ഴിഞ്ഞ ചില ദിവസങ്ങളായി വാട്ട്സ്ആപ്പിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. 'Statistics to amaze you' എന്ന തലക്കെട്ടോടെയാണ് അത് പ്രചരിക്കുന്നത്. പ്രസ്തുത സന്ദേശത്തിൽ മൂന്ന് മാസങ്ങളിലെ കൊറോണ മുതൽ കാൻസർ വരെ വിവിധ കാരണങ്ങളാൽ മരിച്ചവരുടെ കണക്കാണ് പറയുന്നത്. 2021-ലെ കഴിഞ്ഞ മൂന്നു മാസത്തെ കണക്കുകൾ എന്നാണ് സന്ദേശത്തിൽ പറയുന്നത്. എന്നാൽ എന്ന് മുതൽ എന്ന് വരെയുള്ള കണക്കുകളാണ് കൊടുത്തിരിക്കുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടില്ല. ഇത് സന്ദേശത്തിന്റെ ആധികാരികതയിൽ സംശയമുണർത്തുന്നു. സന്ദേശത്തിൽ വിവരിക്കുന്ന പല മരണങ്ങളുടെയും 2021-ലെ കൃത്യമായ കണക്കുകൾ ലഭ്യമല്ല. അതിനാൽ ആധികാരികമായ വിവരങ്ങൾ ലഭിക്കുന്ന തൊട്ടുമുമ്പുള്ള വർഷങ്ങളിലെ  റിപ്പോർട്ടുകളുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.

വാസ്തവം 

കൊറോണ 

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2021 ജൂൺ മുതൽ ഓഗസ്റ്റ് വരെ 8,50,055 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. അതിനാൽ വാട്ട്സ്ആപ്പിൽ  പ്രചരിക്കുന്ന 3,14,687 കോവിഡ് മരണങ്ങളുടെ കണക്ക് അടിസ്ഥാനരഹിതമാണ്.

റോഡ് അപകടങ്ങളിൽ മരിച്ചവർ 

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച് എല്ലാ വർഷവും ശരാശരി 13 ലക്ഷം പേരാണ് റോഡ് അപകടങ്ങളിൽ മരണപ്പെടുന്നത്. ഇതിന്റെ പാദവാർഷിക ശരാശരി 3,25,000 ആണ്. അതിനാൽ 2021-ൽ  കഴിഞ്ഞ മൂന്ന് മാസം, 3,93,479 പേരാണ് റോഡ് അപകടമരണങ്ങളിൽ കൊല്ലപ്പെട്ടത് എന്ന കണക്കിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. 2021-ലെ റോഡ് അപകടങ്ങളുടെ ആധികാരികമായ കണക്കുകൾ ലഭ്യമല്ല. അതോടൊപ്പം, കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് റോഡ് അപകടങ്ങൾ കുറയാനാണ് കൂടുതൽ സാധ്യത. 

മലേറിയ

2021-ലെ കണക്കുകൾ ലഭ്യമല്ല. എന്നാൽ 2019-ൽ പ്രസിദ്ധികരിച്ച ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച് 4,09,000 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിന്റെ പാദവാർഷിക  ശരാശരി 1,02,250 മരണങ്ങളാണ്. അതിനാൽ 2021-ൽ കഴിഞ്ഞ മൂന്ന് മാസങ്ങളിലെ മരണം മൂന്ന് ലക്ഷമാകാൻ  സാധ്യതയില്ല. 

ആത്മഹത്യ 

വാട്‌സ്ആപ്പിലെ കണക്ക് അനുസരിച്ച് 3,53,696 പേരാണ് കഴിഞ്ഞ മൂന്ന് മാസങ്ങളിയായി ആത്മഹത്യ ചെയ്തത്. എന്നാൽ വേൾഡ് പോപുലേഷൻ റിവ്യൂ പ്രസിദ്ധികരിച്ച റിപ്പോർട്ട് പ്രകാരം, ലെസോതോ എന്ന ആഫ്രിക്കൻ രാജ്യത്ത് മാത്രം കഴിഞ്ഞ മൂന്ന് മാസങ്ങളിലായി  റിപ്പോർട്ട് ചെയ്തത്  3,90,793  ആത്മഹത്യകളാണ്. ഇതിലൂടെ 3,53,696 പേർ ലോകമാനം ആത്മഹത്യ ചെയ്തു എന്ന കണക്ക് തെറ്റാണ് എന്ന് തെളിഞ്ഞു.

എച്ച്.ഐ.വി./എയ്ഡ്‌സ്

യു.എൻ. എയ്ഡ്‌സിന്റെ 2020-ലെ കണക്കുകൾ പ്രകാരം എച്ച്.ഐ.വി./എയ്ഡ്‌സ് രോഗം ബാധിച്ച് മരിച്ചവരുടെ പാദവാർഷിക ശരാശരി 1,70,000 ആണ്. അതിനാൽ 2,40,000 പേർ കഴിഞ്ഞ മൂന്നു മാസങ്ങളിലായി എച്ച്.ഐ.വി. ബാധിച്ചു മരണമടഞ്ഞു എന്ന അവകാശവാദം വസ്തുതാവിരുദ്ധമാണ്.

കാൻസർ

ഗ്ലോബൽ കാൻസർ ഒബ്‌സെർവേറ്ററിയുടെ കണക്കു പ്രകാരം 2018-ലെ പാദവാർഷിക ശരാശരി മരണങ്ങൾ 2,38,756 ആണ്. ഇതിന്റെ ആറ് മടങ്ങാണ് വാട്‌സ്ആപ്പ് ഫോർവേർഡിലെ കാൻസർ മരണങ്ങളുടെ എണ്ണം. അതുകൊണ്ട്  11,67,714  എന്ന വാട്ട്സ്ആപ്പിലെ കണക്കിന് അടിസ്ഥാനമില്ല.    

മദ്യപാനം

ലോകാരോഗ്യ സംഘടനയുടെ  2018-ലെ ഗ്ലോബൽ സ്റ്റാറ്റസ് റിപ്പോർട്ട് ഓൺ ആൽക്കഹോൾ ആൻഡ് ഹെൽത്ത് പ്രകാരം  ഏകദേശം 7,50,000 പേരാണ് ഓരോ മൂന്നു മാസത്തിലും മദ്യപാന സംബന്ധമായ വിവിധ കാരണങ്ങൾ മൂലം മരിക്കുന്നത്. ഇതിൽ മദ്യപാനം കൊണ്ടുണ്ടാകുന്ന  കാൻസർ മരണങ്ങളും ഉൾപ്പെടുന്നുണ്ട്.    

പുകവലി 

അന്താരാഷ്ട്ര മെഡിക്കൽ മാസികയായ ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച, ദി ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് കോളാബറേഷന്റെ പഠന റിപ്പോർട്ട് പ്രകാരം, 2019-ലെ പുകവലി സംബന്ധമായ പാദവാർഷിക ശരാശരി മരണ നിരക്ക് 19 ലക്ഷമാണ്. എന്നാൽ പ്രചരിക്കുന്ന സന്ദേശത്തിലെ കണക്കിൽ വെറും 8,16,498 ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.അതിനാൽ തന്നെ അതും വസ്തുതാവിരുദ്ധമാണ്.

മെസ്സേജിൽ പറയുന്ന കോവിഡ് തീവ്രത സംബന്ധിച്ച വിവരങ്ങൾ  ചൈനയുടെ നാഷണൽ സെന്റർ ഫോർ ഡിസീസിന്റെ വെബ്സൈറ്റിയിൽ നിന്നാണ്  എടുത്തിരിക്കുന്നത്. ഈ വിവരങ്ങൾ ചൈനയിലെ കോവിഡ് സ്ഥിതിയുമായി ബന്ധപ്പെട്ടതാണ്. കീവേർഡുകൾ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഇത് മനസിലാക്കാൻ സാധിച്ചത്. 

കോവിഡ് പോലുള്ള പകർച്ചവ്യാധികളെ ക്യാൻസർ പോലുള്ള രോഗങ്ങളും ആയി താരതമ്യം ചെയ്യുന്നത്  യുക്തിരഹിതമാണ്. മാത്രമല്ല ഈ പ്രചരിക്കുന്ന സന്ദേശത്തിലുള്ള വിവരങ്ങളുടെ സ്രോതസുകൾ എന്തെന്നോ  ഏതു കാലത്തേതാണെന്നോ പറയുന്നില്ല. ഇത്തരം വിവരങ്ങൾ നൽകാത്ത സന്ദേശങ്ങൾ വിശ്വസിക്കാതിരിക്കുക.

Content Highlights: Statistics of Covid deaths in Whatsapp is true?| Fact Check