കോവിഡ്-19 കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന അവകാശവാദവുമായി പതഞ്ജലി അവതരിപ്പിച്ച കൊറോണില്‍ എന്ന ആയുര്‍വേദ ഉല്‍പ്പന്നത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നു.

കാറോണില്‍ കിറ്റ് കോറോണ വൈറസ് ചികിത്സയ്ക്ക് ഫലപ്രദമാണോ എന്ന ചര്‍ച്ചകള്‍ ചുറ്റും നടക്കുകയാണെന്നും എന്നാല്‍, ഇന്ന് അതിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചുവെന്നും ന്യൂസ് നേഷന്‍ ചാനലില്‍ വന്ന പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവുമായുള്ള അഭിമുഖത്തില്‍ പരിപാടിയുടെ അവതാരകന്‍ പറയുന്നു. 

ലോകാരോഗ്യ സംഘടനാ അധികൃതര്‍ കമ്പനി സന്ദര്‍ശിച്ചുവെന്നും കൊറോണില്‍ മരുന്നിന് ലൈസന്‍സ് തന്നുവെന്നും ഇത് 150 രാജ്യങ്ങളില്‍ വിതരണം ചെയ്യാന്‍ യോഗ്യമാണെന്നും ബാബാ രാംദേവ് അവകാശപ്പെടുന്നു. അലോപ്പതി മരുന്നുകളേയും, വിദേശ മരുന്നുകളേയും അഭിമുഖത്തില്‍ നിശിതമായി വിമര്‍ശിക്കുന്ന രാംദേവ് അവ ആരോഗ്യ ഭീകരവാദത്തിന് വഴിവെക്കുന്നുവെന്നും ആക്ഷേപിച്ചു. 

ന്യൂസ്18 അവതാരകന്‍ കിഷോര്‍ അഞ്ചാവാമിയും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് രാംദേവിനെ പ്രശംസിക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ഹിന്ദിയും കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം എന്ന് രാംദേവ് അവകാശപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു. 

ഇങ്ങനെ നിരവധി ചാനലുകളില്‍ സമാനമായ വാര്‍ത്തകള്‍ വന്നിരുന്നു. 

എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ് ?

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ പതഞ്ജലി ആയുര്‍വേദ ഡയറക്ടര്‍ ബാല്‍കൃഷ്ണ തങ്ങള്‍ക്ക് ലഭിച്ചത് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമല്ലെന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്തു. 

ലോകാരോഗ്യ സംഘടനയുടെ ഗുഡ്‌സ് മാനുഫാക്ചറിങ് പ്രാക്റ്റീസ് അനുസരിച്ച് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന  ഫാര്‍മസ്യൂട്ടിക്കല്‍ പ്രൊഡക്റ്റ് സര്‍ട്ടിഫിക്കറ്റ് (സി.പി.പി.) ആണ് കോറോണിലിന് ലഭിച്ചത് എന്നും അദ്ദേഹം പറയുന്നു. 

എന്താണ് കൊറോണില്‍ ഗുളികയ്ക്ക് ലഭിച്ച സിപിപി സര്‍ട്ടിഫിക്കറ്റ് ?

അംഗരാജ്യങ്ങള്‍ തമ്മില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വ്യാപാര സൗകര്യമൊരുക്കുന്നതിനായി ലോകാരോഗ്യ സംഘടന ഒരു സര്‍ട്ടിഫിക്കേഷന്‍ സ്‌കീം ആരംഭിച്ചിട്ടുണ്ട്. ഈ സ്‌കീമിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് അതാത് രാജ്യങ്ങളിലെ മരുന്നുവിതരണവുമായി ബന്ധപ്പെട്ട നിയന്ത്രണാധികാര സംവിധാനം (ഇന്ത്യയില്‍ അത് ഡി.സി.ജി.ഐ. ആണ്) മരുന്നുകള്‍ക്ക് സി.പി.പി. നല്‍കുന്നത്. 

ഇന്ത്യയില്‍നിന്നു പതഞ്ജലിയുടെ കൊറോണില്‍ മറ്റേതെങ്കിലും രാജ്യത്തെ കമ്പനി വാങ്ങുന്നുണ്ടെങ്കില്‍ അവര്‍ ഈ സി.പി.പി. ആവശ്യപ്പെടും. സി.പി.പികള്‍ ലോകാരോഗ്യ സംഘടന നല്‍കുന്നതല്ല. അതിനാല്‍ സംഘടനയുടെ ലോഗോ അതിനായി ഉപയോഗിക്കാന്‍ പാടില്ല.  

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനിലെ ആയുഷ് വിഭാഗമാണ് പതഞ്ജലിക്ക് സി.പി.പി. നല്‍കിയത്. എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടിയെന്നാണ് കമ്പനി സ്ഥാപകന്‍ ഉള്‍പ്പടെ അവകാശപ്പെട്ടത്. 

കോവിഡ് മരുന്നായി വിൽക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതിയുമില്ല

കോവിഡ് രോഗം സുഖപ്പെടുത്തുമെന്ന് അവകാശപ്പെട്ട് യോഗ ഗുരു രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിന് മരുന്ന് വില്‍പ്പന നടത്താനാകില്ലെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് 19 രോഗത്തെപ്പറ്റി മരുന്നിന്റെ ലേബലില്‍പോലും അവകാശവാദം ഉന്നയിക്കാനാവില്ലെന്നും മന്ത്രാലയം പറഞ്ഞു.

ദിവ്യ കോറോണില്‍ ടാബ്ലെറ്റ് അടക്കമുള്ളവയുടെ പാക്കേജിലോ ലേബലിലോ കോവിഡ് രോഗം ഭേദമാക്കുമെന്ന അവകാശവാദം ഉന്നയിക്കാന്‍ പാടില്ലെന്ന് ഉത്തരാഖണ്ഡ് ലൈസന്‍സിങ് അതോറിറ്റിക്ക് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ഡ്രഗ് പോളിസി വിഭാഗം അയച്ച ഇ-മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ടിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് മാത്രമെ മരുന്നിന്റെ പരസ്യങ്ങളും മറ്റു പ്രചാരണ പ്രവര്‍ത്തനങ്ങളും പാടുള്ളൂ.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന മരുന്നെന്ന നിലയില്‍ മാത്രമാണ് കോറോണിലിന് ഉത്തരാഖണ്ഡ് ആയുഷ് മന്ത്രാലയം അംഗീകാരവും ലൈസന്‍സും പരീക്ഷണത്തിനുള്ള അനുമതിയും നല്‍കിയത്. വൈറസ് ബാധ ഭേദമാക്കുമെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് പതഞ്ജലി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് ഡ്രഗ് ലൈസന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlights: Patanjali’s Coronil is not WHO certified