സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്നാം തിയതി തുറന്നു. കോവിഡ് മഹാമാരി കാരണം അടച്ചിട്ട സ്‌കൂളുകൾ ഒന്നര വർഷത്തിന് ശേഷമാണ് തുറക്കുന്നത്. ഈ അവസരത്തിൽ സ്‌കൂളുകൾ പാലിക്കേണ്ട വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ  സർക്കാർ പുറത്തിറക്കിയിരുന്നു. കുട്ടികൾ തമ്മിലുള്ള ഇടപെടലുകൾ കുറയ്ക്കാൻ ബയോബബ്ബിൾ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ മാർഗനിർദേശങ്ങളിൽ പറയുന്നു. 

ഈ നിർദേശങ്ങളോടൊപ്പം, സ്‌കൂൾ ബസുകൾ നിരത്തിലിറക്കണമെന്ന് സർക്കാർ/ എയ്ഡഡ്/ സ്വകാര്യ സ്‌കൂൾ മാനേജ്മെന്റുകളോട് ആവശ്യപ്പെട്ടു. എന്നാൽ, സ്‌കൂൾ ബസുകൾ ഓടിക്കുന്നത് സംബന്ധിച്ച് ആശയകുഴപ്പത്തിലാണ് സംസ്ഥാനത്തെ വിവിധ സ്‌കൂൾ മാനേജ്‌മെന്റുകൾ. നവംബർ ഒൻപതാം തിയതി മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുകയാണ്. ഇതോടൊപ്പം സ്‌കൂൾ ബസുകൾ ഓടാതിരുന്നാൽ വിദ്യാർത്ഥികളുടെ യാത്രാദുരിതം ഇരട്ടിക്കും. സ്‌കൂൾ ബസുകൾ ഓടിക്കുന്നത് സംബന്ധിച്ച് സ്‌കൂൾ മാനേജ്‌മെന്റുകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ എന്താണ്? ഇതു സംബന്ധിച്ച സർക്കാർ നയങ്ങളിൽ പാളിച്ചയുണ്ടോ? മാതൃഭൂമി ഫാക്ട് ചെക്ക് അന്വേഷിക്കുന്നു. 

സ്‌കൂൾ ബസുകളിൽ ഒരു സീറ്റിൽ ഒറ്റ കുട്ടിയെ പാടുള്ളുവെന്നത് സർക്കാരിന്റെ പ്രധാനപ്പെട്ട ഒരു മാർഗനിർദേശമായിരുന്നു. ഈ നിർദേശം അപ്രായോഗികമാണെന്ന് സി.ബി.എസ്.ഇ. സ്‌കൂൾ മാനേജ്മന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാൻ പറഞ്ഞു. 'ദൂരപ്രദേശങ്ങളിൽനിന്നുള്ള കുട്ടികളെ സ്‌കൂൾ ബസിൽ കൊണ്ടുവരാൻ ഈ നിർദേശത്തിലൂടെ കഴിയില്ല. മാത്രമല്ല, ഇത്  പ്രതികൂലമായി ബാധിക്കാൻ പോകുന്നത് പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെയാണ്. പല സ്‌കൂളുകളും സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം സ്‌കൂൾ വാഹനങ്ങൾ വിറ്റു. ബസുകൾ ഉളവർക്കാകട്ടെ അറ്റകുറ്റപ്പണികൾക്ക് ഉള്ള ചിലവും വാഹന നികുതിയും താങ്ങാവുന്നതിനുമപ്പുറമാണ്. സർക്കാർ, എയ്ഡഡ് സ്‌കൂളുകൾ നൽകേണ്ടത് ഒരു ടേമിലെ നികുതിയും സ്വകാര്യ സ്‌കൂളുകൾ മൂന്നു ടേമിലെ വാഹന നികുതിയും നൽകണം. ഇത് ഏകീകരിക്കാനുള്ള പ്രൊപ്പോസൽ സർക്കാർ പരിഗണിച്ചിട്ടുടെങ്കിലും ഇത് വരെ നടപ്പാക്കിയിട്ടില്ല. ഈ കാരണങ്ങളാൽ സ്‌കൂൾ ബസുകൾ നിരത്തിലിറക്കുന്നത് ബുദ്ധിമുട്ടാണ്.' ഇബ്രാഹിം ഖാൻ കൂട്ടിച്ചേർത്തു. 

എന്നാൽ, ട്രാൻസ്പോർട് കമ്മിഷണർ അജിത് കുമാർ വിഷയത്തിൽ പ്രതീകരിച്ചതിങ്ങനെ: പല സ്‌കൂൾ ബസുകൾക്കും നിരത്തിലിറങ്ങാൻ വേണ്ട ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ല. സർക്കാരിന്റെ നിർദേശം ഫുൾ സീറ്റ് ഒക്യൂപൻസി ആണ്. അതായത്  ഒരു ബസ്സിൽ 30 സീറ്റുകൾ ഉണ്ടെങ്കിൽ 30 പേർക്ക് ഇരിക്കാം. അതോടൊപ്പം ഒക്ടോബർ 31 വരെ സ്‌കൂൾ വാഹനങ്ങൾക്ക് നൽകിയ നികുതിയിളവും ഡിസംബർ വരെ നീട്ടിയിട്ടുണ്ട്.'  

സർക്കാരിന്റെ നിർദേശങ്ങൾ നടപ്പാക്കാൻ സ്‌കൂൾ മാനേജ്‌മെന്റുകൾ ബാധ്യസ്ഥരാണെന്നും കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  മുഹമ്മദ് ഹനീഷ് പറഞ്ഞു. 'സ്‌കൂളുകൾ പി.ടി.എകളുമായി കൂടിയാലോചിച്ച് വേണ്ട നടപടികൾ സ്വീകരിക്കണം. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 80 ശതമാനം കുട്ടികൾക്ക് സ്‌കൂളുകളിൽ എത്താൻ കഴിഞ്ഞിട്ടുണ്ട്.' മുഹമ്മദ് ഹനീഷ് കൂട്ടിച്ചേർത്തു. 

സ്‌കൂൾ ബസുകൾ ഇല്ലാതിരിക്കുകയും സ്വകാര്യ ബസുകൾ പണിമുടക്കുകയും ചെയ്താൽ സ്വാഭാവികമായും വിദ്യാർത്ഥികൾ കൂടുതൽ ആശ്രയിക്കുക കെ.എസ്.ആർ.ടി.സിയെ ആവും. എന്നാൽ കെ.എസ്.ആർ.ടി.സി. അധികൃതരോട് വിദ്യാർത്ഥികൾക്ക് വേണ്ടി കൂടുതൽ സർവിസുകൾ തുടങ്ങാനോ നിലനിൽക്കുന്ന കൺസെഷൻ വ്യവസ്ഥകൾ ഉദാരീകരിക്കാനോ പദ്ധതികൾ ഉണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ലഭിച്ച മറുപിടി ഇതാണ്. 'പൊതുവിൽ കൂടുതൽ സർവീസുകൾ ഓടിക്കാൻ ആലോചിക്കുന്നുണ്ട് അതോടൊപ്പം വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ വ്യവസ്ഥകൾ തുടരും.'

വാസ്തവം 

നിലവിലെ സാഹചര്യങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി മാത്രമേ സ്‌കൂൾ ബസുകൾ നിരത്തിലിറക്കാൻ കഴിയുകയുള്ളു. വിദ്യാർത്ഥികളുടെ സുരക്ഷ പരിഗണിച്ചാണിത്. സർക്കാർ നിർദേശങ്ങൾ പ്രകാരം മുഴുവൻ സീറ്റുകളിലും കുട്ടികളെ ഇരുത്താവുന്നതാണ്. ഉദാഹരണത്തിന് 30 സീറ്റുകൾ ഉള്ള ബസിൽ 30 വിദ്യാർത്ഥികളെ കൊണ്ടുപോകാവുന്നതാണ്. അതേസമയം, ഫിറ്റ്‌നസ്  സർട്ടിഫിക്കറ്റിന് വേണ്ട അറ്റകുറ്റപ്പണികൾക്കും നികുതി ഏകീകരിക്കാനും, സർക്കാർ ഇടപെടൽ അനിവാര്യമാണ്. കെ.എസ്.ആർ.ടി.സി. വിദ്യാർത്ഥികൾക്കായി അധിക സർവിസുകൾ തുടങ്ങിയാൽ സ്‌കൂൾ ബസുകളെ ആശ്രയിക്കുന്നത് ഒരു വലിയ പരിധി വരെ കുറയ്ക്കാനാകും.  

Content Highlights: Reluctance to follow school bus instructions? | Fact Check