കുറച്ചു ദിവസങ്ങളായി വാട്‌സാപ്പിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. രണ്ടു യുവാക്കൾ ഒരു എലിയെ ജീവനോടെ കത്തിക്കുകയും പിന്നീടത് അവരുടെ വീട്ടിൽ കയറുകയും വീട് അഗ്‌നിക്കിരയാവുകയും ചെയുന്നു. കർമ്മഫലം എന്ന തലക്കെട്ടും പഞ്ചാബി ഭക്തിഗാനത്തിന്റെ അകമ്പടിയും ഈ വീഡിയോ ഇന്ത്യയിൽ സംഭവിച്ചതാണെന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ട്.

വീഡിയോയുടെ മറ്റു വിശദാശംങ്ങൾ ഇങ്ങനെ: രണ്ടു പേർ ചേർന്ന് ഒരു എലിയുടെ ദേഹത്ത്  പെട്രോൾ ഒഴിച്ച് തീ കൊടുക്കുന്നു. പൊള്ളേലേറ്റ എലി അവരുടെ വീട്ടിലേക്ക് തന്നെ ഓടി കയറുന്നു. ബാക്കി നേരിൽ കാണുക.

അന്വേഷണം 

പരിശോധനയിൽ പ്രസ്തുത വീഡിയോ ആദ്യമായി രംഗപ്രവേശം ചെയ്തത് 2017-ലാണെന്ന് വെളിപ്പെട്ടു. 2017 ജനുവരി 13-ന് യൂട്യൂബിൽ പ്രസിദ്ധീകരിച്ച  ഈ വീഡിയോ ഇംഗ്ലീഷ് വിവരണത്തോടെയാണ് തുടങ്ങുന്നത്. 

ഏതാണ്ട് ഇതേ സമയത്തു മറ്റു ചില വെബ്‌സൈറ്റുകളിലും ഈ വീഡിയോ പ്രത്യക്ഷപ്പെട്ടു. പോളിഷ് വെബ്‌സൈറ്റായ sadly.net ഈ വീഡിയോ അറബിക് പ്രാർത്ഥനയുടെ പശ്ചാത്തലത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. 

മലയ (Malaysian) ഭാഷയിലും ഇതേ വീഡിയോ യൂട്യൂബിൽ ലഭ്യമാണ്. ഗൂഗിൾ ലെൻസ് ഉപയോഗിച്ച് അതിന്റെ തലക്കെട്ട് പരിഭാഷപ്പെടുത്തിയപ്പോൾ ലഭിച്ചത് ഇതാണ്: മൃഗങ്ങളെ പീഡിപ്പിക്കുന്നതിന്റെ അനന്തരഫലങ്ങൾ.

വീഡിയോയുടെ രണ്ടാം ഭാഗത്തിലെ ദൃശ്യങ്ങൾ ഇന്ത്യയിൽനിന്നല്ല. രണ്ടാം ഭാഗത്തിലെ കത്തിയെരിയുന്ന വീടുമായി സാദൃശ്യമുള്ള വീടുകളുടെ ചിത്രങ്ങൾ ഇൻറർനെറ്റിൽ ലഭ്യമാണെങ്കിലും പ്രസ്തുത ദൃശ്യങ്ങളുടെ സ്രോതസ് അജ്ഞാതമാണ്. 

2021 ഓഗസ്റ്റ് മുതലാണ് പ്രസ്തുത വീഡിയോയുടെ ഹിന്ദി, പഞ്ചാബി പതിപ്പുകൾ ഇൻറർനെറ്റിൽ ലഭ്യമാവാൻ തുടങ്ങുന്നത്. ഇന്ത്യയിൽ നടന്ന സംഭവം എന്ന നിലയിൽ  പ്രചരിക്കുന്ന ഈ വീഡിയോ വ്യത്യസ്തമായ തലക്കെട്ടുകളോടെയാണ് സമൂഹമാധ്യമങ്ങളിൽ കാണപ്പെടുന്നത്. കർമ്മഫലം, മൃഗങ്ങളോടുള്ള ക്രൂരത എന്നിവയാണ് ഏറ്റവും കൂടുതലായി കാണപ്പെട്ട തലക്കെട്ടുകൾ. 

rat

വാസ്തവം  

വീഡിയോയിൽ പ്രതിപാദിക്കുന്ന സംഭവം ഇന്ത്യയിൽ നടന്നതല്ല. കഴിഞ്ഞ അഞ്ചു വർഷമായി ഇംഗ്ലീഷ്, അറബിക് ഭാഷകളിലായി പ്രചരിക്കുന്ന വീഡിയോയുടെ ഇന്ത്യൻ പതിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പല ദൃശ്യങ്ങൾ വീഡിയോയിൽ കൂട്ടിച്ചേർത്തിരിക്കുന്നു. വീഡിയോയുടെ ആദ്യഭാഗത്തിൽ യുവാക്കൾ എലിയെ ജീവനോടെ കത്തിക്കുകയും രണ്ടാം ഭാഗത്തിൽ അവരുടെ വീട് കത്തി നശിക്കുന്നതുമാണ്. രണ്ടാം ഭാഗത്തിന് ആദ്യഭാഗവുമായി ബന്ധമില്ല. രണ്ടാം ഭാഗത്തിലെ ദൃശ്യങ്ങളുമായി സാമ്യമുള്ള പശ്ചാത്തലവും ചിത്രങ്ങളും പല അമേരിക്കൻ വെബ്‌സൈറ്റുകളിലും ലഭ്യമാണെങ്കിലും വീഡിയോയിലെ ദൃശ്യങ്ങളുടെ കൃത്യമായ സ്രോതസുകൾ അജ്ഞാതമാണ്. അതിനാൽ ദൃശ്യങ്ങൾക്ക് ഇന്ത്യൻ പശ്ചാത്തലമില്ല. 

Content Highlights: Rat burns down house- the real story | fact check