സീരിയലുകള്‍ മലയാളികളുടെ വൈകുന്നേരങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത നേരമ്പോക്കായി മാറിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന കോവിഡ് മഹാമാരി കാരണം സീരിയലുകളുടെ ജനപിന്തുണ കുറച്ചൊന്നുമല്ല കൂടിയത്. ആളുകള്‍ വീടുകളില്‍ അകപ്പെടുകയും, സിനിമശാലകള്‍ അടച്ചിട്ടതും സീരിയലുകളുടെ പ്രേക്ഷക പ്രീതി വര്‍ധിപ്പിച്ചു. എന്നാല്‍ ഈ കാലയളവില്‍ ഇവ പരക്കെ വിമര്ശിക്കപ്പെടുകയും ചെയ്യുന്നു. ആവര്‍ത്തനവിരസമായ അവതരണ രീതി, കഥാതന്തു,  സ്ത്രിവിരുദ്ധത, അന്ധവിശ്വാസം പ്രചരിപ്പിക്കല്‍ എന്നിവ ഇവയെ ഒരു പ്രത്യേക വിഭാഗത്തിനിടയില്‍ മാത്രം ജനപ്രീതി ഉള്ളതാക്കി മാറ്റി. ഏറ്റവും ഒടുവില്‍ കലാമൂല്യം കുറവന്നെ കാരണത്താല്‍ മികച്ച സീരിയലിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജൂറിയുടെ പാനല്‍ നല്‍കാന്‍ വിസമ്മതിച്ചിരിക്കുന്നു. 

കഴിഞ്ഞ മണിക്കൂറുകളില്‍ അനവധി പ്രതീകരണങ്ങളാണ് ഈ വാര്‍ത്തയുടെ ഭാഗമായി മാതൃഭൂമി ഫാക്ട് ചെക്കിങ് ടീം ശേഖരിച്ചത്. മലയാളം ടെലിവിഷന്‍ ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ ആത്മയുടെ  (Association of Television Media Artists) സെക്രട്ടറിയും നടനുമായ, പൂജപ്പുര രാധാകൃഷ്ണന്‍  വിഷയത്തില്‍ പ്രതികരിച്ചതിങ്ങനെ,'ജൂറിയുടെ നിലപാട് ശരിയല്ല. പ്രായമായി വീട്ടിലിരിക്കുന്നവരുടെ ഏക ആശ്രയമാണ് സീരിയലുകള്‍. ഈ മഹാമാരി കാലത്തു സിനിമ വ്യവസായം കൂപ്പുകുത്തിയപ്പോള്‍ സീരിയല്‍ വ്യവസായം പിടിച്ചുനിന്നു. സീരിയലുകളുമായി  ബന്ധപ്പെടുന്ന സാമ്പത്തികതാല്പര്യങ്ങള്‍ ഒരുപക്ഷെ കലാമൂല്യത്തെ ബാധിക്കുന്നുണ്ടാവാം. പക്ഷെ അതും പ്രധാനപെട്ടതാണ്. എന്നാല്‍ ജനപ്രിയവും കലാമൂല്യമുള്ളതുമായ ഒട്ടനവധി സീരിയലുകള്‍ ഇന്നും നിര്‍മ്മിക്കപെടുന്നുണ്ട് .'

മുന്‍ രാജ്യസഭാ എം പി ടി എന്‍ സീമ ജൂറിയുടെ പ്രസ്താവനയെ അനുകൂലിച്ചു. 'കലാ മേന്മയെക്കാള്‍ ഇത്തരം സീരിയലുകള്‍ സഭ്യേതരമല്ലാത്ത കഥാ സാഹചര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. മുന്‍പ് പല നല്ല സീരിയലുകളും ഉണ്ടായിരുന്നെങ്കിലും മോശം പ്രവണതകളാണ് ഇപ്പോള്‍ കണ്ടുവരുന്നത്.' 

മാതൃഭൂമി ഫാക്ട് ചെക്ക് ടീം സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രസ്തുത വിഷയത്തിന്മേല്‍ അഭിപ്രായങ്ങള്‍ സ്വീകരിച്ചിരുന്നു. അവയില്‍ യുവാക്കളുടെ പ്രതികരണം ഇങ്ങനെ: 

-സമൂഹത്തിനെ പിന്നോട്ടടിക്കുന്ന തരത്തിലുള്ള കഥാപ്രമേയമാണ് സീരിയലുകള്‍ അവതരിപ്പിക്കുന്നത്. വിനോദം തരുന്ന സീരിയലുകള്‍ വളരെ കുറവാണ്. പൊതുവെ സ്ത്രീകളെ വളരെ മോശമായാണ് ചിത്രീകരിക്കുന്നത്.  

-സ്ത്രീകളെ കുടുംബത്തിലെ പ്രശ്‌നകേന്ദ്രമാക്കിയാണ് അവതരിപ്പിക്കുന്നത്. മഹാമാരിക്കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക് മോശം സന്ദേശമാണ് മിക്ക സീരിയലുകളും നല്കുന്നത്.

-നല്ല കഥക്ക് പകരം ഇക്കിളിപ്പെടുത്തുന്ന കഥകള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. പൊതുവെ സീരിയലുകള്‍ക്ക് ഒരേ പ്രമേയമാണ്. സംശയരോഗത്തിനും തുടര്‍ന്ന് കുടുംബപ്രശ്‌നങ്ങള്‍ക്കും സീരിയലുകള്‍ കാരണമാകുന്നു. അതിസമ്പന്ന വിഭാഗത്തിന്റെ കഥകള്‍ക്കാണ് സീരിയലുകള്‍ പ്രാധാന്യം നല്‍കുന്നത്. സാധാരണക്കാരന്റെ ജീവിതമോ അവന്റെ പ്രശ്‌നങ്ങളോ ചര്‍ച്ചയാക്കുന്നില്ല. കച്ചവടതാല്പര്യങ്ങളാണ് സീരിയലുകളെ നയിക്കുന്നത്. പലതും അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

എന്നാല്‍ സീരിയല്‍, സിനിമ സംവിധായകന്‍ കെ.ബി വേണു അഭിപ്രായപെട്ടതിങ്ങനെ: ഏറ്റവും ജനപ്രിയമായ സീരിയലുകള്‍ക്ക് ഉള്ളടക്ക നിലവാരം ഇല്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം, ലാഭം നേടാനുള്ള ഉദ്ദേശ്യത്തോടെയാണ് സീരിയല്‍ നിര്‍മ്മിക്കപ്പെടുന്നത്.അവരുടെ പ്രധാന അജണ്ട ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ എപ്പിസോഡുകള്‍ ഉണ്ടാക്കുകയും അതിലൂടെ വരുമാനം ശേഖരിക്കുകയുമെന്നതാണ്. ആ സാഹചര്യത്തില്‍  നിലവാരം മോശമായിരിക്കും, നമുക്ക് ആരെയും കുറ്റപ്പെടുത്താനാവില്ല. പ്രസ്തുത നിര്‍മാണ പ്രക്രീയ തിരക്കഥാകൃത്തുക്കളുടെ എഴുത്തിനേയും സംവിധായകരുടെ സംവിധാന രീതിയെയും രൂപപ്പെടുത്തി. അഭിനേതാക്കള്‍ അവര്‍ക്ക്  പരിചിതമായ ശൈലിയില്‍  അഭിനയിക്കുന്നു. അതിനാള്‍ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതിന് ജൂറിയെ കുറ്റപ്പെടുത്താനാവില്ല, എന്നാല്‍ ഈ പ്രസ്താവന സീരിയല്‍ നിര്‍മ്മാണ ശൈലിയില്‍ ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ല.

അതേസമയം സിനിമ-സീരിയല്‍ നിര്‍മാതാവ് രഞ്ജിത് രജപുത്ര അവാര്‍ഡ് സബ്മിഷനിലെ അപ്രായോഗികമായ നടപടികളെപറ്റി വാചാലനായി. 'അവാര്‍ഡിന് വേണ്ടി സീരിയല്‍സ് സബ്മിറ്റ് ചെയുന്നത് വളരെ സങ്കീര്‍ണമാണ്. ഇന്ന് മെഗാസീരിയലുകളുടെ കാലമാണ്. കുറഞ്ഞത് 1,000 എപ്പിസോഡുകള്‍ എങ്കിലും അവയ്ക്ക് കാണും. എന്നാല്‍ ജൂറി പാനലിന് വേണ്ടത് 50 എപ്പിസോഡുകള്‍ മാത്രമാണ്. ഈ 50 എപ്പിസോഡുകളില്‍ മെഗാ സീരിയലുകളുടെ കഥയും ഉള്ളടക്കവും ഉണ്ടായിരിക്കുകയും വേണം.  ഈ പ്രക്രിയക്ക്കുവേണ്ടിവരുന്നത്  അധികചിലവായതിനാല്‍ പലരും സബ്മിഷന് മുതിരാറില്ല.  ഇനി അഥവാ കൊടുത്താലും എങ്ങനെയാണ് ജൂറി പാനല്‍ ഇത്രയും എപിസോഡ്‌സ് കണ്ടു തീര്‍ക്കുക?.''

ഇരുപത്തിയെട്ടാമത് സംസ്ഥാന ടെലിവിഷന് അവാര്ഡുകള് 2019ലും പ്രഖ്യാപിച്ചപ്പോഴും മികച്ച ടെലിസീരിയലിന് അവാര്ഡ് നല്കിയിരുന്നില്ല. ലഭിച്ച എന്ട്രികളിലെ നിലവാരമില്ലായ്മയായിരുന്നു ഇതിന് കാരണമെന്ന് അന്നത്തെ ജൂറി അംഗവും സംവിധായകനും നടനുമായ മധുപാല് പറഞ്ഞു. വിരലിലെണ്ണാവുന്ന ഏതാനും സീരിയലുകളാണ് അവാര്ഡ് നിര്ണ്ണയത്തിനായി അന്നത്തെ ജൂറിക്ക് മുന്പിലെത്തിയത്. ഇവയിലൊന്നും തന്നെ നിലവാരം പുലര്ത്തിയില്ല, അതുകൊണ്ടുതന്നെ ഈ സീരിയലുകള്ക്ക് പൊതുപണം ഉപയോഗിച്ച് അവാര്ഡ് നല്കുന്നത് ജനങ്ങളോട് ചെയ്യുന്ന അനീതിയാകുമെന്നും ആ ജൂറി വിലയിരുത്തി.

തുടര്‍ച്ചയായി രണ്ടാം തവണയും മലയാള സീരിയലുകളുടെ നിലവാരമില്ലായ്മ ചൂണ്ടിക്കാണിച്ച് അവാര്‍ഡ് നിഷേധിക്കപ്പെടുന്നു. എന്നാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ വിഷയത്തെ ഇനിയും ഗൗരവത്തോടെ സമീപിക്കാന്ഡ സാധ്യത വളരെ കുറവാണ് എന്ന അഭിപ്രായമാണ് മധുപാല്‍ പങ്കുവച്ചത്. ഇതിന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണങ്ങൾ ഇവയാണ്: 

- ടിആര്‍പി റേറ്റിങ്ങ് മാത്രമാണ് അവരുടെ മാനദണ്ഡം. കഥാമൂല്യങ്ങള്‍ക്കും നിര്‍മാാണ മികവിനും ഉപരിയായി സാമ്പത്തിക മെച്ചമെന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ് അവര്‍ കുതിക്കുന്നത്.

- സീരിയല്‍ നിര്‍മാതാക്കളും, സംവിധായകരും വ്യക്തിബോധത്തിനെങ്കിലും തൃപ്തി തരുന്ന രീതിയില്‍ കലാസൃഷ്ടി നടത്താന് ശ്രമിക്കണം, അതോടൊപ്പം പ്രേക്ഷക നിലവാരവും ഉയരേണ്ടതുണ്ട്.

- നിലവില്‍ മലയാള സീരിയലുകള്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ് ഹിന്ദി, തെലുങ്ക് തുടങ്ങിയ അന്യഭാഷാ സീരിയലുകളെ അപ്പാടെ പകര്‍ത്തിയെടുത്ത് പ്രദര്‍ശിപ്പിക്കുന്ന റീമേക്ക്, ഇതിലൂടെ സ്വാഭാവികത ഒട്ടും തന്നെയില്ലാത്ത പകര്‍ന്നാട്ടങ്ങള്‍ മാത്രമായി പല സീരിയലുകളും മാറുന്നുണ്ട്.

- സഭ്യമല്ലാത്ത വാക്കുകളുടെ ഉപയോഗവും, അസാന്മാര്‍ഗികാര്യങ്ങളുടെ ദൃശ്യവിരുന്നൊരുക്കലും പല സീരിയലുകളും അവലംബിക്കുന്നുണ്ട്, പിന്നീട് മറ്റ് പലരും ഇത് പിന്തുടരുകയും ചെയ്യും.

- ടെലിവിഷന് സീരിയലുകള്‍ക്ക് നല്‍കുന്ന സമ്മാനത്തുക വർധിപ്പിക്കണമെന്ന നിര്‍ ദേശം സര്‍ക്കാറിന് നല്കിയിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ല, 
(നിലവില്‍ ആദ്യ മികച്ച സീരിയലിലെ  സംവിധായകനും നിർമ്മാതാവിനുമായി 25,000 രൂപയും മൊമന്റൊയും, തിരക്കഥാകൃത്തിന് 15,000 രൂപയുമാണ് സമ്മാനം, മികച്ച രണ്ടാമത്തെ സീരിയലിന് 15,000 രൂപയുമാണ് നല്‍കിവരുന്നത് ).

സീരിയലുകള്‍ക്ക് സെന്‍സറിങ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാര്‍ നടപടി കൈക്കൊള്ളും എന്ന തരത്തില്‍ സിനിമാ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് മാത്രമായി നടപടി എടുക്കാനാകില്ല കേന്ദ്രസര്‍ക്കാറാണ് ഈ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്‌സല്‍ ഓഡിയന്‍സ്, അതായത് സ്ത്രീകളും കുട്ടികളും പ്രായമായവരുമടങ്ങുന്ന സദസ്സിന് മുമ്പിലേക്കാണ് ടെലിവിഷന്‍ പരിപാടികള്‍ പ്രത്യേകിച്ച് സീരിയലുകള്‍ ചെന്നെത്തുന്നത്. ഇവരില്‍ത്തന്നെ പ്രതികൂല ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവര്‍ നിരവധിയാണ് . തുടര്‍ച്ചയായി ഇത്തരം സീരിയലുകളുടെ പ്രേക്ഷകരായ ഈ വിഭാഗത്തില്‍ പെടുന്നവരെ അവ സ്വാധീനിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരില്‍ ഇത് മുന്വിധികളും സംശയങ്ങളും സൃഷ്ടിക്കുമെന്നും മാനസീകരോഗ വിദഗ്ധന്‍ ഡോ. സി ജെ ജോണ്‍ പറഞ്ഞു. മിക്ക സീരിയലുകളിലും സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും അവസ്താവവും, അന്ധവിശ്വാസം പ്രചരിപ്പിക്കുകയും ചെയ്യുന്നു. സീരിയല്‍ പ്രേക്ഷകരില്‍ കുട്ടികളും കൗമാരക്കാരുമുണ്ട് ഇവരുടെ സ്വഭാവ, ചിന്താ രൂപീകരണങ്ങളില്‍ ഇവ സ്വാധീനം ചെലുത്താന് സാധ്യതയുള്ളതായും ഡോ. സി ജെ ജോണ്‍ പറഞ്ഞു. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം കാഴ്ചാ ശീലങ്ങള്‍ പ്രേരക ശക്തിയായേക്കാമെന്ന സാധ്യത തള്ളിക്കളയാനാവില്ല. ഇതില്‍ ചാനലുകളുടെയും സീരിയല്‍ നിര്‍മ്മാതാക്കളുടെയും ഭാഗത്ത് നിന്ന് കടുത്ത ജാഗ്രതക്കുറവുണ്ടാകുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

80 - 90 കാലഘട്ടത്തിലെ പൈങ്കിളി വാരികകളിലൂടെ ഉടലെടുത്ത വിനോദമാണ് സീരിയലുകള്‍ ഇന്ന് ലക്ഷ്യമിടുന്നത്. അതിനാല്‍ നമുക്കിടയിലെ ഉപരിവിപ്ലവ വിനോതാസക്തി തുടച്ചുനീക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല.