കൊച്ചി: വാട്സാപ്പില്‍ ഇനി ചുവന്ന ടിക്കുകള്‍ വരും, വാട്‌സാപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടും, വാട്‌സാപ്പില്‍ നാളെ മുതല്‍ പുതിയ നിയമങ്ങള്‍ നടപ്പാവുന്നു. വാട്‌സാപ്പിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും അതിവേഗം പ്രചരിക്കുന്ന വാര്‍ത്തയാണിത്. എന്താണ് ഇതിലെ സത്യാവസ്ഥ? മാതൃഭൂമി ഫാക്ട് ചെക്ക് ടീം പരിശോധിക്കുന്നു.

വാട്സാപ്പ് ടെക്സ്റ്റ്, വാട്സാപ്പ് കോളുകള്‍ക്കായുള്ള പുതിയ ആശയവിനിമയ നിയമങ്ങള്‍ നാളെ മുതല്‍ നടപ്പിലാക്കും എന്ന പേരിലാണ് അവ പ്രചരിക്കുന്നത്. 

താഴെ പറയുന്ന കാര്യങ്ങള്‍ കുറിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ ആണ് വാട്സാപ്പ് വഴി പ്രചരിക്കുന്നത്. 
അവകാശവാദം:

1. എല്ലാ കോളുകളും റെക്കോര്‍ഡുചെയ്യും.
2. എല്ലാ കോള്‍ റെക്കോര്‍ഡിങ്ങുകളും സംരക്ഷിക്കും.
3. വാട്സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ എല്ലാ സാമൂഹിക മാധ്യമങ്ങളും നിരീക്ഷിക്കും.
4. നിങ്ങളുടെ ഉപകരണങ്ങള്‍ ഐ.ടി. മന്ത്രലയത്തിന്റെ സിസ്റ്റത്തിലേക്ക് ബന്ധിപ്പിക്കും.
5. തെറ്റായ സന്ദേശം ആര്‍ക്കും അയക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
6. നിങ്ങളുടെ കുട്ടികള്‍, സഹോദരങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പരിചയക്കാര്‍ എന്നിവരോട്  സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് പറയുക.
7. രാഷ്ട്രീയത്തെക്കുറിച്ചോ നിലവിലെ സാഹചര്യത്തെക്കുറിച്ചോ സര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ എതിരെ മോശം പോസ്റ്റോ വീഡിയോയോ അയയ്ക്കരുത്.
8. ഏതെങ്കിലും രാഷ്ട്രീയ, മതപരമായ വിഷയങ്ങളില്‍ മോശം സന്ദേശം എഴുതുകയോ അയയ്ക്കുകയോ ചെയ്യുന്നത് നിലവില്‍ കുറ്റകരമാണ്, അങ്ങനെ ചെയ്യുന്നത് വാറന്റില്ലാതെ അറസ്റ്റിലേക്ക് നയിച്ചേക്കാം.
9. പോലീസ് ഒരു അറിയിപ്പ് നല്‍കും, തുടര്‍ന്ന് സൈബര്‍ ക്രൈം വിചാരണ ചെയ്യും, അത് വളരെ ഗുരുതരമാണ്.
10. ഗ്രൂപ്പ് മോഡറേറ്റര്‍മാര്‍ ദയവായി ഈ പ്രശ്‌നം പരിഗണിക്കുക.
11. തെറ്റായ സന്ദേശം അയയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, എല്ലാവരേയും അറിയിക്കുകയും വിഷയം ശ്രദ്ധിക്കുകയും ചെയ്യുക.

വാട്സാപ്പ് ടിക് മാര്‍ക്കുകളെ വിശദീകരിക്കുന്ന വിവരങ്ങളും ഇതിനൊപ്പം കൊടുക്കുന്നുണ്ട്.

അന്വേഷണം: 

വാട്സാപ്പ്  നിങ്ങളുടെ ഡാറ്റ സംഭരിക്കുന്നില്ല. 
എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ കാരണം വാട്സാപ്പ് സന്ദേശങ്ങള്‍ ട്രാക്കു ചെയ്യാന്‍ കഴിയില്ല. 

ഐ.ടി. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ അവിടെയൊന്നും ഇത്തരത്തിലുള്ള ഒരറിയിപ്പും ഇതുവരെ കണ്ടെത്താനായിട്ടില്ല.

സര്‍ക്കാരിന് വാട്സാപ്പ് സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയില്ല. ലോകമെമ്പാടുമുള്ള ആളുകളെ സുരക്ഷിതരായി സൂക്ഷിക്കുന്നതിന് നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ വാട്സാപ്പ് അഭിനന്ദിക്കുന്നുണ്ട്. ബാധകമായ നിയമത്തെയും നയത്തെയും അടിസ്ഥാനമാക്കി നിയമനിര്‍വ്വഹണ അഭ്യര്‍ത്ഥനകള്‍ ശ്രദ്ധാപൂര്‍വ്വം അവലോകനം ചെയ്യാനും സാധൂകരിക്കാനും പ്രതികരിക്കാനും അവര്‍  തയ്യാറാണ് എന്ന് അവരുടെ വെബ്സൈറ്റില്‍ പറയുന്നുമുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി, അധികൃതര്‍ നിങ്ങളുടെ ഫോണ്‍ കൈവശപ്പെടുത്തുകയും അതില്‍നിന്ന് ഡാറ്റ എടുക്കുകയും ചെയ്യുന്നു. കൂടാതെ, ഗൂഗിള്‍ ഡ്രൈവില്‍ സംഭരിച്ചിരിക്കുന്ന ബാക്കപ്പുകള്‍ എന്‍ക്രിപ്റ്റു ചെയ്തിട്ടില്ല. നിങ്ങള്‍ ഏതെങ്കിലും കുറ്റകൃത്യം ചെയ്തു പിടിക്കപ്പെട്ടു കഴിഞ്ഞാല്‍, നിങ്ങളുടെ ഫോണില്‍നിന്ന് ഇവ രണ്ടിലേക്കും അവര്‍ക്ക് പ്രവേശനം ലഭിക്കും.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ്, 2000-ലെ വകുപ്പ് 79 അനുസരിച്ച് ഏതെങ്കിലും മൂന്നാം കക്ഷി വിവരങ്ങള്‍, ഡാറ്റ അല്ലെങ്കില്‍ ആശയവിനിമയ ലിങ്ക് അയാള്‍ക്ക് ലഭ്യമാക്കിയ അല്ലെങ്കില്‍ ഹോസ്റ്റു ചെയ്തതിന് ഒരു ഇടനിലക്കാരന്‍ ബാധ്യസ്ഥനല്ല.

വാട്സാപ്പ്, ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ വെബ്സൈറ്റുകള്‍ നിരീക്ഷിക്കാന്‍ ഒരു നിയമവും ഇന്ത്യയില്‍ ഇപ്പോഴും ഇല്ല. സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നത് തടയാന്‍, ഐ.ടി. നിയമത്തിലെ സെക്ഷന്‍ 79 മാറ്റാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. അതിനുശേഷം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന് കമ്പനികള്‍ ഉത്തരവാദികളായിരിക്കും. കൂടാതെ കമ്പനികള്‍ ഉള്ളടക്കത്തിന്റെ ഉറവിടത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. എന്നിരുന്നാലും, ഈ കമ്പനികളെ നിരീക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയുന്ന തരത്തിലുള്ള നിയമങ്ങളൊന്നുമില്ല.

വാസ്തവം:
വാട്സാപ്പ് നിങ്ങളുടെ ഡാറ്റ സംഭരിക്കുന്നില്ല. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ കാരണം വാട്സാപ്പ് സന്ദേശങ്ങള്‍ ട്രാക്കുചെയ്യാന്‍ കഴിയില്ല. വാട്സാപ്പ് ചുകന്ന ടിക് മാര്‍ക്കുകളെ കുറിച്ചുള്ള സന്ദേശം വ്യാജമാണ്.

Content Highlights: Red tik marks will appear on Whatsapp is a fake message