ബീമാ യോജന അപേക്ഷ സ്വീകരിച്ചുവെന്ന് അവകാശം ഉന്നയിച്ചുകൊണ്ട് ഒരു എസ്.എം.എസ്. വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'ബീമാ യോജന! നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ CB8452/RW8R747/HS5471 അപ്പ്രൂവ് ചെയ്തു (Bima yojana ! Your Application No- CB8452/RW8R747/HS5471 Has been Approved)' എന്ന തരത്തിലാണ് സന്ദേശം. വാസ്തവമെന്തെന്ന് പരിശോധിക്കാം.

അന്വേഷണം 

ആപ്ലിക്കേഷൻ നമ്പരെന്ന പേരിൽ അക്ഷരങ്ങളോട് കൂടിയ ഒരു ഐ.ഡിയും ഉൾപ്പെടുത്തിയാണ് സന്ദേശം പരക്കുന്നത്. അതിനാൽ ഇത് പെട്ടെന്ന് ജനങ്ങൾക്ക് വിശ്വാസയോഗ്യമായി തോന്നിയേക്കാം. പക്ഷെ ബീമാ യോജന എന്ന് മാത്രമേ സന്ദേശത്തിൽ പരാമർശമുള്ളൂ. ഹിന്ദിയിൽ ഇൻഷുറൻസ് പദ്ധതി എന്നാണ് ബീമാ യോജനയുടെ അർത്ഥം. പ്രധാന മന്ത്രി സുരക്ഷാ ബീമാ യോജന, ജീവൻ ജ്യോതി ബീമാ യോജന, ഫസൽ ബീമാ യോജന തുടങ്ങിയ ഒന്നിലേറെ ഇൻഷുറൻസ് പദ്ധതികൾ കേന്ദ്ര സർക്കാരിനുണ്ട്. 

ഇവയിലേത് പദ്ധതിക്കുള്ള അപേക്ഷയാണ് അംഗീകരിച്ചതെന്ന് വ്യക്തമായി പറയുന്നില്ല. പൊതുവെ സർക്കാർ ഇങ്ങനെ അവ്യക്തമായ തരത്തിൽ സന്ദേശങ്ങൾ അയയ്ക്കാറില്ല. ഒപ്പം സന്ദേശം വന്നിരിക്കുന്നത് ഒരു സാധാരണ മൊബൈൽ നമ്പറിൽ നിന്നുമാണ്. ട്രായ് (ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി) അംഗീകരിച്ച പ്രത്യേകം 'എസ്.എം.എസ്' ഐ.ഡികളിൽ നിന്നുമാണ് ഇത്തരം സന്ദേശങ്ങൾ സാധാരണയായി വരാറുള്ളത് ( ഉദാഹരണം: എസ്.എം.എസ്. അയയ്ക്കുന്ന ആളുടെ നമ്പറിന് പകരം മുകളിൽ  JM-REGINF , VD-NHPSMS എന്നിങ്ങനെയുള്ള ഐ.ഡികളാകും കാണാൻ സാധിക്കുക). അങ്ങനെ ഈ സന്ദേശം വ്യാജമാണെന്ന് ഉറപ്പിക്കാൻ സാധിച്ചു. 

സുരക്ഷിതമായ സാങ്കേതിക സംവിധാനത്തിന്റെ സഹായത്തിൽ വെബ്പേജിന്റെ ഉള്ളടക്കം പരിശോധിച്ചു. തന്നിരിക്കുന്ന ലിങ്ക് തുറന്നാൽ എറർ (error) എന്ന് കാണിക്കുന്ന ഒരു പേജല്ലാതെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. 

വിശദപരിശോധനയിൽ, ബൾക്ക് മെസ്സേജുകൾ (കൂട്ടമായി അയയ്ക്കുന്ന മെസ്സേജുകൾ) അയക്കാൻ സഹായിക്കുന്ന 'സ്മാർട്ട് എഡ്ജ് എസ്.എം.എസ്. ' (Smart edge SMS) എന്ന സ്ഥാപനത്തിന്റേതാണ് ലിങ്ക് എന്ന് മനസ്സിലായി. കൂടാതെ ഈ ലിങ്ക് തുറന്നാൽ കിട്ടുന്ന വെബ് പേ്ജിൽ വെബ് ട്രാക്കറുകൾ ഉള്ളതായും കണ്ടെത്തി. സൈറ്റ് സന്ദർശിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ചു ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക എന്നതാണ് വെബ് ട്രാക്കറുകൾ ചെയ്യുന്നത്. നമ്മുടെ സെർച്ച് വിവരങ്ങളും സന്ദർശിക്കുന്ന വെബ്‌സൈറ്റുകളുടെ സ്വഭാവവും മനസ്സിലാക്കി വ്യക്തിഗത പരസ്യങ്ങൾ നൽകുന്നതിന് ട്രാക്കറുകൾ കമ്പനികളെ സഹായിക്കുന്നു.  കാര്യമായ ഉള്ളടക്കങ്ങളില്ലാത്ത ഈ സന്ദേശം ഇത്തരമൊരു ഉദ്ദേശ്യത്തോടു കൂടിയാകാനാണ് സാധ്യത. സന്ദേശം അയച്ച നമ്പറിന്റെ ലൊക്കേഷൻ തമിഴ്‌നാടാണെന്നും കണ്ടെത്താൻ സാധിച്ചു.

വാസ്തവം 

ബീമാ യോജന ആപ്ലിക്കേഷൻ അംഗീകരിച്ചുവെന്ന പേരിൽ വരുന്ന എസ്.എം.എസ്. വ്യാജം. വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയാകാം ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. സംശയം തോന്നുന്ന സന്ദേശങ്ങളിലുള്ള വെബ്‌സൈറ്റ് ലിങ്കുകൾ തുറക്കാതിരിക്കുക. 

Content Highlights: SMS Claiming Your Bhima Yojana Application Approved is True? | Fact Check