മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ നടയാറില്‍ നിര്‍മിച്ച ബ്രഷ് വുഡ് ചെക്ക്ഡാം- തോട് പുനരുദ്ധാരണം സംബന്ധിച്ച് പ്രചരിക്കുന്ന ഒരു വീഡിയോയുടെ വസ്തുത വെളിപ്പെടുത്തി അധികൃതര്‍. വീഡിയോ തെറ്റിദ്ധാരണാജനകമാണെന്ന് മിഷന്‍ ഡയറക്ടര്‍ ദിവ്യ അയ്യര്‍ അറിയിച്ചു.

നാല് ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവാക്കി നിര്‍മിച്ച് ഡാം ആണിതെന്ന് പറഞ്ഞ് മൂന്നാറില്‍ സ്ഥാപിച്ച ബ്രഷ് വുഡ് ചെക്ക്ഡാം പരിഹാസ രൂപേണ ചൂണ്ടിക്കാണിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ചെക്ക്ഡാമിന് സമീപത്ത് സ്ഥാപിച്ച ബോര്‍ഡിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വീഡിയോയിലെ അവകാശവാദങ്ങള്‍.

തൊഴിലുറപ്പു പദ്ധതി (MGNREGS) പ്രകാരം നടപ്പാക്കുന്ന ഒരു പ്രവൃത്തിയാണ് ഇത്. മുകളില്‍നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം തടഞ്ഞു നിര്‍ത്തി, കൃഷിക്കും ഗാര്‍ഹികാവശ്യങ്ങള്‍ക്കുമുള്ള ജലം പ്രദേശവാസികള്‍ക്കു ലഭ്യമാക്കുകയാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്താണ് പ്രവൃത്തി നടപ്പാക്കുന്നത്. 

വീഡിയോയില്‍ പറയുന്നതു പോലെ, ഒരു ബ്രഷ് വുഡ് ചെക്ക് ഡാമിന്റെ നിര്‍മ്മാണത്തിനു വേണ്ടിയല്ല 4.26 ലക്ഷം രൂപ വകയിരുത്തിയിട്ടുളളത്. അത്  ആകെ എസ്റ്റിമേറ്റ് തുകയാണ്. അഞ്ചു കിലോ മീറ്റര്‍ ഭാഗത്ത് തോടിന്റെ നവീകരണവും 80 ബ്രഷ് വുഡ് ചെക്ക് ഡാമുകളുടെ നിര്‍മ്മാണവും പദ്ധതിയിലൂടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

പദ്ധതിക്കു വേണ്ടി ഇതുവരെ 1.75 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചത്. ഇതില്‍ 1.73 ലക്ഷം രൂപ തൊഴിലാളികള്‍ക്കുളള വേതനമായി അവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുളളതാണ്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 596 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 

ഒന്നല്ല, ആകെ 80 ചെക്ക്ഡാമുകൾ ഉണ്ട് മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ നടയാറില്‍ നിര്‍മ്മിച്ച ബ്രഷ് വുഡ് ചെക്ക് ഡാം - തോട്...

Posted by IPRD Fact Check Kerala on Monday, 1 February 2021

മൂന്നാര്‍ അത്യന്തം  പരിസ്ഥിതിലോല പ്രദേശമായതു കൊണ്ടാണ് സിമന്റ്  നിര്‍മ്മിതികള്‍ ഒഴിവാക്കി, പ്രാദേശികവും പരിസ്ഥിതി സൗഹൃദപരവുമായ വസ്തുക്കള്‍ ഉപയോഗിച്ച് ബ്രഷ് വുഡ് ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

ഇത്തരം ജനകീയപദ്ധതികള്‍ക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവരില്‍ പലരും പദ്ധതിയുടെ പൂര്‍ണ്ണമായ വിശദാംശങ്ങള്‍ അന്വേഷിക്കാനോ മനസ്സിലാക്കാനോ ശ്രമിക്കാത്തത് ഉചിതമല്ലെന്നും വ്യാജ പ്രചാരണങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അധികൃതര്‍ ഐപിആര്‍ഡി ഫാക്ട് ചെക്ക് കേരള ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. 

Content Highlights: munnar brushwood check dam video mis information fact