ലാൽ ലേബലോടുകൂടി ശബരിമല ക്ഷേത്രത്തിലെ അരവണ പായസം വിതരണം ചെയ്യുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. രാമയ്യർ ശ്രീനിവാസൻ എന്ന ഫേസ്ബുക്ക് ഐ.ഡിയിൽനിന്നുള്ള ഇംഗ്ലീഷ് പോസ്റ്റാണ് കൂടുതൽ പേരും പങ്കുവെച്ചിട്ടുള്ളത്. 

aravana

അൽ സാഹ എന്ന കമ്പനിയുടെ അരവണ പാത്രത്തിന്റെ ചിത്രവും ചേർത്തുവെച്ചാണ് പ്രചാരണം നടക്കുന്നത്. ശബരിമലയിലെ അരവണ നിർമാണത്തിന്റെ കരാർ മുസ്ലിം മതസ്ഥർക്ക് നൽകിയെന്നാണ് അവകാശവാദം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നു എന്ന വിവരണവും പലരും കൂടെ ചേർത്തിട്ടുണ്ട്. ഇനി മുതൽ ശബരിമലയിൽനിന്ന് അരവണ വാങ്ങരുതെന്നും ചിലർ ആഹ്വാനം ചെയ്യുന്നു. 

തമിഴ്നാട്, കർണാടകം തുടങ്ങിയ അന്യസംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ വാട്‌സാപ്പിലൂടെയും ഇത് പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്താൻ സാധിച്ചു.

aravana
 
അന്വേഷണം 

യു.എ.ഇ. ആസ്ഥനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് അൽ സാഹ. അവരുടെ അരവണ ടിന്നിനു പുറത്ത് അത് ശബരിമലയിലേതാണെന്ന് സൂചിപ്പിക്കുന്ന എഴുത്തുകളോ ചിത്രങ്ങളോ ഒന്നും കാണാൻ സാധിച്ചില്ല. ശബരിമലയിലെ അരവണ പായസത്തിന്റെ ടിന്നിൽ അയ്യപ്പന്റെ ചിത്രവും ട്രാവൻകൂർ ദേവസ്വം ബോർഡ് എന്ന എഴുത്തും ഉണ്ടാകും. കൂടാതെ അരവണ പ്രസാദം എന്ന് താഴെയായി പ്രിന്റ് ചെയ്യും. 

ശബരിമലയുടേതെന്ന് പ്രചരിക്കുന്ന പായസത്തിന്റെ ചിത്രത്തിൽ ഇത്തരത്തിൽ ഒന്നും തന്നെ  ഇല്ല. പകരം അൽ സാഹ കമ്പനിയുടെ ലോഗോയും 'അരവണ പായസം' എന്ന എഴുത്തുമാണ് ഉള്ളത്. കൂടുതൽ വിവരങ്ങൾക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന വിവരങ്ങൾ വ്യാജമാണെന്നും ശബരിമലയിൽ അരവണ ഉണ്ടാക്കുന്നത് ദേവസ്വം ബോർഡ് നേരിട്ടാണെന്നും അവർ വ്യക്തമാക്കി. അരവണ നിർമാണത്തിനു വേണ്ട സാമഗ്രികൾക്കും ടിന്നിനും വേണ്ടിയാണ് കരാർ നൽകിയിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു. വർഷങ്ങളായി ഇങ്ങനെ തന്നെയാണ് ശബരിമലയിൽ അരവണ നിർമാണം നടത്തുന്നത്. 

aravana
 
അയ്യപ്പന്റെ ചിത്രത്തോടുകൂടിയ ശബരിമയിലെ അരവണ പാത്രം ചിരപരിചിതമാണ്. കാലങ്ങളായി അതിൽ തന്നെയാണ് പ്രസാദം നൽകി വരുന്നത്. അതിനു ഇത് വരെയും മാറ്റങ്ങൾ വരുത്തിയിട്ടുമില്ല.

കേരളത്തിലെ പല ക്ഷേത്രങ്ങളിലും വിശേഷ ദിവസങ്ങളിൽ വീടുകളിലും അരവണ ഉണ്ടാക്കാറുണ്ട്. അതിനാൽ തന്നെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇതുണ്ടാക്കി അവരുടേതായ രീതിയിൽ പാക്ക് ചെയ്ത നൽകുന്നതിന് തടസ്സങ്ങളുമില്ല. അത്തരം ഉൽപ്പന്നങ്ങൾക്ക് ശബരിമലയുമായോ ദേവസ്വം ബോർഡുമായോ ബന്ധമില്ല. അങ്ങനെ ഒരു സ്വകാര്യ സ്ഥാപനം മാത്രമാണ് അൽ സാഹയും.

വാസ്തവം 

ഹലാൽ എന്ന ലേബലുള്ള അരവണ പായസം ശബരിമലയുടേതല്ല. യു.എ.ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ സാഹ എന്ന കമ്പനിയുടെ ഉൽപ്പന്നത്തിന്റെ ചിത്രമാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്. ശബരിമലയിൽ അരവണ നിർമാണത്തിന് കരാർ നൽകിയിട്ടില്ല. ദേവസ്വം ബോർഡ് നേരിട്ടാണ് പ്രസാദം ഉണ്ടാക്കുന്നത്. 

Content Highlights: What is the fact behind Halal Aravana Payasam? | Fact Check