ചൈനയിൽ മുസ്ലീം പള്ളികളിലെ താഴികക്കുടങ്ങളും മിനാരങ്ങളും സർക്കാർ നിർദേശാനുസരണം പൊളിച്ചു നീക്കിയതായി കാണിച്ച് സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്ന  അറേബ്യൻ രീതിയിലുള്ള വാസ്തു ശൈലിയിൽ സമ്പൂർണ മാറ്റം വരുത്തി, തിരിച്ചറിയാൻ പോലും കഴിയാത്ത വിധമാണ് പള്ളികൾ എന്നാണ് പോസ്റ്റുകളിൽ പറയുന്നത്. പള്ളിയുടെ പുതിയ രൂപമെന്ന പേരിൽ മറ്റൊരു ചിത്രവും നൽകിയിട്ടുണ്ട്. ഇവയുടെ ആധികാരികതയാണ് പരിശോധിക്കുന്നത്. 
https://www.facebook.com/hpfkerala/photos/a.110032397160069/422828995880406/ 

mosque

അന്വേഷണം

പച്ച നിറത്തിലുള്ള  താഴികക്കുടങ്ങളും മിനാരങ്ങളുമുള്ള വലിയൊരു പള്ളിയുടെ ചിത്രമാണ് പ്രചരിക്കുന്ന പോസ്റ്റിലുള്ളത്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആദ്യം പരിശോധിച്ചത്. പ്രസ്തുത പള്ളി ചൈനയിൽ തന്നെ ഉള്ളതാണെന്ന് കണ്ടെത്തി. ചൈനയിലെ വടക്ക് പടിഞ്ഞാറൻ നഗരമായ ഷിനിംഗിലെ പ്രശസ്തമായ ഡോങ്ക്ഗുവാൻ പള്ളിയുടെ ചിത്രമാണ് പോസ്റ്റിലുളളത്. 1380-ൽ നിർമ്മിപ്പെട്ട ഈ പളളി ചൈനയിലെ ക്വിങ്ഹായി പ്രവിശ്യയിലെ ഏറ്റവും പുരാതന പള്ളിയാണ്. 
ഷിനിംഗ് ജനസംഖ്യയുടെ 16 ശതമാനത്തോളം വരുന്ന ഹുയി മുസ്ലീം വിഭാഗങ്ങളുടെ ആരാധനാലയമാണ് ഡോങ്ക് ഗുവാൻ പള്ളി. ഈ അടുത്ത കാലത്തായി പള്ളിയുടെ നിർമ്മിതികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന താഴികക്കുടങ്ങളും മിനാരങ്ങളും പൊളിച്ചു മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. 

ഷിജിങ് പിങ്ങിന്റെ നേതൃത്വത്തിലുളള ചൈനീസ് സർക്കാറിന്റെ സിനിസൈസേഷൻ (രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സ്വത്വങ്ങളിൽ  സമ്പൂർണ ചൈനീസ് വത്കരണം) നയങ്ങളുടെ ഭാഗമായാണ് പള്ളിക്ക് രൂപമാറ്റം വരുത്തിയത്. അറബിക് ശൈലിയിലുള്ള ഘടനകൾ നീക്കം ചെയ്ത് പള്ളിയുടെ മേൽക്കൂര പരന്നതാക്കി മാറ്റി. പോസ്റ്റിൽ നൽകിയിരിക്കുന്ന കെട്ടിടം തന്നെയാണോ പള്ളിയുടെ പുതിയ രൂപം എന്നതാണ് പിന്നീട് അന്വേഷിച്ചത്. പള്ളിയുടെ ആദ്യരുപവുമായി ഈ ചിത്രത്തിന് കാഴ്ചയിൽ വലിയ സാമ്യമൊന്നുമില്ല  എതിനാൽതന്നെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. പള്ളിയിലെ നിർമ്മിതികൾ നീക്കം ചെയ്യുന്ന പ്രവർത്തികൾ നടക്കുന്നതിനിടയിലെ ചിത്രങ്ങളും വീഡിയോകളും അന്വേഷണത്തിൽ കണ്ടെത്തി. 
(പൊളിച്ച് നീക്കുന്നതിന്റെ ദൃശ്യങ്ങൾ)
https://twitter.com/i/status/1425876257644941318 
https://twitter.com/i/status/1425876235759009801 
 
പള്ളിയുടെ മുൻവശത്തായി തിരക്കേറിയ റോഡുണ്ട്. ആയതിനാൽ സുരക്ഷയുടെ ഭാഗമായി മുന്നറിയിപ്പ് ബോർഡുകളോടെ താത്ക്കാലിക മതിലുകൾ സ്ഥാപിച്ചിട്ടുണ്ട്. നിർമ്മിതികൾ പൊളിച്ചു മാറ്റുന്നതിന് മുൻപും ശേഷവുമുള്ള ചിത്രങ്ങളിൽ ഇതുണ്ട്. ഒറ്റ നോട്ടത്തിൽ കെട്ടിടം തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടെങ്കിലും സൂക്ഷ്മ പരിശോധനയിൽ കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങൾ സമാനമാണെന്ന് കണ്ടെത്തി. 

ചൈനയിലെ യു.കെ. ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ക്രിസ്റ്റീന സ്‌കോട്ട് പള്ളികളിൽ നടത്തുന്ന 'ചൈനീസ് വത്കരണം' സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഡോങ്ക്ഗുവാൻ മാത്രമല്ല, യിഷ്വാനിലെ നാൻഗുവാൻ പള്ളിയും രൂപമാറ്റത്തിന് വിധേയമായതായി ക്രിസ്റ്റീന ട്വീറ്റിലൂടെ പറയുന്നു. കഴിഞ്ഞ സെപ്തംബർ 13-ലേതാണ് ട്വീറ്റുകൾ.

mosque

വാസ്തവം

ചൈനയിൽ പള്ളികളിലെ താഴികക്കുടങ്ങളും മിനാരങ്ങളും പൊളിച്ച് പുനർനിർമ്മിക്കുന്നു എന്നത് വസ്തുതയാണ്. രാജ്യത്തിന്റെ എല്ലാ മേഖലകളിലും സമ്പൂർണ ചൈനീസ് വത്കരണമെന്ന സർക്കാർ നടപടിയുടെ ഭാഗമായാണിത്. ഈ വിവരങ്ങൾ ഉൾപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം ചൈനയിലെ ഡോങ്ക് ഗുവാൻ പള്ളിയുടേതാണ്. രൂപമാറ്റത്തിനു ശേഷമുള്ള ഈ പള്ളിയുടെ പുതിയ ചിത്രമാണ് പോസ്റ്റിൽ ചേർത്തിരിക്കുന്നത് എന്ന് അന്വേഷണത്തിൽ തെളിഞ്ഞു. 

Content Highlights: Mosque towers demolished in China? | Fact Check