2011 മെയ് രണ്ടിന് രാത്രി 11.35. അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ ആ പ്രഖ്യാപനം നടത്തി, അൽ ഖായിദ ഭീകരൻ ഉസാമ ബിൻ ലാദൻ ഇനിയില്ല. ഓപ്പറേഷൻ നെപ്റ്റിയൂൺ സ്പ്യേർ എന്ന് പേരിട്ട സൈനിക നടപടിക്കിടെയാണ് ലാദൻ കൊല്ലപ്പെട്ടതെന്ന് അമേരിക്ക ലോകത്തോട് വിളിച്ചു പറഞ്ഞു. എന്നാൽ ലാദൻ മരിച്ചിട്ടില്ല എന്ന വാദഗതി കഴിഞ്ഞ ഒരു പതിറ്റാണ്ടായി പല കോണുകളിൽനിന്നും ഉയർന്നുവരുന്നു. 

അതേസമയം, ലാദൻ ഇതിന്മുൻപേ കൊല്ലപ്പെട്ടു എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ഈ ആരോപണങ്ങളെ ആളിക്കത്തിച്ചത് ലാദന്റെ മരണം സ്ഥിരീകരിക്കുന്ന ഒന്നും തന്നെ അമേരിക്ക പുറത്തുവിട്ടില്ല എന്നതാണ്. കാലവും ദേശവും കടന്ന് ഇത്തരം കഥകൾഇന്നും പ്രചരിക്കുന്നുണ്ട്.

1999 മുതൽ അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുണ്ട് ഉസാമ ബിൻ ലാദൻ. 2001-ലെ വേൾഡ്ട്രേഡ് സെന്റർ ആക്രമണശേഷം അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനിൽ അധിനിവേശം നടത്തി. 2001 ഡിസംബർ 6 മുതൽ 17 വരെ ഇവർ പശ്ചിമ അഫ്ഗാനിലെ ഖൈബർ ചുരത്തിന് സമീപമുള്ള വെള്ള മലകളിലെ ടോറാ ബോറ ഗുഹകളിൽ ലാദൻ വേട്ട അഴിച്ചുവിട്ടു. 

ഇതിൽനിന്നു രക്ഷപ്പെട്ട ലാദൻ ഒളിവൽപോയി എന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഈ സമയം മുതൽ ലാദന്റെ മരണവാർത്തകളും പ്രചരിക്കാൻ തുടങ്ങി. 2001 മുതൽ 2011 വരെ ലാദന്റെതെന്ന തരത്തിൽ നിരവധി വീഡിയോ, ഓഡിയോ ടേപ്പുകൾ പുറത്തു വന്നിരുന്നു. 2011 മെയ് 19-നാണ് അവസാന വീഡിയോ പുറത്തു വന്നത്. മരണത്തിന് ഒരാഴ്ച മുൻപ് ലാദന്റെ റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശം എന്ന പേരിൽ അൽ ഖായിദയാണ് ഇത് പുറത്തു വിട്ടത്.

സെപ്തംബർ ആക്രമണം നടന്ന് ഒരു പതിറ്റാണ്ട് നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ലാദനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്. ഇത് പൂർണ്ണാർത്ഥത്തിൽ സത്യമാണെന്ന് ഉറപ്പിക്കാൻ പോലുമായിരുന്നില്ലെന്ന് അന്നത്തെ സി.ഐ.എ. തലവൻ  ലിയോൺ പെനറ്റ പിന്നീട് വെളിപ്പെടുത്തിയിരുന്നു. 

2011 മെയ് 2-ന് പുലർച്ചെ 23 പേരടങ്ങിയ അമേരിക്കൻ നാവിക സേനാ സീലുകൾ പാകിസ്താനിലെ അബാട്ടാബാദിലുള്ള ലാദന്റെ ഒളിത്താവളത്തിലെത്തി കൃത്യം നടത്തിയതായി പറയപ്പെടുന്നു. ഇതിന് തെളിവുകളായി ചിത്രങ്ങളോ ലാദന്റെ ഡി.എൻ.എ. പരിശോധനാഫലമോ പുറത്തുവിട്ടില്ല. മതാചാരങ്ങൾപാലിച്ചുകൊണ്ട്, മരണം നടന്നു 24 മണിക്കൂറിനുള്ളിൽ മൃതദേഹം  സമുദ്രസംസ്‌ക്കാരം നടത്തിയെന്ന വാദവും പലരും വിശ്വസിച്ചിട്ടില്ല.

Rep

അമേരിക്കയുടെ വാദങ്ങൾ

അമേരിക്കയുടെ ഗ്വാണ്ടനാമോ തടവറയിൽ കഴിയുന്ന അബു സുബൈദിയിൽനിന്ന് യു.എസ്. ഇന്റലിജൻസിന് ലാദന്റെ പ്രത്യേക ദൂതൻ അബു അഹമ്മദ് അൽ കുവൈത്തിയുടെ വിവരങ്ങൾ ലഭിച്ചു. സെപ്തംബർ 11 ആക്രമണങ്ങളുടെ സൂത്രധാരന്മാരിൽ ഒരാളായ ഖാലിദ് ഷൈഖ് മുഹമ്മദിന്റെ അനുയായിയായിരുന്നു അബു അഹമ്മദ്. ഇയാളെ പിന്തുടർന്നാണ് ഇന്റലിജൻസ് വിഭാഗം അബാട്ടാബദിൽ ലാദൻറെ താവളം കണ്ടെത്തിയതെന്നാണ് അമേരിക്കയുടെ വാദം. 

പാക് തലസ്ഥാനത്തുനിന്ന് വെറും  40 കിലോ മീറ്റർ അകലെ മാത്രമായിരുന്നു ഇത്. 12-18 അടി ഉയരമുള്ള സുരക്ഷാ മതിലുകളോടു കൂടിയ മൂന്നു നില കെട്ടിടം. പ്രദേശത്തെ മറ്റ് കെട്ടടങ്ങളെ അപേക്ഷിച്ച് എട്ട് മടങ്ങ് വലുതായിരുന്നു ഇത്. എന്നിട്ടും ടെലിഫോൺ, ഇന്റർനെറ്റ്  സേവനങ്ങളില്ല എന്നതും അതീവ സുരക്ഷാ സജ്ജീകരണങ്ങളും കെട്ടിടം ഉസാമയുടേതെന്ന സംശയത്തിന് ആക്കം കൂട്ടി. 

മാർച്ച് മാസം പകുതിയോടെ പ്രസിഡന്റ്   ബരാക്ക് ഒബാമ ഓപ്പറേഷനുമായി ബന്ധപ്പെട്ട് അഞ്ച് നാഷണൽ സെക്യൂരിറ്റി കൗൺസിൽ യോഗങ്ങൾ നടത്തി. സർക്കാരിൽ തന്നെ വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് ഇത് സംബന്ധിച്ച് അറിവുണ്ടായിരുന്നത്. വെള്ളിയാഴ്ച പ്രസിഡന്റ് ഓപ്പറേഷന് അനുമതി നൽകി. ഇതിൻറെ സമ്പൂർണ്ണ ചുമതല സി.ഐ.എ. ഡയറക്ടർ ലിയോൺ പനറ്റയ്ക്കായിരുന്നു. ഓപ്പറേഷന്റെ തത്സമയ ദൃശ്യങ്ങൾ വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിലിരുന്ന് ഒബാമ അടക്കമുളളവർ നേരിൽ കണ്ടു.

ജെറോനിമോ- ഇ.കെ.ഐ.എ. 

40 മിനുറ്റ് ദൈർഘ്യമുണ്ടായിരുന്ന ഓപ്പറേഷന്റം പിരിമുറുക്കം അവസാനിച്ചത് ജെറാനിമോ -ഇ കെഐഎ എന്ന വാക്കിലാണ്. അബാട്ടാബാദിൽ നടത്തിയ സെപെഷ്യൽ ഓപ്പറേഷനിൽ ഉസാമ ബിൻ ലാദന് നൽകിയ പേരാണ് ജെറോനിമോ. ' ഇ.കെ.ഐ.എ.' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് (enimy killed in action) ശത്രു കൊല്ലപ്പെട്ടു എന്നും. മൃതശരിരത്തിന്റെ  ദൃശ്യം സി.ഐ.എ. ആസ്ഥാനത്തേക്കയച്ചു വിഷ്വൽ ഐഡന്റിഫിക്കേഷൻ നടത്തി മരിച്ചത് ലാദൻ തന്നെ എന്നുറപ്പിച്ചു. 

ലാദന്റെ ഭാര്യമാരിൽ ഒരാളായ യമൻ വംശജയായ സ്ത്രീയും മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം അഫ്ഗാനിൽ എത്തിച്ച ശേഷം ഡി.എൻ.എ. പരിശോധന നടത്തി. നേരത്തെ ലാദന്റെ സഹോദരിയുടെ ഡി.എൻ.എ. സാമ്പിളുകൾ സൗദി നൽകിയിരുന്നു ഇതുമായി പരിശോധിച്ച് മരിച്ചത് ലാദൻതന്നെ എന്ന് സി.ഐ.എ .അധികൃതർ ഉറപ്പിച്ചു എന്നാണ് വാദം. പക്ഷെ, ഡി.എൻ.എ. പരിശോധന തെളിവുകൾ അടക്കമുള്ളവ പരസ്യപ്പെടുത്താൻ അമേരിക്ക തയ്യാറായില്ല.

കടലാഴങ്ങളിൽ അടക്കിയ മൃതദേഹം

മുസ്ലീം മതാചാരപ്രകാരം മരിച്ച് അധികം വൈകാതെ ഭൗതികശരീരം സംസ്‌കരിക്കണം. കരയിലെവിടെയെങ്കിലും മൃതദേഹം സംസ്‌ക്കരിച്ചാൽ കാലക്രമത്തിലത് തീർത്ഥാടന കേന്ദ്രമായേക്കും എന്ന വാദമുയർത്തിയാണ് ബിൻ ലാദന്റെ മൃതശരീരം ഇന്ത്യൻ മഹാസമുദ്രത്തിൽ സംസ്‌ക്കരിച്ചതെന്നാണ് അമേരിക്കയുടെ വാദം. ഇത്സംബന്ധിച്ച്ഇന്ത്യയുടെ അനുമതി തേടിയതായി സി.ഐ.എ. തലവൻ ലിയോൺ പെനറ്റ വിയോൺ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
https://www.youtube.com/watch?v=QMSMbKZRmZI 

Rep

ലാദന്റെ  മരണചിത്രം - വാസ്തവം എന്ത്?

ലാദന്റെ മരണശേഷമുള്ള ചിത്രങ്ങൾ പുറത്തു വിടരുതെന്ന നിർദേശം മെയ് 4-ന് ഒബാമ ഭരണകൂടം നൽകി. ചിത്രങ്ങൾ പുറത്തു വന്നാൽ അൽ ഖായിദ ഇത് ആയുധമാക്കിയേക്കും എന്ന നിഗമനം മുൻനിർത്തിയാണ് തീരുമാനമെന്നും വിശദീകരിച്ചു. മരണശേഷമുള്ള ലാദന്റെ ഫോട്ടോ എന്ന പേരിൽ ചിത്രം പുറത്തു വന്നു. ആദ്യം പാക്കിസ്താനിലെ ടിവി ചാനലുകളിലും പിന്നീട് ബ്രിട്ടീഷ് മാധ്യമങ്ങളിലും ഇവ പ്രത്യക്ഷപ്പെട്ടു. ദ മെയിൽ, ടൈംസ്, സൺ, മിറർ വെബ്സൈറ്റുകൾ ഈ ചിത്രം നൽകി. എന്നാൽ, ചിത്രം വ്യാജമായിരുന്നു. റോയിട്ടേഴ്സ് (വാർത്താ ഏജൻസി) 1998-ൽ പ്രസിദ്ധീകരിച്ച ലാദന്റെ ചിത്രം ഉപയോഗിച്ചാണ് വ്യാജ ചിത്രം നിർമ്മിച്ചത്.

2003-ൽ വടക്കൻ ഇറാഖിൽ യു.എസ്. സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ സദ്ദാം ഹുസൈന്റെ മക്കളായ ഉദായ്, ക്വാസി എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഇരുവരും കൊല്ലപ്പെട്ടു എന്ന് സ്ഥാപിക്കുന്നതിനായി സൈന്യം ഇവരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടു . 10 ദിവസത്തിൽ കൂടുതൽ  കഴിഞ്ഞാണ് അവർ ഇവരുടെ സംസ്‌കാരം നടത്തിയത്. എന്നാൽ ലാദന്റെ മരണത്തിൽ നിലപാട് മാറ്റി എന്നാണ് ഗൂഢാലോചന സൈദ്ധാന്തികരുടെ ആരോപണം. പ്രത്യേക സൈനിക സംഘം നടത്തിയ ഓപ്പറേഷനിടെ 25 മിനുറ്റ് നേരം തത്സമയ ദൃശ്യങ്ങൾ നൽകുന്നതിൽ തടസ്സം നേരിട്ടു. ഇതും എതിർചേരിക്ക് ആയുധമായി.

2011 മെയ് 5-ന് റോയിട്ടേഴ്സ് മറ്റൊരു ചിത്രം പുറത്തുവിട്ടു. ലാദന്റെ ഒളിത്താവളത്തിൽ യു.എസ്. നടത്തിയ രഹസ്യാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നു പേരുടെ ചിത്രങ്ങളായിരുന്നു ഇത്. പാകിസ്താൻ സുരക്ഷാ ഉദ്യോഗസ്ഥനിൽനിന്ന് ലഭിച്ച ചിത്രങ്ങളായിരുന്നു ഇവ. ഫൊറൻസിക് പരിശോധനയിൽ റോയിട്ടേഴ്സ് ഇതിന്റെ ആധികാരികത ഉറപ്പു വരുത്തിയിരുന്നു. ലാദൻകൊല്ലപ്പെട്ട ദിവസം പുലർച്ചെ 2.30-നാണ് ആദ്യചിത്രമെടുത്തത്. മറ്റു രണ്ട് ചിത്രങ്ങൾ 5 .21-നും 6.43-നുമാണ് എടുത്തത്. https://web.archive.org/web/20210917112747/https%3A%2F%2Fwww.reuters.com%2Farticle%2Fus-binladen-pakistan-photos-idUSTRE7437KK20110504 

ലാദൻ ബഹാമാസിൽ ജീവിക്കുന്നുവെന്ന് സ്നോഡൻ

അമേിരക്കയിലെ ദേശീയ സുരക്ഷാ ഏജൻസിയുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട എഡ്വേർഡ് സ്നോഡൻ ലാദൻ മരിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തിയതായി 2016-ൽ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. റഷ്യയിൽ രാഷ്ട്രീയ അഭയം തേടിയ സ്നോഡൻ മോസ്‌കോ ട്രിബ്യൂണിന് നൽകിയ അഭിമുഖത്തിലാണ് വമ്പൻ വെളിപ്പെടുത്തൽ നടത്തിയതെന്നാണ് പ്രചരിച്ചത്.

ഇതിൽ പറയുന്നത് അനുസരിച്ച് ബഹാമാസ് എന്ന രാജ്യത്ത് സുഖജീവിതം നയിക്കുകയാണ് ലാദൻ. ഇതിന് അമേരിക്കയിൽനിന്നും പ്രതിമാസം അലവൻസും ലഭിക്കുന്നുണ്ട്. ഒരു ലക്ഷം ഡോളറാണ് നസൗവിലുളള ബാങ്ക് അകൗണ്ടിലേക്ക് പ്രതിമാസം ലാദന് ലഭിക്കുന്നത്. ലാദൻ ജീവനോടെ ഉണ്ടെന്ന സി.ഐ.എ. രേഖകൾ സ്നോഡന്റെ കയ്യിൽ തെളിവായുണ്ടെന്നും 2013 വരെയുള്ള വിവരമനുസരിച്ച് ലാദൻ അഞ്ചു ഭാര്യമാർക്കും മക്കൾക്കുമൊപ്പം ബഹാമാസിൽ വില്ലയിൽ ജീവിക്കുവെന്നും വാർത്തയിൽ പറയുന്നു. 

ചില സംഘടകൾ വഴിയാണ് ലാദന് പണം നൽകുന്നത്. 2011 മെയ് 2-ന് നടന്ന ലാദൻ വേട്ട സി.ഐ.എയുടെ നാടകമായിരുന്നു എന്നും അന്ന് ലാദനെയും കുടുംബത്തെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണുണ്ടായതെന്നുമാണ് വാർത്ത പ്രചരിച്ചത്. അജ്ഞാതവാസത്തിന് പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായവും ഉണ്ടായിരുന്നതായും സ്നോഡന്റെ അഭിമുഖമെന്ന പേരിൽവാർത്ത പ്രചരിച്ചു.

 BREAKING! Osama Bin Laden is alive, claims Edward Snowden - News Nation English (newnsationtv.com)
https://web.archive.org/web/20210920061857/https%3A%2F%2Fworldnewsdailyreport.com%2Fbin-laden-is-alive-and-well-in-the-bahamas-says-edward-noswden%2F 

വാസ്തവം

2016 ഓഗസ്റ്റ് 8-നാണ് സ്നോഡന്റെ നിർണ്ണായക വെളിപ്പെടുത്തൽ എന്ന പേരിൽ വാർത്ത പ്രചരിച്ചത്. എന്നാൽ പ്രസ്തുത വാർത്ത ആദ്യം പുറത്ത് വന്നത് വേൾഡ് ന്യൂസ് ഡെയിലി റിപ്പോർട്ട് എന്ന മാധ്യമത്തിലാണ്. 2015 ആഗസ്ത് 25-നായിരുന്നു ഇത്. എന്നാൽ സ്നോഡന്റെ ട്വീറ്റുകൾ പരിശോധിച്ചതിൽനിന്ന് ഇത്തരം വെളിപ്പെടുത്തലുകൾ ഒന്നുംതന്നെ ലഭിച്ചില്ല. 2016-ലാണ് ഈ വാർത്ത വ്യാപകമായി പ്രചരിച്ച് തുടങ്ങിയത്. 2019 വരെ പലപ്പോഴായി പല മാധ്യമങ്ങളിലും ഇത് വന്നിരുന്നു.

ലാദൻ മരിച്ചിട്ടില്ലെന്ന് ഡോണാൾഡ് ട്രംപ്

അബാട്ടാബാദിൽ നടന്ന സൈനിക നടപടി നാട്യം മാത്രമാണെന്ന് അമേരിക്കൻ പ്രസിഡന്റായിരിക്കെ ട്രംപ് ട്വീറ്റ് ചെയ്തു. ലാദൻ അന്ന് കൊല്ലപ്പെട്ടിട്ടില്ലെന്നും മറിച്ച് സീൽ ടീം അംഗങ്ങൾ കൊല്ലപ്പെട്ടിരിക്കാമെന്നുമാണ് ഇതിൽ പറഞ്ഞത്. 2020 ഒക്ടോബർ 18-നായിരുന്നു ഇത്. QAnon (ഗൂഡാലോചന സിദ്ധാന്തം വിശ്വസിക്കുന്നവരുടെ കൂട്ടം) ട്വീറ്റ് ചെയ്ത വീഡിയോ ട്രംപ് റീ ട്വീറ്റ് ചെയ്യുകയായിരുന്നു. ഒരാളുടെ അഭിപ്രായമാണ് താൻ ട്വീറ്റ് ചെയ്തതെന്നും ഇത് കാണുന്നവർ സ്വയം തീരുമാനിക്കട്ടെ എന്നുമായിരുന്നു ട്രംപ് ഇതിൽ പ്രതികരിച്ചത്.

ഇതിനെതിരെ പ്രതകരണവുമായി ഓപ്പറേഷൻ സ്പ്യേറിൽ പങ്കെടുത്ത നേവി സീൽ അംഗമായിരുന്ന റോബർട്ട് ഒ നെയ്ൽ രംഗത്തെത്തി. താനാണ് ലാദനെ വധിച്ചതെന്ന് റോബർട്ട് വെളിപ്പെടുത്തി. 
Robert J. O'Neill on Twitter: 'Very brave men said goodby to their kids to go kill Osama bin Laden. We were given the order by President Obama. It was not a body double. Thank you Mr. President. Happy birthday @USNavy' (archive.org) 

താനാണ് ബിൻലാദന്റെ മുറിയിലേക്ക് ആദ്യം കയറിയത്. ലാദൻ തന്റെ ഭാര്യയെ മനുഷ്യ കവചമാക്കിയെങ്കിലും താൻ തൊടുത്ത വെടിയുണ്ട ലക്ഷ്യം കണ്ടതായി റോബർട്ട് പറഞ്ഞു. നേവി സീൽ അംഗമായ മാറ്റ് ബിസ്സോനെറ്റ് എന്നയാളും അന്നത്തെ സൈനിക നടപടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

ലാദൻ പാകിസ്താനിൽ തടവിൽ- സൈമൂർ ഹെർഷ്

അമേരിക്കയും പാകിസ്താനും ചേർന്ന് ബിൻ ലാദനെ വധിക്കുന്നതിനായി ഗൂഢാലോചന നടത്തിയിരുന്നതായാണ് അമേരിക്കയിലെ പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവർത്തകനായ സൈമോർ ഹെർഷിന്റെ വാദം. അബാട്ടാബാദിലെ ഗാരിസൺ ടൗണിൽ ലാദനെ 2006 മുതൽ ഐ.എസ്.ഐ. വീട്ടുതടങ്കലിലാക്കി. പിന്നീട് ഈ വിവരം അമേരിക്കയ്ക്ക ലഭിച്ച ശേഷം പാക് സൈനിക മേധാവി പർവേസ്‌കയാനിയും ഐ.എസ്.ഐ. മേധാവി അഹമ്മദ് ഷൂയ പാഷയും ലാദനെ കൊലപ്പെടുത്താൻ അമേരിക്കയ്ക്ക് സഹായം നൽകി. 

ഒളിത്താവളം റെയ്ഡെന്ന നാടകമുണ്ടാക്കി അമേരിക്കയ്ക്ക് ഐ.എസ്.ഐ. ലാദനെ കൈമാറിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ലാദനെക്കുറിച്ചുള്ള വിവരശേഖരണം നടത്തുന്ന ഇന്റലിജൻസ് വിഭാഗം ഡപ്യൂട്ടി ഡയറക്ടറായ മൈക്കൽ മോറൽ ഈ വാദങ്ങളെ തള്ളി. ശുദ്ധ അസംബന്ധം എന്നാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചത്.

ഇതിനുള്ള ഹെർഷിന്റെ മറുപടി ലാദനെ സംബന്ധിച്ച് അമേരിക്കയ്ക്ക് വിവരം നൽകിയത് പാക് മിലിറ്ററി ഇന്റലിജൻസ് മുൻ ഓഫീസറായിരുന്നെന്ന വെളിപ്പെടുത്തലാണ്. 2010 ഓഗസ്റ്റിൽ ഇസ്ലാമാബാദിലുള്ള അമേരിക്കൻ എംബസിയിൽ നേരിട്ടെത്തിയാണ് ഇയാൾ വിവരങ്ങൾ നൽകിയത്, ഇതിന് പകരം അയാൾ ആവശ്യപ്പെട്ടത് 25 ദശലക്ഷം ഡോളറായിരുന്നെന്നും ഹെർഷ് വാദിച്ചു. വൈറ്റ് ഹൗസ് ഈ  ആരോപണം തള്ളി.

അദ്ദേഹത്തിന്റെ ഏറെ ഞെട്ടിച്ച വാദം മറ്റൊന്നായിരുന്നു- ലാദനെ കൊലപ്പെടുത്തിയ  നേവി സീലുകൾ മൃതദേഹം പല ഭാഗങ്ങളാക്കി ഹെലികോപ്റ്ററിൽനിന്നും ഹന്ദുക്കുഷ് മലനിരകൾക്ക് മുകളിൽ വലിച്ചെറിഞ്ഞു. ആരോപണം എന്നതിനുപരിയായി ഇതിന് തെളിവകൾ ഒന്നുമില്ല.

ഉസാമ ബിൻലാദന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി അവകാശവാദങ്ങളും ഗുഡാലോചന സിദ്ധാന്തങ്ങളും വർഷങ്ങളായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവയ്ക്കൊന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനമില്ല.

Content Highlights: Osama Bin Laden still living in Bahamas? | Fact Check