റ്റ് രോഗങ്ങള്‍ ഉള്ളവര്‍ കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുമ്പോള്‍ സര്‍ക്കാരില്‍ നിന്ന് സാന്ത്വനമായി 39,000 രൂപ ലഭിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശം വാട്‌സാപ്പ് വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്.  സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും സന്ദേശത്തില്‍ പറയുന്നുണ്ട്. ബീനാ ടോമി മാന്തടത്തില്‍ എന്നയാളുടെ നമ്പറും ഈ സന്ദേശത്തിനൊപ്പം നല്‍കിയിട്ടുണ്ട്. 

എന്താണ് ഈ സന്ദേശത്തിന്റെ വസ്തുത

മറ്റ് രോഗങ്ങളുള്ള കോവിഡ് രോഗികള്‍ക്കായി സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് 39000 രൂപ യുടെ ധനസഹായം സര്‍ക്കാര്‍ നല്‍കുന്നില്ല. സന്ദേശത്തിലെ ഈ വാദം തെറ്റാണ്. താന്‍ അയച്ചതല്ല ഈ സന്ദേശമെന്ന് ബീന ടോമി മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കി.  


ബീന ടോമി പറയുന്നത്

കട്ടപ്പന സ്വദേശിനിയായ ബീനാ ടോമി എന്ന ആശാവര്‍ക്കര്‍ താന്‍ അറിയാതെയാണ് ഈ സന്ദേശം പ്രചരിച്ചത് എന്ന് പറയുന്നു. ഇത് കോവിഡ് രോഗികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായമല്ലെന്നും സര്‍ക്കാരിന്റെ തന്നെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ധനസഹായമാണെന്ന് അന്വേഷിച്ചറിഞ്ഞെന്നും ബീന ടോമി പറഞ്ഞു. 

തന്നോട് സഹായമഭ്യര്‍ത്ഥിച്ച് വന്ന ഒരു പാവപ്പെട്ട കുടുംബത്തില്‍ പെട്ട കോവിഡ് രോഗിയ്ക്ക് ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിര്‍ദേശിച്ചത് പ്രകാരം ചികിത്സയക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന ഒരു പദ്ധതിയെ കുറിച്ച് പറഞ്ഞു നല്‍കിയിരുന്നു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിച്ച ഇവരില്‍ നിന്നാവാം കോവിഡ് രോഗികള്‍ക്കുള്ള സാമ്പത്തിക സഹായം എന്ന രീതിയില്‍ സന്ദേശം പ്രചരിച്ചത് എന്ന് ബീന പറഞ്ഞു. തന്റെ അടുത്ത് നിന്നാണ് അവര്‍ക്ക് അതിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. അതിനാലാവാം തന്റെ പേര് സന്ദേശത്തോടൊപ്പം വെച്ചത് എന്നും ബീന പറഞ്ഞു. 

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞതനുസരിച്ച് സഹായം ചോദിച്ചുവന്ന കുടുംബത്തിന് ഒരു സാമ്പത്തിക സഹായം ലഭിക്കാനുള്ള വഴി എന്നല്ലാതെ തുടക്കത്തില്‍ ഈ പദ്ധതിയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ തനിക്ക് അറിയില്ലായിരുന്നുവെന്ന് ബീന പറഞ്ഞു.

ഈ സന്ദേശം വൈറലായതോടെ ഫോണ്‍ വിളികളും ചീത്തവിളികളും ലഭിച്ചതോടെയാണ് അവര്‍ക്ക് ലഭിച്ച സാമ്പത്തിക സഹായം എന്താണെന്നതിനെ കുറിച്ച് ബീന അന്വേഷിച്ചത്. 

എന്താണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി 

കേരളത്തിലെ ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്ക് ആശുപത്രി ചികിത്സയ്ക്കായി ഒരു വര്‍ഷം അഞ്ച് ലക്ഷം രൂപ  വരെ പരിരക്ഷ ലഭിക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി. കേരള സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എല്ലാ ആരോഗ്യ സുരക്ഷാ പദ്ധതികളെയും സംയോജിപ്പിച്ചുകൊണ്ടാണ് ഈ പദ്ധതിയ്ക്ക് കീഴില്‍ സാമ്പത്തിക സഹായം നല്‍കുന്നത്.

ആശുപത്രി ചികിത്സയ്ക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് കീഴില്‍ സാമ്പത്തിക പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ചികിത്സാ സഹായം ലഭിക്കുന്നുണ്ട്. വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്ന പോലെ കോവിഡ് രോഗികള്‍ക്ക് മാത്രമായുള്ള പദ്ധതിയല്ല ഇത്. പദ്ധതി അനുസരിച്ച് അര്‍ഹരായവര്‍ക്ക് സഹായം ലഭിക്കും. ഭീമമായ ആശുപത്രി ചിലവ് വഹിക്കുന്നതിന് പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതിയാണിത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ വെബ് പേജില്‍ ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാവും.

Content Highlights: whatsapp message claims government financial aid for covid patients