ഇവയുടെ ഐ.പി. അഡ്രസുകൾ  യഥാക്രമം  ഹോങ്കോങ്ങിലും സിംഗപ്പൂരിലും രജിസ്റ്റർ ചെയ്തവയാണെന്നും കണ്ടുപിടിച്ചു.

വെബ്‌സൈറ്റിന്റെ സെക്യൂരിറ്റി സ്‌കോറിങ് പരിശോധനയിൽ ഏറ്റവും മോശം റാങ്കാണ് ലഭിച്ചത്. അതുകൊണ്ടു തന്നെ മാൽവെയർ സാന്നിധ്യവും സംശയിക്കുന്നു. അങ്ങനെ ഈ വെബ്‌സൈറ്റ് തീർത്തും വ്യാജമാണെന്നും ഡാറ്റാ സുരക്ഷക്ക് ഭീഷണി ഉയർത്തുന്ന ഒന്നാണെന്നും ഉറപ്പിക്കാൻ കഴിഞ്ഞു. 

ജനങ്ങളെ കബിളിപ്പിച്ച്  വ്യക്തിവിവരങ്ങൾ ചോർത്തുക എന്ന ലക്ഷ്യത്തോടെ ആണ് ഇത്തരം വെബ്‌സൈറ്റുകൾ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും. മുൻപ് മാരുതി സുസുക്കിയുടെ നാൽപ്പതാം വാർഷികത്തിന്റെ പേരിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.

വാസ്തവം

1) ലോകാരോഗ്യ സംഘടനയുടേതെന്ന പേരിൽ പ്രചരിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് വ്യാജം.

2)  ലോകാരോഗ്യ സംഘടന കോവിഡ് റിലീഫ് ഫണ്ട് തുടങ്ങിയിട്ടില്ല. കൂടാതെ ജനങ്ങൾക്ക് നേരിട്ട് കാശ് നൽകുന്ന പദ്ധതികളുമില്ല.

Content Highlights: WHO announces 50,000 rupees to all? Is it true | Fact Check