നിയമസഭയിൽ കറന്റില്ലാത്തതിനാൽ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ അവതരണം നടത്തുന്നതിന്റ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൽക്കരി ക്ഷാമത്തെത്തുടർന്ന് രാജ്യം വൈദ്യുതി പ്രതിസന്ധി നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം പ്രചരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ പോലെ കേരളവും ഒരു പവർകട്ടിന്റെ ഭീഷണിയിലാണെന്ന് സൂചിപ്പിക്കുന്ന ഒരു അടിക്കുറിപ്പോടുകൂടിയാണ് പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്.

ഏത് സംസ്ഥാനത്തെ നിയമസഭയിൽ നടന്ന സംഭവമാണെന്ന് പോസ്റ്റിൽ വിവരിക്കുന്നില്ല. പക്ഷേ 'പഞ്ചാബിലും കർണാടകയിലും കറന്റില്ലെന്നും ചിലയിടത്ത് 5-6 മണിക്കൂർ കറന്റ് കട്ടാണെന്നുമുള്ള' ഒരു വിവരണം ചിത്രത്തോടൊപ്പം നൽകിയിട്ടുണ്ട്. അതിനാൽ ഇപ്പോൾ ഉണ്ടായ സംഭവമാണ് ചിത്രത്തിലെന്ന് പലരും തെറ്റിദ്ധരിക്കുകയുണ്ടായി.

അന്വേഷണം

ചിത്രം വ്യക്തമായി പരിശോധിച്ചാൽ, അവതാരകൻ സിദ്ധരാമയ്യയാണെന്ന് മനസ്സിലാകും. ഗൂഗിൾ സെർച്ച് നടത്തിയപ്പോൾ ചിത്രം 2016-ൽ നടന്ന ഒരു സംഭവത്തിന്റേതാണെന്ന് കണ്ടെത്തി. 2016 മാർച്ച് 18-ന് നടന്ന അസംബ്ലി സമ്മേളനത്തിൽ, ബജറ്റ് അവതരണത്തിനിടെ വൈദ്യുതി തടസ്സം നേരിട്ടിരുന്നു. തുടർന്ന് മാർഷലിന്റെ സഹായത്തോടെ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ അദ്ദേഹം ബജറ്റ് അവതരണം നടത്തി. ഈ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്.

കുറച്ചു മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രശ്‌നം പരിഹരിച്ചെങ്കിലും അസാധാരണമായ ഒരു സംഭവമായതിനാൽ അതിന് ഏറെ മാധ്യമ ശ്രദ്ധ അക്കാലത്ത് ലഭിച്ചിരുന്നു.

വാർത്തയുടെ ലിങ്ക്:
https://www.google.com/search?q=siddaramaiah+budget+speech+power+cut&client=ms-android-samsung-ss&prmd=nvix&sxsrf=AOaemvIgmZPAcZbQgO3KUJ1MJqno9EA4ag:1634451288061&source=lnms&tbm=isch&sa=X&ved=2ahUKEwixqrXD5dDzAhWCSH0KHQlGDo4Q_AUoA3oECAIQAw&biw=412&bih=776&dpr=2.63#imgrc=3aZIcECUy6Af4M

എന്നാൽ, കൽക്കരി ക്ഷാമത്തെത്തുടർന്ന് വൈദ്യുതി ഉൽപാദനം കുറഞ്ഞതിനാൽ പഞ്ചാബും കർണാടകയും ഉൾപ്പടെ പല സംസ്ഥാനങ്ങളും ഇപ്പോൾ പവർകട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.

വാസ്തവം

2016-ൽ കർണാടക അസംബ്ലിയിലുണ്ടായ വൈദ്യുതി തടസ്സത്തിന്റെ ചിത്രമാണ് ഇപ്പോൾ നടക്കുന്ന വൈദ്യുതി ക്ഷാമത്തിന്റെ വിവരണത്തിനൊപ്പം പ്രചരിക്കുന്നത്. ഇത് തെറ്റിദ്ധാരണ പരത്തുന്ന ഒന്നാണ്.

Content Highlights: Power cut in Karnataka assembly session | Fact Check