2021 സെപ്റ്റംബർ 26-ന് പ്രസിദ്ധീകരിച്ച ദി ന്യൂയോർക്ക് ടൈംസിന്റെ ഒന്നാം പേജ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന ചിത്രം നവമാധ്യങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. ഭൂമിയിലെ അവസാന പ്രതീക്ഷ, ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ടവനും ശക്തനുമായ നേതാവ് നമ്മളെ അനുഗ്രഹിക്കാൻ ഇവിടെയുണ്ട് (''LAST, BEST HOPE OF THE EARTH.  WORLD'S MOST LOVED AND MOST POWERFUL LEADER, IS HERE TO BLESS US') എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചിത്രമാണ് പ്രചരിക്കപ്പെടുന്നത്. ഈ ചിത്രത്തിന്റെ സത്യാവസ്ഥ എന്താണെന്നാണ്   പരിശോധിക്കുന്നത്.

അന്വേഷണം

സസൂക്ഷ്മം നിരീക്ഷിച്ചാൽ ആർക്കും മനസ്സിലാകുന്നതാണ് ചിത്രത്തിലെ സെപ്തംബർ എന്ന വാക്കിലെ  അക്ഷരപ്പിശക്ക്. 'September' എന്നതിന് പകരം 'Setpember' എന്നാണ് എഴുതിയിരിക്കുന്നത്.   

ന്യൂയോർക്ക് ടൈംസിന്റെ എന്ന് തോന്നിപ്പിക്കുന്ന ട്വീറ്റ് ചെയ്തിരിക്കുന്ന ചിത്രം ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയിൽ പ്രധാനമന്ത്രിയുടെ ചിത്രം എടുത്തിരിക്കുന്നത്  ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുമാണെന്ന് മനസ്സിലായി. 
https://www.narendramodi.in/vikasyatra 

ന്യൂയോർക്ക്  ടൈംസിന്റെ സെപ്തംബർ 26-ലെ ലേഔട്ടുമായി താരതമ്യം ചെയുമ്പോൾ  പ്രചരിക്കുന്ന ചിത്രവും പത്രവും തമ്മിൽ ബന്ധമില്ല. സെപ്തംബർ 26-ലെ ദി ന്യൂയോർക് ടൈംസിന്റെ പത്രം പരിശോധിച്ചതിൽനിന്ന് ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ച് വാർത്ത കൊടുത്തിട്ടില്ല എന്ന് തെളിഞ്ഞു. അതുകൊണ്ടു തന്നെ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ച്  പ്രചരിക്കുന്ന പത്രവാർത്ത കൃത്രിമമായി നിർമിച്ചതാണെന്ന് വ്യക്തം.  

NYT
യഥാർത്ഥത്തിലുള്ള ഒന്നാം പേജ്‌

വാസ്തവം 

ദി ന്യൂയോർക്ക്  ടൈംസിന്റെ ഒന്നാം പേജ് എന്ന നിലയിൽ  പ്രചരിക്കുന്ന ചിത്രം വ്യാജമാണ്.  പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ടാണ് ഇങ്ങനെ ഒരു വ്യാജ വാർത്ത സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.  ഇത് ആദ്യമായിട്ടല്ല നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ച് വ്യാജവാർത്തകൾ സൃഷ്ടിക്കപ്പെടുന്നത്. ' His Highness Modiji is signing on a blank A4 size paper to bless our country  നമ്മുടെ രാജ്യത്തെ അനുഗ്രഹിക്കാനായി ഒരു എ 4 സൈസ് പേപ്പറിൽ ഒപ്പിടുകയാണ് മോദിജി' എന്നാണ് പ്രധാനമന്ത്രിയുടെ ചിത്രത്തിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്. അതിനാൽ പരിഹാസരൂപേണയാണ് ഈ വാർത്ത സൃഷ്ടിക്കപ്പെട്ടത് എന്ന് അനുമാനിക്കാം.

Content Highlights: New York Times Featured Narendra Modi on Front Page? | Fact Check