പ്രധാനമന്ത്രി നാരി ശക്തി യോജന 2021 വഴി ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും കേന്ദ്ര സർക്കാർ ബാങ്ക് ഗ്യാരണ്ടി കൂടാതെ 25 ലക്ഷം രൂപ  വായ്പ നൽകുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീർത്തും പലിശരഹിതമാണ് ഈ വായ്പയെന്നാണ് അവകാശവാദം. ഇതോടൊപ്പം രാജ്യത്തെ എല്ലാ സ്ത്രീകൾക്കും 2.2 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി സർക്കാർ നൽകുമെന്നും പ്രചാരണമുണ്ട്. ഈ പ്രചാരണങ്ങൾക്ക് പിന്നിലെ വസ്തുത പരിശോധിക്കാം. 

അന്വേഷണം

വാട്‌സപ്പ് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലാണ് ഇത് വലിയതോതിൽ പ്രചരിക്കുന്നത്. ഇതിനൊപ്പം നൽകിയിരിക്കുന്ന ചിത്രം  റിവേഴ്‌സ് ഇമേജ് പരിശോധിച്ചതിൽനിന്നു ലൈഫ് ഫാക്ട് എന്ന സൈറ്റിൽ നിന്നുള്ളതാണിതെന്ന് കണ്ടെത്തി. കഴിഞ്ഞ സെപ്തംബർ 14-നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. 
https://lifefact.in/%E0%A4%AA%E0%A5%8D%E0%A4%B0%E0%A4%A7%E0%A4%BE%E0%A4%A8-%E0%A4%AE%E0%A4%82%E0%A4%A4%E0%A5%8D%E0%A4%B0%E0%A5%80-%E0%A4%A8%E0%A4%BE%E0%A4%B0%E0%A5%80-%E0%A4%B6%E0%A4%95%E0%A5%8D%E0%A4%A4%E0%A4%BF-2021/

പ്രധാനമന്ത്രി നാരി ശക്തി യോജന പദ്ധതിയെക്കുറിച്ച് സൈറ്റിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരം: 'നിങ്ങൾ സ്ത്രീയാണോ? 25 ലക്ഷം രൂപ ലോൺ ലഭിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ പ്രധാൻമന്ത്രി നാരി ശാക്തീകരൺ യോജ്‌ന ഉപയോഗപ്പെടുത്തു. പദ്ധതി വഴി എസ്.ബി.ഐയിൽനിന്ന്  ബാങ്ക് ഗ്യാരണ്ടിയോ പലിശയോ കൂടാതെ എല്ലാ സ്ത്രീകൾക്കും 25 ലക്ഷം രൂപ വായ്പയായി ലഭിക്കും. നേരത്തെ ഈ പദ്ധതി ചില സംസ്ഥാനങ്ങളിൽ മാത്രമായിരുന്നുവെങ്കിൽ ഇപ്പോൾ ഇത് രാജ്യത്തുടനീളം വ്യാപിപ്പിച്ചിരിക്കുന്നു.' എന്നാണ് സൈറ്റിൽ പറഞ്ഞിരിക്കുന്നത്.  

വിശദമായ പരിശോധനയിൽ സമാന വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള യൂട്യൂബ് വീഡിയോയും ലഭിച്ചു. സർക്കാരി ഗുരു എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ കഴിഞ്ഞ ഓഗസ്റ്റ് 19-ന് പോസ്റ്റ് ചെയ്ത വീഡിയോ ആണിത്.


 

നിലവിൽ പ്രചാരിക്കപ്പെടുന്ന വിവരങ്ങളെല്ലാം ഈ വീഡിയോയിലും വിശദീകരിച്ചിട്ടുണ്ട്. പതിനൊന്നായിരത്തോളം പേരാണ് പ്രസ്തുത വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.  രാജ്യത്തെ എല്ലാ സ്ത്രീകൾക്കും കേന്ദ്ര സർക്കാർ 2.2 ലക്ഷം രൂപ ബാങ്ക് അകൗണ്ട് വഴി നൽകുന്നതായാണ് വീഡിയോയിൽ പറയുന്നത്. പ്രധാൻമന്ത്രി നാരി ശാക്തി യോജ്‌ന വഴി സ്ത്രീകളുടെ ബാങ്ക് അകൗണ്ടിലേക്ക് പണം നേരിട്ട് നല്കുമെന്നും വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. 

സ്ത്രീകൾക്ക് ബാങ്ക് ഗ്യാരണ്ടികളൊന്നും കൂടാതെ എസ്.ബി.ഐയിൽനിന്ന് 25 ലക്ഷം രൂപ വരെ ലോണായി ലഭിക്കുമെന്ന വിവരം ഇതിലും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത പദ്ധതി നേരത്തെ സിക്കിമിൽ മാത്രമായിരുന്നു നടപ്പാക്കിയിരുന്നതെങ്കിൽ നിലവിൽ രാജ്യത്തെ ഇല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും  നടപ്പാക്കിയതായും ഇതിൽ പറഞ്ഞുവയ്ക്കുന്നു.

പ്രധാനമന്ത്രി നാരി ശക്തി യോജനയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാനരഹിതമാണെന്ന്  പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ(പി.ഐ.ബി.)യും ഇത് വ്യക്തമാക്കിയിട്ടുണ്ട്. 
ഇത് സംബന്ധിച്ച പി.ഐ.ബിയുടെ ട്വീറ്റ് 

വാസ്തവം

പ്രധാനമന്ത്രി നാരി ശക്തി യോജന വഴി രാജ്യത്ത് എല്ലാ സ്ത്രീകൾക്കും 2.2 ലക്ഷം രൂപ ബാങ്ക് അകൗണ്ട് വഴി നൽകുമെന്നും തരത്തിലുള്ള പ്രചാരണം വ്യാജമാണ്. ഗ്യാരണ്ടിയില്ലാതെ എസ്.ബി.ഐയിൽനിന്നു പലിശ രഹിതമായി 25 ലക്ഷം വായ്പ നൽകുമെന്ന വാദത്തിനും അടിസ്ഥാനമില്ല. ഈ പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് പ്രസ് ഇൻഫൊർമേഷൻ ബ്യൂറോയും വ്യക്തമാക്കിയിട്ടുണ്ട്. 

Content Highlights: SBI offers interest-free loans of Rs 25 lakh to women? | Fact Check