സ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് ആര്‍ക്കും കൊറോണവൈറസ് ബാധിച്ചിട്ടില്ലെന്ന വാദം ലോകാരോഗ്യ സംഘടനയുടെ പേരില്‍ വാട്‌സാപ്പ് ഉള്‍പ്പടെയുള്ള മെസേജിങ് ആപ്ലിക്കേഷനുകളില്‍ പ്രചരിക്കുന്നു. കൊറോണ വൈറസിന് ശരീരത്തില്‍ അതിജീവിക്കാന്‍ മൃഗക്കൊഴുപ്പ് വേണമെന്നും ഈ വ്യാജ സന്ദേശത്തില്‍ പറയുന്നു. ഇത്തരം സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചിത്രമാണ് പ്രചരിക്കുന്നത്. 

ചൈനയിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധിയായ ഗൗഡെന്‍ ഗലീയുടെ പേരില്‍ 'മനുഷ്യന്‍ എത്രനാള്‍ മാംസം കഴിക്കുന്നോ അത്രയുനാള്‍ അണുബാധയുടെ ചില ഭീഷണി ഉണ്ടാവും'എന്നൊരു പ്രസ്താവനയും ഈ ചിത്രത്തിലുണ്ട്.  

സസ്യാഹാരികള്‍ക്കാര്‍ക്കും കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് അവകാശപ്പെടുന്ന ഈ പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയാ സൈറ്റുകളിലും ലഭിച്ചിട്ടുള്ളത്. ഹിന്ദിയിലും ഇതേ സന്ദേശം പ്രചരിക്കുന്നുണ്ട്. 

സസ്യാഹാരികളെ ആരേയും കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന തരത്തില്‍ ലോകാരോഗ്യ സംഘടനയുടെ ഒരു പ്രസ്താവന നടത്തിയതായി ഇതുവരെ ഒരു മാധ്യമവും വാര്‍ത്ത നല്‍കിയിട്ടില്ലെന്ന് ആള്‍ട് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

fakeഇന്ത്യയിലെ ലോകാരോഗ്യ സംഘടന ഓഫീസിലെ ഉദ്യേഗസ്ഥനോട് നേരിട്ട് അന്വേഷിച്ചപ്പോള്‍ എതെങ്കിലും ഒരു പ്രത്യേക ഭക്ഷണ രീതിയെ പ്രോത്സാഹിപ്പിച്ചോ അപലപിച്ചോ അങ്ങനെ ഒരു പ്രസ്താവനയും സംഘടന നടത്തിയിട്ടില്ലെന്ന സ്ഥിരീകരണം ലഭിച്ചു. 

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ ലോകാരോഗ്യ സംഘടനയുടെ ഇന്ത്യന്‍ പ്രതിനിധി സുപ്രിയ ബെസ്ബുറാഹ് സംഘടനയുടെ പേരില്‍ പ്രചരിക്കുന്ന ഈ വ്യാജ വാദത്തെ അപലപിച്ചു. 

ഇത് കൂടാതെ കൊറോണ വൈറസ് പകര്‍ച്ചാ വ്യാധിയുടെ സമയത്ത് പ്രായപൂര്‍ത്തിയായവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണത്തില്‍ മാംസവും ലോകാരോഗ്യ സംഘടയുടെ വെബ്‌സൈറ്റ് നിര്‍ദേശിക്കുന്നുണ്ട്. 

അതേസമയം സന്ദേശത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ലോകാരോഗ്യ സംഘടനയുടെ ചൈനയിലെ പ്രതിനിധി ഗൗഡെന്‍ ഗലീയുടെ പ്രസ്താവന അദ്ദേഹത്തിന്റേത് തന്നെയാണ്. എന്നാല്‍   സാഹചര്യം വേറെയാണ്.

കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചൈനയില്‍  മാംസവിപണിയില്‍കൊറോണ വൈറസ് വ്യാപനം ശക്തമായ ഡിസംബര്‍ മാസത്തിലും പട്ടികള്‍, പക്ഷികള്‍, പാമ്പുകള്‍ പോലുള്ളവയെ ജീവനോടെയും അല്ലാതെയും തൊലിയോടുകൂടിയും ആഹാരമാക്കി വില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത് ആശങ്കകള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് അദ്ദേഹം ആ പ്രസ്താവന നടത്തിയത്. അത് മാംസാഹാരം കഴിക്കുന്നതിനെതിരെ ആയിരുന്നില്ല. മൃഗങ്ങളില്‍ നിന്ന് നേരിട്ട് മനുഷ്യരിലേക്ക് രോഗം പടരാനിടയുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നതിനാലാണ്. 

അതായത് പച്ചക്കറി മാത്രം കഴിക്കുന്നവര്‍ക്ക് കൊറോണ വൈറസ് പിടിപെടില്ലെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവിച്ചിട്ടില്ല. ആ വാദം ശരിയുമല്ല. 

കൊറോണ വൈറസ് വ്യാപനം തുടങ്ങിയത് മുതല്‍ സസ്യാഹാരികള്‍ക്ക് രോഗം വരില്ലെന്ന വാദം പ്രചരിക്കുന്നുണ്ട്. നേരത്തെ ആരോഗ്യ മന്ത്രാലയത്തിന്റേയും ഐസിഎംആറിന്റേയും പേരില്‍ ഇതേ വാദങ്ങള്‍ പ്രചരിച്ചിരുന്നു.

Content Highlights: no vegetarian has been affected by coronavirus False quote attributed to WHO