'നോവാഖാലി ഹിന്ദു കൂട്ടക്കൊല ഓക്ടോബർ 10' എന്ന ഹാഷ് ടാഗിൽ ട്വിറ്ററിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ചേതനയറ്റ യുവതിയുടെ മൃതദേഹം കൈകളിൽ താങ്ങിയെടുത്തു നിൽക്കുന്ന യുവാവിന്റെ ചിത്രം.'ഇത് ഞങ്ങൾ ഒരിക്കലും മറക്കില്ല, ഒരിക്കലും പൊറുക്കുകയുമില്ല' എന്ന് ഫോട്ടോയ്‌ക്കൊപ്പം അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. ബംഗാളിൽ നിന്നുളള ജോയന്ത കാർമോകർ എന്ന ഐഡിയിലാണ് ചിത്രം പോസ്റ്റ് ചയ്തതിരിക്കുന്നത്. 6000 പേർ ലൈക്ക് ചെയ്യുകയും 3001 പേർ റീ-ട്വീറ്റ് ചെയ്യുകയും ചെയ്തു. ഈ ചിത്രത്തിന്റെ ആധികാരികതയാണ് പരിശോധിക്കുന്നത്. 

Cholera

 അന്വേഷണം

ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്ക് ഒരു വർഷം മുൻപ് അവിഭക്ത ബംഗാളിലെ നോവാഖാലി ജില്ലയിൽ രാംഗഞ്ചിൽ ഹിന്ദു-മുസ്ലീം കലാപം പൊട്ടിപ്പുറപ്പെട്ടു. കൊൽക്കത്തയിൽ മുസ്ലീം മതവിശ്വാസികളെ, ഭുരിപക്ഷ സമുദായാംഗങ്ങൾ ആക്രമിച്ചെന്ന 'വ്യാജ വാർത്തയും' ഗ്രാമത്തലവന്മാരായ സമീന്ദാർമാർക്കെതരായ രോഷവും കലാപത്തിന് വഴിവച്ചതായാണ് ചരിത്രരേഖകളിൽ പറയുന്നത്. ഒക്ടോബർ 10-ന് കോജഗാരി ലക്ഷ്മി പൂജ ദിവസമാണ് കലാപം ആരംഭിച്ചത്. 

നോവാഖാലിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി  മഹാത്മ ഗാന്ധി നേരിട്ടെത്തി, നാലു മാസം അവിടെ തങ്ങുകയും പ്രദേശത്ത് പര്യടനം നടത്തുകയും ചെയ്തിരുന്നു. 
1946-ലെ ഈ കലാപത്തിലെ ഇരയുടേതെന്ന പേരിലാണ് ട്വിറ്ററിൽ ചിത്രം പ്രചരിക്കുന്നത്. ഇത് ഞങ്ങൾ ഒരിക്കലും മറക്കില്ല, ഒരിക്കലും പൊറുക്കുകയുമില്ല എന്ന വാചകം എല്ലാ ട്വീറ്റുകളിലുമുണ്ട്. നിരവധി പേരാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്
 
ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ചു. ഡോൺ മക്‌ളിനെന്ന ലോകപ്രശസ്ത ബ്രിട്ടീഷ് ഫോട്ടോ ജേർണലിസ്റ്റെടുത്ത ചിത്രമാണിത്. ലോകമെമ്പാടുമുള്ള യുദ്ധഭൂമികളിലെ നേർചിത്രം സാഹസികമായി ക്യാമറയിൽ പകർത്തി ലോകത്തെ കാണിച്ച വിഖ്യാത ഫോട്ടോഗ്രാഫറാണ് ഡോൺ. ചിത്രത്തിന്റെ പശ്ചാത്തലം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചു. ട്വിറ്റർ പോസ്റ്റിൽ പറയുന്നതല്ല ചിത്രത്തിന്റെ ചരിത്രമെന്നു തെളിഞ്ഞു. 

1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തെ തുടർന്ന് നിരവധി പേരാണ് ആ പ്രദേശങ്ങളിൽനിന്നു പലായനം ചെയ്തത്. പലരും ഇന്ത്യയിലേക്ക് കടന്നുവെങ്കിലും അതിർത്തി പ്രദേശങ്ങളിലെ പല ദുരിതാശ്വാസ കേന്ദ്രങ്ങളിലും കോളറ പടർന്നു പിടിച്ചു. യുദ്ധഭൂമികൾ കേന്ദ്രീകരിച്ച് ചിത്രങ്ങളെടുക്കുന്ന ഡോൺ ഇവിടെയുമെത്തി. കോളറ ബാധിച്ച പെൺകുട്ടിയുടെ ശരീരം കയ്യിലേന്തി നിൽക്കുന്ന യുവാവിന്റെ ദൈന്യതയേറിയ ചിത്രം പശ്ചിമ ദിനാജ്പുരിൽനിന്നാണ് ലഭിക്കുന്നത്. ഡോൺ മക്‌ളിന്റെ പ്രശസ്ത ചിത്രങ്ങളിൽ ഇതും ഉൾപ്പെടുത്തിയിട്ടുണ്ട്. 
 
വാസ്തവം

1946-ലെ നോവാഖാലി കലാപത്തിലെ ഇരയെന്ന തരത്തിൽ ട്വിറ്ററിൽ നൽകിയിരിക്കുന്ന ചിത്രം വസ്തുതാവിരുദ്ധമാണ്. യഥാർത്ഥത്തിൽ ഈ ചിത്രം 1971-ലേതാണ്. 71-ലെ  ഇന്ത്യ-പാക് യുദ്ധ സമയത്ത് അന്നത്തെ പശ്ചിമ പാകിസ്താനിലെ ദിനാജ്പൂരിൽ കോളറ പടർന്നു പിടിച്ചിരുന്നു. യുദ്ധഭൂമിയിലെ ചിത്രങ്ങളെടുക്കുന്ന വിഖ്യാത ബ്രിട്ടീഷ് ഫോട്ടോ ജേർണലിസ്റ്റ് ഡോൺ മക്‌ളിൻ പകർത്തിയ ചിത്രമാണിത്. ചിത്രത്തിൽ കാണുന്ന പെൺകുട്ടി ആക്രമിക്കപ്പെട്ടതല്ല, മറിച്ച് കോളറ പിടിപെട്ടതാണ്. 

Content Highlights: The picture circulating Noakhali riot is true? | Fact Check