മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ കടന്നാക്രമിച്ചു കൊണ്ടുള്ള കോൺഗ്രസ്സ് രാജ്യസഭാംഗവും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ ദിഗ്വിജയ് സിങിന്റെ ട്വീറ്റ് ചർച്ചയാകുന്നു. അമേരിക്കയിലെ റോഡുകളേക്കാളും മികച്ച റോഡുകളാണ് മധ്യപ്രദേശിലേതെന്ന ചൗഹാന്റെ വാദങ്ങളെ ഖണ്ഡിക്കുന്നതിനാണ് ഈ ട്വീറ്റ്. 

potholes

പൂർണ്ണമായി തകർന്നൊരു റോഡും അതിലെ പടുകുഴികളിലൊന്നിൽ മറിഞ്ഞു കിടക്കുന്ന ട്രക്കുമാണ് ട്വീറ്റിലെ ചിത്രത്തിലുള്ളത്. 'ഹെൽമെറ്റും രേഖകളും എപ്പോഴും ശരിയായിരിക്കണം എന്നാൽ, റോഡ് ഏതവസ്ഥയിലിരുന്നാലും സർക്കാറിനത് വിഷയമല്ലെന്ന്' ചിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 
ഒക്ടോബർ ഏഴാം തീയ്യതിയാണ് ദിഗ്വിജയ് സിങ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. 2700-ഓളം പേർ ട്വീറ്റ് ലൈക്ക് ചെയ്യുകയും അഞ്ഞൂറോളം പേർ റീ-ട്വീറ്റ് ചെയ്യുകയും ചെയ്തു. ഈ ചിത്രത്തിൻറെ ആധികാരികതയാണ് പരിശോധിക്കുന്നത്.

വസ്തുതാ പരിശോധന

ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തതിൽനിന്നു നിരവധി വിവരങ്ങൾ ലഭിച്ചു. ഇതേ ചിത്രം മുൻ വർഷങ്ങളിലും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2020-ൽ മധ്യപ്രദേശിൽ കോൺഗ്രസ്സ് അധികാരത്തിലിരുന്ന സമയത്തും കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ. സർക്കാരിനെതിരെയും ഇതേ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
  
2019-ൽ പാകിസ്താനിലെ പെഷവാറിലേതാണ് ചിത്രമെന്ന തരത്തിൽ പ്രചരിച്ചിരുന്നു. വിദേശ പത്രമായ ഖലീജ് ടൈംസ് ഇതിൽ വസ്തുതാ പരിശോധന നടത്തി ചിത്രം ഇന്ത്യയിലേതാണെന്ന് റിപ്പോർട്ട് ചെയ്തു. ആർക്കൈവ് ചെയ്തിരിക്കുന്ന പോസ്റ്റ്:
https://web.archive.org/web/20211008082035/https://www.khaleejtimes.com/international/india/fact-check-photo-shows-damaged-road-in-india-not-pakistan 

2016-ൽ ഇതേ ചിത്രം കേരളത്തിലേതെന്ന തരത്തിൽ യൂട്യൂബിലും പ്രചരിച്ചിട്ടുണ്ട്. 2013-ൽ മധ്യപ്രദേശ് രാജ്യ കറംചാരി സഘ് എന്ന തൊഴിലാളി സംഘടന അന്ന് കേന്ദ്രം ഭരിച്ച യു.പി.എ. സർക്കാരിനെതിരെ ഇതേ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു
  
ലഭ്യമായ വിവരമനുസരിച്ച് ഈ ചിത്രം 2012-ലാണ് ആദ്യമായി പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ക്യൂട്ട് പിക്‌ചേഴ്‌സ് എന്ന ബ്ലോഗിൽ 2012 സെപ്തംബർ 24-നായിരുന്നു ഇത്.
https://web.archive.org/web/20211008084048/http://cutepicturesgallery.blogspot.com/2012/09/indian-road-in-rainy-season-and-funny.html  

potholes

വാസ്തവം

റോഡ് നവീകരണത്തിൽ മധ്യപ്രദേശ് സർക്കാരിൻറെ വീഴ്ച ചൂണ്ടിക്കാണിക്കുന്നതിനായി ദിഗ്വിജയ് സിങ് നൽകിയിരിക്കുന്ന ചിത്രം വർഷങ്ങൾ പഴക്കമുള്ളതാണ്. തെറ്റായ ചിത്രത്തിലൂടെ വാസ്തവ വിരുദ്ധമായ കാര്യമാണ് പ്രചരിപ്പിച്ചത്. ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന നേതാക്കൾ നൽകുന്ന സത്യവിരുദ്ധമായ വിവരങ്ങൾ സമൂഹത്തിൽ വൻതോതിൽ വ്യാജപ്രചരണങ്ങൾക്ക് വഴിവയ്ക്കും. 

Content Highlights: Potholes in Madhya Pradesh, Is it True? | Fact Check