ത്രിപുരയിൽ കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് കുറച്ചു ദിവസങ്ങളായി. അവിടെ വ്യാപകമായ അക്രമങ്ങൾ അരങ്ങേറിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അവയിൽ ചില ചിത്രങ്ങളുടെ വാസ്തവം പരിശോധിക്കുന്നു. 

അന്വേഷണം

ത്രിപുരയിലേതെന്ന അവകാശവാദവുമായി പ്രചരിക്കുന്ന ചിത്രങ്ങൾ നിരവധി പേരാണ് ഇതിനകം സമൂഹമാധ്യമങ്ങൾ വഴി ഷെയർ ചെയ്തത്. മുൻ മന്ത്രി കെ.ടി. ജലീലും അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അത്തരത്തിലൊരു ചിത്രം പങ്കുവെച്ചിട്ടുണ്ട്. 

tripura
തെറ്റായി പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട്

ചിത്രം 1

രണ്ടു കാറുകൾ കത്തുന്നതും കുറച്ചു പേർ അതിനപ്പുറത്തുനിന്ന് ചിത്രങ്ങൾ പകർത്തുന്നതുമാണ് പ്രചരിക്കുന്ന കൊളാഷുകളിലെ ഒരു ചിത്രം. ഗൂഗിൾ റിവേഴ്സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ ഇത് 2021 സെപ്റ്റംബറിൽ ത്രിപുരയിലുണ്ടായ സംഭവമാണെന്ന് കണ്ടെത്താൻ സാധിച്ചു.

അന്ന് ത്രിപുരയിൽ ഉണ്ടായ ബി.ജെ.പി. - സി.പി.ഐ.(എം) സംഘർഷത്തിനിടക്ക് കത്തിച്ച കാറുകളുടെ ചിത്രമാണത്. സംഘർഷത്തിനെപ്പറ്റിയുള്ള വാർത്ത 'ന്യൂസ് 18' റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ ഇതേ കത്തുന്ന കാറുകളുടെ ചിത്രവും അവർ നൽകിയിട്ടുണ്ട്. അങ്ങനെ ഇത് ഇപ്പോൾ നടക്കുന്ന കലാപവുമായി ബന്ധമില്ലാത്ത ചിത്രമാണെന്ന് ഉറപ്പിച്ചു. 

tripura
ന്യൂസ് 18 റിപ്പോർട്ടിന്റെ സ്‌ക്രീൻഷോട്ട്

ന്യൂസ് 18 വാർത്തയുടെ ലിങ്ക് : https://www.news18.com/news/politics/cpim-offices-torched-in-tripura-party-alleges-bjp-hand-tmc-takes-stock-4180550.html

ചിത്രം 2

ഒരു വലിയ കെട്ടിടത്തിന് കോമ്പൗണ്ടിനുള്ളിലും പുറത്തുമായി അഗ്‌നിക്കിരയായ വാഹനങ്ങൾ കിടക്കുന്ന ഒരു ചിത്രം ഇപ്പോഴുള്ള കലാപത്തിന്റേതാണെന്ന പേരിൽ പ്രചരിക്കുന്നുണ്ട്. മറ്റ് ചിത്രങ്ങൾക്കൊപ്പം കൊളാഷ് ആക്കിയാണ് ഇതും  പ്രചരിപ്പിക്കുന്നത്. 

റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ വളരെ വ്യക്തമായ വലിയ ചിത്രം കണ്ടെത്തി.അതിൽ ഒരു ചുവന്നകൊടിയും ബോർഡും ദൃശ്യമാണ്. ബോർഡ് സൂം ചെയ്തു നോക്കിയപ്പോൾ ആ  ചിത്രത്തിലുള്ളത് സി.പി.എമ്മിന്റെ ത്രിപുര സംസ്ഥാന കമ്മിറ്റി ഓഫീസ് ആണെന്ന് കണ്ടെത്തി. 2021 സെപ്റ്റംബറിലെ സംഘർഷത്തിനിടയ്ക്ക് നടന്ന സംഭവമാണത്. ഇതുമായി ബന്ധപ്പെട്ട ഒരു വാർത്ത 'നോർത്ത് ഈസ്റ്റ് ഇന്ത്യ' എന്ന മാധ്യമം നൽകിയിട്ടുണ്ട്. 

tripura
സി.പി.ഐ.(എം) ത്രിപുര സംസ്ഥാന കമ്മിറ്റി ഓഫീസ് കത്തിച്ച വാർത്തയുടെ സ്‌ക്രീൻഷോട്ട്.

നോർത്ത് ഈസ്റ്റ് ടുഡേ വാർത്തയുടെ ലിങ്ക്: http://www.northeasttoday.in/2021/09/09/violence-grips-tripura-party-offices-set-ablaze-media-houses-attacked/ 

ചിത്രം 3

കലാപവുമായി ബന്ധമുള്ളതെന്ന തരത്തിൽ ഒരു റാലിയുടെ ചിത്രവും സമൂഹമാധ്യങ്ങൾ വഴി പങ്കുവെയ്ക്കപ്പെടുന്നുണ്ട്. ജയ് ശ്രീ റാം എന്ന് എഴുതിയ കാവിക്കൊടികളുമായി നിൽക്കുന്ന ഒരു ജനക്കൂട്ടത്തെയാണ് അതിൽ കാണാൻ സാധിക്കുക. ചിത്രത്തിൽ സൈക്കിൾ റിക്ഷ കാണാൻ സാധിക്കും. അതിനാൽ ഇതിനു കൊൽക്കത്തയുമായി ബന്ധമുണ്ടോ എന്ന് സംശയം ഉണർന്നു.

കീ വേർഡുകളായി കൊൽക്കത്ത, വി.എച്ച്.പി. റാലി എന്നീ വാക്കുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് റിവേഴ്സ് ഇമേജ് സെർച്ച് നടത്തി (ത്രിപുരയിൽ വി.എച്ച്.പിയുടെ ഒരു റാലിക്ക് ശേഷമാണ് ആക്രമങ്ങൾ വ്യാപകമായത്. അതിനാലാണ് ഇങ്ങനെ ഒരു കീ വേർഡ് ഉപയോഗിച്ചത്).

അങ്ങനെ 2018 മാർച്ച് മാസത്തെ ഹിന്ദുസ്ഥാൻ ടൈംസിന്റെ ഒരു  വാർത്ത കണ്ടെത്താൻ സാധിച്ചു. അതിൽ ചിത്രത്തിന്റെ വിവിരണം ലഭ്യമാണ്. അതു പ്രകാരം 2018 മാർച്ചിൽ രാമനവമിയുമായി ബന്ധപ്പെട്ട് കൊൽക്കത്തയിലെ ജാദവ്പുരിൽ വി.എച്ച്.പി. സംഘടിപ്പിച്ച ഒരു റാലിയുടേതാണ് ചിത്രം എന്ന് മനസിലാക്കാൻ സാധിച്ചു. 

tripura
വി.എച്ച്.പി. റാലിയെപ്പറ്റിയുള്ള വാർത്തയുടെ സ്‌ക്രീൻഷോട്ട്.

ഹിന്ദുസ്ഥാൻ ടൈംസ് വാർത്തയുടെ ലിങ്ക്: https://www.hindustantimes.com/india-news/ram-navami-rallies-tension-prevails-in-pockets-of-bengal/story-9aLG5jgNHKUFBpIfj2YstM.html

ചിത്രം 4

tripura

കത്തി നശിച്ച കെട്ടിടങ്ങൾക്ക് മുന്നിൽ നിന്ന് വിലപിക്കുന്ന ഒരു വൃദ്ധന്റെ ചിത്രം ത്രിപുരയിലെ ദുരവസ്ഥയുടേതെന്ന പേരിൽ ചിലർ ട്വിറ്ററിൽ പ്രചരിപ്പിക്കുന്നുണ്ട്. സത്യാവസ്ഥ അറിയാനായി ചിത്രത്തെ റിവേഴ്സ് ഇമേജ് സെർച്ച് നടത്തി പരിശോധിച്ചു. ഈ അന്വേഷണത്തിൽ 'ദി ഇൻഡിപെൻഡന്റ്' എന്ന ബ്രിട്ടീഷ് മാധ്യമത്തിന്റെ ഒരു ലേഖനത്തിൽ ഇതേ ചിത്രം കണ്ടെത്താൻ സാധിച്ചു. 

2020 ഫെബ്രുവരിയിൽ നടന്ന ഡൽഹി കലാപത്തിനിടെ അഗ്‌നിക്കിരയാക്കിയ മാർക്കറ്റിൽ നിന്നുള്ള ചിത്രമാണതെന്ന് വിശദീകരണത്തിൽ നൽകിയിട്ടുണ്ട്.

tripura
ദി ഇൻഡിപെൻഡന്റിനിൽ വന്ന യഥാർത്ഥ ചിത്രത്തിന്റെ സ്‌ക്രീൻഷോട്ട്.

ദി ഇൻഡിപെൻഡന്റിന്റെ ലേഖനത്തിലേക്കുള്ള ലിങ്ക്: https://www.independent.co.uk/news/world/asia/muslim-hindu-clashes-latest-mosque-burnt-delhi-a9361601.html 

വാസ്തവം 

ത്രിപുര കലാപത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ ചിലത് തെറ്റിദ്ധാരണ പരത്തുന്നവയാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിലെ ബി.ജെ.പി. - സി.പി.ഐ.(എം) സംഘർഷത്തിനിടയ്ക്കുണ്ടായ സംഭവങ്ങളുടെ ചിത്രങ്ങളും, 2020-ലെ ഡൽഹി കലാപസമയത്തെ ഒരു ചിത്രവും ഇത്തരത്തിൽ പ്രചരിക്കുന്നുണ്ട്.

Content Highlights: What is the reality of the photos circulating in the name of Tripura riots? | Fact Check