2015-ലെ പ്രളയത്തിന് ശേഷം ചെന്നൈ നഗരത്തിന് ഏറ്റവുമധികം മഴ ലഭിച്ച നാലു ദിവസങ്ങളാണ് കടന്നു പോയത്. നവംബർ ആറിനു തുടങ്ങിയ ശക്തമായ മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളിൽ വെള്ളം കയറുകയും നവംബർ ഒൻപത് വരെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചാവുകയും ചെയ്തു. എന്നാൽ ചെന്നൈയിലെ മഴ കെടുതികളുമായി ബന്ധപെട്ട് ഒട്ടേറെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. നവംബർ ഒൻപതിന് മുജാഹിദ് ആരിഫ് (@Mujahid_Ariff) എന്ന ട്വിറ്റർ ഹാൻഡിലിൽനിന്ന് ചെന്നൈയിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കു എന്ന തലക്കെട്ടോടെ വെള്ളകെട്ട് രൂപപ്പെട്ട റോഡുകളുടെ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. എന്താണ് ഈ ദൃശ്യങ്ങൾക്ക് പിന്നിലെ വാസ്തവം? മാതൃഭൂമി ഫാക്ട് ചെക്ക് പരിശോധിക്കുന്നു.

flood

അന്വേഷണം 

ഇൻവിഡ് കീ ഫ്രെയിംസ് ഉപയോഗിച്ചുള്ള പരിശോധനയിൽ പ്രസ്തുത ദൃശ്യങ്ങൾ ഡൽഹിയിൽ കനത്ത മഴമൂലം ഉണ്ടായ വെള്ളക്കെട്ടിനെ സംബന്ധിച്ചാണ് എന്ന് വ്യക്തമായി. പ്രസ്തുത ദൃശ്യങ്ങൾ ആദ്യമായി പ്രത്യക്ഷപെടുന്നത് രണ്ടു മാസം മുൻപ് ഷെയർചാറ്റിൽ ആകാശ് ചൗഹാൻ എന്ന പ്രൊഫൈലിൽ നിന്നാണ്. എന്നാൽ, വീഡിയോയുടെ കൃത്യമായ വിവരങ്ങൾ ഇതിൽ നൽകിയിട്ടില്ല. എന്നാൽ ദൃശ്യങ്ങൾ പരിശോധിച്ചാൽ കടകളിലെ ബോർഡുകളിൽ, എൻ.ഇ.സി.സി. എന്ന പേരിനു താഴെ 'ന്യൂ ഖുതബ് റോഡ്, ഡൽഹി'  എന്ന് എഴുതിയിരിക്കുന്നത് കാണാം.

 

Flood

വിശദമായ പരിശോധനയിൽ, പ്രസ്തുത വീഡിയോ ഓൾ ഇന്ത്യ മീഡിയ അസോസിയേഷൻ(All India  Media Association) എന്ന വെബ്സൈറ്റിൽ സെപ്റ്റംബർ ഒന്നിന് പ്രസിദ്ധികരിച്ചിരുന്നു. 'തുടർച്ചയായ കനത്ത മഴയെ തുടർന്നാണ് ഡൽഹി ന്യൂ ഖുതുബ് റോഡിൽ വെള്ളപ്പൊക്കമുണ്ടായത്.' എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രസിദ്ധികരിച്ചിരിക്കുന്നത്. 

chennai

വീഡിയോയുടെ ലിങ്ക്: https://aimamedia.org/newsdetails.aspx?nid=80549

ഇതുകൂടാതെ അമേസ് ഇൻഡ് എന്ന യൂട്യൂബ് ചാനലിൽ പ്രസ്തുത വീഡിയോ സെപ്റ്റംബർ മൂന്നാം തീയതി പ്രസിദ്ധീകരിച്ചിരുന്നു. 

flood
വാസ്തവം 

ചെന്നൈയിലെ പ്രളയ ദൃശ്യങ്ങൾ എന്ന പേരിൽ ട്വിറ്ററിൽ പ്രച്ചരിക്കുന്ന പ്രസ്തുത ദൃശ്യങ്ങൾ വ്യാജമാണ്. ട്വീറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വീഡിയോ ഡൽഹിയിലെ മഴക്കെടുതി സംബന്ധിച്ചിട്ടുള്ളതാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഉണ്ടായ ശക്തമായ മഴയിൽ ഡൽഹിയിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച ദൃശ്യങ്ങൾ ആണ് ചെന്നൈ പ്രളയത്തിന്റേത്  എന്ന നിലയിൽ പ്രചരിക്കുന്നത്. അതിനാൽ ട്വീറ്റിലെ ദൃശ്യങ്ങൾ വാസ്തവവിരുദ്ധമാണ്. 

Content Highlights: What is the reality of the floods in Chennai? | Fact Check