സുഭാഷ് ചന്ദ്ര ബോസിന്റെ ഇന്ത്യൻ നാഷണൽ ആർമി(ഐ.എൻ.എ.)യിൽ വനിതകളുടെ ഝാൻസി റാണി റെജിമെന്റിലെ ഒരു സൈനികയായിരുന്നു നീര ആര്യ. അവരുടെ ജീവിതത്തെ പറ്റിയുള്ള ഒരു കുറിപ്പും ചിത്രവും വാട്‌സാപ്പിൽ പ്രചരിക്കുന്നുണ്ട്.

ഭർത്താവിനെ കൊന്നതിന് ആൻഡമാനിലെ സെല്ലൂലാർ ജയിലിലായ അവർ, അവിടെ ക്രൂരമായി ഉപദ്രവിക്കപ്പെട്ടു. സുഭാഷ് ചന്ദ്ര ബോസ് എവിടെയെന്നു പറഞ്ഞാൽ മോചിപ്പിക്കാമെന്ന്  പറഞ്ഞപ്പോൾ തന്റെ ഹൃദയത്തിലാണെന്ന് അവർ പറഞ്ഞു. അപ്പോൾ അവിടെയുണ്ടായിരുന്ന ജയിലർ അവരെ പിടിക്കുകയും കമ്മാരൻ അവരുടെ സ്തനങ്ങൾ അറുക്കുകയും ചെയ്തു എന്നാണ് കുറിപ്പിൽ പ്രധാനമായും വിവരിക്കുന്നത്.

രണ്ടുപേർ ചേർന്ന് ഒരു സ്ത്രീയെ ആക്രമിക്കുന്നതിന്റെ ചിത്രവും ഇതിനൊപ്പം നൽകിയിട്ടുണ്ട്. ഈ കുറിപ്പിൽ വിവരിക്കുന്ന സംഭവങ്ങളുടേയും ചിത്രത്തിന്റെയും പിന്നിലെ യാഥാർത്ഥ്യം എന്തെന്ന് പരിശോധിക്കാം.

shajan
വാട്‌സാപ്പിലെ കുറിപ്പിന്റെ ചിത്രം

അന്വേഷണം


കുറിപ്പിൽ പരാമർശിക്കുന്ന നീര ആര്യ അഥവ നീര നാഗിനി ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച ഇന്ത്യൻ നാഷണൽ ആർമിയിലെ വനിതകളുടെ സേനയിലെ അംഗമായിരുന്നു. സേനയ്ക്ക് വേണ്ടി പ്രവർത്തിച്ച ഒരു ചാര വനിതയായിരുന്നു അവർ എന്നാണ് ചരിത്രരേഖകളിലുള്ളത്.

വാട്‌സാപ്പിൽ പ്രചരിക്കുന്ന കുറിപ്പിന്റെ വാസ്തവം പരിശോധിക്കുവാൻ നീര ആര്യയെ അടുത്ത് പരിചയമുള്ള തേജ്പാൽ സിംഗ് ധാമ എന്ന മാധ്യമപ്രവർത്തകനുമായി ബന്ധപ്പെട്ടു. ധാമയിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറിപ്പിൽ വസ്തുതാപരമായ തെറ്റുകൾ ഉള്ളതായി കണ്ടെത്തി.

കുറിപ്പിന്റെ  തുടക്കത്തിൽ പരാമർശിക്കുന്ന പോലെ നീര ആര്യയുടെ ഭർത്താവിന്റെ പേര് ശ്രീകോണ്ട് ജോയിറോൺജോൺ ദാസ് എന്നല്ല. അവരുടെ ഭർത്താവിന്റെ പേര് ശ്രീകാന്ത് ജയരഞ്ജൻ ദാസ് എന്നാണ്. മാത്രമല്ല, അവരുടെ ഇരു സ്തനങ്ങളും അറുക്കപ്പെട്ടിട്ടില്ല. ബ്രസ്റ്റ് റിപ്പർ ഉപയോഗിച്ച് ഒരു സ്തനത്തിന് മുറിവേൽപ്പിക്കുക മാത്രമാണുണ്ടായത്.  ഇതിനെ കുറിച്ച് അവരുടെ ആത്മകഥയിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്.

shajan
ഫർഹാന താജ് പങ്കുവച്ച പോസ്റ്റ്

''കൊല്ലപ്പണിക്കാരൻ ഒരു വലിയ കൊടിൽ പോലെയുള്ള ആയുധം എടുത്ത് എന്റെ വലത് സ്തനം അതിൽ വെച്ച് അമർത്തി മുറിച്ചുകളയാൻ വന്നു. എന്നാൽ കൊടിലിന് മൂർച്ചയില്ലായിരുന്നു. കൊടിൽ ചുട്ടുപഴുപ്പിച്ചിരുന്നെങ്കിൽ നിങ്ങളുടെ രണ്ടു സ്തനങ്ങളും മുഴുവനായും പിഴുതുപോയേനെ എന്നും അയാൾ പറഞ്ഞു.''

ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു പലരും. അറുത്തു മാറ്റപ്പെട്ടില്ലെങ്കിലും മുറിവിന്റെ പാട് മരണം വരെ മായാതെയുണ്ടായിരുന്നു എന്ന് തേജ്പാൽ സിംഗ് ധാമയും പറഞ്ഞു. നീര ആര്യയെ പറ്റി 'ആസാദ് ഹിന്ദ്  കി പഹ്‌ലി ജാസൂസ്' എന്ന നോവൽ എഴുതിയിട്ടുള്ള മധു ധാമ, നീരയുടെ ആത്മകഥയിലെ പ്രസ്തുത ഭാഗം,  ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.  തേജ്പാൽ സിംഗിൻറെ പത്‌നിയാണ് മധു ധാമ (ഫർഹാന താജ്).

ഇപ്പോൾ പ്രചരിക്കുന്ന കുറിപ്പിൽ മാത്രമല്ല, നീര ആര്യയെ പറ്റിയുള്ള പല എഴുത്തുകളിലും, യൂട്യൂബ് വീഡിയോകളിലും ജയിലിലെ സംഭവത്തിനെ പറ്റി പൂർണ്ണമായും ശരിയായ വിവരങ്ങളല്ല നൽകിയിരിക്കുന്നത്.
ചില ലിങ്കുകൾ:
Neera Arya - InvertedFig
Did you know a brave woman who let her 'Breast' cutoff to protect Netaji Subhash Chandra Bose! - Telangana Mata
NEERA ARYA/C´y³ kzmX{´ykac¯nsâ Adnbs¸Sm¯ [och\nXþ https://youtu.be/EIHhfqHJTeo
ARIYATHA KADHA 08 NEERA ARYA- https://youtu.be/aiD60_5URcY

shajan
പ്രചരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ്  ചിത്രത്തിന്റെ യഥാർത്ഥ ചിത്രം
shajan
ബ്രെസ്റ്റ് റിപ്പർ

കുറിപ്പിനൊപ്പം നൽകിയിരിക്കുന്ന ചിത്രത്തിന് നീര ആര്യയുമായി യാതൊരു ബന്ധവുമില്ല. അക്കാലത്ത് ഇന്ത്യയിലുള്ള വസ്ത്രധാരണമല്ല ചിത്രത്തിലുള്ളവരുടേത്. ചിത്രത്തിലെ യുവതിയ്ക്ക് നീര ആര്യയുടെ മുഖഛായയുമില്ല. അന്നത്തെ കാലത്ത് ഉപയോഗിച്ചിരുന്ന ബ്രെസ്റ്റ് റിപ്പർ പ്രചരിക്കുന്ന ചിത്രത്തിലുള്ളതിൽനിന്ന് വ്യത്യസ്തമാണ്.

കുറിപ്പിലുള്ള ചിത്രം ചില പോൺ സൈറ്റുകളിലും, സ്ത്രീകൾക്കു നേരെയുള്ള ക്രൂരമായ ശിക്ഷയെപറ്റി വിവരിക്കുന്ന സൈറ്റുകളിലും ഉള്ളതാണ്.

നീര ആര്യയുടെ ആൽബത്തിൽ നിന്നെടുത്ത ചില ചിത്രങ്ങൾ തേജ്പാലിന്റെ പക്കലുണ്ട്. നീര ആര്യയുടെ മുഖം മുഴുവൻ വ്യക്തമാകുന്ന ഒരു ചിത്രവും (സ്‌കെച്ച്), സൈന്യത്തിന്റെ കൂട്ടത്തിൽ നിൽക്കുന്ന ഫോട്ടോകളുമാണ് ലഭ്യമായിട്ടുള്ളത്. പക്ഷേ, ഇൻറർനെറ്റിൽ പലയിടത്തും നീരയുടേതെന്ന പേരിൽ നൽകിയിരിക്കുന്നത് ക്യാപ്റ്റൻ ലക്ഷ്മി സെഹ്ഗാളിന്റെ ഫോട്ടോയാണ്.

വാസ്തവം 

അധികം അറിയപ്പെടാതെ പോയ സ്വാതന്ത്ര്യ സമരസേനാനിയും, നേതാജി സുഭാഷ് ചന്ദ്രബോസിനെ സംരക്ഷിക്കാൻ തന്റെ മുലകൾ അറുക്കപ്പെട്ട ധീരയായ സ്ത്രീയായിട്ടുമാണ് നീര ആര്യ എന്ന വ്യക്തിത്വത്തെ കുറിച്ച് പലരും എഴുതിയിട്ടുള്ളത്. വാട്‌സാപ്പ് സന്ദേശത്തിൽ പറയുന്നപോലെ അവരുടെ ഇരു സ്തനങ്ങളും അറുക്കപ്പെട്ടിട്ടില്ല.

പ്രചരിക്കുന്ന കുറിപ്പിൽ നൽകിയിട്ടുള്ള ചിത്രം യഥാർത്ഥത്തിൽ നീര ആര്യയുടേതല്ല. അവരെ ജയിലിൽ ആക്രമിക്കുന്നതിന്റേതെന്ന രീതിയിൽ പരക്കുന്ന ചിത്രം യഥാർത്ഥത്തിൽ  മറ്റൊരു സ്ത്രീയുടേതാണ്. കൂടാതെ, ഇൻറർനെറ്റിൽ പലയിടത്തും നീരയുടേതെന്ന പേരിൽ നൽകിയിരിക്കുന്നത് ക്യാപ്റ്റൻ ലക്ഷ്മി സെഹ്ഗാളിന്റെ ഫോട്ടോയാണ്.

Content Highlioghts: Neera Arya, the brave soldier of Indian National Army | Fact Check