ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ തന്റേതായ കണ്ടുപിടിത്തങ്ങളിലൂടെ ശ്രദ്ധേയനായ  പ്രതാപ് എന്ന 21 കാരനുമായി ബന്ധപ്പെട്ട് ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതാപിനെ പ്രതിരോധ ഗവേഷണ വികസന ഓർഗനൈസേഷനിലേക്ക് -ഡിആർഡിഒ- ശാസ്ത്രജ്ഞനായി നിയമിച്ചു എന്ന രീതിയിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. 

ഇത് സംബന്ധിച്ച ചില വസ്തുതകള്‍ ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ബൂംലൈവ് പുറത്തുവിട്ടു. 

ഡിആര്‍ഡിഓയില്‍ ശാസ്ത്രജ്ഞനായി പ്രധാനമന്ത്രിയില്‍ നിന്നും തനിക്ക് ഒരു ജോലി വാഗ്ദാനവും ലഭിച്ചിട്ടില്ലെന്ന് പ്രതാപ് തന്നെ വ്യക്തമാക്കുന്നു. ഡിആര്‍ഡിഓയില്‍ ശാസ്ത്രജ്ഞനാവാന്‍ ബിരുദാനന്തര ബിരുദം ആണ് അടിസ്ഥാന യോഗ്യത. അത് പ്രതാപിനില്ല. 

Prathap' പ്രധാനമന്ത്രി നരേന്ദ്രമോദി നിയമനം നല്‍കിയ ഡിആര്‍ഡിഓ ശാസ്ത്രജ്ഞന്റെ ആവേശകരമായ കഥ. ഇത് 21 വയസുകാരനായ പ്രതാപ്. മാസം 28 ദിവസവും വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം. തങ്ങളുടെ സംഘടനകളില്‍ ചേരാന്‍ ഫ്രാന്‍സ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത് പ്രതിമാസ ശമ്പളമായി 16 ലക്ഷം രൂപയും അഞ്ച് മുറികളുള്ള വീടും 2.5 കോടി വിലയുള്ള കാറും. അദ്ദേഹമത് നിസാരമായി തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന് അര്‍ഹമായ അംഗീകാരം നല്‍കി. പ്രതാപിനെ നിയമിക്കാന്‍ ഡിആര്‍ഡിഓയോട് ആവശ്യപ്പെട്ടു.' അമിത് സിങ് രജാവത് എന്നയാൾ പ്രതാപിന്റെ ചിത്രം വെച്ച് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. 

പ്രതാപിന്റെ വിജയഗാഥയുടെ കഠിനമായ അനുഭവ കഥകളെ കുറിച്ചും ഇയാള്‍ ട്വിറ്ററില്‍ വാചാലനായിട്ടുണ്ട്. അവ ഇവിടെ കാണാം.

കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയായ ഡ്രോണ്‍ ശാസ്ത്രജ്ഞനാണ് 22 കാരനായ പ്രതാപ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കര്‍ണാകയിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് ഡ്രോണുകള്‍ നല്‍കിയാണ് പ്രതാപ് ശ്രദ്ധേയനാവുന്നത്. 

prathapഅമിത് സിങ് രജാവത് ട്വിറ്ററില്‍ പറഞ്ഞ തന്റെ കഥയില്‍ ഒരുപാട് കാര്യങ്ങള്‍ ശരിയാണെങ്കിലും ഡിആര്‍ഡിഓയില്‍ ജോലി ലഭിച്ചുവെന്നത് ശരിയല്ല. ഒരു പ്രൊജക്ടിന് വേണ്ടി ഡല്‍ഹിയില്‍ ചില ആളുകളുമായി കൂടിക്കാഴ്ച നടത്താന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്. അത് എന്താണ് എന്ന് വ്യക്തമല്ല. ഔദ്യോഗികമായി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഒരാളെ നിയമിക്കാനാവില്ലെന്നാണ് എന്റെ അറിവ്. ഡിആര്‍ഡിഓയില്‍ നിന്നും ഒരു നിയമനവും തനിക്ക് ലഭിച്ചിട്ടില്ല. പ്രതാപ് വ്യക്തമാക്കി. 

എന്നാല്‍ ഫ്രാന്‍സില്‍ നിന്നും ജോലി വാഗ്ദാനം വന്ന കാര്യം ശരിയാണെന്ന് പ്രതാപ് പറഞ്ഞു. അത് നിഷേധിച്ചുവെന്നും ബംഗളുരുവില്‍ ഒരു ലാബ് സ്ഥാപിക്കാനാണ് തന്റെ ആഗ്രഹമെന്നും പ്രതാപ് പറഞ്ഞു.

പ്രതാപിന്റെ തന്നെ ഈ വാദങ്ങളിലെ വസ്തുത എത്രത്തോളമാണെന്ന് വ്യക്തമല്ല. നിലവില്‍ ബംഗളുരുവില്‍ പ്രവര്‍ത്തിക്കുന്ന എയറോവേയ്ല്‍ സ്‌പേസ് ആന്റ് ടെക്ക് എന്ന സ്റ്റാര്‍ട്ട് അപ്പില്‍ പ്രവര്‍ത്തിക്കുകയാണ് പ്രതാപ്. 

അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ശാസ്ത്രവിഷയങ്ങള്‍, ഗണിതശാസ്ത്രം, സൈക്കോളദി എന്നിവയില്‍ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദമോ അല്ലെങ്കില്‍ എഞ്ചിനീയറിങില്‍ ഫസ്റ്റ്ക്ലാസ് ബിരുദമോ ഉണ്ടെങ്കിലേ ഡിആര്‍ഡിഓയിലേക്കുള്ള നിയമനം ലഭിക്കുകയുള്ളൂ എന്ന് സര്‍ക്കാരിന്റെ റിക്രൂട്ട്‌മെന്റ് ആന്റ് അസസ്‌മെന്റ് സെന്റര്‍ പറഞ്ഞു. 

Content Highlights: Modi Appoint Drone Wiz Prathap As A DRDO Scientist