കുറച്ചു ദിവസങ്ങളായി ത്രിപുരയിൽ വർഗീയ കലാപം നടമാടുകയാണ്. ഈ കലാപത്തിന്റേതെന്ന പേരിൽ നിരവധി ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഉത്തരേന്ത്യൻ ട്വിറ്റർ ഹാൻഡിലുകളിൽ നിന്നുമാണ് ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. വിദേശികൾ ഉൾപ്പടെ നിരവധി പേർ ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. 

tripura

അന്താരാഷ്ട്ര തലത്തിൽ വരെ പ്രചരിക്കുന്ന ചില പ്രധാന ചിത്രങ്ങളുടെ വസ്തുത മാതൃഭൂമി ഫാക്ട് ചെക്ക്  ടീം പരിശോധിക്കുന്നു.  


അന്വേഷണം 

#SaveTripuraMuslims #TripuraAntiMuslimsRiots  #TripuraRiots എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളോടുകൂടിയാണ് ഇവ പ്രചരിക്കുന്നത്. ചിത്രങ്ങളെ കൊളാഷുകൾ ആക്കിയാണ് കൂടുതലും പ്രചരിക്കുന്നത്. 

tripura
പ്രചരിക്കുന്ന പോസ്റ്റുകൾ

കത്തി നശിച്ച ഇസ്‌ലാമിക വിശുദ്ധ ഗ്രന്ഥങ്ങൾ കയ്യിൽ പിടിച്ചു നിൽക്കുന്ന രണ്ടുപേരെ ചിത്രത്തിൽ കാണാൻ സാധിക്കും. ത്രിപുരയിലെ കലാപകാരികൾ കത്തിച്ചവയാണ് ഇവ എന്നാണ് പ്രചരിക്കുന്നത്. ഖുർആനാണ് കത്തിച്ചെതെന്നും വാദമുണ്ട്. എന്നാൽ അന്വേഷണത്തിൽ, ഇതിനു ത്രിപുരയുമായി ബന്ധമില്ലെന്ന് കണ്ടെത്താൻ സാധിച്ചു.
 
2021 ജൂണിൽ ഡൽഹിയിലെ റോഹിൻഗ്യ അഭയാർത്ഥി ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിന് ശേഷമെടുത്ത ചിത്രമാണിത്. സ്വതന്ത്ര പത്രപ്രവർത്തകനായ മുജ്തബ ആസിഫ് ചിത്രം ത്രിപുരയിലേതല്ല എന്ന് വിശദീകരിച്ചുകൊണ്ട്  ട്വീറ്റ് ചെയ്തിട്ടുണ്ട്. ആസിഫ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ 2021 ജൂൺ 13-നു ഇതേ ചിത്രം ഷെയർ ചെയ്തിരുന്നു. റോഹിൻഗ്യൻ അഭയാർത്ഥി ക്യാമ്പിലുണ്ടായ തീപിടുത്തത്തിന്റെ ചിത്രമാണിതെന്ന്  അതിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 

tripura
മുജ്തബ ആസിഫിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

തീപ്പിടുത്തത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രമാണ് പ്രചരിക്കുന്ന മറ്റൊരു പോസ്റ്റിലുള്ളത്. ഇത് ത്രിപുരയിലേതാണെന്നും അവകാശപ്പെടുന്നു. മുജ്തബ ആസിഫ് തന്നെ ഈ ചിത്രം 2021 ജൂൺ 13-നു തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കു വെച്ചിട്ടുണ്ട്. ജൂണിൽ ഡൽഹിയിലെ റോഹിൻഗ്യ ക്യാമ്പിലുണ്ടായ തീപ്പിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരാണ് ചിത്രത്തിലുള്ളത്. ഗൂഗിൾ സെർച്ച് നടത്തിയപ്പോൾ  അന്നത്തെ അൽ ജസീറയുടെ ഒരു റിപ്പോർട്ടും കണ്ടെത്താൻ സാധിച്ചു. റിപ്പോർട്ടിനൊപ്പം ഈ ചിത്രവും അവർ നൽകിയിരുന്നു. അങ്ങനെ വീടുകൾക്ക് തീപിടിച്ച ചിത്രം ത്രിപുരയിലേതല്ല എന്ന് ഉറപ്പിച്ചു.

tripura
അൽ ജസീറ വാർത്തയും ആസിഫിന്റെ ട്വീറ്റും

തീപ്പിടിത്തത്തെത്തുടർന്ന് പൂർണ്ണമായും നശിച്ച വീടുകൾ പരിശോധിക്കുന്ന മനുഷ്യരുടെ ഒരു ചിത്രം  ത്രിപുരയിലേതെന്ന തരത്തിൽ പ്രചരിക്കുകയാണ് . ഈ ചിത്രം കീ വേർഡുകളുടെ സഹായത്തോടെ പരിശോധിച്ചപ്പോൾ മറ്റൊരു ചിത്രം ശ്രദ്ധയിൽപ്പെട്ടു. ഉന്തുവണ്ടിയിൽ കത്തിനശിച്ച  സാധനങ്ങൾ കൊണ്ട് പോകുന്ന രണ്ടു പേരുടെ ചിത്രമാണത്. അത് ഡൽഹിയിലെ റോഹിൻഗ്യൻ ക്യാമ്പിലുണ്ടായ തീപിടുത്തത്തിന് ശേഷമെടുത്തതാണ്. വിശദമായി പരിശോധിച്ചപ്പോൾ രണ്ടു ചിത്രങ്ങളിലും കാണുന്ന സ്ഥലം ഒന്നാണെന്ന് കണ്ടെത്താൻ സാധിച്ചു. രണ്ടിലും ഏറ്റവും പുറകിലായി ഒരേ മതിലും ബോർഡും കെട്ടിടങ്ങളുമാണ് കാണാൻ കഴിയുന്നത്.  അങ്ങനെ പ്രചരിക്കുന്ന പോസ്റ്റിലെ ചിത്രം ത്രിപുരയിലേതല്ല എന്ന് ഉറപ്പിച്ചു.

tripura
ചിത്രങ്ങളുടെ താരതമ്യം. ഒരേ നിർമ്മിതികൾ വൃത്തങ്ങൾക്കുള്ളിൽ കൊടുത്തിരിക്കുന്നു. 

വാസ്തവം

ത്രിപുരയിലെ കലാപത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ ചിലത് തെറ്റിദ്ധരിപ്പിക്കുന്നവയാണ്. ഡൽഹിയിലെ റോഹിൻഗ്യൻ ക്യാമ്പിൽ 2021 ജൂണിൽ ഉണ്ടായ തീപിടുത്തത്തിന്റെ ചിത്രങ്ങളാണ് #SaveTripuraMuslims #TripuraAntiMuslimsRiots  #TripuraRiots എന്നീ  ഹാഷ് ടാഗ്ഗുകളോടുകൂടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നത്. 
 

Content Higlights: What is the reality behind the burning of houses in Tripura? | Fact Check