യിടെയായി സമൂഹ മാധ്യമങ്ങളിൽ പലരും 'ലോകത്തിലെ ആദ്യ വാക്സിൻ സർട്ടിഫിക്കറ്റ്' എന്ന പേരിൽ ഒരു ചിത്രം പങ്കുവയ്ക്കുന്നുണ്ട്. തുർക്കി ആസ്ഥാനമായ ഓട്ടോമൻ സാമ്രാജ്യത്തിന്റെ കാലയളവിൽ ഉപയോഗിച്ചിരുന്നത് എന്ന് അവകാശപ്പെടുന്ന ഈ വാക്സിൻ സർട്ടിഫിക്കറ്റിന്റെ ചിത്രം ട്വിറ്റർ, ഫേസ്ബുക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. 

ഒരു ഇന്തോനേഷ്യൻ ഫേസ്ബുക് പ്രൊഫൈലിൽ സെപ്റ്റംബർ 15-നു പോസ്റ്റ് ചെയ്ത ഈ ചിത്രത്തിന് നൽകിയിരിക്കുന്ന വിവരണം ഇതാണ്: 'ലോകത്തിലെ ഏറ്റവും പഴക്കമേറിയ വാക്സിൻ സർട്ടിഫിക്കറ്റ്. 1721-ൽ  മഹത്തായ ഓട്ടോമൻ സാമ്രാജ്യത്തിലെ ഖലീഫ പുറത്തിറക്കിയ വാക്സിൻ സർട്ടിഫിക്കറ്റ് ആണിത്.' 

ട്വിറ്ററിൽ പരക്കെ ഷെയർ ചെയ്യപ്പെടുന്ന ഈ ഫോട്ടോയുടെ പോസ്റ്റിനു ഇതുവരെ ആറായിരത്തിലധികം ലൈക്സും 1,597 റീട്വീറ്റ്‌സും ഇതിനകം കിട്ടിയിട്ടുണ്ട്. എന്താണ് ഇതിനു പിന്നിലെ വാസ്തവം? 

Vaccine Certificate

അന്വേഷണം 

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ തലക്കെട്ടു ഫ്രഞ്ച് ഭാഷയിലാണ് നൽകിയിരിക്കുന്നത്. കോവിഡ് സർട്ടിഫിക്കറ്റ് എന്ന ഫ്രഞ്ചിൽ എഴുതിയ തലക്കെട്ടിന് താഴെ മധ്യകാല തുർക്കി ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. 

ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിച്ചുള്ള വിശദമായ അന്വേഷണത്തിൽ ഈ ഫോട്ടോയെ പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ ലഭിച്ചു.  ഓട്ടോമൻ തുർക്കിയുടെ ചരിത്രത്തിൽ ഗവേഷണം നടത്തിയ ചരിത്രകാരന്മാർ ഈ ഫോട്ടോയുടെ ആധികാരികതയെ ചോദ്യം ചെയ്തു. 

മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ്, വടക്കൻ ആഫ്രിക്ക എന്നിവ അടങ്ങിയതായിരുന്നു ഓട്ടോമൻ സാമ്രാജ്യം. 1923-ൽ തുർക്കി ഒരു റിപ്പബ്ലിക്ക് ആകുന്നതുവരെ ഈ സാമ്രാജ്യം നിലനിന്നു. സമൂഹ മാധ്യമങ്ങളിൽ പലരും അവകാശപ്പെട്ടതുപോലെ 1721-ൽ പുറത്തിറങ്ങിയ സർട്ടിഫിക്കറ്റ് അല്ല ചിത്രത്തിലേത്. 

അരിസോണ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് മിഡിൽ ഈസ്റ്റേൺ ആൻഡ് നോർത്ത് ആഫ്രിക്കൻ സ്റ്റഡീസിലെ പ്രൊഫസറായ ബെഞ്ചമിൻ ഫോർട്ടാനയുടെ അഭിപ്രായപ്രകാരം പ്രസ്തുത രേഖയിൽ തുർക്കി ലിപിയിൽ എഴുതപ്പെട്ട വർഷം ഗ്രിഗോറിയൻ കലേണ്ടറിലെ 1906 ആണ്. 'ആ സമയത്ത് വസൂരി, പ്ലേഗ്, കോളറ, എന്നി രോഗങ്ങൾക്ക് യൂറോപ്പിൽ വാക്സിനുകൾ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു.' ഫോർട്ടാന പറയുന്നു. 

ബെർലിനിലെ ജൂത മ്യൂസിയത്തിലെ അധികൃതരുടെ അഭിപ്രായപ്രകാരം, ലോകത്തിലെ ആദ്യ വാക്സിൻ നൽകപ്പെട്ടത് കൗ പോക്‌സിനാണ്(Cow pox). 1844-ൽ ഇന്നത്തെ ചെക്ക് റിപ്പബ്ലികിൽനിന്നുള്ള ഒരു വ്യക്തിക്കാണ് അത് നൽകിയത്. 

Vaccine Certificate

വാസ്തവം  

വിശദമായ അന്വേഷണത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം 1906-ൽ ഗ്രീക്ക് വംശജനായ ഇരുപത്തിരണ്ടുകാരന് ലഭിച്ച മൂന്നാം ഡോസ് വാക്സിന്റെ സർട്ടിഫിക്കറ്റാണ്, എന്നാൽ ഏതു രോഗത്തിനാണ് വാക്സിൻ എടുത്തതെന്നത് അവ്യക്തമാണ്. അതിനാൽ ലോകത്തിലെ ആദ്യ വാക്സിൻ സർട്ടിഫിക്കറ്റ് എന്ന അവകാശവാദം തെറ്റാണ്. 

Content Highlights: Oldest vaccine certificate is from Turkey? | Fact Check